Logo Below Image
Sunday, March 9, 2025
Logo Below Image
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

” May be I love too much, but l show it too little ”

– R.M. Drake

“ഒരുപക്ഷേ ഞാൻ വളരെയധികം സ്നേഹിക്കുന്നു,
പക്ഷേ ഞാൻ അത് വളരെ കുറച്ച് മാത്രം പ്രകടിപ്പിക്കുന്നു..”

അമേരിക്കൻ എഴുത്തുകാരനായ Robert M. Drake ൻ്റെ പ്രശസ്തമായ ഉദ്ധരണികളിൽ ഒന്ന്..

അടുത്തിടെ വായിച്ച ഒരു കഥ ഇങ്ങനെ:
ഒരിക്കൽ ഒരു സന്യാസി ജയിൽ സന്ദർശിക്കുവാനിടയായി. ജയിൽപ്പുള്ളികളുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. യുവത്വത്തിലേക്ക് എത്തിയിട്ട് അധികമാവാത്ത, കുട്ടിത്തം മാറാത്ത ഒരു യുവാവും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന് സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തുചെന്ന് തോളിൽ സ്നേഹപൂർവ്വം കൈെവെച്ച് പുറത്ത് തലോടിക്കൊണ്ട് ചോദിച്ചു, ”എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?”

അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ”എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്നേഹപൂർവ്വം ഒന്ന് കൈവെയ്ക്കാനുണ്ടായിരുന്നെങ്കിൽ, വാത്സല്യപൂർവ്വം ഒരു വാക്ക് സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.”

പകർന്നു നൽകാത്ത സ്നേഹത്തിൻ്റെ ബാക്കിപത്രമായ് മാറിയ ജീവിതം..

🌿ഹൃദയത്തിൽ നിറയുന്ന സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. എന്തുണ്ടോ അത് പകർന്നു നൽകാൻ കഴിയുന്നവർ.

🌿കുടുംബത്തിലും സൗഹൃദത്തിലും പ്രണയത്തിലുമെല്ലാം മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനാതെ പോകുന്നവർ അനേകരുണ്ട്.
സത്യത്തിൽ എന്തോ അവർ അങ്ങനെയാണ്..!
കടലോളം സ്നേഹം മനസ്സിൽ സൂക്ഷിച്ച് ഒരു തുള്ളിപോലും നൽകാൻ കഴിയാതെ പോകുന്നവർ.

🌿സ്നേഹമില്ലാത്തവർ, സ്വാർത്ഥർ , മന:സാക്ഷിയില്ലാത്തവർ, ക്രൂരർ, എന്നെല്ലാം
മുദ്രകുത്തപ്പെടുമ്പോഴും
അളവില്ലാതെ സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവർ.

🌿സ്വന്തം രീതികൾ മാറ്റിയെടുക്കുവാൻ പലപ്പോഴും പരിശ്രമിച്ച് പരാജയപ്പെട്ടവർ…

🌿ആരും തന്നെ തിരിച്ചറിയാതെ പോയവർ..

🌿പ്രകടിപ്പിക്കാത്ത സ്നേഹം വ്യർത്ഥമാണെന്ന് പ്രഖ്യാപിക്കുമ്പോഴും എല്ലാം അറിഞ്ഞിട്ടും സ്വയം ഒരു മാറ്റം വരുത്താനാവാത്തവർ..

ആ ഹൃദയങ്ങളുടെ മനോവ്യഥകൾ അളക്കാനാവാത്തതു തന്നെ.

അത് ഭാര്യയോ ഭർത്താവോ മക്കളോ ഗുരുക്കന്മാരോ സ്നേഹിതരോ പ്രണയിതാക്കളോ അയൽക്കാരോ ഒക്കെയാവാം..

സ്നേഹമില്ലെന്ന ഒറ്റക്കാരണം പറഞ്ഞ് മാറ്റി നിർത്തുമ്പോഴും അകന്നു പോകുമ്പോഴും
പിരിഞ്ഞു കഴിയുമ്പോഴും തിരിച്ചറിയാനാവാത്ത സ്നേഹം ഒരു പക്ഷേ ഉള്ളിൽ കരുതിയിരിക്കാം.. എന്ന് ഒരു നിമിഷം അവരോടൊപ്പമുള്ളവർ ഓർക്കുന്നുവെങ്കിൽ
അപ്രകാരമുള്ളവരെ അല്പമെങ്കിലും തിരിച്ചറിയാനാവും.

സ്നേഹത്തിൻ്റെ ഭാവതലങ്ങൾ അതിസുന്ദരമായി കുറിച്ചിട്ട മാധവിക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ..

🌷”ഉള്ളിൽ സ്നേഹമുണ്ട്
പക്ഷേ പ്രകടിപ്പിക്കാനാവില്ല
എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല..
ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ..?”

പ്രകടിപ്പിക്കാത്ത സ്നേഹത്തെ പാടെ നിഷേധിക്കുന്നു ഈ വാക്കുകൾ…

പ്രകടിപ്പിക്കാത്തവർക്കെല്ലാം സ്നേഹമില്ലെന്ന് കരുതാനാവുമോ..?
എന്നത് നാം ചിന്തിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ വിഷയം.

🌷”ഒരുപക്ഷേ ഞാൻ വളരെയധികം സ്നേഹിക്കുന്നു,
പക്ഷേ ഞാൻ അത് വളരെ കുറച്ച് മാത്രം പ്രകടിപ്പിക്കുന്നു..”

എന്ന് – R.M. Drake പറഞ്ഞുവെച്ചതും ഇതോട് ചേർത്ത് വായിക്കാം..

അതോടൊപ്പം നാമും അപ്രകാരമാണോ എന്ന് സ്വയം വിലയിരുത്തുകയും
സ്നേഹം പ്രകടിപ്പിക്കാനറിയാത്തവരാണോ..?
അതോ അളവില്ലാതെ സ്നേഹം പകർന്നു നൽകുന്നവരോ…?
അതോ സ്നേഹം പ്രകടിപ്പിക്കാത്തവരെ തള്ളിക്കളയുന്നവരോ.. ?
എന്ന് ചിന്തിക്കുന്നതിനും
ആവശ്യമെങ്കിൽ നമ്മിൽ മാറ്റം വരുത്തുന്നതിനും സ്നേഹത്തെക്കുറിച്ചുള്ള ഈ രണ്ട് ചിന്തകളും പ്രയോജനമാകും എന്നതിൽ തർക്കമില്ല..

ഉള്ളിൽ ആവോളം സ്നേഹം നിറച്ച് ഒട്ടും പ്രകടിപ്പിക്കാത്തവരെ പാടെ തള്ളിക്കളയാതിരിക്കാം..
അപ്രകാരമുള്ളവരാണ് നാമെങ്കിൽ അല്പം സ്നേഹം മറ്റുള്ളവർക്കായ് പകർന്നു നൽകാൻ ശ്രമിക്കാം..
സ്നേഹത്തിൻ്റെ സുന്ദരമായ ഭാവഭേദങ്ങൾ അറിഞ്ഞ് യാത്ര തുടരാം..

എല്ലാ സൗഹൃദങ്ങൾക്കും സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ.
🙏💚

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

3 COMMENTS

  1. സ്നേഹത്തിൻറെ പ്രാധാന്യം വിശദമാക്കുന്ന എഴുത്ത്…
    നല്ല കഥയിലൂടെ നന്നായി അവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments