പ്രിയേ,
ഹേയ്, ഇന്നലെ എന്താ നിനക്ക് പറ്റിയത്? നീ ആകെ ഇന്നലെ വല്ലാത്തൊരു മൂഡോഫിലായിരുന്നല്ലോ. ഒന്നും സംസാരിക്കാതെ, ഒന്ന് മനസ്സ് തുറന്ന് ചിരിക്കാതെ, എന്തായിരുന്നെടോ നിനക്ക് പറ്റിയത്. ഞാനെത്ര ചോദിച്ചിട്ടും നീ ഒന്നും പറഞ്ഞില്ല. വേണ്ട നമുക്കത് വിടാം. വീണ്ടും വീണ്ടും ഞാൻ വെറുതേ….. കടത്തുവഞ്ചിയിൽ തുഴക്കാരൻ മുളകുത്തുമ്പോൾ അവന് ആ പുഴയുടെ ആഴമറിയും. ആഴമറിയാതെ മുളകുത്തിയാൽ വഞ്ചി കൈവിട്ടുപോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ നിൻ്റെ മനസ്സിൻ്റെ ആഴമറിയാതെ വെറുതേ….
തൈത്തെങ്ങുകൾക്കിടയിലൂടെ, ആമ്പൽക്കുളത്തിന്നരികിലൂടെ താരാട്ടുപാട്ടിൻ്റെ ഈണവും മൂളി തലയിൽ മുല്ലപ്പൂവും വച്ച് തുള്ളിച്ചാടി നടക്കുന്ന ആ കുസൃതിപ്പെണ്ണ്.. ഇന്നെൻ്റെ മുന്നിൽ മൗനത്തിൻ്റെ മൂഡുപടമണിഞ്ഞ് നിർവികാരതയോടെ നിൽക്കുന്നതു കാണുമ്പോൾ ദാ… എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നുന്നു. നിൻ്റെ ആ പഴയ പ്രസരിപ്പ്, നിൻ്റെ ആ പഴയ കളിചിരികൾ അതാണെനിക്ക് വേണ്ടത്. കോളേജ് ക്യാമ്പസ്സുകളിൽ നീ പാടി നൽകിയ പല പാട്ടിൻ്റേയും ഈരടികളും മൂളി നടക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. പല്ലവികൾ തേടി അലയുന്ന പല മുറിപ്പാട്ടുകാരേയും ഞാൻ കണ്ടിട്ടുണ്ട്. നിൻ്റെ തോള് ചേർന്ന് നടക്കുമ്പോൾ ആ പാട്ടുകൾ എല്ലാം എൻ്റെ താളമാകുന്നത് ഞാനറിഞ്ഞിട്ടുമുണ്ട്. എല്ലാം എല്ലാം നിൻ്റെ മിടുക്കായിരുന്നു. എന്നാൽ ഇന്നു നിൻ്റെ മൗനം കാണുമ്പോൾ ഒരിക്കലും വായിച്ചു തീർക്കാൻ കഴിയാത്ത ഒരു പുസ്തകമായിരുന്നോ നീ എന്ന് ഞാൻ ഓർത്തു പോകുന്നു.
നീ വരണം. ഈ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ടൗണിലെ രാമുവേട്ടൻ്റെ ബുക് സ്റ്റാളിൽ നീ വരണം. അവിടെ ഞാനുണ്ടാകും. കഴിഞ്ഞ രാത്രികളിലെ നിദ്രയെ തഴുകാത്ത ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളെല്ലാം വലിച്ചെറിഞ്ഞ് നീ വരണം. പുതിയ ചിന്തകളുമായി നിൻ്റെ പുതിയ കുസൃതികളുമായി. പുതിയ പാട്ടുകളുമായി. നിനക്കൊരു സമ്മാനം ഞാൻ കരുതി വച്ചിട്ടുണ്ട്. നിൻ്റെ ഇനിയുള്ള രാത്രികൾക്ക് കൂട്ടായി, നിൻ്റെ സ്വപ്നങ്ങൾക്ക് ചേലായി, നിൻ്റെ മോഹങ്ങൾക്ക് ചിറകായി ആ സമ്മാനം നിനക്ക് ഞാൻ തരും. നിനക്ക് സന്തോഷമാകും. എനിക്കറിയാം. തീർച്ച.
രാപ്പാടികൾ രാവേറെ ചെന്നിട്ടും പാട്ട് തുടർന്നുകൊണ്ടേയിരിക്കുന്നു. നിഗൂഢതകളുടെ ഒളിത്താവളമായ കൂരിരുട്ടുകൾ കൂടുതൽ മുഖം കറുപ്പിക്കുന്നു. തമ്പുരുവിലുണരാത്ത പാഴ്ശ്രുതിപ്പാട്ടിൻ്റെ ഈണവും പേറി ഏതോ ഒരു പടിഞ്ഞാറെൻ കാറ്റ് ജനലരികിൽ വന്ന് താളം പിടിക്കുന്നു. പാതിരാ മഴയ്ക്കുള്ള സാധ്യതകൾ ഉണ്ടെന്ന് തോന്നുന്നു. നീ നല്ല ഉറക്കത്തിലായിരിക്കും അല്ലേ ?. എനിക്ക് ഉറക്കം വരുന്നില്ലടോ. ചിന്തകൾ കാറ്റിൽ ചീന്തിയെറിഞ്ഞ വർണ്ണക്കടലാസുകൾ പോലെ എനിക്കു ചുറ്റും പറക്കുന്നു. നിന്നെ കണ്ടില്ലെങ്കിൽ നിന്നോടൊന്ന് മിണ്ടിയില്ലങ്കിൽ എന്തോ ഭ്രാന്ത് പിടിക്കുമെന്നതുപോലെ ! ദാ നോക്ക്…. നിൻ്റെ വഴികളിൽ ഒരു തണൽ വൃക്ഷമായി പൂത്തു നിൽക്കാനേ ഞാൻ കരുതിയുള്ളു. ആ വഴികളിൽ നിൻ്റെ പാദങ്ങൾക്ക് പൂവിതൾ തലോടലാകാനേ ഞാൻ കൊതിച്ചിട്ടുള്ളു. ഞാൻ പൊഴിച്ച പൂവിതളുകൾ നീ ചവിട്ടിമെതിക്കുമ്പോഴും നിൻ്റെ പാദങ്ങൾ നോവാതിരിക്കട്ടെ എന്നേ ഞാൻ കരുതിയുള്ളു. എന്നാൽ ഇന്ന് ഞാൻ പൂത്തു നിൽക്കുന്ന പൂമരച്ചോട്ടിലെത്താതെ നീ വഴിമാറി പോകുന്നതു കാണുമ്പോൾ പേടിയാകുന്നു. ശരിക്കും പേടിയാകുന്നു. കാണുന്നുണ്ടെങ്കിലു കണ്ടില്ലാ എന്ന് നടിക്കുന്ന ലോകത്ത് ഇരുട്ടാണ് കുട്ടീ.. ചുറ്റും കൂരാക്കൂരിരുട്ട്. നിൻ്റെ ആ പഴയ ചിരിമണികൾ വിതറി നമുക്ക് നമ്മുടെ ഇരുട്ട് മാറ്റാം. ഞാൻ കാത്തിരിക്കാം. നീ വരണം.
നിർത്തുന്നു.
പ്രണയ പല്ല്തികൾ പൂത്തുലഞ്ഞ മണം..
നല്ല എഴുത്ത്
പ്രണയത്തിൻ്റെ പരിമളം വരികളിലുടനീളം . കൊള്ളാം.