“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
സംശയങ്ങൾ ചോദിക്കുന്നത് നല്ല വിദ്യാർത്ഥിയുടെ ലക്ഷണം എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കൂടുതൽ അറിയാനും ജ്ഞാനം സമ്പാദിക്കാനും ഉള്ള ആഗ്രഹത്തിൽ നിന്നുമാണ് ഒരു പഠിതാവിൽ സംശയം ഉണ്ടാവുന്നത്. വിദ്യാർത്ഥിയെ സംബന്ധിച്ച് ഇത് ശരിയാണെങ്കിലും ജീവിതത്തിൽ ഇടപെടുന്ന ഒട്ടുമിക്ക കാര്യങ്ങളോടും സംശയത്തോടെ പ്രതികരിക്കുന്നുവെങ്കിൽ അത് നല്ല ലക്ഷണമല്ല. സംശയത്തിൻ്റെ നിഴൽ വീണാൽ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു. ബന്ധങ്ങൾ തകരുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു. സൗഹൃദങ്ങൾ നഷ്ടമാകുന്നു.
നിസ്വാർത്ഥ സ്നേഹം പോലും സംശയിക്കപ്പെടുന്നു.
ഇതെല്ലാം ‘സംശയരോഗം’ (ഡെലൂഷണൽ ഡിസോർഡർ) എന്ന രോഗം ഉണ്ടാക്കുന്ന ഫലങ്ങൾ ..
നല്ല സന്ദേശങ്ങൾ വായിക്കുകയും പകർത്തുകയും ചെയ്യുന്നതിനോടൊപ്പം നിത്യജീവിതത്തിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യം ഉണ്ടായിരിക്കുന്നത് നല്ലത് എന്ന ചിന്തയാൽ സംശയരോഗത്തെക്കുറിച്ച് ആധികാരികമായി മാതൃഭൂമി ഓൺലൈൻ മാഗസിനിൽ വന്ന ഒരു ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു. (ശ്രദ്ധയോടെ പൂർണ്ണമായും വായിക്കുന്നത് പ്രയോജനപ്പെടുമെന്ന് കരുതുന്നു)
സമൂഹത്തിൽ 10,000 പേരിൽ 3 പേർക്കെങ്കിലും ഈഅസുഖം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. 25 മുതൽ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോൾ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് രോഗം പിടിപെടാനുള്ള സാദ്ധ്യത
നോർമൻ കാമറൂൺ എന്ന സാമൂഹിക ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളിൽ ഏഴ് വ്യത്യസ്ത സാഹചര്യങ്ങൾ സംശയരോഗത്തിന് കളമൊരുക്കുന്നു.
1. ചില സാഹചര്യങ്ങൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന മുൻകൂട്ടിയുള്ള തോന്നൽ.
2. അവിശ്വാസവും സംശയങ്ങളും ഉണ്ടാക്കപ്പെടാവുന്ന സാഹചര്യങ്ങൾ.
3. സമൂഹത്തിലെ ഒറ്റപ്പെടൽ.
4. ശത്രുതയും അസൂയയും ഉണ്ടാക്കാവുന്ന സാഹചര്യങ്ങൾ.
5. ആത്മാഭിമാനം കുറയ്ക്കുന്ന സാഹചര്യങ്ങൾ.
6. സ്വന്തം പോരായ്മകൾ മറ്റുള്ളവരിൽനിന്ന് മനസ്സിലാക്കേണ്ടിവരുന്ന സാഹചര്യങ്ങൾ.
7. മറ്റുള്ളവരുടെ പ്രവർത്തനങ്ങളെയും ചേതോവികാരങ്ങളെയുംകുറിച്ച് കൂടുതൽ ചിന്തിക്കാൻ സമയം കിട്ടുക.
ലക്ഷണങ്ങൾ
ഒറ്റനോട്ടത്തിൽ ഒരു രോഗലക്ഷണവും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് സംശയരോഗമുള്ളവരുടെ പ്രത്യേകത. എങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവർ ഏത് പ്രശ്നത്തേയും സന്ദർഭത്തേയും വ്യക്തിയേയും വളരെ സൂക്ഷിച്ചും സംശയത്തോടേയും മാത്രമേ അഭിമുഖീകരിക്കൂ എന്ന് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ ചിന്തിക്കുന്നതുകൊണ്ട് വസ്തുതകളെ വരികൾക്കിടയിലൂടെ വായിക്കുന്നതും ഇവരുടെ സ്വഭാവമാണ്. സാവധാനമാണ് രോഗലക്ഷണങ്ങൾ കാണുക.
സംശയം പലതരം
രോഗലക്ഷണങ്ങൾക്കനുസരിച്ച് സംശയരോഗത്തെ അഞ്ചായി തിരിക്കാം
1. മറ്റുള്ളവർ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നൽ.
2. ഭാര്യയ്ക്ക് ഭർത്താവിന്റെയോ, ഭർത്താവിന് ഭാര്യയുടെയോ ചാരിത്ര്യശുദ്ധിയിലുള്ള സംശയം.
3. തന്നേക്കാളുയർന്ന പദവിയിലുള്ള ഒരാൾ തന്നെ പ്രേമിക്കുന്നു എന്ന ഉറച്ചവിശ്വാസം.
4. തനിക്ക് ശാരീരികമായി തകരാറുണ്ടെന്ന തോന്നൽ.
5. തനിക്ക് മറ്റുള്ളവരേക്കാൾ കഴിവുണ്ടെന്ന/സ്വത്തുണ്ടെന്ന ഉറച്ചവിശ്വാസം
പീഡന സംശയം:
ഏറ്റവും സാധാരണമായ സംശയം ഇതാണ്. താൻ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളിൽ വിഷവസ്തുക്കൾ ചേർത്ത് കൊല്ലാൻ ശ്രമിക്കുന്നു, തനിക്കെതിരെ ദുർമന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങൾ.
ചാരിത്ര്യസംശയരോഗം:
പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് പ്രധാനലക്ഷണം. കൂടുതലും പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭർത്താവ് ഭാര്യയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നു.
സംശയപ്രേമം:
കൂടുതലും സ്ത്രീകളിലാണ് ഈരോഗം കണ്ടുവരുന്നത്. വളരെ രസകരമായ ഒരു രോഗമാണിത്. സാമ്പത്തികമായും സാമൂഹികമായും തന്നെക്കാൾ ഉയർന്ന ഒരുവ്യക്തി തന്നെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഈ സംശയരോഗത്തിന്റെ മുഖ്യലക്ഷണം.
ശാരീരിക രോഗസംശയം
ഇത് പലതരത്തിലാകാം. വായിൽനിന്നോ മൂക്കിൽനിന്നോ വിയർപ്പിൽനിന്നോ ദുർഗന്ധം വമിക്കുന്നു. മുടിയിലോ ചെവിയിലോ അല്ലെങ്കിൽ ശരീരത്തിന്റെ ഉൾഭാഗത്തോ പ്രാണികൾ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, തല മുതലായവ വൃത്തികെട്ട ആകൃതിയിലാണ്. ശരീരാവയവങ്ങളായ കുടൽ, തലച്ചോറ് എന്നിവ പ്രവർത്തിക്കുന്നില്ല എന്നിങ്ങനെ പലതരം സംശയങ്ങൾ ഉണ്ടാകാറുണ്ട്.
സംശയത്തിന് ചികിത്സ ഉണ്ടോ?
ശരിയായ ചികിത്സ ലഭിക്കുകയാണെങ്കിൽ ഏതാണ്ട് പകുതിപേർ പൂർണ സുഖം പ്രാപിക്കുകയും 10 ശതമാനം പേർ ഭാഗികമായി സുഖം പ്രാപിക്കുകയും ചെയ്യും. 30 ശതമാനം പേർക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കാണുമ്പോൾ 10 ശതമാനം പേർ പൂർണമായും രോഗത്തിന്റെ പിടിയിൽ അമരുന്നു.
സംശയരോഗികൾ പലപ്പോഴും സ്വമനസ്സാലെ ഡോക്ടറെ സമീപിക്കാൻ തയ്യാറാകുന്നില്ല. ചുരുക്കം ചിലർ ജീവിത പങ്കാളിയുടെയോ ബന്ധുക്കളുടെയോ നിരന്തര പ്രേരണകൊണ്ട് ഡോക്ടറെ കാണാൻ തയ്യാറാകുന്നു. മനോരോഗ വിദഗ്ദ്ധർ ഇവരുമായി ആശയവിനിമയം നടത്തുമ്പോൾ അയാളെ ഒരു സംശയരോഗിയായി കണക്കിലെടുത്ത് ചികിത്സിക്കാൻ ആരംഭിച്ചാൽ രോഗിക്ക് ഡോക്ടറോടുള്ള വിശ്വാസ്യത നഷ്ടപ്പെടാനും രോഗി ചികിത്സ നിരാകരിക്കാനും സാദ്ധ്യതയുണ്ട്. സംശയരോഗംമൂലം രോഗിയും അയാളുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ ഓരോരുത്തരെയും തനിയെ വിളിച്ച് രഹസ്യമായി ചോദിച്ച് അനുഭാവപൂർവ്വം മനസ്സിലാക്കി രോഗിയുടെ വിശ്വാസം സമ്പാദിക്കുകയാണ് രോഗിയെ ചികിത്സയ്ക്ക് പ്രേരിപ്പിക്കാനുള്ള ഏക പോംവഴി.
ലേഖനത്തിലെ പ്രധാന ഭാഗങ്ങളാണ് മുകളിൽ ചേർത്തിരിക്കുന്നത്.
സംശയം പരിധിവിട്ടാൽ അത് രോഗമായി മാറുന്നു.
ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നും നേരിടേണ്ടതായി വന്നേക്കാം.
അനുഭാവപൂർവ്വം അവരെ സമീപിക്കുവാൻ കഴിയുക എന്നതാണ് പ്രധാനം..
ഒപ്പം ഇത്തരം ലക്ഷണങ്ങൾ നമ്മിലുണ്ടോ എന്ന് വിലയിരുത്താനും കഴിയണം.
ഏവർക്കും
സ്നേഹത്തോടെ ശുഭദിനാശംസകൾ
നേരുന്നു
സംശയ രോഗത്തിന് മരുന്നില്ല
നല്ല സന്ദേശം