ഷാർജ: നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ദുബായ് പോലീസിന്റെ ഖാലിദ് മാഗസിൻ ശ്രദ്ധ നേടുന്നു.
തലമുറകൾക്കപ്പുറം രചിച്ച പുസ്തകങ്ങളും ഗ്രന്ഥങ്ങളും ഇന്നത്തെ തലമുറയെപ്പോലും എങ്ങിനെ സ്വാധീനിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വർഷത്തെ ഷാർജ പുസ്തകമേളയിലെ ദുബായ് പോലീസിൻ്റെ കുട്ടികളുടെ മാഗസിൻ മേള. ഓരോ വർഷവും പുസ്തക മേളയിൽ എത്തുന്ന ജനാവലികൾ വായനയുടെ ലോകത്ത് കൗതുകങ്ങളും, പഴമകളും, പുത്തൻ അനുഭവങ്ങളും, നല്ല നല്ല കഥകളും തേടി അലയുമ്പോൾ, അത്തരം ഒരനുഭവമാണ് ദുബായ് പോലീസ് 1992 ൽ പ്രസിദ്ധീകരിച്ച ഖാലിദ് മാഗസിന്റേത്.

സംസ്ക്കാരങ്ങളും. പൈതൃകങ്ങളും മാനവരാശിയുടെ വളർച്ചയുടെ അടിത്തറയാണെന്ന തിരിച്ചറിവിലൂടെ കളികളും, കഥ പറച്ചിലുമായി പുത്തൻ അനുഭവം പകരുകയാണ് പോലീസ് പവലിയൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഖാലിദ് മാഗസിൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. പഴയ തലമുറകളുടെ മഹിമ തൊട്ടറിയാനും അവരുടെ കാഴ്ച്ചപ്പാടുകൾ, സാന്നിധ്യം എന്നിവ അടുത്തറിയാനും ഖാലിദ് മാഗസിൻ നിങ്ങളെ സഹായിക്കുന്നു.

കുട്ടികൾക്ക് കൂടുതൽ കൗതുകം പകരാൻ റോബോട്ടിക് സുഹൃത്തിൻ്റെ സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു. എമറാത്തി കുടുംബങ്ങളിലെ ഇന്നത്തെ രക്ഷിതാക്കളിൽ പലരും ഖാലിദ് മാഗസീൻ്റെ വായനക്കാരായിരുന്നു. അവരെ ഞങ്ങൾ കാണുന്നു. അവരുടെ നിരവധി അഭിപ്രായങ്ങളാണ് ഇന്ന് ഈ പുസ്തകമേളയിൽ ഖാലിദ് മാഗസിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്. ദുബായ് പോലീസിൻ്റെ വെബ്സൈറ്റ് വഴി ഈ മാഗസീൻ ലഭ്യമാണ്.
റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.



