Monday, December 23, 2024
HomeUncategorizedറിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

പത്തനംതിട്ട — ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും 8.55 ന് ജില്ലാ കളക്ടര്‍ എ. ഷിബുവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.

ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാ,ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മന്ത്രി പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ അരങ്ങേറി. 10 ന് മികച്ച പ്ലറ്റൂണുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള സമ്മാനദാനം നടന്നു. 10.10 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണ്‍, പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പൊലീസ് പ്ലറ്റൂണ്‍, അടൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് ശ്യാമകുമാരി നയിച്ച വനിതാ പൊലീസ് പ്ലറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ നയിച്ച എക്സൈസ് പ്ലറ്റൂണ്‍, പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണ്‍ എന്നിവയും എസ്പിസി, സിവില്‍ ഡിഫന്‍സ്, സ്‌കൗട്ട്സ് , ഗൈഡ്സ് , റെഡ്ക്രോസ് ബാന്‍ഡ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു.

റിപ്പബ്ലിക് ദിനാഘോഷ വിജയികള്‍

ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണിനും രണ്ടാം സമ്മാനം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ നയിച്ച എക്സൈസ് പ്ലാറ്റൂണിനും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പൊലീസ് പ്ലറ്റൂണിനും ലഭിച്ചു. ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണിനും രണ്ടാംസമ്മാനം പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണിനും ലഭിച്ചു. എസ്പിസി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് കൂടല്‍ ഒന്നാംസമ്മാനം നേടി. സെന്റ് ബനഡിക്ട് എച്ച്എസ്എസ് തണ്ണിത്തോടും എസ് വി ജി എച്ച് എസ് എസ് കിടങ്ങന്നൂരും രണ്ടാം സമ്മാനം പങ്കിട്ടു.
റെഡ്ക്രോസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം സെന്റ് മേരീസ് എച്ച് എസ് എസ് കോഴഞ്ചേരിയും രണ്ടാം സമ്മാനം കാതോലിക്കേറ്റ് എച്ച്എസ് പത്തനംതിട്ടയും നേടി. സ്‌കൗട്ട്സ് വിഭാഗത്തില്‍ മൗണ്ട് ബഥനി മൈലപ്ര ഒന്നാം സ്ഥാനവും സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ് മൈലപ്ര രണ്ടാം സ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തില്‍ മൗണ്ട് ബഥനി ഇഎച്ച്എസ്എസ് മൈലപ്ര ഒന്നാം സ്ഥാനവും റോഡ്ഡേല്‍ സ്‌കൂള്‍ ചന്ദനപ്പള്ളി രണ്ടാംസ്ഥാനവും നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഒന്നാം സ്ഥാനം നേടി. ബാന്‍ഡ് വിഭാഗത്തില്‍ മേരി മാതാ പബ്ലിക് സ്‌കൂള്‍ പത്തനംതിട്ട ഒന്നാംസ്ഥാനവും ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശേരിക്കര രണ്ടാംസ്ഥാനവും നേടി. ഡിസ്പ്ലേ വിഭാഗത്തില്‍ അമൃത ബോയ്സ് എച്ച്എസ് പറക്കോട് ഒന്നാം സ്ഥാനം നേടി.

2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും : മന്ത്രി വീണാ ജോര്‍ജ്

ജസ്റ്റിസ് ഫാത്തിമ ബീവിയെ അനുസ്മരിച്ചുകൊണ്ട് മന്ത്രിയുടെ റിപ്പബ്ലിക്ദിനസന്ദേശം

2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് ആരോഗ്യ-വനിതാശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 75 മാത് റിപ്പബ്ലിക്ദിനാഘോഷത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാഴ്ച മുന്‍പ് പുറത്ത് വന്ന നീതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന് മുന്‍പ് ഏതാണ്ട് രണ്ട് ശതമാനത്തിനടുത്തായിരുന്ന ദരിദ്രരുടെ എണ്ണം 2024 ല്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നിസഹായമായിട്ടുള്ള ജീവിത സാഹചര്യങ്ങളില്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നുകൊണ്ട് പുനരധിവസിപ്പിക്കുന്നതിനും നല്ല ജീവിതസാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലൂടെ കേരളം ലക്ഷ്യമിടുന്നത്. 2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണ്.

രാജ്യം 75 ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു .ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍  കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു ഗ്രാമത്തില്‍ പതിമൂന്ന് വയസുള്ള ബാലനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അതിന് ആ ബാലന്‍ നല്‍കിയ ഒരു മറുപടി വളരെ ഹൃദയസ്പര്‍ശിയും ഇന്ത്യയെന്ന മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരവും പ്രതീക്ഷകളേയും സ്വപ്നങ്ങളേയും ജ്വലിപ്പിക്കുന്നതുമായിരുന്നു. ആ ബാലന്റെ മറുപടി ഇതായിരുന്നു ‘ എന്റെ സന്തോഷവും എന്റെ പ്രതീക്ഷയും എന്റെ അഭിമാനവും രാജ്യത്തിന്റെ ഭരണഘടനയാണ്. ‘ ബാബാ സാഹേബ് അംബേദ്കറുടെ നേതൃത്വത്തില്‍ രാജ്യത്തിന് സംഭാവന ചെയ്ത ഇന്ത്യയുടെ ഭരണഘടന എനിക്ക് അര്‍ഹമായതെല്ലാം നല്‍കുന്നുണ്ട്. അതിനപ്പുറം ഒന്നും വേണ്ടായെന്ന് ആ കുട്ടി സധൈര്യം സ്വാഭിമാനം ലോകത്തോട് വിളിച്ച് പറയുന്നത് നാം കേട്ടു.

ഇന്ത്യയെന്ന വൈവിധ്യത്തിന്റെ ആത്മാവ് ഇന്ത്യയുടെ ഭരണഘടനയാണ്. ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ഈ ദിവസം മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ഗുജറാത്ത് വരെയും പ്രതിധ്വനിക്കേണ്ട, ഓരോ ഹൃദയത്തിലും ഏറ്റുപറയേണ്ട ഒന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം. രാജ്യം 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇവിടെ പറയുവാനായി ആഗ്രഹിക്കുകയാണ്.
‘ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;
അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണ ഘടനനിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു ‘ ഇന്ത്യയെ നയിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയാണ്.

വൈവിധ്യമാണ് ഇന്ത്യയുടെ സ്വത്ത്. ബഹുസ്വരതയാണ് ഇന്ത്യയുടെ മനോഹാരിത. സഹിഷ്ണുതയാണ് ഇന്ത്യയുടെ കരുത്ത്. പല ഭാഷകള്‍, പല സംസ്‌കാരങ്ങള്‍, പല ആഹാരരീതികള്‍, പല മതവിശ്വാസങ്ങള്‍ , പല കലാരൂപങ്ങള്‍, പല ജീവിതരീതികള്‍, ഇവയെ ഒരു ചരടില്‍ മനോഹരമായി കോര്‍ത്തിണക്കുന്ന, ലോകത്തിന് മുന്നില്‍ മറ്റ് സമാനതകളില്ലാത്ത മഹത്തായ ആശയത്തിന്റെ പേരാണ് ഇന്ത്യ.

രാജ്യം 75 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ സഗൗരവം ചിന്തിക്കേണ്ടത് ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടെ പാലിക്കപ്പെടുമ്പോള്‍ ഈ 75 വര്‍ഷത്തെ യാത്രയില്‍ ഇന്ത്യ എവിടെ എത്തി നില്‍ക്കുന്നു എന്നുള്ളതാണ്. കേരളം ചിന്തിക്കുന്നത് ഓരോ വ്യക്തിക്കും ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകണം എന്നുള്ളതാണ്. നല്ല വിദ്യാഭ്യാസം ഉണ്ടാകണം. നല്ല ആരോഗ്യമുണ്ടാകണം. നല്ല ആരോഗ്യസൂചകങ്ങളുണ്ടാകണം. നല്ല അവസരങ്ങളുണ്ടാകണം. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം. നല്ല ജീവിതസാഹചര്യങ്ങളുണ്ടാകണം എന്നുള്ളതാണ്. ഓരോ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉണ്ടായിക്കൊണ്ട് അവരുടെ ജീവിതസാഹചര്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളതാണ്.

ഈ കാലഘട്ടത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്ത അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇവിടെ ഈ മണ്ണില്‍ ഈ സ്റ്റേഡിയത്തില്‍ വച്ചാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

2030 ല്‍ മികച്ച ആരോഗ്യസൂചകങ്ങള്‍ രാജ്യത്തുണ്ടാകണമെന്നുള്ളതാണ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ചത്. ലോകാരോഗ്യസംഘടന മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലൊന്നാണ് നവജാതശിശു മരണനിരക്ക് 2030ല്‍ ആറില്‍ എത്തിച്ചേരണമെന്നുള്ളതായിരുന്നു. എന്നാല്‍ കേരളം ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത് അഞ്ചില്‍ താഴെയാണ്.

വികസിതരാജ്യങ്ങളുടെ ആരോഗ്യ സൂചകങ്ങള്‍ക്ക് തുല്യമായി കേരളത്തിന്റെ ആരോഗ്യസൂചകങ്ങള്‍ നിലനില്‍ക്കുകയാണ്. വിദ്യാഭ്യാസത്തില്‍ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഒന്നാം സ്ഥാനത്താണ്. ക്രമസമാധാനപാലനരംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം നിലനില്‍ക്കുകയാണ്. ഭക്ഷ്യസുരക്ഷയില്‍ ആദ്യമായി ദേശീയതലത്തില്‍ ഒന്നാംറാങ്ക് നേടുന്ന സംസ്ഥാനമായി കേരളം മാറി.

കഴിഞ്ഞ ദിവസം വേള്‍ഡ് ബാങ്കിന്റെ സംഘം സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യവിദ്യാഭ്യാസ അടിസ്ഥാനസൗകര്യ മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് എടുത്തുപറയുകയുണ്ടായി. 75 വര്‍ഷം റിപ്പബ്ലിക് എന്ന നിലയില്‍ ഇന്ത്യ പിന്നിടുമ്പോള്‍ അടുത്ത നൂറ്റാണ്ടിന്റെ അവസാന 25 വര്‍ഷങ്ങളിലേക്ക് നാം കടക്കുമ്പോള്‍ നാം പരിശോധിക്കേണ്ടത് രാജ്യത്തെ ദരിദ്രരുടെ സ്ഥിതി എന്താണെന്നതാണ്. ആഗോള ദാരിദ്ര്യ സൂചികയില്‍ രാജ്യം എവിടെ നില്‍ക്കുന്നു, രാജ്യത്തിന്റെ തൊഴിലില്ലായ്മയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നത് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ട ഒരു സാഹചര്യം കൂടിയാണ്. നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളെ ഒത്തൊരുമിച്ച് അതിജീവിച്ച് മുന്നേറേണ്ട ഒരു ഘട്ടം കൂടിയാണിതെന്ന് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം പോയവര്‍ഷം വലിയ നഷ്ടത്തിന്റെ കൂടി വര്‍ഷമാണ്. സുപ്രിംകോടതിയിലെ ആദ്യവനിതാ ജഡ്ജിയായിരുന്ന, തമിഴ്നാടിന്റെ മുന്‍ ഗവര്‍ണറായിരുന്ന ആദരീണയായ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിയോഗമുണ്ടായ വര്‍ഷമാണ് 2023. രാജ്യത്തിന്റെ ചരിത്രത്തില്‍ നിയമരംഗത്തിലുള്‍പ്പടെ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് 2023 ല്‍ സംസ്ഥാനസര്‍ക്കാര്‍ കേരളപ്രഭ പുരസ്‌കാരം നല്‍കുന്നതിന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ ജനിച്ച് വളര്‍ന്ന ഒരാളെന്ന നിലയില്‍ ആ തീരുമാനം എടുത്ത മന്ത്രിസഭയിലുണ്ടായിരുന്നുവെന്നുള്ളത് വ്യക്തിപരമായി അഭിമാനമുള്ള ഒരു കാര്യമാണ്. ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ വൈകിയെങ്കിലും രാജ്യം പത്മഭൂഷണ്‍ നല്‍കി മാഡം ജസ്റ്റിസ് ഫാത്തിമ ബീവിയെ ആദരിക്കുമ്പോള്‍ വേദനയോടെ ആ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.
2024 ജില്ലയുടെ വികസനത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങളെഴുതി ചേര്‍ക്കുന്ന വര്‍ഷം കൂടിയായിരിക്കും. ജില്ലയുടെ ശില്‍പിയായ യശ്ശഃശരീരനായ കെ. കെ. നായറുടെ പേരിലുള്ള ഈ സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇവിടെ ഓരോ റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോഴും സ്വാതന്ത്ര്യദിന പരേഡ് നടക്കുമ്പോഴും നമ്മള്‍ ഓരോ പത്തനംതിട്ടക്കാരും ആഗ്രഹിച്ചത് ഈ സ്റ്റേഡിയം ഏറ്റവും മികച്ച സ്റ്റേഡിയം ആകണമെന്നുള്ളതാണ്. സംസ്ഥാനസര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിക്കൊണ്ട് ഈ സ്റ്റേഡിയത്തിന്റെ എല്ലാവിധമായിട്ടുള്ള ഔദ്യോഗികനടപടികളും പൂര്‍ത്തിയായി സാങ്കേതിക സമിതി അടുത്ത ദിവസം ചേരും.
ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തും ജില്ലയുടെ പല ഭാഗങ്ങളിലും പുതിയ നഴ്സിംഗ് കോളജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോളജുകള്‍, അടിസ്ഥാനസൗകര്യവികസനം ഇതിലെല്ലാം വലിയ മാറ്റങ്ങളുണ്ടാകുകയാണ്.
മഹാതീര്‍ത്ഥാടനമായ ശബരിമല – മകരവിളക്ക് മണ്ഡലമഹോത്സവം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവി അടക്കമുള്ള പൊലീസിന്റെ ടീമിനും കഴിഞ്ഞു. മൈലപ്രയിലുണ്ടായ ദാരുണമായ സംഭവമുള്‍പ്പടെയുള്ള പല കേസുകളും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വളരെ വിദഗ്ദ്ധമായി തെളിയിച്ചുകൊണ്ട് സംസ്ഥാനപൊലീസിന് പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുയാണ്. അത് അഭിനന്ദനാര്‍ഹമായിട്ടുള്ള ഒരു കാര്യമായിട്ട് കാണുകയാണ്. Ppqസമസ്ത മേഖലകളിലും നമ്മള്‍ ഒറ്റക്കെട്ടായി മുന്നേറുകയാണ്. യാതൊരുവിധഭേദങ്ങളുമില്ലാതെ എല്ലാവരും ഒന്നായി നിന്നുകൊണ്ട് മനുഷ്യരെ ഒന്നായി കണ്ടുകൊണ്ട് നമ്മള്‍ മുന്നേറുകയാണ്. ഈ അവസരത്തില്‍ 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ നമുക്കേറ്റുപറയാം. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം എന്റേതാണ്. ഈ ദിവസത്തില്‍ നമുക്ക് ഈ പ്രതിജ്ഞ എടുക്കാം. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ഇന്ത്യയുടെ ഭരണഘടനയുടെ സാരാംശം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം എന്റേതാണ്, എന്റെ രാജ്യം നിലനില്‍ക്കുവാന്‍, എനിക്ക് പിന്നാലെ വരുന്നവര്‍ നിലനില്‍ക്കുവാന്‍, ആ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എന്റേതാണ് എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് റിപ്പബ്ലിക്കിന്റെ അടുത്ത 25 വര്‍ഷങ്ങളിലേക്ക് നമുക്ക് ചുവട് വയ്ക്കാം. ഈ അവസരത്തില്‍ എല്ലാവരേയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലുള്ളവരേയും, പ്രവാസികളായിട്ടുള്ള എല്ലാവരേയും ഓര്‍ത്തുകൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ വികസനത്തിനായി മുന്നോട്ട് പോകാം.
കേരളസംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വര്‍ത്തമാനകാലഘട്ടത്തിന്റെ ആവശ്യങ്ങളെ നിറവേറ്റി കൊണ്ട്, രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടുമാണ് നാം മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, എഡിഎം ബി രാധാകൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ , പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍, പൊലീസ്, റവന്യു ഉള്‍പ്പെടെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments