ചോദിച്ചത് കേട്ടില്ലേ. എന്തിനാ നിങ്ങൾ തല്ലുകൂടുന്നതെന്ന് ?
ശ്രേയ ടീച്ചറുടെ ഭർത്താവാണ് പിന്നീട് ചോദിച്ചത്. ആ ചോദ്യത്തിന് ഇത്തിരി ഘനം കൂടുതലായിരുന്നു.
തുടർന്ന് വായിക്കുക.
ഭാഗം 4
സാറെ, ഞാനും കൂടെ ചേർന്നാണ് സാധനങ്ങൾ ഇറക്കിയത്. സാറ് കാശു കൊടുത്തപ്പോൾ അവര് എന്റെ കാശ് തരാതെ പോകാനുള്ള പരിപാടിയായിരുന്നു.
രാമഭദ്രന് കിട്ടാനുള്ളത് രാമഭദ്രന്. അദ്ധ്വാനിച്ച കാശ് ചോദിക്കുമ്പം തല്ലാൻ വരുന്നോടാ. അവൻ കാലുമടക്കി മറ്റവനിട്ട് വീണ്ടും ഒരെണ്ണം കൊടുക്കാൻ തുനിഞ്ഞതും.
ഹേയ്.. വേണ്ട നിങ്ങളുടെ കാശ് ഞങ്ങൾ, തന്നേക്കാമെന്ന് പറഞ്ഞ് ശ്രേയ ടീച്ചർ മുന്നോട്ട് വന്നു.
ഹ..ഹ..ഹ.. കാണികളെ ഗോളടിക്കാൻ കളിക്കാർ അനുവദിക്കാറില്ല ടീച്ചറേ. കളിക്ക് ചില നിയമങ്ങളൊക്കെ ഇല്ലേ ? ഇവനതൊക്കെ മറന്നൂന്നാ തോന്നുന്നത്. കൂടെക്കളിക്കുന്നവന് ബോള് കൊടുക്കാതെ ഒറ്റയ്ക്ക് ഗോളടിച്ച് കപ്പ് വാങ്ങാൻ പറ്റുമോ കൂട്ടുകാരാ. ഇതൊരു ഗ്രൂപ്പ് കളിയല്ലേ.
” ഇതിൽ കളിച്ചത് രാമഭദ്രനാണെങ്കിൽ വാങ്ങേണ്ടത് വാങ്ങിച്ചിട്ടേ ഞാൻ ഈ കളം വിടു. അതുകൊണ്ട് കാശ് തന്നിട്ട് വേഗം പോകാൻ നോക്കടാ ”
ലോറിയിൽനിന്ന് കാശ് വാങ്ങിയവൻ വേഗം ഒരു മുന്നൂറ് രൂപ രാമഭദ്രന് കൊടുത്തു.
ഉം.. ഓകെ. ഇനി നിങ്ങൾ പോയ്ക്കോ..
അല്ല സാറെ, സാറ് പറ അവന്മാര് ചെയ്തത് ശരിയാണോ..? ഞാനും ഈ തൊഴിലെടുത്ത് കുടുംബം പോറ്റുന്നവനല്ലേ സാറേ… അപ്പൊപ്പിന്നെ..
ങ്ഹാ.. സാറ് പോലീസാ. ഏത് സ്റ്റേഷനിലേയാ..?,
ഉടനെ ടീച്ചർ ഇടപെട്ടു. ഇല്ലങ്കിൽ രംഗം പന്തിയാവില്ലന്ന് ടീച്ചർക്ക് അറിയാമായിരുന്നു.
ഇത് എന്റെ ഭർത്താവ് ജയേഷ്. DYSP യാണ്.
കനല്‍പ്പാടത്ത് പെട്ടന്ന് ചാറ്റല്‍ മഴ പെയ്തു. ഇടിയുടെ മുഴക്കങ്ങള്‍ അവിടിവിടെയായി കേള്‍ക്കുന്നു. ചൂടകന്ന പാടത്തേക്ക് വെള്ളരിപ്രാവുകള്‍ പറന്നടുത്തു.
രാമഭദ്രൻ മുണ്ടിന്റെ മടിക്കുത്തഴിച്ചിട്ട് തലേൽ കെട്ടിയ തോർത്തുമുണ്ടെടുത്ത് ചുമലിലിട്ട് നിന്നു.
ഇത് ഞങ്ങളുടെ മകൻ ജീവൻ.
നിങ്ങളുടെ സ്ഥലം…?
ഞങ്ങൾ തച്ചങ്കടവ്.
സാറ് ഇവിടുത്തെ സ്റ്റേഷനിൽ സ്ഥലം മാറി വന്നതാണോ..?
അല്ല. സാറിനല്ല സ്ഥലം മാറ്റം. എനിക്കാണ്. ഞാൻ മണവാളൻകുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ കണക്ക് പഠിപ്പിക്കാൻ പുതുതായി വന്ന ടീച്ചർ. പേര് ശ്രേയ.
സാറേ നമുക്ക് വിശദമായി പിന്നെ പരിചയപ്പെടാം. എന്നാൽ പിന്നെ ഞാൻ ചന്തയിലോട്ട് പോവ്വാണ്. അവിടെയാണേ എന്റെ പണി. എന്നുവച്ച് നിങ്ങൾക്ക് എന്തു സഹായത്തിനും അവിടെ വിളിച്ചാൽ മതി. ഭാര്യ അവിടെത്തന്നെ കാണും.
രാമഭദ്രൻ മെല്ലെDYSP ജയേഷിന്റെ അടുത്തേക്ക് ചേർന്ന് നിന്ന് –
സാറേ… ഒരു കൊമ്പൻ മീശയൊക്കെ വയ്ക്കണ്ടേ സാറേ മുഖത്ത്. എന്നാലല്ലേ ഇടയ്ക്കൊക്കെ വെറുതേയിരിക്കുമ്പം ഒന്ന് പിരിച്ചൊക്കെകളിക്കാൻ പറ്റൂ.. എന്നും പറഞ്ഞ് കുലുങ്ങിച്ചിരിച്ചു കൊണ്ടവൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു. എവിടുന്നോ ശീല്‍ക്കാരം നിറച്ചുവന്ന ഒരു കാറ്റ് മുറ്റത്ത് ലോറിയില്‍ നിന്നും ഇറക്കിവെച്ച റോസാച്ചെടിയെ ലില്ലിപ്പൂവിന്‍റെ തണ്ടുമായി കോര്‍ത്തിണക്കി.
ടാ… നിന്നെ ഞാൻ…. എന്നും പറഞ്ഞ് മുന്നോട്ടാഞ്ഞ DYSP യെ ശ്രേയട്ടീച്ചർ തടഞ്ഞു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു പോയി.
ആ സമയം യാതൊരുവിധ കൂസലുമില്ലാതെ രാമഭദ്രൻ മുണ്ടിന്റെ താളവും മടക്കിക്കുത്തി മൂളിപ്പാട്ടും പാടിക്കൊണ്ട് പോകുകയായിരുന്നു.
ശീല്‍ക്കാരങ്ങള്‍ മാറ്റി ഒരു നേര്‍ത്ത ചൂളവും വിളിച്ചുകൊണ്ട് ആ കാറ്റ് വീണ്ടും അവരെ തൊട്ടുരുമ്മിക്കടന്നുപോയി.
നാറാണത്ത് ഭ്രാന്തന്‍റെ കഥ വായിച്ചിട്ടില്ലേ.. കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുട്ടി മലമുകളില്‍ എത്തിച്ചു അത് താഴേക്കിട്ട് കൈകൊട്ടികളിച്ചുകൊണ്ട് പൊട്ടിച്ചിരിച്ച കഥ.
അതുപോലെ ഇല്ലാത്ത കൊക്കയുണ്ടാക്കി അമ്പിളി മാമനെ പറിക്കാൻ നോക്കുവാണോ ഇവൻ .
ഇവനൊരു കുരിശാകുമോ ദൈവമേ എന്ന് DYSP യും ഭാര്യയും ഒരു പോലെ ചിന്തിച്ചതും രാമഭദ്രൻ പിടിക്കലെത്തി തിരിഞ്ഞു നിന്നതും ഒന്നിച്ചായിരുന്നു.
ഏതുതരം അതിർവരമ്പുകളും എപ്പോഴും തുറക്കപ്പെടുന്നത് എവിടെയാന്നെന്ന് ചോദിച്ചാൽ നമുക്ക് ആലോചിക്കാതെ പറയാൻ കഴിയും, കുട്ടികളുടെ മുന്നിലാണെന്ന് അല്ലെ.
ശ്രേയ ടീച്ചറുടെ മകൻ ജീവനും, രാമഭദ്രന്റെ മകൾ രമ്യയും രണ്ട് ദിവസങ്ങൾക്കൊണ്ട് കൂട്ടുകാരായി. അതിലുപരി ടീച്ചറുടെ എന്തു സഹായത്തിനും രാമഭദ്രന്റെ ഭാര്യ കാർത്തി തന്നെയായിരുന്നു എത്തിക്കൊണ്ടിരുന്നത്.
ദിവസങ്ങള്‍ കടന്നുപോയി. സൗഹൃദങ്ങൾ സഹയാത്രികരാക്കി തീർത്ത രണ്ട് കുടുംബങ്ങൾ യാത്ര തുടർന്നു. രാമഭദ്രൻ്റെ മകൾ രമ്യ പഠിപ്പിൽ നല്ല താല്പര്യമനോഭാവം വച്ചു പുലർത്തിയിരുന്ന കുട്ടിയായിരുന്നു. അതുകൊണ്ട് രമ്യയെ ശ്രേയ ടീച്ചർക്ക് വളരെയധികം ഇഷ്ടപ്പെടു. ആ കുട്ടിക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാനും ടീച്ചർ സമയം കണ്ടെത്തിക്കൊണ്ടിരുന്നു.
ആഴ്ച്ചയിൽ ഒരുദിവസം കൃത്യമായി ഭാര്യയേയും മകനേയും കാണാൻ വരാറുള്ള DYSP ജയൻ ഒരു ദിവസം മകന് ഒരു നല്ല സൈക്കിളുമായിട്ടാണ് വന്നത്.
ആഗ്രഹങ്ങള്‍ ആകാശകോട്ടകളോളം വളര്‍ന്നിട്ടുണ്ട്. മുത്തുമണികള്‍ കിലുങ്ങുന്ന രഥചക്രങ്ങളിൽ ചന്ദനച്ചോലകള്‍ തേടി അലഞ്ഞിട്ടുണ്ട് സ്വപ്നങ്ങളില്‍. കൂട്ടുകാരെ പിൻ തള്ളിക്കൊണ്ട് സൈക്കിളിൽ സ്കൂളിൽ എത്തുന്നത് ഓർത്തിരുന്നിട്ടുണ്ട്. അതിന്‍റെ സാക്ഷാത്ക്കാരം ഇന്നെന്‍റെ കണ്മുന്നില്‍.
അതിനു ശേഷം സൈക്കിളിനു മുകളിലിരുന്ന് യജ്ഞമാണ് ജീവൻ.
എടാ നീ നിന്റെ ശരീരം വൃത്തിയാക്കാനെങ്കിലും ആകുന്ത്രാണ്ട ത്തീന്നൊന്ന് താഴെ ഇറങ്ങടാ… ശ്രേയട്ടീച്ചർ മകനോട് ഇങ്ങിനെ പറയുന്നത് കേട്ടുകൊണ്ടാണ് ഒരു ദിവസം രാമഭദ്രൻ ആ വീട്ടിലേക്ക് കടന്നു വന്നത്.
തുടരും ……
രസകരമായ എഴുത്ത്
Thank you boss

സൂപ്പർ