Saturday, November 23, 2024
HomeUncategorizedകോട്ടയ്ക്കൽ നഗരസഭയിൽ വീണ്ടും മുസ്ലിം ലീഗ്

കോട്ടയ്ക്കൽ നഗരസഭയിൽ വീണ്ടും മുസ്ലിം ലീഗ്

കോട്ടയ്ക്കൽ.–ഹ്രസ്വകാലത്തെ ഇടവേളയ്ക്കുശേഷം കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎമ്മിൽ വോട്ടു ചോർച്ചയുണ്ടായി. നഗരസഭാധ്യക്ഷയായി ഡോ.കെ.ഹനീഷയെയും ഉപാധ്യക്ഷനായി ചെരട മുഹമ്മദലിയെയും തിരഞ്ഞെടുത്തു. നഗരസഭാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പിൽ,19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് കിട്ടിയത്. കാവതികളം വെസ്റ്റംഗം ഫഹദ് നരിമടക്കൽ ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ ഒന്നാംവാർഡ് കൗൺസിലർ അടാട്ടിൽ റഷീദ വോട്ടെടുപ്പിന് എത്തിയില്ല.
ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി ചെരട മുഹമ്മദലിക്ക് 19 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർഥി എം.മുഹമ്മദ്ഹനീഫയ്ക്കു 7 വോട്ടുകളും കിട്ടി. ഫഹദും റഷീദയും വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെപി അംഗങ്ങൾ ഇരു തിരഞ്ഞെടുപ്പുകളിൽ നിന്നും വിട്ടുനിന്നു.
ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി. ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്സിന പൂവൻമഠത്തിലും പി.പി.ഉമ്മറും അധ്യക്ഷയും ഉപാധ്യക്ഷനുമായി. എന്നാൽ, സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഇവർ ഒരാഴ്ചയ്ക്കകം രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കോട്ടയ്ക്കൽ പാർട്ടി വിമതരെ കൂട്ടുപിടിച്ച് 50 വർഷത്തെ നഗരസഭാ ഭരണം അട്ടിമറിച്ച
സിപിഎമ്മിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലീഗ് നേതൃത്വം. നഗരസഭാധ്യക്ഷ
സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎം കൗൺസിലർമാരിൽ ഒരാൾ ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തതിനും ഒരംഗം വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതിനും പിന്നിൽ ലീഗിലെ ചില നേതാക്കളുടെ കരുനീക്കമാണെന്നാണ് പറയുന്നത്.
പാർട്ടിയിലെ കടുത്ത വിഭാഗീയതയ്ക്കു പരിഹാരം കാണാനായി ലീഗ് സംസ്ഥാന നേതൃത്വം നിർദേശിച്ച പ്രകാരമാണ് ബുഷ്റ ഷബീറും പി.പി.ഉമ്മറും നഗരസഭാധ്യക്ഷ, ഉപാധ്യക്ഷൻ സ്ഥാനങ്ങൾ നവംബറിൽ രാജിവച്ചത്. പിന്നീട്, നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളെ തോൽപിച്ച് മുഹ്സിന പൂവൻമഠത്തിലിന്റെയും പി.പി.ഉമ്മറിന്റെയും നേതൃത്വത്തിൽ ലീഗ് വിമതർ ഭരണം പിടിച്ചെടുത്തു.

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം പിന്നീട് ഇരുവിഭാഗങ്ങളും യോജിപ്പിലെത്തി.
വിമതർക്ക് ഒത്താശ ചെയ്ത സിപിഎമ്മിന് തിരിച്ചടി നൽകാൻ സമയം കാത്തിരുന്ന ലീഗ് നേതൃത്വം ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറ്റുകയായിരുന്നു. ഒന്നാംവാർഡ് എൽഡിഎഫ് അംഗത്തെ ലീഗ് നേതൃത്വം ഇടപെട്ട് മറ്റൊരിടത്തേക്കു മാറ്റിയതാണെന്നു സൂചനയുണ്ട്.

അതേസമയം, രണ്ടംഗങ്ങളുടെ അപ്രതീക്ഷിത നടപടി സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. ലോക്കൽ കമ്മിറ്റിയിൽ കാലങ്ങളായി പുകയുന്ന വിഭാഗീയത കൂടുതൽ ശക്തമാക്കാൻ ഈ നീക്കം ഇടവരുത്തുമെന്ന ആശങ്കയിലാണ് നേതൃത്വം. ലീഗ് വിമതർ ഭരണം പിടിച്ച സമയത്ത് പുറത്തുനിന്നു പിന്തുണയ്ക്കാതെ ഉപാധ്യക്ഷ സ്ഥാനം ചോദിച്ചുവാങ്ങി ഭരണത്തിൽ പങ്കാളിയാകാതിരുന്നത് അബദ്ധമായിപ്പോയി എന്ന
അഭിപ്രായവും സിപിഎമ്മിൽ ഉയർന്നിട്ടുണ്ട്.
അച്ചടക്കം ലംഘിച്ച അംഗങ്ങൾക്കെതിരെ നേതൃത്വം ചർച്ച ചെയ്തു നടപടി സ്വീകരിക്കുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ടി.പി.ഷമീം പറഞ്ഞു.
– – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments