2026 ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തീരുമാനിച്ചു. വ്യാഴാഴ്ച ധാക്കയിൽ സർക്കാർ കായിക ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്ന് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം അറിയിച്ചു. തീരുമാനമറിയിക്കാൻ 24 മണിക്കൂർ അന്ത്യശാസനം നൽകാൻ ഐസിസിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് കാണുന്ന 20 കോടി ജനങ്ങളെ ഐസിസിക്ക് ഇതോടെ നഷ്ടമാകുമെന്നും അത് അവരുടെ മാത്രം നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഐസിസി ശ്രീലങ്കയെ സഹ-ആതിഥേയർ എന്നാണ് വിളിക്കുന്നത്, എന്നാൽ അവർ സഹ-ആതിഥേയരല്ലെന്നും ഇതൊരു ഹൈബ്രിഡ് മോഡലാണെന്നും ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം പറഞ്ഞു. ഐസിസി യോഗത്തിൽ കേട്ട ചില കാര്യങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശ് ടീം ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്നത് സർക്കാരിന്റെ തീരുമാനമാണെന്ന് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ വ്യക്തമാക്കി.
ധാക്കയിൽ ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാൻ ഐസിസി തങ്ങൾക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



