“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
“നിങ്ങളുടെ പ്രശ്നങ്ങളാണ്
നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്
ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ സ്വയം അടിയറവ് പറയില്ലെന്ന്
നിങ്ങൾ തീരുമാനിച്ചാൽ അതാണ്
ശക്തി.”
– മഹാത്മാഗാന്ധി
പലർക്കും പരിചിതമായ പ്രശസ്തമായ ഒരു സ്പാനിഷ് കഥയിങ്ങനെ..
തന്നെ സ്നേഹിച്ച് സേവിച്ച് കാലങ്ങളായ് കൂടെയുള്ള തന്റെ കഴുതയുമായി യാത്ര ചെയ്യുന്ന ഒരു കർഷകൻ കൃഷി ചെയ്തുണ്ടാക്കിയ ഉല്പന്നങ്ങൾ
ദൂരെയുള്ള പട്ടണത്തിൽ കൊണ്ടു പോയി വിറ്റ് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കഴുതപ്പുറത്ത് വെച്ചുകെട്ടി മടങ്ങുന്ന വഴിയാണ്.
യാത്ര ഇടുങ്ങിയ പാതയിലൂടെയാണിപ്പോൾ പെട്ടന്ന് പാതയോരത്തെ വലിയൊരു പൊട്ടക്കിണറിലേക്ക് കഴുത വീണു…
കഴുതയെ പുറത്തെത്തിക്കാൻ അയാൾ ആവും വിധം പരിശ്രമിച്ചു.
സാധിക്കാതെ നിരാശനായി. എന്തു ചെയ്യണമെന്നറിയാതെ കുറെ നേരം ഇരുന്നു. ഒരു വഴിയും മുമ്പിൽ തെളിഞ്ഞില്ല.
പ്രായമായ കഴുതയെക്കൊണ്ട് ഇനി പ്രയോജനമില്ലെന്ന് കണ്ട് ഇത്ര കാലം തനിക്കായ് ഭാരം ചുമന്ന കഴുതയെ നിർദ്ദയം ആ പൊട്ടക്കിണറ്റിൽ മണ്ണിട്ട് മൂടാൻ അയാൾ തീരുമാനിച്ചു…!
അയൽവാസികളെ വിളിച്ചുകൂട്ടി തന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു.
എല്ലാവരും ഓരോ മൺവെട്ടികൊണ്ട് വന്നു. തുടർന്ന് മണ്ണുവെട്ടി പൊട്ടക്കിണറ്റിലേക്കിടാൻ ആരംഭിച്ചു..
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിയ കഴുത ഉറക്കെ ക്കരഞ്ഞു. അവർ മണ്ണ് വെട്ടി ഇടുന്നത് തുടർന്നു. ആദ്യം ഉറക്കെ കരഞ്ഞ കഴുത പിന്നെ നിശബ്ദനായി. കഴുത തൻ്റെ ദേഹത്ത് വീഴുന്ന മണ്ണ് കുടഞ്ഞു കളയുകയുകയും അതിനു മുകളിൽ കയറി നിശബ്ദനായി നിൽക്കുകയും ചെയ്തു. മണ്ണ് വീഴുന്നതിനനുസരിച്ച്
അല്പാൽപമായ് മുകളിലേക്കുയർന്നു വന്നുകൊണ്ടിരുന്നു. ഒടുവിൽ പൊട്ടക്കിണറിൻ്റെ മുകളിൽ വരെ മണ്ണ് നിറഞ്ഞു. ദേഹത്ത് പതിച്ച അവസാനത്തെ മണ്ണും കുടഞ്ഞ് കളഞ്ഞ് കഴുത മുകളിലേക്ക് ചാടിക്കയറി. വീണ്ടും തൻ്റെ ജീവിതത്തിലേക്ക് തിരികെ..
ഈ കഥ പറഞ്ഞു തരുന്ന വലിയ പാഠമുണ്ട്..
ജീവിതത്തിൽ പ്രതിസന്ധികളും പരാജയവും വന്നുചേരുമ്പോൾ അവയോരോന്നും കുടഞ്ഞ് കളഞ്ഞ് വിജയിക്കുവാനുള്ള ചവിട്ടുപടിയാക്കണം എന്ന വലിയ സന്ദേശം..
ആത്മാർത്ഥമായി കൂടെ നടന്നവർ ഒടുവിൽ നന്ദികേട് കാട്ടിയേക്കാം… ആപത്തിൽ സഹായിക്കാതെ ഉപദ്രവിച്ചേക്കാം.. മണ്ണിട്ട് മൂടാൻ തുനിഞ്ഞേക്കാം..!!
പ്രശ്നങ്ങളിൽ നിന്നും കരകയറാൻ വഴികാണാതെ നിരാശയിലാണ്ടു പോയേക്കാം..
പരാജയങ്ങൾ , കഷ്ടതകൾ, പരിഹാസങ്ങൾ, അവഗണനകൾ, ഒറ്റപ്പെടുത്തലുകൾ, എല്ലാം യാത്രയിലുടനീളം വീണു കൊണ്ടിരിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ വന്നു വീഴുന്ന, വേദനിപ്പിക്കുന്ന അനുഭവങ്ങളാവുന്ന മണ്ണ് കുടഞ്ഞു കളഞ്ഞ് അതിനുമുകളിൽ കയറി നിൽക്കുക..
ഒടുവിൽ പ്രതിസന്ധികൾക്ക് മുകളിൽ എത്തുമെന്ന പ്രതീക്ഷയിൽ ഓരോ തിക്താനുഭവവും മുകളിലേക്കുള്ള പടികളാക്കുക..
വീണുപോയ പടുകുഴിയിയിൽ നിന്നും കരകയറുക..
“ആർക്കും മണ്ണിട്ട് മൂടാനുള്ളതല്ല തൻ്റെ ജീവിതമെന്ന തിരിച്ചറിവുണ്ടെങ്കിൽ പൊട്ടക്കിണറ്റിൽ വീണ കഴുതയെപ്പോലെ പുറത്തുവരാൻ കഴുതയെക്കാൾ ബുദ്ധിയുള്ള മനുഷ്യനും സാദ്ധ്യമാണ്..”
വിധിയെപഴിച്ച് വീണിടത്ത് തന്നെ കിടന്നിരുന്നുവെങ്കിൽ കഴുതയുടെ ജീവിതം ആ പൊട്ടക്കിണറിൽ അവസാനിക്കുമായിരുന്നു.
പ്രതീക്ഷ കൈവിടാതെ തൻ്റെ മേൽ പതിച്ചു കൊണ്ടിരുന്ന കഷ്ടങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ചവിട്ടുപടികളായ് മാറ്റുവാൻ കഴുതയ്ക്ക് കഴിഞ്ഞു.
ഈ കഥ ഓർമ്മയിൽ സൂക്ഷിക്കാം
ഒപ്പം മഹാത്മാഗാന്ധിയുടെ മഹത് വചനവും ചേർത്തുവെക്കാം..
“ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ സ്വയം അടിയറവ് പറയില്ലെന്ന്
നിങ്ങൾ തീരുമാനിച്ചാൽ അതാണ്
ശക്തി.”
“പ്രതിസന്ധികളില്ലാത്ത ജീവിതമില്ല.
തരണം ചെയ്യാനാവാത്ത പ്രതിന്ധികളും…”
ഏവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു..
നല്ല സന്ദേശം