“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
“പ്രപഞ്ചം നിലനിർത്തുന്നത് ദൈവമാണെങ്കിലും തങ്ങളാണ് ലോകത്തെ താങ്ങി നിർത്തുന്നത് എന്ന മട്ടിലാണ് അഹങ്കാരത്തിൻ്റെ പിടിയിൽപ്പെട്ട ചില മനുഷ്യർ സ്വയം ധരിച്ചു വെച്ചിരിക്കുന്നത്. ക്ഷേത്രഗോപുരം താങ്ങി നിർത്തുന്നത് തങ്ങളാണെന്ന് ക്ഷേത്ര ഭിത്തിയിൽ കൊത്തിവെച്ച ശില്പങ്ങൾ കരുതുന്നതു പോലെയാണത്. തങ്ങളൊന്നു ചുമലിളക്കിയാൽ ക്ഷേത്രം തകർന്നു തരിപ്പണമാകും എന്ന് ശിലാശില്പങ്ങൾ കരുതാൻ തുടങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും.. അല്ലേ..?”
– രമണമഹർഷി
ഈ ചോദ്യം വിനയത്തോടെ രമണമഹർഷി ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടത് എന്തെന്ന് ഓർത്തു നോക്കിയാൽ അഹന്ത തനിയെ നമ്മിൽ നിന്നും അകന്നു പോകും.
“ദൈവം ഭൂമിയെ അതൊരിക്കലും ഇളകിപോകാത്തവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.”
എന്ന ബൈബിൾ വചനവും പ്രപഞ്ചം നിലനിർത്തുന്നത് ദൈവമാണെന്ന രമണമഹർഷിയുടെ വാക്കുകളും ഒന്നു തന്നെ.
ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ലോകത്തെ കൈയിലും തലയിലും ചുമലിലും താങ്ങി നിർത്തുന്ന ധാരാളം പേരെ നമുക്ക് കണ്ടെത്താനാവും.
ചിലപ്പോൾ കാണാൻ കഴിയാതെ പോകുന്ന ഒരാളുണ്ടാവും കൂട്ടത്തിൽ..!
കണ്ടെത്താൻ ഒരു കണ്ണാടിക്കു മുമ്പിൽ നിൽക്കണമെന്നു മാത്രം.
സൂക്ഷിച്ചു നോക്കിയാൽ അവിടെക്കാണുന്ന രൂപത്തിൻ്റെ ചിന്തകളും ക്ഷേത്ര ഭിത്തിയിൽ കൊത്തിവെച്ച ശിലാശില്പത്തിൻ്റെ ചിന്തകളും ഒരുപോലെയായിരിക്കാം.
ചുമലൊന്നനക്കിയാൽ ക്ഷേത്രം തകർന്നു തരിപ്പണമാകുമെന്ന ചിന്ത ചിലപ്പോൾ ആ രൂപത്തിലും കാണാം.
“അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപം”
എന്ന ഒരു ചൊല്ലുതന്നെ നമ്മെക്കുറിച്ചാണോ എന്ന ചോദ്യം സ്വയം ചോദിച്ചാൽ
പല ബോദ്ധ്യങ്ങളും നമുക്കു പുതുതായുണ്ടാവും.
“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ അവകാശമാക്കും”
– വി : ബൈബിൾ
ഏവർക്കും ശുഭദിനാശംസകൾ
നേരുന്നു
നല്ല ചിന്തകള്
സത് ചിന്തകൾ