അന്നത്തെ സായാഹ്‌നം
ശാന്തമായിരുന്നു,
സമാധാന പൂർണ്ണമായിരുന്നു…..
പതിവ് പോലെ സൂര്യൻ
അസ്തമിക്കാൻ
ഒരുങ്ങുകയായിരുന്നു………
ഏറെ നാളായി, വേലിയേറ്റവും
വേലിയിറക്കവും പോലെ-
യായിരുന്നു മനസ്സും ശരീരവും..
വേദനകൾ വരികയും പോവുകയും
ചെയ്തുകൊണ്ടിരുന്നു
ചില വേദനകൾ ശീലമായി…
ആയുസ്സ് ഇനിയുമുണ്ടെന്നും
ദീർഘകാലം ജീവിക്കണമെന്നും
പറഞ്ഞുകൊണ്ടാണ്
ഹൃദ്രോഗ വിദഗ്ദ്ധൻ ഹൃദയത്തിൽ
കൈവെച്ചതും, ഭക്ഷണം
കഴിക്കാനാവാത്ത-
വിധത്തിൽ എണ്ണമറ്റ ഗുളികകൾ
നൽകിയതും .
എന്നിട്ടും വേദനകൾ ബാക്കിയായി,
മരുന്നിന്റെ പാർശ്വ ഫലങ്ങൾ
ഏറെയായി
ചിലപ്പോൾ വേദനയുടെ
മൂർദ്ധന്യതയിൽ
മുന്നിൽ കാണുന്നവരെ, ഓർമ്മയിൽ
തെളിയുന്നവരെ കുറ്റപ്പെടുത്തും,
പരിധി കടന്ന് നിന്ദിക്കും
പലരും അകന്നു, അകലാൻ
കഴിയാത്തവർ
കുറ്റപ്പെടുത്തലുകൾ വകവെക്കാതെ
നിന്നു…
വാർദ്ധക്യം ഇങ്ങനെയൊക്കെയാണ്,
ചുറ്റിലും ആളുണ്ടെങ്കിലും
ഒറ്റപെട്ടതായി തോന്നും
പറയാനുള്ളതെല്ലാം പലർക്കും
അപരിചിതമായ പഴയ കാലമാണ്
ഓർമ്മയിൽ തെളിയുന്നതും
സ്വപ്നങ്ങളിൽ കാണുന്നതും
വിടപറഞ്ഞു പോയ
ബന്ധു മിത്രാദികളെയാണ്….
അന്നത്തെ ശാന്തമായ
സായാഹ്നത്തിൽ
പതിവില്ലാതെ ഗുരുവായൂരപ്പനെ
സ്മരിച്ചു…
മുൻവാതിലിലൂടെ കടന്ന് വരുന്ന
വെളിച്ചത്തിന്റെ
കണികകളെ നോക്കിയിരുന്നപ്പോൾ
പതിഞ്ഞ കാൽവെപ്പുകളോടെ ഒരു
അജ്ഞാതൻ അടച്ചിട്ട വാതിൽ
മറി കടന്നു വന്നു…
കുറവ സംഘത്തെ കുറിച്ചുള്ള
മുന്നറിയിപ്പൊന്നും അന്ന്
ഉണ്ടായിരുന്നില്ല
നിമിഷങ്ങൾ കൊണ്ടാണ് അജ്ഞാതൻ
കവിളിൽ മൃദുലമായി തഴുകി കൊണ്ട്
ആത്മാവിനെ മോഷ്ടിച്ചത്…
അയാളുടെ കണ്ണുകളിൽ
ഇരുൾ പടർന്നു ….
സൂര്യൻ അസ്തമിച്ചിരിക്കുന്നു….
പിന്നീട്, അറിഞ്ഞവർ… അറിഞ്ഞവർ ,
പറഞ്ഞു, എത്ര ശാന്തമായ മരണം…
മരണം കള്ളനെ പോലെയാണ്….
ആരുമറിയാതെ കടന്ന് വരും….
ആൾക്കൂട്ടങ്ങൾക്കിടയിൽ പോലും
മോഷണം നടത്തി മടങ്ങും