കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അലങ്കരിക്കുന്നതാണ്
കേരള കലാരൂപങ്ങൾ. ആര്യ ദ്രാവിഡ സ്വാധീനങ്ങളുടെ മികച്ച സംയോജനവും കേരളത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രത്യേക നൃത്ത കലാരൂപവുമാണ് തിടമ്പ്. വടക്കൻ മലബാറിലെ ക്ഷേത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഈ കലാരൂപം ക്ഷേത്രത്തിലെ വാർഷിക ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്ഷേത്ര ആചാരങ്ങളിൽ മുമ്പുള്ള കാലങ്ങളിൽ ഇല്ലാതിരുന്ന തിടമ്പ് നൃത്തം പിന്നീട് ക്ഷേത്ര ഉത്സവങ്ങളിലും എഴുന്നള്ളത്തിലും പ്രത്യക്ഷമാവുകയാ യിരുന്നു. നമ്പൂതിരിമാരും, അപൂർവ്വമായി ഹവ്യക, ശിവല്ലി, കർഹാഡെ തുടങ്ങിയ ബ്രാഹ്മണ സമൂഹങ്ങളുമാണ് തിടമ്പ് നൃത്തമവതരിപ്പിക്കുന്നത്.ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോകുന്ന ദേവിയുടെ പ്രതിച്ഛായയെയാണ് ‘തിടമ്പ്’ എന്ന് വിളിക്കുന്നത്.
ഏതാണ്ട് 700ലധികം വർഷം പഴക്കമുള്ള നാട്യശാസ്ത്ര തത്വങ്ങൾ പരിപാലിക്കുന്ന,
പൂജാ സമ്പ്രദായത്തിന്റെ മാത്രം ഭാഗമായിരുന്ന ഈ കലാരൂപത്തിന്റെ
ഉത്ഭവം കണ്ടെത്താനായിട്ടില്ല.എങ്കിലും തിടമ്പ് നൃത്തമെന്ന അനുഷ്ഠാനകലക്ക് 2015ലാണ് തിടമ്പ് നൃത്താചാര്യനായ കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ കേരള സംഗീത നാടക അക്കാദമി ആദരിച്ചത്. തിടമ്പ് നൃത്ത രംഗത്തെ ഐതിഹാസിക പ്രതിഭയായ ശ്രീ പുതുമന ഗോവിന്ദൻ നമ്പൂതിരി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ നിന്നാണ്.തിടമ്പ് നൃത്തത്തിന്റെ അതുല്യ പ്രതിഭ കൂടിയാണ് അദ്ദേഹം.
കേരളത്തിലെ അനുഷ്ഠാന കലകളിൽ ഒന്നായ തിടമ്പ് നൃത്തം പ്രധാനപ്പെട്ട ഒരു ദൃശ്യകലയാണ്. കേരളീയ ക്ഷേത്ര സമുച്ചയം ഉണ്ടായതോടെ കേരളീയമായ കാഴ്ചപ്പാട് നിലനിർത്തുന്നതിൽ നമ്പൂതിരി സമുദായത്തിന് വ്യക്തമായ പങ്കുണ്ടെന്നാണ്. പരദേശി ബ്രാഹ്മണരെ മലബാറിൽ എത്തിച്ചതോടൊപ്പം ആചാര അനുഷ്ഠാനങ്ങളും വന്നുചേർന്നുവെന്നാണ് പറയപ്പെടുന്നത്.
ചില ഐതിഹ്യങ്ങൾ അനുസരിച്ച് കർണ്ണാടകയിൽ നിന്നും വടക്കൻ കേരളത്തിലേക്ക് കുടിയേറിയ തുളു ബ്രാഹ്മണരാണ് ഇത് കേരളത്തിൽ കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. കർണ്ണാടകയിൽ ദർശന ബലി എന്ന പേരിലാണ് ഈ കലാരൂപം അറിയപ്പെടുന്നത്.
മലയാള ഭാഷയിൽ കർണ്ണാടക ഭാഷാ പ്രയോഗങ്ങൾ,പദങ്ങൾ സംക്രമിച്ചതിനെ തുടർന്ന് കർണ്ണാടക സാമൂഹ്യ സമ്പ്രദായങ്ങൾ ക്ഷേത്രാരാധന, തിടമ്പ് നൃത്തം എന്നിവക്ക് പ്രചോദനമാവുകയായിരുന്നു.
കേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉത്സവങ്ങ ളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഒരു ആചാരപരമായ നൃത്തമാണ് തിടമ്പ്നൃത്തം.ക്ഷേത്രത്തിൽ കുടിയിരിക്കുന്ന പ്രധാന പ്രതിഷ്ഠയാണ് ‘തിടമ്പ്’ പ്രതിനിധാനം ചെയ്യുന്നത്. പതിവ് ആചാരാനുഷ്ഠാനങ്ങൾ നടത്തിയ ശേഷം നർത്തകൻ കൊടിമരത്തിന് അടുത്തെത്തുകയും അലങ്കരിച്ച ദേവരൂപത്തിലുള്ള തിടമ്പ് തലയിലേറ്റി, ക്ഷേത്രത്തിന് മുമ്പിൽ വാദ്യങ്ങളുടെ അകമ്പടിയോടെ വട്ടത്തിൽ ചുറ്റി മനോഹരമായ തിടമ്പ് നൃത്തം അവതരിപ്പിക്കുന്നു. നൃത്തം അവതരിപ്പിച്ച ശേഷം പരമ്പരാഗത വസ്ത്രം ധരിച്ച് പതാകയുടെ കീഴിൽ നിന്ന് തലയിൽ ഉയർത്തിപ്പിടിച്ച് പ്രതിരൂപം കയ്യിലെടുത്ത് ശ്രീകോവിലിൽ നിന്ന് പുറത്തുവരുന്നു.
തിടമ്പ് നൃത്തത്തിൽ ഭാവപ്രകടനങ്ങൾ, ഭാവാഭിനയം ഇവയ്ക്ക് സ്ഥാനമില്ല. കാൽപ്പാദമാണ് ഏറ്റവും പ്രധാനം. ഇത് ഡ്രമ്മിന്റെ താളത്തിനൊത്ത് നിർവഹിക്കുന്നു.
10 പേരടങ്ങുന്ന സംഘമാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.അതിൽ അഞ്ച് പേർ താള വാദ്യങ്ങൾ വായിക്കുകയും,രണ്ടുപേർ വിളക്ക് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. അടന്ത, ചെമ്പട, പഞ്ചാരി എന്നിവക്കൊപ്പം തകിലടി താളവും
തിടമ്പ് നൃത്തത്തിന്റെ സവിശേഷത യാണ്.
ദേവിയുടെ പകർപ്പുകൾ മനോഹരമായ ചട്ടക്കൂടുള്ള മുളകൊണ്ട് നിർമ്മിതമാ യതും സങ്കീർണ്ണമായ രൂപകല്പനയുള്ളതും,ഏതാണ്ട് പത്ത് മുതൽ 30 കിലോ വരെ ഭാരമുള്ളതുമാണ്.
തിടമ്പ് നൃത്ത വേഷവിധാനം ശ്രദ്ധേയമാണ്. മടക്കുള്ള തുണി കൊണ്ടുള്ള പാവാട, കമ്മലുകൾ, വളകൾ, മാലകൾ, പട്ടുവസ്ത്രം, ഉഷ്ണിപീഠം എന്നറിയപ്പെടുന്ന അലങ്കരിച്ച തലപ്പാവ് എന്നിവ ധരിക്കുന്നു.
വടക്കൻ മലബാറിലെ സമ്പന്നമായ ഒരു സംസ്കാരമായ തിടമ്പ് നൃത്തം തദ്ദേശീയ സംസ്ക്കാരത്തിനും, പാരമ്പര്യത്തിനും പേര് കേട്ടതാണ്, സാമൂഹികാരാധന യുടെ ഭാഗവുമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം കുടുംബങ്ങൾ 700 വർഷത്തിലേറെയായി ഈ ക്ഷേത്രാചാ രത്തിന്റെ ആഘോഷങ്ങളെക്കുറിച്ചുള്ള അറിവ് തലമുറകളിലേക്ക് കൈമാറുന്നു.
തിടമ്പ് നൃത്തത്തിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്. ശരീരമാസകലം വ്രണമുള്ള ഒരു നമ്പൂതിരി നക്സ് വോമിക മരത്തിന്റെ കീഴിൽ ധ്യാനത്തിൽ ഇരുന്നു. ( സത്യശാസ്ത്രനാമം. സ്ട്രിക്നോസ് നക്സ് വോമിക, മാൽ- ‘കാഞ്ചി റാം’). ഇടയ്ക്കിടെ ശരീരത്തിൽ വീഴുന്ന പഴങ്ങൾ അദ്ദേഹത്തിന് അസഹനീയമായ വേദന നൽകി. വേദന സഹിക്കാതായപ്പോൾ അദ്ദേഹം മരത്തിനെ ശപിച്ചു. “ഈ മരം ഇനി ഫലം കായ്ക്കാതിരിക്കട്ടെ “. അന്നുമുതൽ ഇലകൾ ഉണ്ടെങ്കിലും ആ മരം ഫലം കായ്ക്കുന്നില്ല. ഉത്സവവേളകളിൽ നൃത്തം ചെയ്യുന്ന നമ്പൂതിരി പുരോഹിതന്മാർ ദേവി വിഗ്രഹങ്ങൾ മരത്തിനടിയിൽ വെച്ചിരിക്കുന്ന ഒരു ചെറിയ മണ്ഡപത്തിൽ സൂക്ഷിക്കുന്നു. ഈ സ്ഥലത്താണ് ഭക്തർ പ്രാർത്ഥന നടത്തുന്നത്.
പരേതനായ വെത്തിരമന ശ്രീധരൻ നമ്പൂതിരിയെയാണ് തിടമ്പ് നൃത്തത്തിന്റെ പരമാചാര്യനായി കണക്കാക്കുന്നത്. മാടമന ശങ്കരൻ എമ്പ്രാന്തിരി അദ്ദേഹത്തിന്റെ ശിഷ്യൻ പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നിവർ ശ്രീധരൻ നമ്പൂതിരിയുടെ പാരമ്പര്യം തുടർന്നതുകൊണ്ടാണ് പ്രധാന അനുഷ്ഠാനകലയായ തിടമ്പ് അന്യം നിൽക്കാതെ പോയത്. തുളു നാട്ടിലെ തിടമ്പ് നൃത്തം കാണികളെ ഹരം പിടിപ്പിക്കുന്നത് ആയിട്ടാണെങ്കിലും ഇന്നും ചുവട് മാറ്റാതെ ഉത്തരദേശത്തിൽ ബലിദർശനമായി തിടമ്പ് നൃത്തം രൂപാന്തരപ്പെട്ടിരിക്കുന്നു. എങ്കിലും മലബാറിൽ മൂല്യശോഷണം സംഭവിക്കാതെ തിടമ്പ് നൃത്തമെന്ന അനുഷ്ഠാന കലാരൂപം നിലനിൽക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട അനുഷ്ഠാന കലയായ തിടമ്പ് നൃത്തം അന്യം നിന്നുപോകാതെ കാലാനുസൃതമായി പുതുതലമുറക്ക് കൈമാറാൻ ഉതകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
സൂപ്പർ ❤️
സ്നേഹം 🌹🙏
നല്ലറിവ് 👏സൂപ്പർ
സ്നേഹം 🌹🙏
നല്ല വിവരണം❤️
സ്നേഹം 🌹🙏
മനോഹരമായ ലേഖനം ജിഷ ❤️❤️
സ്നേഹം ചേച്ചി 🌹🙏
👍
സ്നേഹം 🌹🙏
തി ടമ്പ് നൃത്ത തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഒരുപാട് സന്തോഷം
നന്ദി സ്നേഹം സർ 🙏🌹