തേനും വയമ്പും നാവിൽ തൂവും.. വാനമ്പാടി ……
മലയാളവും മലയാളിയുമുള്ളിടത്തോളം മനസ്സിൽ മൂളാൻ മധുരഗാനങ്ങളൊട്ടേറെ ബാക്കിയാക്കിയാണ് ബിച്ചു തിരുമല എന്ന അതുല്യപ്രതിഭ യാത്രയായത്. ഇനി കാലങ്ങൾക്കപ്പുറത്തേക്ക് ആ പേരിനെ, തിളക്കമേറിയ ആ കാവ്യ ജീവിതത്തെ ഈ ഗാനങ്ങൾ അടയാളപ്പെടുത്തി കൊണ്ടേയിരിക്കും. ആ വിസ്മയ തൂലികയിൽ നിന്നും പിറന്നു വീണത് ആയിരക്കണക്കിനു രചനകൾ. സിനിമാ ഗാനങ്ങൾ തന്നെ ആയിരത്തിലധികം വരും. നാനൂറിലധികം സിനിമകളിലായി വിസ്മയം ജനിപ്പിക്കുന്ന വരികളിലൂടെ ഉള്ളു തൊട്ടും ഉള്ളുലച്ചും ആ എഴുത്തു പുണ്യം ജ്വലിച്ചു നിൽക്കുന്നു. അവയെല്ലാം മലയാളക്കരയെ തൊട്ടുണർത്തിയവയും തലമുറകളെ ത്രസിപ്പിച്ചവയും തന്നെ .
1942 ഫെബ്രുവ രി 13ന് ശാസ്തമംഗലത്ത് ജനിച്ച ഭാസ്കരൻ ശിവശങ്കരൻ നായർ ബിച്ചു തിരുമല എന്ന പേരിലാണ് എഴുതി തുടങ്ങിയതും എഴുതിതെളിഞ്ഞതും പിന്നെ നാടാകെ നിറഞ്ഞതും.
“ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ… ”
എന്തിനധികം ആ ധന്യമായ ഓർമ്മകളെ ഉണർത്താൻ ഈ ഒരു ഗാനം പോരേ….. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജയുടെ സംഗീതം എസ്. ജാനകിയുടെ ആലാപനം. ഫാസിലിൻ്റെ സംവിധാനത്തിൽ 1992 ൽ പുറത്തു വന്ന പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ ഗാനത്തിന് എന്നും യുവത്വം.
“ഒറ്റക്കമ്പി നാദം മാത്രം മൂളും…..” തേനും വയമ്പും എന്ന ചിത്രത്തിൽ രവീന്ദ്രസംഗീതത്തിൽ യേശുദാസിൻ്റെ ആലാപനം.
അങ്ങനെ ആസ്വാദകർ കൂടെ ചലിച്ച കൂടെ കരഞ്ഞ എത്രയെത്ര ഗാനങ്ങൾ. “പടകാളി ചണ്ടി ചങ്കരി ” നാം കൂടെ ചിരിച്ച കൂടെ കളിച്ച എത്രയെത്ര ഗാനങ്ങൾ. “പാവാട വേണം മേലാട വേണം പഞ്ചാരപനങ്കിളിക്ക് …” സൂപ്പർ ഹിറ്റ് സിനിമയ്ക്കും മുകളിൽ പറന്നുയർന്ന എത്രയെത്ര ഗാനങ്ങൾ .
കഥ, തിരക്കഥ, സംഭാഷണം,സംഗീത സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ കിട്ടിയ അവസരങ്ങളിൽ തിളങ്ങിയിട്ടുമുണ്ട് ബിച്ചു തിരുമല. 1981ൽ തേനും വയമ്പും, തൃഷ്ണ എന്ന ചിത്രങ്ങളിലൂടേയും 1991 ൽ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലൂടേയും മികച്ച ഗാനരചയിതാവിനുള്ള പുരസ്ക്കാരം ബിച്ചു തിരുമലയെ തേടിയെത്തി. ഭാര്യ പ്രസന്ന കുമാരി. മകൻ സംഗീത സംവിധായകനായ സുമൻ .
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ സിനിമയായ “മഞ്ഞിൽ വിരിഞ്ഞ
പൂക്കൾ “എന്ന ചിത്രത്തിന് കാവ്യാത്മകമായ ആ പേര് പിറന്നത് ആ സിനിമയ്ക്കായി ബിച്ചു തിരുമല രചിച്ച ഗാനത്തിൽ നിന്നാണത്രേ.
മനസ്സിൽ ഇപ്പോഴും നിറയുന്നില്ലേ തിയറ്ററുകളിൽ ആസ്വാദനത്തിൻ്റെ മഹാതരംഗം സൃഷ്ടിച്ച് മലയാള സിനിമയെ പുതു പാതയിലേക്ക് ചലിപ്പിച്ച ചിത്രത്തിലെ കണ്ണുകൾ ഈറനണിയിച്ച ബിച്ചു തിരുമലയുടെ അത്ഭുത തൂലികയിൽ നിന്നൊഴുകിയെത്തിയ ആ വരികൾ .ആ ഗാനം കേൾക്കാനായി തിയേറ്ററുകളിൽ എട്ടും പത്തും തവണ എത്തിയ കൗമാര യൗവനങ്ങളുടെ ആകാലത്തെ മറക്കുന്നതെങ്ങനെ?
“മിഴിയോരം നനഞ്ഞൊഴുകും
മുകിൽ മാലകളോ ….നിഴലോ…. മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ …. നീ ഇളം പൂവേ”
മാസ്മരിക തുളുമ്പുന്ന ഒട്ടേറെ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച് ജീവിച്ച കാലത്തേയും ഇനി വരാനുള്ള കാലത്തേയും ധന്യമാക്കി 2021 നവംബർ 26 ന് തൻ്റെ എൺപതാം വയസ്സിൽ വിട പറഞ്ഞ മലയാള സിനിമാ ഗാനരചന രംഗത്തെ നിറ ചൈതന്യത്തിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.




എന്നും ഓർമിക്കുന്ന ഒട്ടേറെ ഗാനങ്ങൾ നൽകിയ ബിച്ചു തിരുമലയെ നന്നായി അനുസ്മരിച്ചു
👍👍