Logo Below Image
Saturday, July 19, 2025
Logo Below Image
Homeയാത്രഹിമാചൽ പ്രദേശം - 20 'പഞ്ചാബ് ഛണ്ഡിഗഡ് ' (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്:...

ഹിമാചൽ പ്രദേശം – 20 ‘പഞ്ചാബ് ഛണ്ഡിഗഡ് ‘ (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

ഹിമാചൽ പ്രദേശത്തിൽ നിന്നുള്ള മടക്കയാത്ര പഞ്ചാബിലെ ഛണ്ഡിഗർ വഴിയായിരുന്നു. ചണ്ഡിഗഡിനെ കുറിച്ചുള്ള എൻ്റെ ആദ്യത്തെ അനുഭവം കുറിച്ച് പറയുകയാണെങ്കിൽ ,

‘അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്.. പണ്ട് ഭൂമിശാസ്ത്രപരീക്ഷയിൽ ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനായി ഞാൻ മനസ്സിൽ പാടിയിരുന്ന പാട്ടാണിത്. അത്രയും പ്രാധാന്യമേ കേരളത്തിനു പുറത്തുള്ള  സ്ഥലങ്ങൾക്ക് ഞാൻ കൊടുത്തിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ‘ചണ്ഡീഗഢ് ‘ ലേക്കുള്ള യാത്ര എന്ന് പറഞ്ഞപ്പോൾ, അത് എവിടെയാണെന്നോ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചോ ആളുകളെക്കുറിച്ചോ …യാതൊരു അറിവും ഉണ്ടായിരുന്നില്ല. അന്നൊക്കെ ‘ഗൂഗിൾ’ ഇല്ലാത്തതുകൊണ്ട് വിവരമുള്ളവരോട് ചോദിച്ചപ്പോൾ, ” പഞ്ചാബിലേക്കോ ? വേറെ കുഴപ്പം ഒന്നുമില്ല ഇടയ്ക്ക് കഴുത്തിന് മുകളിൽ തലയുണ്ടോ എന്ന് നോക്കിയാൽ മതി”. 90-കളിൽ പഞ്ചാബിലേക്കുള്ള യാത്രയെ അതിഭയാനകമായിട്ടാണ് കേരള ത്തിലുള്ളവർ കണ്ടിരുന്നത്. ആ യാത്ര ഭയാശങ്കകളോടെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ?

ഡൽഹിയിൽ നിന്നും ഏകദേശം 250 കി.മി. നു മേലെയാണ്.ശതാബ്‌ദി ട്രെയിനിലാണ് യാത്ര  ( അന്ന് രാജധാനി ഒന്നും ഇല്ല എന്നാണ് എൻ്റെ വിശ്വാസം)   തീവണ്ടിയിലെ എ.സിയും ഭക്ഷണം വിളബുന്നതും എനിക്ക് പുതുമയുള്ള കാര്യമായിരുന്നു . അധികവും ഏതോ ഓഫീസ് ജോലിക്ക് പോകുന്ന എക്സിക്യൂട്ടീവ് തരത്തിലുള്ള ആളുകളായിരുന്നു. അവരുടെ ഇടയിൽ മൂന്നു – നാല്  മണിക്കൂർ മിണ്ടാതെ ഇരിക്കുക എന്നത് അന്നൊക്കെ പ്രയാസമുള്ള കാര്യമാണ്.ഭാഷയും ഒരു വിലങ്ങുതടിയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ഈ സിറ്റി, അതുകൊണ്ടായിരിക്കും ഓരോ ഭാഗത്തേയും sector 1,2…….അങ്ങനെയാണ് അറിയപ്പെടുന്നത്.നാലു വഴിയും കൂട്ടിമുട്ടുന്ന കവലയിൽ ഒരു വലിയ ‘Round about’ ആണുള്ളത്. അതിനകത്ത് പലതരം ചെടികളും കാലാവസ്ഥക്കനുസരിച്ചുള്ള പൂന്തോട്ടങ്ങളുമാണ്.ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു.

ഹിന്ദി ഭാഷയോടൊപ്പം പലരും പഞ്ചാബി ഭാഷയും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.ഹിന്ദി തന്നെ തഥൈവ ആയ എനിക്ക് രണ്ടു ഭാഷയും ഒരേപോലെ.

ശൈത്യവും ഉഷ്ണവും അതിന്റെ തീവ്രതയിൽ അനുഭവപ്പെടുന്നു.

അധികവും സിഖു മതവിഭാഗക്കാരാണ്( സര്‍ദാജിമാര്‍). അവരുടെ മതാചാരപ്രകാരം മുടി മുറിക്കുന്നത് നിഷിദ്ധമാണ്. കൊച്ചു ആണ്‍ കുട്ടികൾ നീണ്ട അവരുടെ തലമുടി മെടഞ്ഞ് തലയുടെ നേരെ മുകളിലായി ഒരു ‘ബൺ’ പോലെ കെട്ടി അതിന് മുകളിൽ ഒരു തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം. ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി തലപ്പാവ് വെക്കുന്നു.ചില വയസ്സായവർ താടിയും മുടിയും ഒതുക്കി വെക്കാനായിരിക്കും ഒരു തുണി കൊണ്ട് തലയും താടിയുടെ അടിയിലായി കെട്ടിവെച്ചിരിക്കുന്നത് കാണാം.ഞാനാണെങ്കിൽ മരിച്ചു കിടക്കുന്നവരിലാണ് അതുപോലുള്ള കെട്ട്  കണ്ടിട്ടുള്ളത്. അതുകൊണ്ട് വല്ല പ്രേതം ആണോ അതോ അപകടം പറ്റിയതാണോ എന്നറിയാതെ കണ്ണും വായും  പൊളിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്.എന്നാൽ പെണ്ണുങ്ങൾ ഇതിനൊക്കെ വിപരീതമായി കൂടുതൽ പരിഷ്കൃതരും ആധുനിക ചിന്താഗതിക്കാരും നല്ല കാര്യപ്രാപ്തിയുള്ളവരായിട്ടാണ് തോന്നിയത്.

ധനാഢ്യത വിളിച്ചോതുന്ന തരത്തിലായിരുന്നു ഓരോ വീടുകളും അതിന്റെ ചുറ്റുപാടുകളും. പൊതുവേ  മൂന്നോ – നാലോ നിലയുള്ള വീടുകളായിരിക്കും. താഴത്തെ നിലയിൽ അച്ഛനുഅമ്മയും അതിൻ്റെ മുകളിലത്തെ നിലയിൽ മൂത്തമകനും കുടുംബവും രണ്ടാമത്തെ നിലയിൽ മറ്റൊരു മകനും കുംടുബവും അങ്ങനെ കൂട്ടുകുടുംബം ആണോ എന്ന് ചോദിച്ചാൽ അല്ല, അല്ലെ എന്ന് ചോദിച്ചാൽ ആണ് എന്നമട്ടിലാണ് അവരുടെ താമസം. ഓരോ നിലയിലുള്ള കുടുംബത്തിലെ പരിചാരകരും തോട്ടക്കാരും ഡ്രൈവർമാരും വീടിനു മുൻപിലുള്ള നാലോ – അഞ്ചോ കാറുകളുമൊക്കെയായിട്ടാണ് അവരുടെ താമസം. ആ കാലങ്ങളിൽ നമ്മുടെ നാട്ടിലെ അടുക്കളയിൽ നിന്നും പറമ്പിൽ നിന്നും ചേട്ടത്തിമാരും അമ്മച്ചിമാരും മാമനും ചേട്ടന്മാരും എല്ലാം ‘റ്റാറ്റാ’ പറഞ്ഞിരുന്ന കാലമാണ്.

പഞ്ചാബിന്റെ തലസ്ഥാനമായ ഇവിടെ, കൃഷിയുടെ കാര്യത്തിലും മുന്നിൽ തന്നെ. ചെറുപ്പക്കാർ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് ട്രാക്ടറൊക്കെ റോഡിൽ കൂടി ഓടിച്ച് പോകുന്നത് കാണുമ്പോൾ കൃഷിക്കാരനും ഗ്ലാമർ വന്നതുപോലെ അല്ലേ ! ……

അവിടുത്തെ ഓരോ കൊച്ചുകാര്യങ്ങളും എന്നെ വിസ്മയജനകമാക്കി.

ഏകദേശം 25 ഏക്കർ സ്ഥലത്ത് ‘വളപ്പൊട്ടുകൾ, കുപ്പിച്ചില്ലുകൾ, പഴയ ബൾബുകൾ, ടൈലിന്റെ പൊട്ടിയ കക്ഷണങ്ങൾ ….. അങ്ങനെ നമ്മൾ കളയുന്ന സാധനങ്ങൾ വച്ച് പാമ്പ്, മത്സ്യങ്ങൾ, സ്ത്രീ രൂപങ്ങൾ മനുഷ്യർ സ്ത്രീ രൂപങ്ങളുമൊക്കെയായി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് അവിടത്തെ ‘റോക്ക് ഗാർഡൻ ‘.

1958 ലെ മനുഷ്യനിർമ്മിതിയായ ജലസംഭരണിയാണ്, ‘സുഖാന ലേക്ക്’. ഉല്ലാസയാത്രക്ക് പറ്റിയ ഒരു സ്ഥലമാണിത്. കുട്ടികൾക്കായുള്ള പലതരം സവാരികളും ബോട്ട് യാത്രകളും സ്നാക്ക് കടകളുമൊക്കെയായി തിരക്ക് പിടിച്ച ഒരു സ്ഥലമാണിത്.രാവിലേയും  വൈകുന്നേരങ്ങളിലും ജോഗിങ് അല്ലെങ്കിൽ വ്യായാമത്തിനായി ഒറ്റക്കും കൂട്ടമായി നടക്കുന്നവരേയും കാണാം. അവിടത്തെ മനോഹരമായ ദ്ര്യശ്യങ്ങളെ പല ഫോട്ടോഗ്രാഫറന്മാരും അവരുടെ വലിയ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കാഴ്ചകളും സുലഭമാണ്.

പലതരത്തിലും നിറത്തിലുമുള്ള   റോസാപ്പൂക്കൾ, ഓരോ പൂവിന്റേയും അസാമാന്യമായ വലുപ്പം ആണ് അതിൻ്റെ പ്രത്യേകതയായിട്ട് തോന്നിയത്.30  ഏക്കർ പരന്ന് കിടക്കുന്ന ‘സക്കീർഹുസ്സൈൻ റോസ് ഗാർഡൻ ‘ യിൽ വേറെയും പലതരത്തിലുള്ള പുഷ്പങ്ങളുടെയും ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുമൊക്കെയായി പരന്ന് കിടക്കുന്നു.ഫെബ്രുവരി മാസത്തെ യാത്രയായതു കൊണ്ടായിരിക്കാം പല വീടുകളിലെ പൂന്തോട്ടവും ‘റൌണ്ട് എബൌട്ട്’ ലെ ഉദ്യാനമൊക്കെയായി മുഴുവന്‍ സിറ്റി തന്നെ ഒരു ‘ഗാര്‍ഡന്‍ സിറ്റി ‘ ആയിട്ടാണ് എനിക്ക് തോന്നിയത്.

വൈവിധ്യമാർന്ന കച്ചവടവസ്തുക്കളായിട്ടുള്ള പ്രാദേശിക വിപണികൾ ഒരു മാതിരി എല്ലാ ‘സെക്ടറിലും’ ഉണ്ടായിരുന്നെങ്കിലും ചണ്ഡീഗഡ്-ന്റെ അന്തസ്സുള്ള ഷോപ്പിംഗ് എന്ന് പറയുന്നത് sector -17. ‘ബ്രാൻഡ് സാധനങ്ങളുടെ കടകളും പലതരം ഭക്ഷണശാലകളുമൊക്കെയായി ‘വായ്നോക്കി’ നടക്കാൻ പറ്റിയ സ്ഥലമായിട്ടാണ്, എനിക്ക് തോന്നിയത്. ‘ഓപ്പൺ മാൾ’ എന്ന ആശയത്തിലായിരുന്നു അവിടെ സജ്ജീകരിച്ചിരുന്നത്.

ജോലിയുടെ ഭാഗമായി കുറച്ചധികം നാൾ അവിടെ താമസിക്കേണ്ടി വന്നു. ഇന്ത്യയുടെ ഭൂപടത്തിലെ അങ്ങേയറ്റം പാവയ്ക്കായുടെ ആകൃതിയിൽ കിടക്കുന്ന കേരളത്തിൽ നിന്നും വന്ന എനിക്ക് പുതിയ  കാഴ്ചകളുടേയോ അല്ലെങ്കിൽ കാഴ്ചപ്പാടുകളുടെയോ നാളുകളായിരുന്നു അവിടത്തെ താമസം !

Thanks

റിറ്റ ഡൽഹി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ