Logo Below Image
Tuesday, February 18, 2025
Logo Below Image
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (27) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (27) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

കുലം വിദ്യ ധനം ആരോഗ്യം യൗവ്വനം തുടങ്ങിയവയിൽ ഔന്നത്യം നേടിയവരിൽ ചിലർ ഇവയിൽ ഒന്നു കൊണ്ടൊ പലതും കൊണ്ടൊ അമ്പട ഞാനേ എന്നു ഭാവിക്കുന്നതാണ് മദം.

ആർക്കുണ്ട് എന്നെക്കാൾ മഹത്വം ? ഞാൻ വേറിട്ട ജനുസ്സ് എന്ന ചിന്ത അധികമായാൽ മറ്റുള്ളവരെ നിസ്സാരരായി കാണും. ഞാനാണ് ശരി എന്ന ഭാവം തികട്ടും. മഹായോഗ്യനും മഹാനും ഞാനേ എന്ന ചിന്ത നിലമുറയ്ക്കാതെ നിന്ന് ഉയർത്തി പറപ്പിക്കും. കരുതിയിരിക്കേണ്ട , നിയന്ത്രണം വരുത്തേണ്ട വികാരമാണിത്.

ഉള്ളിൽ വാഴും ശത്രു തന്നെയിവൻ !

സാധാരണ അഹങ്കാരം എന്ന അർത്ഥത്തിൽ സാധാരണക്കാർ ഇത് അവണിക്കാറുണ്ട്. മദിക്കുക എന്ന ക്രിയാരൂപം പരിചിതമാണ്.
മദം പൊട്ടിയ ആന എല്ലാം തകർക്കുന്നതു പോലെ മാതാപിതാക്കളെന്നൊ എന്തിന് ഈശ്വരനെന്നൊ ഭേദമില്ലാത്ത പരിതോവസ്ഥയാണ് മദത്തിൻെറ അവസാനപടി. പത്താം തരം കഴിയുന്നതോടെ ചില കുട്ടികൾക്കും ഇതു പിടിപെടാറുണ്ട് . മാതാപിതാക്കളും അദ്ധ്യാപകരുമൊക്കെ അഴകൊഴമ്പൻ പഴഞ്ചന്മാരും വിവരദോഷികളും ശല്ല്യക്കാരുമായാണ് ഇക്കൂട്ടർ കരുതുന്നത്.

മദിപ്പിക്കുന്നത് എന്ന അർത്ഥത്തിലുള്ള മദ്യം ഉറവെടുക്കുന്നതും മദത്തിൽ നിന്നു തന്നെ എന്നു വ്യക്തമായാൽ മദത്തെക്കുറിച്ച് മറ്റൊന്നും പറയേണ്ടതില്ല.

ഭഗവാൻ .

‘ഭഗ ‘ ശബ്ദം ധനത്തെ കുറിക്കുന്നു.ധനം നൽകുന്നത് ഭഗവതീഭഗവാന്മാർ. സമ്പത്ത് വിദ്യ ആരോഗ്യം ബുദ്ധി ഇന്ദ്രിയശക്തി തുടങ്ങി അനവധി ധനമേഖലകളുണ്ട്. ഇവ വന്നു ചേരുന്ന അതീതശക്തീ കേന്ദ്രത്തിലേയ്ക്കു തന്നെ അവ മടങ്ങിപ്പോകും, മഴ നിലാവു പോലെ…

മീശ.

സംസ്കൃതത്തിലെ ശ്മശ്രു എന്ന പദത്തിന് പുരുഷൻെറ മുഖ രോമങ്ങൾ എന്ന അർത്ഥമാണുള്ളത്. ചുണ്ടിന് മേലെയുള്ള രോമങ്ങൾ എന്ന അർത്ഥത്തിലായിരിക്കണം ‘മീശ ‘ ഉണ്ടായത്. പൊയ്പ്പോയവരുടെ വീരകൃത്യങ്ങളിൽ പല പേരുള്ള മീശവൃത്താന്തവും ഉൾപ്പെട്ടിരുന്നു.

കാരണവർ മീശ പിരിക്കുകയൊ വിറപ്പിക്കുകയൊ ചെയ്താൽ തീർന്നു കഥ, അത്രതന്നെ!
മലയാളത്തിലെ കൊടി കെട്ടിയ ഒരു നോവലാണത്രെ ഹരീഷ് എസ് എഴുതിയ ‘മീശ’.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രകാശനത്തിൻെറ രണ്ടാം ലക്കം കഴിഞ്ഞ് തുടരൻ ഭാഗങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. ക്ഷേത്രദർശനത്തിന് എത്തുന്ന സ്ത്രീകളെ കുറിച്ചുള്ള നോവലിസ്റ്റിന്റെ മഹത്തായ ദർശനത്തോട് എതിർപ്പു പടർന്നതാണ്
കാരണം. എന്നാൽ പൊടുന്നനെ അതു പുസ്തകരൂപം പൂണ്ട് ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട് വയലാർ അവാർഡ് വരെ നേടുകയുണ്ടായി!നോവൽ വിശേഷം അവിടെ നിൽക്കട്ടെ.

ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു മീശപ്രകീർത്തനം നടത്തിയിട്ടുള്ളതു നോക്കാം;

” സ്റ്റാലിന്റെ മീശതാൻ
മീശയിന്നീലോകത്താമീശ പോലൊരു മീശയില്ല”

ഇത് എഴുതിയ കാലം, ധ്വനി, ഒന്നും വിശദീകരിച്ചു വഷളാക്കുന്നില്ല !!!

മലയാളം.
മലൈ ആഴം, മല ആഴം ,മല വാരം എന്നിവയുടെ സംയുക്തതയിൽ മാറ്റം
വന്നാണ് മലയാളം രൂപപ്പെട്ടത്.

വാരം നാനാർത്ഥ സമ്പന്നമാണ്. സമീപമുള്ള സ്ഥലം എന്ന അർത്ഥം അവയിൽ ഒന്നാണ്. മലവാരം മലയാളമായി.

മലയുടെ അടുത്തുള്ള സ്ഥലം എന്ന അർത്ഥമെടുക്കാം. അഭിപ്രായവ്യത്യാസമുണ്ടാകാം.

അഭിപ്രായവ്യത്യാസമുള്ള മറ്റൊരു കാര്യംകൂടി പറയാം. മലവാരത്തിൽ നിന്നാണ് മലബാർ ഉണ്ടായത്. റോമാക്കാരുടെ കാലത്ത് ഇറക്കുമതി ചെയ്തതല്ല. മലവാരം പേർഷ്യക്കാരുടെയും തുടർന്നു വന്ന അറബികളുടെയും കാലത്ത് അവരുടെ ഉച്ചാരണ ഭേദം നിമിത്തം ഉണ്ടായതാണ്.
വിദേശ സഞ്ചാരി അൽബറൂണിയാണ് മലവാരത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

മലവാരം അഥവാ മലബാർ ആഴം അല്ലെങ്കിൽ അളം( വെള്ളക്കെട്ടുള്ള നിലം) എന്ന പദത്തോടു ചേർന്ന് മലയാളം രൂപപ്പെട്ടു. മലയുടെയും കടലിന്റെയും പ്രദേശം എന്ന് അർത്ഥം.

അങ്ങനെ നോക്കുമ്പോൾ മലയാളം ഭാഷാനാമം ആയല്ല ദേശനാമമായാണ് രൂപപ്പെട്ടതെന്നു കാണാം.

പിന്നീട് മലയ്ക്കും അളത്തിനു ഇടയ്ക്കുള്ള പ്രദേശത്തെ ഭാഷയ്ക്കും ആ പേരു വന്നു കൂടി.

അക്ഷരം.

ക്ഷരം അഥവാ നാശമില്ലാത്തത് അക്ഷരം.വർണ്ണങ്ങൾ താനക്ഷരങ്ങൾ, അല്ലെങ്കിൽ വ്യഞ്ജനങ്ങളൊ സ്വരങ്ങളൊടു ചേർന്ന വ്യഞ്ജനങ്ങളൊ ആണ് അക്ഷരങ്ങൾ.

“അൻപത്തൊന്നക്ഷരാളീ,കലിതതനുലതേ
വേദമാകുന്ന ശാഖിക്കൊമ്പത്തമ്പൊടും പൂക്കും” പൂന്തേൻ കുഴമ്പേ എന്നൊക്കെ അവൾക്കു സ്തുതി.
പ്രപഞ്ചത്തിൽ ഈശ്വരൻ മാത്രം അക്ഷരസ്വരൂപൻ. അക്ഷരവിദ്യ അനേകം വിദ്യകളിൽ ഒന്നു മാത്രമെന്നും

“പലരും അക്ഷരം പഠിച്ച് വിദ്യാപ്രവേശം നടത്തുമ്പോൾ ഉപകാരപ്രദമായ ഏതെങ്കിലും കൈത്തൊഴിൽ പഠിപ്പിച്ചു കൊണ്ടാണ് ഞാൻ ഒരു കുട്ടിക്ക് വിദ്യാഭ്യാസം നടത്തുക” എന്ന് ഗാന്ധിജി.

( തെറ്റിദ്ധരിക്കരുതേ മോഹൻദാസ് കരംചന്ദ് ഗാന്ധി , ഗാന്ധിജി,മഹാത്മാഗാന്ധി!)

” പണ്ടൊരു ഗാന്ധി

മഹാത്മാഗാന്ധി

പിന്നെപ്പിന്നെ

ഗാന്ധികളേറി
……… ………
എന്ന് ശ്രീ പി .ഐ ശങ്കരനാരായണൻ എഴുതിയ കവിത സത്യകഥനം നടത്തി എഴുന്നു വന്നതു കൊണ്ടാണ് കാടു കയറിയത്.)

അക്ഷരവിദ്യയിലൂടെ ഏറെ ക്ലേശിച്ച് നാശമില്ലാത്ത ലോകത്ത് എത്താമെന്ന പ്രതീക്ഷയോടെ….

ക്ഷരമായ ശരീരം കൊണ്ട് അക്ഷരം പഠിച്ച് അക്ഷര ലോകം പ്രാപിപ്പിൻ…..

കല.
കല് ആഹ്ളാദനേ ഇതി കല. നമ്മെ ആഹ്ളാദിപ്പിക്കുന്ന സൃഷ്ടി കലയാണ്.

എല്ലാ ആഹ്ളാദവും കല തന്നെ. അറുപത്തി നാലു കലകൾ പൂർവ്വികർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ പല വിഭാഗത്തിൽ പെടുന്നു.

ചരസ്സും കഞ്ചാവും മോർഫിനും പെത്തടിനും എം ടിം എം എ തുടങ്ങിയ ആസുരാവേശങ്ങൾ അടിച്ച് ആഹ്ളാദിക്കുന്നതും കല തന്നെ !!

അവ മഹാ വിനാശത്തിൻെറ, വേരറ്റു നശിക്കുന്നതിൻെറ മഹാകല എന്നു പറയാം !!!

കലയ്ക്ക് ART എന്നാണല്ലൊ ആംഗലം. ART ന് വൈദ്യശാസ്ത്രം പുതിയൊരു നാനാർത്ഥം നൽകിയിട്ടുണ്ട്.

ART -Assisted reproductive technology.

ഇതു വഴി കുട്ടികൾക്കു ജന്മം നൽകാൻ പെൺകുട്ടികളിൽ ചിലർ താല്പര്യപ്പെടുന്നു. അത് അവരുടെ ജന്മാവകാശമായി ഉടൻ പ്രഖ്യാപിക്കും. ഹസ്, ഇൻലോസ് ബാദ്ധ്യതകൾ ഇല്ലാത്ത സൃഷ്ടിപ്രക്രിയ തന്നെ!

ഇത് സ്ത്രീകളുടെ കുത്തകയല്ല. പുരുഷന്മാരെയും അനുഗ്രഹിക്കുന്ന താണ് ആർട്ട്. സാങ്കേതിക വിദ്യയ്ക്ക് ആൺ പെൺ ജാതി മത പ്രദേശഭേദങ്ങൾ ഇല്ലേയില്ല.

പുരുഷനും ഗർഭം ധരിക്കാം എന്ന് യുവനാശ്വൻെറ കഥയിലൂടെ മഹാഭാരതം സാക്ഷ്യപ്പടുത്തിയിട്ടുണ്ടല്ലൊ !!!!!!!!!

അല്ലെങ്കിൽ തന്നെ വന്നു കൊണ്ടിരിക്കുന്ന cyborg കാലത്ത് പുരുഷ ശരീരത്തിൽ ഗർഭപാത്രാന്തരീക്ഷംകൂട്ടിച്ചേർക്കാൻ എന്തുണ്ട് പ്രയാസം? കള്ളപ്രവചന, നെയ്കൊടുപ്പു മന്ത്രവാദ പാംസുല കേന്ദ്രങ്ങൾ പൂട്ടിപ്പോവും എന്നുണ്ട്!

അപാരേ ജീവിത സംസാരേ
…..ഏക പ്രജാപതി !

സരസൻ എടവനക്കാട്

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments