ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര കാഴ്ചവെച്ചത് ചരിത്രത്തിലെ അപൂർവമായ ഒരു ആക്രമണമാണ്. രണ്ട് ഉജ്ജ്വല അർധസെഞ്ചറികളുടെ കരുത്തിൽ ഇന്ത്യ വെറും 15.2 ഓവറിൽ തന്നെ 209 റൺസ് വിജയലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റിന് തകർപ്പൻ ജയം സ്വന്തമാക്കി.
ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ വിജയത്തിന്റെ ശില്പികൾ. 32 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷനും, 37 പന്തിൽ 82 റൺസ് നേടി അവസാനം വരെ പുറത്താകാതെ നിന്ന സൂര്യകുമാറും ചേർന്ന് കിവീസ് ബൗളിങ് നിരയെ നിസ്സഹായരാക്കി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് ലീഡ് ഉയർത്തി. അടുത്ത മത്സരം 25ന് ഗുവാഹത്തിയിലാണ്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കം അത്ര പ്രതീക്ഷാജനകമായിരുന്നില്ല. രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. രണ്ടാം പന്തിൽ ലഭിച്ച ലൈഫ് ഉപയോഗപ്പെടുത്താൻ കഴിയാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്തായി. മാറ്റ് ഹെൻറിയുടെ പന്തിൽ രചിൻ രവീന്ദ്ര ക്യാച്ചെടുത്തു.തൊട്ടടുത്ത ഓവറിൽ തന്നെ പവർഹിറ്റർ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ ഇന്ത്യ 1.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 6 റൺസ് എന്ന നിലയിലായി. എന്നാൽ അതിന് പിന്നാലെ വന്നത് ആരാധകർ ഏറെക്കാലം ഓർക്കുന്നൊരു ബാറ്റിങ് പ്രദർശനമായിരുന്നു. ഇഷാൻ കിഷൻ ക്രീസിലെത്തിയതോടെ കളിയുടെ ഗതി പൂർണ്ണമായി മാറി. മറുവശത്ത് സൂര്യകുമാർ യാദവിനെ കാഴ്ചക്കാരനാക്കി ഇഷാൻ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
പവർപ്ലേ അവസാനിക്കും മുൻപേ വെറും 21 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ താരം, ഇന്ത്യൻ സ്‌കോർബോർഡ് അതിവേഗം മുന്നോട്ടു നീക്കി.മൂന്നാം വിക്കറ്റിൽ ഇഷാൻ–സൂര്യ കൂട്ടുകെട്ട് വെറും 48 പന്തിൽ നിന്ന് 122 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യൻ വിജയത്തിൽ നിർണായകമായ ഈ സഖ്യമാണ് മത്സരം പൂർണ്ണമായി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കിയത്.
ന്യൂസീലൻഡിനെതിരായ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തം പേരിലാക്കി. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ അർധസെഞ്ചറി നേടിയ അഭിഷേക് ശർമയുടെ റെക്കോർഡാണ് തൊട്ടടുത്ത മത്സരത്തിൽ ഇഷാൻ മറികടന്നത്.രാജ്യാന്തര ട്വന്റി20യിൽ രണ്ടര വർഷത്തിന് ശേഷമാണ് ഇഷാൻ കിഷൻ അർധസെഞ്ചറി നേടുന്നത്. 2023 നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇതിന് മുമ്പ് ഇഷാൻ അമ്പത് കടന്നത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയിരുന്നു. ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ബാറ്റർമാരുടെ അതിവേഗ മറുപടിക്ക് മുന്നിൽ കിവീസിന്റെ ശ്രമങ്ങൾ പോരായ്മയായി.



