കേരളത്തിൽ ആദ്യമായി വൈദ്യുതി വിളക്കുകൾ തെളിഞ്ഞത് മൂന്നാറിലാണ്, കണ്ണൻ ദേവൻ തോട്ടത്തിൽ സ്ഥാപിച്ച പവർ ഹൗസിൽ, പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തിൽ. മുപ്പതു കൊല്ലം കഴിഞ്ഞു തിരുവനന്തപുരത്തു വൈദ്യുതി വിതരണം ആരംഭിച്ചു. കാലൻ ഒളിഞ്ഞിരിക്കുന്ന വൈദ്യുതി കണക്ഷൻ എടുക്കാൻ തയ്യാറായതു രണ്ടു പേർ മാത്രം. ആദ്യ ദിവസം ആറു യൂണിറ്റായിരുന്നു ഉല്പാദനം. 1940 കളിൽ പള്ളിവാസലിൽ നിന്നു ജലവൈദ്യുതി പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
മഴവെള്ളത്തിൻ്റെ 99 ശതമാനവും കടലിൽ നിന്നു നീരാവിയായി വന്നു തണുക്കുന്നതാണ്. മഴവെള്ളത്തെ മലയിൽ വെച്ചു തന്നെ ഡാം കെട്ടി തടയുന്നു. അവിടെ നിന്നു ചാനലിലൂടെ, പൈപ്പിലൂടെ, ജലചക്രത്തിലൂടെ (ടർബൈൻ) വീണ്ടും പുഴയിലേക്കു തന്നെ തിരിച്ചു വിടുന്നു. ജലത്തിൽ ഒളിഞ്ഞു കിടക്കുന്ന ഊർജത്തെ അഥവാ സ്ഥാനീയ ഊർജത്തെ ജനറേറ്റർ തിരിക്കാൻ ഉപയോഗിച്ച്, വൈദ്യുതി ഉണ്ടാക്കുന്നതാണ് ജലവൈദ്യുത പദ്ധതി. പുരാണ കഥയിൽ പാലാഴി കടഞ്ഞു അമൃതം ലഭിച്ചതു പോലെ , പുഴയിലെ ഒഴുക്കിൻ്റെ ഊർജം ഉപയോഗിച്ച് , ചക്രങ്ങൾ കറക്കി വൈദ്യുതിയെ പുറത്തെടുക്കുന്നു. സാധാരണ സൈക്കിളിൽ, രാത്രി കാലത്തു വെളിച്ചം കിട്ടാൻ ചെറിയ ഡൈനാമോ പിടിപ്പിക്കാറുണ്ടല്ലോ, അതിൻ്റെ വലിയൊരു രൂപം മാത്രമാണ് ജനറേറ്റർ.
ഇന്നത്തെ മനുഷ്യനു വൈദ്യുതി ഇല്ലാതെ ജീവിക്കാൻ വയ്യ. അതും ഒരേ വോൾട്ടേജിലുള്ള തട്ടും തടസ്സവുമില്ലാത്ത ഗുണമേന്മയുള്ള വൈദ്യുതി . എങ്കിലേ യന്ത്രങ്ങൾ ശരിക്കു പ്രവർത്തിക്കൂ. വ്യവസായം വളരൂ. തൊഴിൽ ഉണ്ടാകൂ.
മലകളും, മരങ്ങളും, പുഴകളും, പൂക്കളുമുള്ള ഒരു മനോഹര നാടാണ് കേരളം. അവിടത്തെ ഏറ്റവും വലിയ നദിയാണ് പെരിയാർ. ഇടുക്കി പോലുള്ള അണക്കെട്ടുകളിൽ, ഉയരത്തിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിൽ സ്ഥാനീയ ഊർജമുണ്ട്. പൊട്ടൻഷ്യൽ എനർജി. വെള്ളം താഴേക്കു ഒഴുകുമ്പോൾ ഇതു ചലന ഊർജമായി ( കൈനെറ്റിക്ക് എനർജി) മാറി, പിന്നീടു വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
കുറവൻ,കുറത്തി പാറയിടുക്കിലൂടെ പാഞ്ഞു പോകുന്ന പെരിയാർ ഭാഗത്താണ് ഇടുക്കി ഡാം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്. ( ആർച്ചു ഡാം).
പ്രകൃതിക്കു ഏറ്റവും യോജിച്ച രൂപം ആർച്ചിൻ്റേതാണ്. കമാനഅണക്കെട്ടുകളുടെ പണിയിൽ ഫ്രഞ്ചുകാർ മിടുക്കരാണ്. ഫ്രഞ്ചുകാരനായ സോളായാണ് ആർച്ചുഡാമുകളുടെ പിതാവ്. അദ്ദേഹം ഡാമുകൾക്കു വളവുകൾ ഉണ്ടാക്കി. അദേഹത്തിൻ്റെ മകൻ സാഹിത്യകാരനായ എമിലി സോളയാകട്ടെ സ്ത്രീകളുടെ വളവുകളെയും അളവുകളെയും കുറിച്ചായിരുന്നു എഴുതിയത്. 1960 ൽ ഫ്രാൻസിൻ്റെ സഹായത്തോടെ ഒരു ആർച്ചുഡാം നിർമ്മിച്ച കാനഡയാണ് ഇടുക്കിയോടു സഹകരിച്ചത്.
തെക്കുവടക്കും , കിഴക്കുപടിഞ്ഞാറുമായി മുട്ടയുടെ ആകൃതിയിൽ വളവുണ്ട്. ഉയരം 555 അടി ( 169 മീറ്റർ) ആണെങ്കിലും താഴ്ഭാഗത്തുള്ള വീതി വെറും 65 അടി മാത്രം. നീളം 1200 അടി. ചെറുതോണിയിലും കുളമാവിലുമായി വേറെ രണ്ടു ഡാമുകൾ ഉണ്ട്. പക്ഷെ ജലസംഭരണി ഒന്നു മാത്രം. വിസ്തീർണ്ണം 60 ചതുരശ്ര കിലോമീറ്റർ ( 23 ചതുരശ്രമൈൽ).അധികവെള്ളം ഒഴുകാനുള്ള സ്പിൽവെ ഒരിടത്തു മാത്രം. 49000 കോടി ഘനയടി വെള്ളം ഒരു കൊല്ലത്തിൽ ഒഴുകുന്നു. ആ ഒഴുക്കിലുള്ള ഊർജത്തെ വൈദ്യുതിയാക്കുന്നു.780 മെഗാവാട്ടിൻ്റെ 6ജനറേറുകൾ മൂലമറ്റത്തെ ഭൂഗർഭനിലയത്തിലാണ്. വാണിജ്യാവശങ്ങൾക്കായി വൈദ്യുതി ഉണ്ടാക്കി തുടങ്ങിയത് 1976 ഫെബ്രുവരി 12 -ാം തിയ്യതിയാണ്. അതുകൊണ്ടു 2026 സുവർണ്ണ ജൂബിലി വർഷം.




നല്ല ലേഖനം 👌