62-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി.
ആശ്രമം മൈതാനത്തെ പ്രധാന വേദിയിൽ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട്
മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു.
കലോത്സവത്തിൽ അനാരോഗ്യകരമായ മത്സരം കൊണ്ട് കുട്ടികളുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു
രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് കലോത്സവത്തിന് തുടക്കം സമ്മേളന നഗരിയിൽ പതാക ഉയർത്തി.
പ്രധാന വേദിയായ ആശ്രമം മൈതാനം അടക്കം 24 വേദികളിലാണ് അഞ്ചുദിനം നീളുന്ന കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
14 ജില്ലകളിൽ നിന്നായി പതിനാലായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
കാസർഗോഡ് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഗേൾസ് സ്‌കൂളിലെ
ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന ഗോത്ര വർഗ്ഗ കലയായ മംഗലം കളിയും ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. നർത്തകിയും നടിയുമായ ആശാ ശരത്തും, വിദ്യാർത്ഥിനികളും അവതരിപ്പിച്ച സ്വാഗത ഗാന നൃത്താവിഷ്‌കാരവും തുടർന്ന് നടന്നു.
ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു. തുടർന്ന് 24 വേദികളിലും മത്സരങ്ങൾക്ക് തുടക്കമായി. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്
മത്സരങ്ങളുടെ പോയിന്റ് നിലയും റിസൾട്ടും തൽസമയം അറിയാൻ ഡിജിറ്റൽ പ്രോഗ്രാം സ്‌കോർബോർഡ് തയ്യാറാക്കിയിട്ടുണ്ട്.