മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന… ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ….. വാക്കുകളുടെ മാന്ത്രികനായിരുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരനും വായിക്കാന്‍ കഴിയുന്ന…
മനസിലാകുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്.
വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് മാത്രമായിരുന്നു. നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളിലൂടെ സ്വന്തം ഭാഷയിൽ സൃഷ്ടിച്ച ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ജയിൽപ്പുള്ളികൾ – ഭിക്ഷക്കാർ – വേശ്യകൾ – പട്ടിണിക്കാർ – സ്വവർഗ്ഗാനുരാഗികൾ ഉൾപ്പെടെ നമ്മുടെയിടയിൽ ജീവിക്കുന്നവരുടെ കഥകൾ നമുക്ക് പറഞ്ഞ… ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ട ജനകീയനുമായ എഴുത്തുകാരനായിരുന്നു.
1908 ജനുവരി 21-ന് വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു. തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലിഷ് സ്‌കൂളിലും പഠിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടു നടന്ന ഉപ്പു സത്യഗ്രഹത്തില്‍ പങ്കുകൊണ്ടു. അതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയാകുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. 10 വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചു. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു. 1982-ല്‍ പത്മശ്രീ – 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. ബഷീര്‍ 1994 ജൂലൈ 5-ന് അന്തരിച്ചു.
പ്രധാന കൃതികള്‍ :
📑 നോവല്‍ / അനുരാഗത്തിന്റെ ദിനങ്ങള്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാടുകള്‍, താരാസ്‌പെഷ്യല്‍സ്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്!, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, പ്രേംപാറ്റ, ബാല്യകാലസഖി, മതിലുകള്‍, മരണത്തിന്റെ നിഴലില്‍, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ബാല്യകാലസഖിയും കുറെ പെണ്ണുങ്ങളും, മുച്ചീട്ടുകളിക്കാരന്റെ മകളും ചില ഗഡാഗഡിയന്‍ നോവലുകളും, പാത്തുമ്മായുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും.
📚 കഥകള്‍ / ആനപ്പൂട, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ഓര്‍മ്മക്കുറിപ്പ്, ചിരിക്കുന്ന മരപ്പാവ, ജന്മദിനം, ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും, പാവപ്പെട്ടവരുടെ വേശ്യ, ബഷീറിന്റെ 10 കഥകള്‍, ഭൂമിയുടെ അവകാശികള്‍, വിഡ്ഢികളുടെ സ്വര്‍ഗ്ഗം, വിശപ്പ്, വിശ്വ വിഖ്യാതമായ മൂക്ക്, ശിങ്കിടിമുങ്കന്‍, സ്വാതന്ത്ര്യ സമരകഥകള്‍.
📒 നാടകം / കഥാബീജം.
📙 ലേഖനങ്ങള്‍ / അനര്‍ഘ നിമിഷം, ജീവിതം ഒരനുഗ്രഹം, ധര്‍മ്മരാജ്യം
ചോദ്യോത്തരം,
🖍️കത്തുകള്‍ / നേരും നുണയും, ബഷീര്‍ എഴുതിയ കത്തുകള്‍, ബഷീറിന്റെ കത്തുകള്‍
🖋️ സ്മരണ / എം.പി. പോള്‍, ഓര്‍മ്മയുടെ അറകള്‍
🖌️പ്രഭാഷണം /
ചെവിയോര്‍ക്കുക, അന്തിമകാഹളം!!
🎬 തിരക്കഥ / ഭാര്‍ഗ്ഗവീനിലയം.
🧮 ബാലസാഹിത്യം / സര്‍പ്പയജ്ഞം, പലവക, യാ ഇലാഹീ!, ബഷീറിന്റെ കാഴ്ചകള്‍
ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ (2 വാല്യങ്ങള്‍).



