പ്രിയേ….
അടച്ചിട്ട മുറിയുടെ ഏകാന്തതയുടെ തടവറിയിൽ ഞാൻ നിനക്കായ് ഒഴുക്കിയ കണ്ണീരിൻ്റെ വിലയാണ് ഈ എഴുത്ത്.
എൻ്റെ മുന്നിൽ തുറന്നുവച്ച പുസ്തകത്താളുകൾക്കിടയിൽ ഞാനൊളിപ്പിച്ചുവച്ച നിൻ്റെ ഫോട്ടോ നോക്കിയിരിക്കുമ്പോൾ പ്രിയേ …. കോളേജ് ക്യാബസ്സുകളിൽ നീ നിറഞ്ഞാടിയ പ്രണയസല്ലാപങ്ങളിലേക്ക് ഞാനറിയാതെ വഴുതിപ്പോകുന്നെടോ. ആദ്യമായി ഞാൻ നിൻ്റെ അടുത്ത് വന്ന് യാതൊരു മുഖവുരയും കൂടാതെ നിൻ്റെ പേര് വിളിച്ചപ്പോൾ നിൻ്റെ മുഖത്തുണ്ടായ ആശ്ചര്യം നോക്കി ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ പെണ്ണേ ?
” പെണ്ണേ… നീ അറിയാതെ ഞാൻ നിന്നെ നോക്കി നടന്ന് നടന്ന് മടുത്തു. ഇനി ഞാൻ നിന്നെ നേരിട്ടങ്ങ് പ്രേമിക്കാൻ പോകുവാ. നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഞാൻ നിന്നെ പ്രേമിക്കുവാ എന്ന് ” എന്നായിരുന്നില്ലേ ഞാനന്ന് പറഞ്ഞത്.
പിന്നീട് നീ എന്നോട് പറഞ്ഞു, എത്ര ലാഘവത്തോടെയാണ് നീ അന്ന് എന്നോട് അത് പറഞ്ഞത് . എന്നാൽ നീ അനുഭവിച്ച പ്രയാസം, എൻ്റെ കൂട്ടുകാരികളുടെ ഇടയിൽ, എൻ്റെ കൂട്ടുകാരുടെ ഇടയിൽ നീ നിന്ന് വിയർത്തത് . അത് നിനക്ക് നൽകിയ ഷോക്ക്. അതിൻ്റെ പ്രയാസം. നീ അന്ന് പറഞ്ഞ ആ വാക്കുകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചിരുന്നു.
പിന്നീടങ്ങോട്ട് ഞാൻ എന്നും കാത്തിരിക്കാറുള്ള ആ പൂമരത്തിൻ്റെ ചുവട്ടിലേക്ക് ദിവസങ്ങൾക്ക് ശേഷം കൂട്ടുകാരിയുമായി നീ വന്നപ്പോൾ പൂമരത്തിൽ നിന്നും കൊഴിഞ്ഞു വീണ പൂക്കൾപെറുക്കിത്തന്നുകൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത്, എനിക്ക് നിന്നോടുള്ള പ്രണയം ഈ പൂക്കൾക്കറിയാം. അതിനാൽ എൻ്റെ മനസ്സ് ഈ പൂക്കൾ നിന്നോട് പറയുമെന്ന്. പൂക്കളും വാങ്ങിപ്പോയ നീ ഒടുവിൽ എന്നോട് പറഞ്ഞു, എൻ്റെ ചിന്തകളിലെ നിന്നോടുള്ള പ്രണയത്തിൻ്റെ പുഷ്പാർച്ചനയാണ് നിൻ്റെ തലയിൽ കൊഴിയുന്ന ഈ പൂക്കൾ എന്ന് .
പകലുകൾ മായാതിരുന്നെങ്കിൽ, കോളേജുകൾക്ക് ദിനചര്യകൾ ഇല്ലായിരുന്നെങ്കിൽ എന്ന് ഞാനും കൊതിച്ചു തുടങ്ങി. ക്യാമ്പസ്സിലെ താല്ക്കാലിക പ്രണയിതാക്കളിൽ നിന്ന് വ്യത്യസ്ഥമായി നമ്മൾ മാറിയപ്പോൾ മലകളും, പുഴകളും, പൂക്കളും മഞ്ഞണിഞ്ഞ് കൂടുതൽ സുന്ദരിയായി. ബെഞ്ചുകളിൽ നിന്ന് ബെഞ്ചുകളിലേക്ക്, ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സുകളിലേക്ക്, വേദികളിൽ നിന്ന് വേദികളിലേക്ക് ആടിയും പാടിയും നമ്മൾ മുന്നേറിയപ്പോൾ ക്യാമ്പസിനു പുറത്തും നമ്മൾ അനുരാഗപ്പറവകളായി പാറി നടന്നു. റിലീസാകാത്ത സിനിമയ്ക്കു വേണ്ടി എന്നേയും കൂട്ടി തിയറ്ററിലേക്കെന്നും പറഞ്ഞ് പോയ നീ , എനിക്കു വാങ്ങിത്തന്ന പിറന്നാൾ സമ്മാനം ദാ…ഇന്നും എൻ്റെ കൈകളിൽ ഭദ്രം.
ഇന്നിതാ എൻ്റെ ഈ അടച്ചിട്ട മുറിക്കുള്ളിൽ നിൻ്റെ ഫോട്ടോയും നോക്കി ഇരിക്കുമ്പോൾ കടൽത്തീരത്ത് തിരമാലകളോട് കുസൃതി കാട്ടി നിൻ്റെ കൈയും പിടിച്ച് ഓടി നടന്ന സായന്തനങ്ങൾ വല്ലാതെ മിസ്സുചെയ്യുന്നു പെണ്ണേ. ഒരിക്കൽ നീ എഴുതിത്തന്ന കവിത വായിച്ച് ഞാൻ നിന്നെ കളിയാക്കി ചിരിച്ചപ്പോൾ നീ എൻ്റെ കൈയ്യിൽ നുള്ളിയ പാട് ഇന്നും മാഞ്ഞിട്ടില്ല കേട്ടോ. അതുപോലെ ഇന്നും എൻ്റെ മനസ്സിൽ മായാതെ നിൽക്കുകയാണ് നീ. നിന്നരികിലേക് വരാൻ വൈകുന്തോറും കാണാനുള്ള ആകാംക്ഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ഒന്നിലും ശ്രദ്ധിക്കാനാകാതെ ഒന്നും വ്യക്തമായി ചെയ്യാൻ കഴിയാതെ ദാ… എനിക്ക് ഭ്രാന്ത് പിടിക്കും കേട്ടോ.
ഇത് വായിക്കുമ്പോൾ നീ ചിരിക്കുകയായിരിക്കും എന്നെനിക്കറിയാം. കാരണം ഒരു കോളേജ് ഡേയുടെ ദിവസം ഞാൻ പാട്ട് പാടണമെങ്കിൽ നിന്നെ വേദിയുടെ മുന്നിൽ കാണണം എന്ന് പറഞ്ഞ്, സമയമായപ്പോൾ മനപ്പൂർവ്വം മാറിനിന്ന് എൻ്റെ ടെൻഷനും സങ്കടവും കണ്ട് ചിരിച്ച ആളല്ലേ. എനിക്കറിയാം. ചിരിച്ചോ ചിരിച്ചോ. കരിവണ്ടുകൾ മൂളുന്ന കൂരിരുട്ട് പോലെ കാലം കരി തേച്ച ജീവിത വ്യഥകളിൽ നിറം മങ്ങിയ പ്രണയചിത്രങ്ങളിലെ നായികയും നായകനുമായി നമ്മൾ ഇവിടെ ജീവിക്കുന്നു. നീ എൻ്റേതും ഞാൻ നിൻ്റെതും മാത്രമായി.
സ്നേഹപൂർവ്വം,
പ്രണയ തീവ്രത
ഇഷ്ടം ആയി
നല്ല എഴുത്ത്
ഒത്തിരി സന്തോഷം, സ്നേഹം

Thank you
മനോഹരമീ പ്രണയ കാവ്യം
