Logo Below Image
Saturday, April 19, 2025
Logo Below Image
Homeകഥ/കവിതകുറേനക്കാരനായ ശീമോൻ (കവിത) ✍ നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

കുറേനക്കാരനായ ശീമോൻ (കവിത) ✍ നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌

ഒരുമിഴിദൂരമവൾ
നടന്നകലുമ്പോൾ
അവളുടെ
പദനിസ്വനങ്ങളെൻകാതിൽ
ചാഞ്ഞുറങ്ങി!
ആ
പോക്കുവെയിലിലവളലിഞ്ഞു
ചേർന്നപ്പോൾ
സൂര്യകാന്തിപോൽ
ഞാനവളെ
നോക്കിനിന്നു!
കുളിപ്പിക്കുമ്പോളവളോടിടഞ്ഞ
അടുക്കളപ്പാത്രങ്ങളും,
കഞ്ഞി
വാർത്തിടുമ്പോളവളുടെ
കൈയിൽ പിണഞ്ഞുമ്മവച്ച
കൈയ്ക്കലത്തുണികളും,
മ
ത്തിവെട്ടുമ്പോളവളുടെ
നീലലോചനം-
മറയ്ക്കാൻ
മറിഞ്ഞുവീഴുന്ന
കാർകൂന്തലിനെ പള്ളുപറയുന്ന
കൺഠൻപൂച്ചയും,
ചാളയുടെ
വയറു
മുറിച്ചെറിയുവാനവളുടെ
ചെവിതിന്നുന്ന
കൊക്കരക്കോഴിയും,
അതു തോണ്ടിപ്പറക്കുന്ന
ഇടംകണ്ണൻകാക്കയും,
കാക്കയോടടികൂടുന്ന
അമ്മക്കോഴിയും,
പിന്നാമ്പുറത്തെ
കൊരണ്ടിയോടെന്തോ
ചോദിക്കുന്നു!
നീ പാതിപ്പഴം
കൊടുത്ത
അണ്ണാറക്കണ്ണനും,
ഓട്ടുകിണ്ണത്തിൽ പാലുകൊടുത്ത
മഞ്ഞച്ചേരയും,
അയയിൽ നീ
വിരിച്ച നിന്റെ
പോരാട്ടങ്ങളെ
മണത്തെടുക്കുന്നു!
നിനക്കു
വിശേഷമുണ്ടോയെന്നു
ചോദിക്കാനിന്ന്
രാധാമണി പടിഞ്ഞാറേ
വേലിക്കരികിലെത്തിയില്ല,
കാക്കാത്തിപ്പൂ അതിരുകാക്കുന്ന
കിഴക്കിനിയിൽ
അമ്മിണിച്ചേടത്തിയുമെത്തിയില്ല!
നിനക്കു പേടിയായിട്ടാണെന്നു
ഞാൻ
പറഞ്ഞിട്ടുമവരുചോദിക്കുന്നു
എങ്കിലുമൊരു കുഞ്ഞിക്കാലു
കാണണ്ടേയെന്ന്!
നിനക്കുവേണ്ടെങ്കിൽപിന്നെ
നിക്കെന്തിന്?
മടങ്ങിവരൂ,
നിന്റെ ചൂടില്ലാതെനിക്കുറക്കം
വരുന്നില്ല,
നിന്റെ കലപില
യില്ലാതുണരാനുമാകുന്നില്ല!
നമുക്കിവിടെ തിരിതാഴ്ത്തി
രാവുറങ്ങാം,
വിളക്കണച്ചുഷസ്സും
കാണാം!
വാക്കുപാകിയ
അതിരുകൾ
മുൾമുടി
മെടയുമ്പോൾ
കുറേനക്കാരനായ
ശീമോനായി
ഞാനെന്നും
നിനക്കൊപ്പം നടക്കാം.

നസ്രേത്തിൽ ജോസ്‌ വർഗ്ഗീസ്‌✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ