പത്തനംതിട്ട —25 ലക്ഷം രൂപ ചെലവില്‍ നിർമ്മിച്ച ആനപ്പാറ ഗവ. എല്‍പിജിഎസിന്റെ പുതിയ ബ്ലോക്ക് നാടിനുള്ള സമ്മാനമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആനപ്പാറ ഗവ. എല്‍പിജിഎസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കി മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ നയം. നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അധ്യായമാണ്. ഏറെ സന്തോഷമുള്ള നിമിഷമാണ്. അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം നടത്തിയത്. ഇനിയും കൂടുതല്‍ വികസനം സാധ്യമാക്കുമെന്നും എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
കേരളസര്‍ക്കാരിന്റെ ലക്ഷ്യം സമഗ്രവികസനമാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നാടിന്റെ ഭാവി വിദ്യാഭ്യാസത്തിലാണ്. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനവും, മികച്ച ഉന്നതവിദ്യാഭ്യാസവും പ്രധാന അജണ്ടയാണെന്നും നഗരസഭയുടെ ബജറ്റില്‍ ഇത്തവണ രണ്ട് കോടി രൂപയാണ് പൊതുവിദ്യാഭ്യാസത്തിനായി മാറ്റി വച്ചിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ് ഷെമീര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എംസി ഷെരീഫ്, എ അഷ്റഫ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി ഡാനിയേല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.