Friday, January 9, 2026
Homeകഥ/കവിതഡോണ്ട് യൂ നോ? (കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം

ഡോണ്ട് യൂ നോ? (കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം

സമയം രാവിലെ അഞ്ചര മണി. കർക്കിടക കുളിരിൽ എല്ലാവരും പുതച്ചു മൂടി കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് എട്ടുദിക്കു പൊട്ടുമാറു ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി ഉണർന്നത്. ഇതൊരു പ്രത്യേകതരം ശബ്ദം ആണല്ലോ? ഇന്നുവരെ ഇതിനു മുമ്പ് ഇങ്ങനെ ഒരു ശബ്ദം ഈ കോളനിയിൽ ആരും കേട്ടിട്ടില്ല.മാത്രമല്ല നിർത്താതെയുള്ള ഒരുതരം നിലവിളി ശബ്ദം പോലെ ആയിരുന്നു അത്. ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്ന് കരുതി വില്ലാ നിവാസികൾ ഓരോരുത്തരായി കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു.ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന വില്ലയിലേക്ക് എല്ലാവരും പാഞ്ഞെത്തി.
നോക്കിയപ്പോൾ ഉഷ ടീച്ചർ ആകെ വിഷണ്ണയായി കാറിന് അരികെ നിൽപ്പുണ്ട്.
“എന്താ ടീച്ചറെ, എന്തു പറ്റി? എന്തിനാ ഇങ്ങനെ ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തിയത്” എന്നൊക്കെ എല്ലാവരും ഒറ്റശ്വാസത്തിൽ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു. “എനിക്കറിയില്ല. ഈ കാർ തുറന്നപ്പോൾ തന്നെ ഈ അലാം അടിക്കാൻ തുടങ്ങിയെന്ന്. ഇത് ഓഫ് ചെയ്യാൻ എനിക്ക് അറിഞ്ഞുകൂടാ. ഞാനും ആദ്യമായാണ് ഈ കൊലവിളി ശബ്ദം കേൾക്കുന്നത്. അപ്പോൾ ഒരു കൊച്ചു പയ്യൻ വന്നു ടീച്ചറുടെ കാറിന് ബർഗലർ അലാം വെച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ടീച്ചറുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി അത് ഞൊടിയിടയിൽ ഓഫ് ചെയ്തു. ശബ്ദം നിന്നതും ആ പയ്യൻ ടീച്ചറുടെ നേരെ ഒരു ചോദ്യം ചോദിച്ചു.
Don’t you know?

നാട്ടിലെങ്ങും കേട്ടിട്ടില്ലാത്ത തരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ബഗ്ലർ അലാം ടീച്ചറുടെ മകൻ ഓൺലൈനായി വരുത്തി കാറിൽ പിടിപ്പിച്ചിട്ട് ആണ് അവൻ വിദേശത്തേക്ക് പോയത് എന്നകാര്യം ടീച്ചർക്ക് അറിഞ്ഞുകൂടായിരുന്നു.

പത്തിരുപത് വീടുകൾ ഉള്ള ആ വില്ലസമുച്ചയത്തിലെ താമസക്കാരി ആയ ഉഷ ടീച്ചർ ഒരു ഹാസ്യ കഥാപാത്രമാണ്. ടീച്ചർക്ക് രണ്ട് മക്കളാണ്.മകൾ വിവാഹിതയായി വിദേശത്തേക്ക് പോയി. മകനും ജോലിയായി വിദേശത്തു തന്നെ.

ഒരു അഞ്ചാറു മാസം മുമ്പാണ് പയ്യന് എല്ലാവരുംകൂടി സെൻറ് ഓഫ് പാർട്ടി ഒക്കെ നടത്തി പറഞ്ഞു വിട്ടത്. അമ്മയെ നിങ്ങളെ ഏല്പിച്ചാണ് ഞാൻ പോകുന്നത് എന്ന് പറഞ്ഞതുകൊണ്ട് തന്നെ എല്ലാ വീട്ടുകാരും ഉഷ ടീച്ചറുടെ വീട്ടിലേക്ക് പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്.

വിധവയായ ടീച്ചർ സാമൂഹിക പ്രവർത്തകയാണ്, കോളനിയിലെ അസോസിയേഷൻ പ്രസിഡൻറ് ആണ്, എല്ലാറ്റിനുമുപരി പരോപകാരിയും ആണ്. പക്ഷേ ഒറ്റ കുഴപ്പം മാത്രമേ ഉള്ളൂ വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും എല്ലാത്തിലും കയറി സ്വന്തം അഭിപ്രായം വിളമ്പും. അത് ശരിയാണെന്ന് സമർത്ഥിച്ച്, വാദിച്ച് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കും. ടീച്ചറുടെ വിചാരം ടീച്ചർക്ക് മാത്രമേ വിവരം ഉള്ളൂ എന്നാണ്. കോളനിവാസികളിലെ സ്ത്രീകൾ അധികവും സാധാരണ വീട്ടമ്മമാർ ആയതുകൊണ്ട് തന്നെ അവർക്ക് ലോകവിവരം കുറവാണെന്നാണ് ടീച്ചറുടെ ധാരണ. എല്ലാവരും ടീച്ചറുടെ വിദ്യാർഥികൾ ആണെന്ന് ഒരു തോന്നൽ ആണ് ടീച്ചർക്ക്‌. എപ്പോഴും സ്വന്തം അഭിപ്രായം പറഞ്ഞു കഴിഞ്ഞു സ്കൂൾ കുട്ടികളോട് ചോദിക്കുന്നതുപോലെ Don’t You know?എന്നൊരു ചോദ്യവും ചോദിക്കും. അതുകൊണ്ടുതന്നെ ടീച്ചർക്ക് അങ്ങനെയൊരു വട്ടപ്പേര് കുസൃതികൾ ഇട്ടു കൊടുത്തിട്ടുമുണ്ട്.

എന്തിനും ഏതിനും നെഗറ്റീവ് അഭിപ്രായങ്ങൾ മാത്രമേ ടീച്ചറിൽ നിന്ന് വരു. ഉദാഹരണത്തിന് ഒരു കൂട്ടർ കല്യാണം ക്ഷണിക്കാൻ വന്നു എന്ന് കരുതുക. മകളെ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് കല്യാണം കഴിക്കുന്നതെന്ന് പറഞ്ഞാൽ ഉടനെ ടീച്ചർ പറയും “അയ്യോ! ബാങ്കുകാരേക്കാൾ മെച്ചപ്പെട്ടവരല്ലേ ഐടി ഫീൽഡിൽ ഉള്ളവർ? അവരുടെ ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ എത്രയാണ്?മാത്രമല്ല ഇടയ്ക്കിടെ വിദേശയാത്രയും തരപ്പെടുത്താം. ഒരു വിദേശയാത്ര കഴിയുമ്പോൾ തന്നെ നാട്ടിൽ ഒന്നാന്തരം ഒരു വീട് പണിയാം. ബാങ്കുകാരൻ ആണെങ്കിൽ ഏകദേശം റിട്ടയർ ചെയ്യുമ്പോഴാണ് ലോൺ അടഞ്ഞു തീരുക. അതിനിടയിൽ എൻറെ ഭർത്താവിന് സംഭവിച്ചത് പോലെ അപമൃത്യു വല്ലതും സംഭവിച്ചാൽ എല്ലാം നമ്മുടെ പെണ്ണിൻറെ തലയിൽ ആകുമെന്ന്. “

ഇനി പയ്യൻ ഐടി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാൽ ടീച്ചർ ഉടനെ പറയും “അയ്യോ! യാതൊരു ജോലി സ്ഥിരതയുമില്ലാത്ത ഫീൽഡ് ആണ് ഐടി. നാളെ ജോലിക്ക് വരേണ്ട എന്ന് പറഞ്ഞാൽ എല്ലാ സൗഭാഗ്യവും തീർന്നില്ലേ.കെട്ടിച്ചു കഴിഞ്ഞു ചെറുക്കന്റെ ജോലി പോയാൽ എന്ത് ചെയ്യും? അവനു കൂടി നമ്മൾ ചെലവിന് കൊടുക്കേണ്ടി വരും. നിങ്ങൾക്ക് വല്ല ബാങ്കുകാരെയും നോക്കാമായിരുന്നില്ലേ? അതാണെങ്കിൽ ജോലിക്ക് സ്ഥിരത ഉണ്ടല്ലോ? “

പ്ലസ് ടു കഴിഞ്ഞ് മകനെ U. S. ലേക്ക് പഠിക്കാൻ പറഞ്ഞുവിട്ടു എന്ന് പറഞ്ഞാൽ ഉടനെ ടീച്ചർ പറയും എന്തിനാ അവിടേക്ക് വിട്ടത്? അവിടുത്തെ പുതിയ വിസാ ചട്ടങ്ങൾ ഒന്നും നിങ്ങൾ അറിഞ്ഞില്ലേ? ജർമൻ ഭാഷ പഠിച്ചു ജർമനിയിലേക്ക് പോയാൽ മതിയായിരുന്നില്ലേ? ഏതായാലും കാശ് ചെലവാക്കുന്നു. എന്നാൽ പിന്നെ സമഗ്രമായ ഒരു അന്വേഷണം നടത്തി വേണ്ടേ ഇതിനൊക്കെ പുറപ്പെടാൻ? “

അതുപോലെ ആർക്കെങ്കിലും ദുബായിലാണ് ജോലി എന്നു പറഞ്ഞാൽ ടീച്ചർ ഉടനെ പറയും സൗദിയിൽ പോകാൻ പറ അവനോട്. ഇപ്പോൾ പഴയപോലെ ഒന്നുമല്ല സൗദി. സ്ത്രീകൾക്ക് ഓഫീസിൽ ജോലി ചെയ്യാം. ഇരട്ടി ശമ്പളവും കിട്ടും. ദുബായിൽ ഭയങ്കര ജീവിതച്ചെലവ് ആണ്. അവിടെ കിട്ടുന്നതൊക്കെ അവിടെ തന്നെ ചെലവാക്കേണ്ടി വരും. ഒന്നും സമ്പാദിക്കാൻ പറ്റില്ല.ചുരുക്കത്തിൽ നല്ലൊരു കാര്യവുമായി ടീച്ചറുടെ അടുത്തുപോയാൽ ഒരു വേദനയോടെ മാത്രമേ അവർക്ക് തിരിച്ചു വരാൻ പറ്റുകയുള്ളു. ഇത്തരത്തിലുള്ള ടീച്ചറുടെ അഭിപ്രായങ്ങൾ കേട്ട് എല്ലാവരും മടുത്തിരിക്കുമ്പോഴാണ് തിരിച്ചു ഗോളടിക്കാൻ ഒരു അവസരം വീണുകിട്ടിയത്.

ടീച്ചറുടെ മകൻ അമേരിക്കയിൽ പോകുന്നതിനു മുമ്പ് ഒരു പുതു പുത്തൻ കാർ വാങ്ങിയിരുന്നു. അപ്രതീക്ഷിതമായിട്ടാണ് മകന് ഐടി കമ്പനിയിൽ നിന്ന് ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ഒരു വർഷത്തേക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നത്. അതുകൊണ്ടാണ് അത് വിറ്റ് കളയാതിരുന്നത്. മാത്രമല്ല ഒരു ഡ്രൈവർ വന്ന് ഇടയ്ക്കിടെ അത് സ്റ്റാർട്ട് ചെയ്ത്, ഒന്ന് കഴുകി, ഓടിച്ച് കയറ്റി ഇടുന്ന പതിവുണ്ട്. പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഡ്രൈവറുടെ വരവ് നിന്നു. വലിയ ഓട്ടം ഒന്നും ഇല്ലല്ലോ. ടീച്ചർ കൊടുക്കുന്ന നിസ്സാര തുകയ്ക്ക് വണ്ടി കഴുകി ചെറിയൊരു ഓട്ടം ഓടിവരാനൊന്നും അവനു താൽപ്പര്യമില്ലാതായി.

അപ്പോഴാണ് കോളനി നിവാസികളായ വീട്ടമ്മമാരൊക്കെ ടീച്ചർക്ക് ആദ്യമായി ഒരു ഉപദേശം കൊടുത്തത്.
“ഇത്രയും മിടുക്കിയായ ടീച്ചർ എന്തിനാണ് മറ്റൊരു ഡ്രൈവറെ അന്വേഷിക്കുന്നത്? ടീച്ചർക്ക്‌ അങ്ങ് ഓടിച്ചാൽ പോരെ?” ആദ്യമായിട്ടാണ് ടീച്ചറെ ഉപദേശിക്കാൻ അവർക്ക് ഒരു അവസരം ഒത്തു കിട്ടുന്നത്. അത് വെറുതെ കളയണ്ട എന്ന് അവർ പരസ്പരം പറഞ്ഞു ചിരിച്ചു. ടീച്ചർക്കും അതിൽ കഴമ്പ് ഉണ്ടല്ലോ എന്ന് തോന്നി. ഡ്രൈവിംഗ് ലൈസൻസ് 18 വയസ്സിലേ എടുത്തിട്ടുണ്ട്. ഭർത്താവ് ഒരു കാർ ആക്സിഡന്റിൽ മരണപ്പെട്ടത് കൊണ്ട് ടീച്ചർക്ക് കാറിനോട് തന്നെ ഒരു തരം പേടിയാണ്.

എങ്കിലും കൂട്ടുകാരികളുടെ നിർദേശപ്രകാരം അപ്പോൾ തന്നെ ടീച്ചർ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് താൻ പണ്ട് പഠിച്ച വിദ്യ ഒന്നുംകൂടി പ്രാക്ടീസ് ചെയ്തു.

മിടുക്കിയായ ടീച്ചർ എളുപ്പത്തിൽ തന്നെ അതൊക്കെ പഠിച്ചെടുത്തു എന്ന് സ്വയം അങ്ങ് കരുതി. പക്ഷേ കാർ ഓടിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങളുടെ ഘോഷയാത്ര.

ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച കാറും സ്വന്തം കാറും അജഗജാന്തരം ആണെന്ന് പിന്നീടാണ് ടീച്ചർക്ക് ബോധ്യമായത്. പവർ സ്റ്റിയറിങ് ഉള്ള വണ്ടി ആയിരുന്നു ടീച്ചറിന്റെ മകന്റെത്. അത് ഒന്ന് തൊടുമ്പോൾ തന്നെ പറപറക്കും. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും. വേണ്ടുന്ന സ്പീഡ് അനുസരിച്ച് വണ്ടി തന്നെയാണ് ഏത് ഗിയറിൽ പോകണം എന്നൊക്കെ തീരുമാനിക്കുന്നത്.

ആദ്യം ടീച്ചർ കരുതിയത് വണ്ടി കഴുകാനും ഓടിക്കാനും വന്നിരുന്ന പയ്യൻ ഈ കാറിൻറെ ക്ലച്ച് മോഷ്ടിച്ചുകൊണ്ടുപോയി എന്നായിരുന്നു. കോളനി നിവാസികളായ വീട്ടമ്മമാരാണ് ഈ ഓട്ടോമാറ്റിക് കാറിൽ ക്ലച്ച് ഇല്ല എന്നൊക്കെ ടീച്ചർക്ക്‌ പറഞ്ഞ് മനസ്സിലാക്കി കൊടുത്തത്.

അങ്ങനെയങ്ങനെ നൂറുനൂറ് കാര്യങ്ങൾ ടീച്ചർക്ക് സാധാരണക്കാരായ വീട്ടമ്മമാരിൽ നിന്നും പുതിയതായി എന്നും പഠിക്കാനുണ്ടായിരുന്നു. മാത്രമല്ല ഡ്രൈവിങ് അത്ര ഈസിയായി ചെയ്യാവുന്ന ഒരു കാര്യമല്ല അതും കേരളത്തിലെ റോഡുകളിൽ എന്ന് ടീച്ചർക്ക് പതുക്കെ ബോധ്യമായി തുടങ്ങി. പിന്നെ ടീച്ചർക്ക് ഉള്ളിന്റെയുള്ളിൽ കാറിനോട് ഉള്ള ഒരു ഭയം ഒളിഞ്ഞു കിടപ്പുണ്ട്താനും. ഒന്നുരണ്ടാഴ്ച്ചക്കുള്ളിൽ തന്നെ കാറിനു രണ്ടു മൂന്നു തട്ടും കൊട്ടും കിട്ടുകയും ചെയ്തു. തന്റെ മുന്നിലൂടെ സുന്ദരമായി കാറോടിച്ചു പോകുന്ന വീട്ടമ്മമാരെ കണ്ടപ്പോൾ ടീച്ചർ അവരുടെ മുന്നിൽ ആകെ ചെറുതാകുന്നത് പോലെ തോന്നി. എല്ലാം സഹിക്കാം.വീട്ടമ്മമാർ ഒക്കെ ടീച്ചറെ കാണുമ്പോൾ തന്നെ “അയ്യോ! ഇതുവരെ ടീച്ചർ കാറോടിക്കാൻ പഠിച്ചില്ലേ? എൻറെ ദൈവമേ! മോൻ തിരികെ വരുമ്പോൾ കാർ ഈ ഷേയ്പ്പിൽ തന്നെ ഉണ്ടാകുമോ? ഈ ആഴ്ച എത്ര തട്ടും മുട്ടും കിട്ടി? ടീച്ചറെ, പിള്ളാരെ പഠിപ്പിക്കുന്ന പണി പോലെ ഇതത്ര ഈസിയല്ല എന്ന് മനസ്സിലായില്ലേ? ങ്ഹാ, പിന്നെ ഒരു കാര്യം. ഞങ്ങൾ ഒരാഴ്ച ഇവിടെ ഉണ്ടാകില്ല.പോയി വരുമ്പോഴേക്കും ടീച്ചർ ഞങ്ങളുടെ മതിൽ തകർക്കല്ലേ. “ 😜 എന്നൊക്ക പറഞ്ഞു പരിഹസിക്കാൻ തുടങ്ങി.

ഇതോടെ ടീച്ചർ ആകെ ഒന്ന് ഒതുങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ? ആൾകൂട്ടത്തിൽ നിന്ന് ഒക്കെ മുങ്ങി നടക്കാൻ തുടങ്ങി.ഒരുവേള മകൻ തിരികെ വരുന്നതുവരെ ഇവിടുന്ന് വീടുമാറി താമസിച്ചാലോ എന്ന് വരെ ആലോചിച്ചു ടീച്ചർ. ഒരു ഡ്രൈവിംഗ് പഠനം വരുത്തിയ വിന.

മേരി ജോസി മലയിൽ,✍️
തിരുവനന്തപുരം.

RELATED ARTICLES

4 COMMENTS

  1. പാവം ടീച്ചർ… ടീച്ചർ ആയതു കൊണ്ടാണോ എന്നറിയില്ല, എവിടെയൊക്കെയോ ഒരു തന്മയീഭാവം എനിക്കു തോന്നുന്നുണ്ടേ! ഞാനും ഡ്രൈവിംഗിനെ ഭയപ്പെടുന്നു! ഞാനും മറ്റുള്ളവരുടെ മുന്നിൽ ടീച്ചറാവാറുണ്ട് ചിലപ്പോഴൊക്കെ, രക്തത്തിൽ അലിഞ്ഞതല്ലേ ഈ പഠിപ്പിക്കൽ?
    പക്ഷേ, നെഗറ്റീവടി ഇല്ലേയില്ല. ഇതു സത്യം!

  2. നല്ല കഥ രസകരമായ അവതരണം.
    ഇതുപോലെയുള്ള അധ്യാപകർ ഉണ്ട് എന്നുള്ള കാര്യത്തിൽ സംശയം വേണ്ട.
    പക്ഷേ ഗിയർ മോഷ്ടിച്ചുകൊണ്ട് പോയി എന്നാണ് കരുതിയത്.. എന്നുള്ള പ്രയോഗം ഇത്തിരി കടന്നുകയ്യായിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com