കോട്ടയ്ക്കൽ.–നഗരസഭാ
ഭരണനേതൃത്വം സംബന്ധിച്ച 2 മാസത്തെ അനിശ്ചിതത്വം നീങ്ങിയെങ്കിലും വിവിധ പാർട്ടികളിലെ അനൈക്യത്തിന് പൂർണശമനമായില്ല.മുസ് ലിം ലീഗ്, സിപിഎം പ്രവർത്തകർക്കിടയിലെ തീരാത്ത പടലപ്പിണക്കമാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. ലീഗ് മുനിസിപ്പൽ കമ്മിറ്റിയിലെ നീണ്ട കാലത്തെ വിഭാഗീയതയ്ക്കൊടുവിലാണ് ബുഷ്റ ഷബീറിനും പി.പി.ഉമ്മറിനും നഗരസഭാധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ രാജിവയ്ക്കേണ്ടി വന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച് സിപിഎം സഹായത്തോടെ വിമതപക്ഷം ഭരണം പിടിച്ചെടുത്തു. തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ വിമതർ രാജിവച്ചു. അതോടൊപ്പം വലിയ ശുദ്ധികലശമാണ് സംസ്ഥാന നേതൃത്വം മുനിസിപ്പൽ കമ്മിറ്റിയിൽ നടത്തിയത്. കമ്മിറ്റി പിരിച്ചുവിട്ടു പകരം സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏൽപിക്കുകയും ചെയ്തു.
നഗരസഭയിലെ സ്ഥിരസമിതി അധ്യക്ഷരോട് രാജിവയ്ക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഒരംഗം ലീഗ് സ്ഥാനാർഥിക്ക് വോട്ടുചെയ്തതും മറ്റൊരു അംഗം വോട്ടെടുപ്പിന് എത്താതിരുന്നതും സിപിഎമ്മിന് നൽകിയ തിരിച്ചടി ആയാണ് ലീഗ് നേതൃത്വം കാണുന്നത്. എന്നാൽ, ഡോ.കെ.ഹനീഷയും ചെരട മുഹമ്മദലിയും നഗരസഭാ ഭരണസമിതിയുടെ പുതിയ സാരഥികളായി ചുമതലയേറ്റ വേളയിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ നിർജീവമായി തന്നെ നിൽക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിമതപക്ഷം ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്നിട്ടും പൂർണമായ ഐക്യം രൂപപ്പെടാത്തതിൽ ഉന്നത നേതൃത്വത്തിന് അതൃപ്തിയുണ്ട്.
സിപിഎം ലോക്കൽ കമ്മിറ്റിയിൽ കാലങ്ങളായി നിലനിൽക്കുന്ന വിഭാഗീയതയ്ക്കു ശക്തിപകരാൻ ഇടതു സ്വതന്ത്രൻ ലീഗ് ചെയർപഴ്സൻ സ്ഥാനാർഥിക്കു വോട്ടുചെയ്ത നടപടി ഇടയാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.
നഗരസഭയിലെ സിപിഎം കൗൺസിലർമാർക്കിടയിൽ വിവിധ വിഷയങ്ങളെച്ചൊല്ലി നേരത്തേ ഭിന്നാഭിപ്രായമുണ്ട്. ലീഗുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്
സിപിഎം നടത്തുന്നതെന്ന ആക്ഷേപമാണ് ലീഗിന് വോട്ടുചെയ്ത കൗൺസിലർ ഉന്നയിച്ചത്. ലീഗിന് വോട്ടുചെയ്ത കൗൺസിലർക്കെതിരെയും വോട്ടെടുപ്പിന് എത്താതിരുന്ന അംഗത്തിനെതിരെയും അച്ചടക്ക നടപടി വേണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമാണ്. എന്നാൽ, ഇടതു സ്വതന്ത്രരായ അവർക്കെതിരെ നടപടിയെടുക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
– – – – – –