Saturday, November 23, 2024
HomeKeralaമകരവിളക്കുത്സവം: സുസജ്ജമായി ആരോഗ്യ വിഭാഗം

മകരവിളക്കുത്സവം: സുസജ്ജമായി ആരോഗ്യ വിഭാഗം

പത്തനംതിട്ട –മകരവിളക്കുത്സവത്തിന്റെ മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്റുകളിൽ ആംബുലൻസ് സൗകര്യമുൾപ്പെടെ ഡോക്ടറും സ്റ്റാഫ് നേഴ്സും ഉൾപ്പെട്ടെ മെഡിക്കൽ ടീമിനെ നിയോഗിക്കും.

പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്റ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ, നെല്ലി മല, അയ്യൻ മല, പാഞ്ഞിപ്പാറ, ആങ്ങമുഴി ടൗൺ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക.

തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിനം പന്തളം മുതൽ പമ്പ വരെ ഘോഷയാത്രയെ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുഗമിക്കും. ജനുവരി 10 മുതൽ 17 വരെ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും ഇക്കാര്യം കാണിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം ശബരിമല നോഡൽ ഓഫീസർ ഡോ. കെ. ശ്യാംകുമാർ പറഞ്ഞു. ആന്റിവെനം, പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നുൾപ്പെടെ മുഴുവൻ ജീവൻ രക്ഷാ ഔഷധങ്ങളും ആവശ്യത്തിന് കരുതൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പമ്പയിലും സന്നിധാനത്തും ഓരോ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ ഓരോ കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല എന്നിവിടങ്ങളിലെ സ്പെഷ്യൽ ഡിസ്പെൻസറികൾ, പമ്പ മുതൽ സന്നിധാനം വരെയുള്ള വഴിയിൽ പതിനഞ്ച് അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങൾ, എരുമേലി പമ്പ കാനനപാതയിൽ (കരിമല വഴി) 4 അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് ആരോഗ്യ വിഭാഗം ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തനസജ്ജമാണിവ. മൂന്ന് ഓഫ് റോഡ് ആംബുലൻസുകൾ ഉൾപ്പെടെ 16 ആംബുലൻസുകൾ, അടിയന്തിര സ്ട്രക്ചർ സേവന സൗകര്യം തുടങ്ങിയവയാണ് ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയത്. ഇതിന് പുറമെ ആയുർവ്വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങളും ലഭ്യമാണ്. മകരവിളക്കിനെത്തുന്ന അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യ വിഭാഗം നടത്തുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments