സത്യനായകാ മുക്തിദായകാ..
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടിട്ടാണ് റോസി അടുക്കളയിൽ നിന്നെത്തിയത്. ഇന്ന് മക്കൾ എല്ലാവരും എത്തുന്ന ദിവസമാണ്. ഭക്ഷണമൊരുക്കേണ്ട തിരക്കിലാണ് അവരിപ്പോൾ.
അവർ ഫോൺ എടുത്തു നോക്കി വർക്കിച്ചായനാണ്. ഇതിയാനിപ്പോ എന്നാ പറ്റി.. ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതല്ലേ ഒള്ളൂ എന്നാലോചിച്ച് ഫോൺ ചെവിയിൽ വച്ചു..
“വർക്കിച്ചായാ എന്നാത്തിനാ ഇടയ്ക്കിടെ ഇങ്ങനെ വിളിക്കുന്നേ..? ഇപ്പം ഇവിടേന്ന് എറങ്ങിയതല്യോ..? ഇത്രേം പെട്ടെന്ന് എന്തു വിശേഷാ ണ്ടായേ..ഇങ്ങനെ വിളിക്കാൻ ..?”
റോസിയുടെ നിർത്താതെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ മറുതലയ്ക്കൽ നിന്ന് –
“നീയൊന്നു വെപ്രാളപ്പെടാതെ കൊച്ചേ… ഞാനൊന്നു പറേട്ടെ .. നമ്മുടെ രാജേട്ടനില്ലേ.. അദ്ദേഹം കോണീന്ന് വീണു. ഇപ്പ ബോധം ല്ലാതെ ആശുപത്രീലാ.. ഞാനും ജോണിയും കൂടാ ഇവിടെ എത്തിച്ചത്. രാവിലെ വീട്ടിലെ മാറാല തട്ടാൻ കയറിയതാത്രേ..”
“ഞാൻ കൊറച്ച് കഴിഞ്ഞേ എത്തുള്ളൂ ട്ടാ ..ബെന്നീം മറിയേം ഒക്കെ എത്തിയോ..? ഭക്ഷണം കഴിച്ചേച്ച് ബെന്നിയെ ഒന്നിങ്ങോട്ട് വിട്ടേര്..എന്തെങ്കിലും ആവശ്യം വന്നാലോ ?” വർക്കിച്ചായൻ കൂട്ടിച്ചേർത്തു.
അടുപ്പത്ത് വെച്ചത് അടിയിൽ പിടിക്കാൻ തുടങ്ങിയോ എന്ന സംശയത്താൽ റോസി അടുക്കളയിലേക്കോടി.
ശരിയാണ് അയൽവാസിയായ രാജേട്ടൻ സ്നേഹനിധിയാണ്, ഭാര്യയും കുടുംബവും ഒന്നുമില്ലാതെ ഒറ്റയ്ക്കു കഴിയുന്ന ഒരു സാധു മനുഷ്യൻ.എന്തിനും ഏതിനും സഹായഹസ്തമായി അദ്ദേഹം മുന്നിലുണ്ടാകും എന്നതിനാൽത്തന്നെ ഒരു കുടുംബാംഗത്തെപ്പോലെത്തന്നെയാണ്. റോസി അടുപ്പത്തിട്ടത് ഇളക്കുന്നതിനിടയിൽ മനസ്സിലോർത്തു.
കർത്താവേ രാജേട്ടന് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ച് അവർ കുരിശു വരച്ചു.
ഉച്ചയോടെ ബെന്നിയും ക്ലാരയും കുഞ്ഞുങ്ങളും എത്തിയത് റോസിയുടെ മനസ്സിലെ സംഘർഷത്തിന് അയവുവരുത്തി. ബെന്നിയുടെ ഇഷ്ടഭോജ്യമായ പോത്ത് ഉലത്തിയതും മീൻകറിയും കൂട്ടി റോസിയുടെ കൈ കൊണ്ട് കുഴച്ച ചോറ് അവൻ സന്തോഷത്തോടെ കഴിച്ചു പിന്നെ ആശുപത്രിയിൽ പോയി.
രാജേട്ടൻ ഐ.സി.യു വിൽ ആയതിനാലും, മകൻ ബെന്നി വന്നതിനാലും വർക്കിച്ചൻ വീട്ടിലേക്ക് പോന്നു. ഭക്ഷണ ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയ വർക്കിച്ചൻ ഡോക്ടറോട് രാജൻ്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ചതിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായും അടിയന്തിര ശസ്ത്രക്രിയ വേണമെന്നും ഡോക്ടറിൽ നിന്ന് അറിഞ്ഞു.
രണ്ടു പ്രാവശ്യം തൻ്റെ മക്കളെ മരണവക്ത്രത്തിൽ നിന്ന് രക്ഷിച്ച രാജേട്ടനോട് വർക്കിച്ചന് തീർത്താൽ തീരാത്തത്ര കടപ്പാടുണ്ട്. അതിനാൽത്തന്നെ രാജേട്ടന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾത്തന്നെ അയാൾക്ക് ആധിയായി.
“ഈശോ മിശിഹാ തമ്പുരാനേ രാജേട്ടനെ രക്ഷിക്കാൻ നീ തന്നെ ഒരു വഴി കാണിക്കണേ” എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ആശുപത്രിയിൽ ഇരിപ്പുറയ്ക്കാതെ വീട്ടിലേക്ക് തന്നെ പോന്നു. ചിലപ്പോൾ റോസിയുടെ കൈവശം എന്തെങ്കിലും ഉപായം കാണും. ഇല്ലെങ്കിലും തൻ്റെ വിഷമം ആരോടെങ്കിലും പങ്കുവെച്ചാൽ കുറച്ചെങ്കിലും കുറയുമെന്നും അയാൾ ചിന്തിച്ചു.
“റോസിക്കൊച്ചേ ഒന്നിങ്ങോട്ടു വന്നേടീ .. ഒരു കാര്യം പറയാനൊണ്ട്..” വീട്ടു മുറ്റത്തെത്തിയ ഉടനെ അയാൾ തൻ്റെ ഭാര്യയെ വിളിച്ചു..
“ നിൻ്റേല് പൈസ വല്ലതും ഇരിപ്പൊണ്ടോ.. രാജേട്ടന് പെട്ടെന്ന് ഓപ്രേഷൻ വേണം ത്രേ… രണ്ടു ലക്ഷം രൂപേലും വേണ്ടി വരുമായിരിക്കും..എന്നതാ ഒരു മാർഗ്ഗം..?” അയാളുടെ വിളികേട്ട് അടുക്കളയിൽ നിന്നെത്തിയ റോസിയോട് അയാൾ തിരക്കി.
“ഇച്ചായാ കാര്യം നടക്കട്ടെ എൻ്റെ കൊറച്ച് സ്വർണ്ണ ഉരുപ്പടികൾ എടുത്ത് പണയം വെക്ക്വോ എന്തേലും ചെയ്യ്.. തൽക്കാലം കാര്യം നടക്കട്ടെ. ഇതല്ലാതെ എൻ്റെ കൈയില് വേറൊന്നും ഇല്ല..” എന്നു പറഞ്ഞ് അകത്തുപോയി ഏതാനും സ്വർണ്ണ വളകൾ കൊണ്ടുവന്നു വർക്കിച്ചൻ്റെ കൈയിൽ കൊടുത്തു.
വർക്കിച്ചൻ അതുമായി നാട്ടിൽ പ്രമുഖനായ കുഞ്ഞച്ചൻ്റെ വീട്ടിലേക്കോടി. ബാങ്കിലേക്കാളും കൂടുതൽ തുക അവിടെ നിന്നും കിട്ടുമെന്നതിനാലാണ് അങ്ങോട്ട് പോയത്. പരമാവധി തുക ഒപ്പിച്ചു അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടത് അത്യാവശ്യമാണ്.
“മുതലാളീ നമ്മുടെ രാജേട്ടൻ ആശൂത്രീലാ ഓപ്രേഷൻ നടത്താൻ രണ്ടു ലക്ഷം രൂപം വേണം, എന്നെ സഹായിക്കണം.” വർക്കിച്ചൻ കുഞ്ഞച്ചൻ്റെ വീട്ടുമുറ്റത്തു ചെന്ന് ഓച്ഛാനിച്ചു നിന്നു.
കാര്യങ്ങൾ എല്ലാം കേട്ട ശേഷം കുഞ്ഞച്ചൻ പറഞ്ഞു –
“ പൈസയൊക്കെ തരാം.. പക്ഷേ ഈടു വേണം അതറിയാലോ.. പിന്നെ പലിശ കുറച്ചു കൂടുതലാ സമയത്തിന് അത് കിട്ടിയില്ലെങ്കിൽ ഉരുപ്പടി എൻ്റെ കൈയിലിരിക്കും ഓർത്തേച്ചു മതി, പിന്നെ ഞഞ്ഞാ പിഞ്ഞാ വർത്താനോം പറഞ്ഞ് എൻ്റടുത്ത് വന്നാൽ കാര്യംണ്ടാവില്ല പറഞ്ഞേക്കാം. അത് സമ്മതമാണെങ്കിൽ ആശൂത്രിടെ അടുത്തുള്ള എൻ്റെ കടേലിക്ക് പൊയ്ക്കോ.. ഇവിടെ നിക്കണ്ട ..”
“ഒരു ആശൂത്രിക്കേസായോണ്ടാ പൈസ തരുന്നത്. ഇപ്പോ പണയംന്നൊക്കെ പറഞ്ഞാ നഷ്ടക്കച്ചോടാ.. പലരും മുക്കു പണ്ടം വരെ കൊണ്ടന്ന് വെച്ച് പൈസ കൊണ്ടോവും പിന്നെ തിരിഞ്ഞു നോക്കില്ല.. പൈസ കൊടുത്ത ഞാൻ വിഡ്ഡ്യാവും ചെയ്യും..” കുഞ്ഞച്ചൻ നിർത്താതെ പറഞ്ഞു.
“ഈടിനായി ഞാനെൻ്റെ പെണ്ണുമ്പിള്ളയുടെ രണ്ടുമൂന്നു സ്വർണ്ണ വളകൾ കൊണ്ടുവന്നിട്ടുണ്ട്. അതെടുത്തേച്ച് എനിക്ക് രണ്ടര ലക്ഷം രൂപ വേഗം തന്നേ, നിൽക്കാൻ നേരമില്ല.” വർക്കിച്ചൻ പിന്നെയും അവിടെ നിന്ന് തല ചൊറിഞ്ഞു.
“ ഞാൻ പറഞ്ഞില്ലേ എൻ്റെ കടേല് പൊയ്ക്കോ അവടെ എൻ്റെ മോനെ കണ്ടാ മതി.. ഞാൻ പറഞ്ഞൂ ന്നും പറഞ്ഞേക്ക്.. വേഗം ചെല്ല്.. അത് സന്ധ്യയ്ക്കടയ്ക്കും.”
വർക്കിച്ചൻ വളയുമായി കുഞ്ഞച്ചൻ്റെ സ്ഥാപനത്തിലേക്ക് ഓടി.. കണ്ണാടിക്കൂട്ടിനുള്ളിൽ ഇരിക്കുന്ന യുവതിയുടെ കൈയിൽ വള കൊടുത്തു. ഇരിക്കാൻ പറഞ്ഞതിനാൽ വർക്കിച്ചൻ അവിടെക്കണ്ട കസേരയിൽ ചാഞ്ഞിരുന്നു. നല്ല കുളിർമ്മയുള്ള ആ മുറിയിലെ കസേരയിൽ ഇരുന്നു കൊണ്ട് ചുറ്റും നോക്കി.. കുറച്ചാളുകൾ എന്തൊക്കെയോ പണയം വെക്കാനും എടുക്കാനുമായി അവിടെ നിരത്തിയിട്ടിരുന്ന കസേരകളിൽ ഇരിപ്പുണ്ട്. മറ്റൊരു കണ്ണാടിക്കൂട്ടിനുള്ളിൽ മുതലാളിയുടെ മകൻ സ്വർണ്ണക്കണ്ണടയും വെച്ച് ഇരിക്കുന്നു. ഒരു ബോർഡിൽ പണയം വെച്ച വസ്തുക്കളുടെ ലേലപ്പരസ്യം എഴുതി ഒട്ടിച്ചിരിക്കുന്നു. മറ്റൊരു ബോർഡ് വർക്കിച്ചൻ്റെ ശ്രദ്ധയിൽ പെട്ടു “നിങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ്” അങ്ങനെ ഒരു ബോർഡ് തികച്ചും ഗ്രാമീണനായ അയാൾ ആദ്യമായാണ് കാണുന്നത്. ‘എന്തരോ എന്തോ നമ്മക്കെന്താ, കാര്യം നടന്നാൽ പോരേ’ അയാൾ അല്പം സമാധാനത്തോടെ വീണ്ടും മറ്റു പല ആലോചനകളിലും മുഴുകി..
“വർക്കിച്ചൻ… വർക്കിച്ചൻ” എന്ന വിളി കേട്ടാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്. സ്വരം കേട്ടയിടത്തേക്ക് നോക്കി. അതേ തന്നെ കണ്ണാടിക്കൂട്ടിലെ യുവതിയാണ് വിളിക്കുന്നത്.
“രണ്ടര ലക്ഷം രൂപ വേണമെന്നല്ലേ പറഞ്ഞത്..? ഇതിന് അത്രയ്ക്കൊന്നും കിട്ടില്ല.. ഇത് മാറ്റ് കുറഞ്ഞ സ്വർണ്ണാണ്”
അവരുടെ വാക്കുകൾ കേട്ടപ്പോൾ വർക്കിച്ചന് ആധിയായി. അയാൾ പറഞ്ഞു –
“എനിക്ക് തുക മുഴുവൻ വേണം ഇല്ലെങ്കി ശര്യാവില്ല പിന്നെ ഞാൻ കൊണ്ടന്ന സ്വർണ്ണം അസ്സൽ മാറ്റുള്ളതാ.”
“ ചെല്ല് മൊതലാള്യേ പോയി കണ്ടോ ഞാൻ പറയാൻ ള്ളത് പറഞ്ഞു. ഇനി മുതലാളി പറഞ്ഞാൽ ഞാൻ പൈസ തരാം” . അവർ സ്വർണ്ണ വളകൾ തിരികെ കൊടുത്തു. അയാൾ വളയുമായി കണ്ണാടിക്കൂട്ടിനകത്തേക്ക് പോയി. അവിടെയും കുറെ ഏറെ പറഞ്ഞു. എന്നാൽ മുതലാളിയുടെ മകൻ അയാൾ പറഞ്ഞത് കേട്ട് തുറിച്ചു നോക്കിയതല്ലാതെ അയാളോട് തീരെ മയം കാട്ടിയില്ല..
വർക്കിച്ചൻ വീണ്ടും പറയാൻ തുടങ്ങി “കുഞ്ഞു മുതലാളീ എനിക്ക് ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാ ഈ പൈസ അല്ലാതെ എൻ്റെ ആവശ്യത്തിനായല്ല.. നിങ്ങടെപ്പോലെ എനിക്ക് മറ്റ് അനാവശ്യച്ചെലവൊന്നും ഇതുവരെ ഈശോ മിശിഹായുടെ സഹായത്താൽ ഉണ്ടായിട്ടില്ല.. നിങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ് എന്ന ബോർഡും വെച്ചിവിടെ ഇരുന്നോ.. ഒന്നോർത്തോ കുഞ്ഞു മുതലാളീ നിങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്.. കർത്താവ് ഒടേ തമ്പുരാൻ്റെ.. അതോണ്ടല്ലേ എത്ര ചെലവാക്കീട്ടും നിങ്ങളുടെ ഭാര്യയുടെ അസുഖം കാരണം വീട്ടിൽ സമാധാന അന്തരീക്ഷം ഇല്ലാതെ ഇരിക്കുന്നത്. ഒക്കെ എനിക്കറിയാം “ “ ഇങ്ങനെ പിടിച്ചു പറീം ആയിട്ടിരുന്നോ.”
അയാളുടെ അന്തം വിട്ടുള്ള ജല്പനങ്ങൾ കേട്ടപ്പോൾ, കുഞ്ഞു മുതലാളി ഒന്നാലോചിച്ചു.. ‘ശരിയല്ലേ, തൻ്റെ പ്രവൃത്തി ദോഷം തന്നെയാവില്ലേ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം’ അയാളുടെ കണ്ണിൽ കണ്ണീർക്കണം ഉരുണ്ടു കൂടി. അയാൾ ആ വളകൾ വാങ്ങി വെച്ച് വർക്കിച്ചന് ആവശ്യമായ തുക എണ്ണിക്കൊടുത്തു.
ഭൂമിയിൽ ജന്മമെടുത്ത എല്ലാവരും സൃഷ്ടികർത്താവിൻ്റെ നിരീക്ഷണത്തിലാണ് എല്ലായ്പോഴും, അതിനാൽ എന്ത് പ്രവൃത്തി ചെയ്യാനൊരുങ്ങുമ്പോഴും രണ്ടു വട്ടം ആലോചിക്കുക.. താൻ ചെയ്യുന്നത് ശരിതന്നെയോ എന്ന്..
നന്നായിട്ടുണ്ട്
നല്ല കഥ
എല്ലാ സന്ദേശം ഉള്ള കഥ
വായനയ്ക്കും, നല്ല വാക്കുകൾക്കും നന്ദി.
നല്ല കഥ
വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി.