മലരണിക്കൊമ്പിലെ മൈനയെ നോക്കി മാനോടും കാവിലെ തൂക്കുവിളക്കിനരികിൽ ആരും കാണാതെ നിന്ന എന്നെ, പിറകിൽ നിന്ന് വന്നു കണ്ണുപൊത്തി നീ പൊട്ടിച്ചിരിച്ചപ്പോൾ പറന്നു പോയത് മൈനയായിരുന്നില്ല. എൻ്റെ മനസ്സിലെ കിളികളായിരുന്നു. എടി പെണ്ണേ നിൻ്റെ കൈയുടെ മാർദ്ദവം തൊട്ടറിയാൻ എനിക്ക് ആറാം ഇന്ദ്രിയത്തിൻ്റെ ആവശ്യമൊന്നുമില്ല. പിറകിൽ നിന്ന് കണ്ണുപൊത്തുമ്പോൾ കഴുത്തിൽ പടരുന്ന ചൂടുള്ള നിശ്വാസത്തിനിന്ന് എൻ്റെ സിരകളിൽ ത്രസിക്കുന്ന ആവേശത്തിൽ നിൻ്റെ കരതലം ഒന്ന് തലോടിയാൽ മാത്രം മതി എനിക്ക്. അത്രയേ വേണ്ടു.
ആ പിന്നേ…. നീ ഇന്നലെ തൊട്ട ആ ബ്ലു കളർ പൊട്ടില്ലേ അത് നിനക് നന്നായി ചേരുന്നുണ്ട് കേട്ടോ. അതും തൊട്ട് വേണം നീ കുളക്കടവിൽ വരാൻ. പരൽ മീനുകൾ തുള്ളിക്കളിക്കുന്ന കുളത്തിൽ ചെറുകല്ലുകൾ പെറുക്കിയെറിഞ്ഞ് മീനുകളുടെ കൂട്ടയോട്ടം കണ്ട് രസിക്കുമ്പോൾ ആ ഓളപ്പരപ്പിൽ അലയടിക്കുന്ന എൻ്റെ മുഖത്തെ ഭാവങ്ങൾ നോക്കിയിരുന്നുകൊണ്ട് നീ എനിക്ക് നൽകിയ നാരങ്ങ മിഠായിയുടെ മധുരം ദാ… ഇപ്പഴും ഈ ചുണ്ടിൽ നിന്ന് മായുന്നില്ല. കേട്ടോടി പെണ്ണേ.
ആകാശഗോപുരങ്ങളിൽ ആരും തുറക്കാത്ത വാതിൽ തുറന്ന് പള്ളിയറയിൽ നിന്ന് പകൽക്കിനാവ് കാണുന്ന രാജകുമാരനാകാൻ ഞാനില്ല. നീ വരച്ചുവച്ച ഛായാചിത്രങ്ങളിലെ പുഞ്ചിരിക്കുന്ന മുഖമാകാനാണ് എനിക്കിഷ്ടം. കാരണം അത് നിൻ്റെ മനസ്സിലെ കണ്ണാടിക്കൂട്ടിൽ നീ ഒളിപ്പിച്ചു വച്ച രൂപമാണ്. അവിടെ അവിടയൊണ് എൻ്റെ ഇടം. പ്രണയവർണ്ണങ്ങൾ പൂത്തുലഞ്ഞ ക്യാൻവാസിൽ മിന്നിക്കത്തുന്ന തെരുവുവിളക്കുകളുടെ പ്രകാശത്തിൽ നിൻ്റെ കൈയ്യും പിടിച്ചു നടക്കാനാണെനിക്കിഷ്ടം. ആരോരുമില്ലാത്ത രാജവീഥികളിൽ ആജ്ഞകളുടെ വാറോലയുമായി ആരും കാത്തു നിൽക്കാനില്ലാത്തിടത്ത് നിൻ്റെ മടിയിൽ തലചായ്ച്ച് ഞാൻ കിടക്കും. നമ്മുടെ മാത്രമായ ലോകത്ത്.
എടി പ്പെണ്ണേ നേരം വെളുത്തൂട്ടോ. നീ ഇങ്ങിനെ കത്തും പിടിച്ച് കിനാവ് കണ്ടിരിക്കാതെ ആ വളപ്പൊട്ടുകൾ അവിടെ വച്ച് വല്ല ചൂലും എടുത്ത് മുറ്റമടിക്കാൻ പോടി. കാറ്റത്ത് വീണ ഇലകളെങ്കിലും കോരിത്തരിക്കട്ടെ. ഇല്ലേൽ നിൻ്റെ അമ്മ കടന്ന് വന്ന് പ്രശ്നമാക്കും. പിന്നെ മറ്റൊരു കാര്യം നീ കത്ത് മുത്തുവിൻ്റെ കൈയ്യിൽ കൊടുക്കുന്നില്ലേൽ വേണ്ട. ശ്രുതിയുടെ കൈയ്യിൽ തന്നെ കൊടുത്തോ. പക്ഷേ അവളോട് എന്നെ വളയ്ക്കരുതെന്ന് പറയണം. ചിലപ്പോഴൊക്കെ അവളുടെ നോട്ടത്തിൽ ഞാൻ ചില പന്തികേടുകൾ കാണുന്നുണ്ട്. അല്ല ഞാൻ പറഞ്ഞതാണേയ്. ഇനിയിപ്പം നീ ഇങ്ങിനെ എപ്പോഴും പേടിച്ച് ഈ ഒളിച്ചുകളി തുടരാനാണ് ഭാവമെങ്കിൽ ചിലപ്പോൾ ഞാൻ ഒന്ന് മാറി ചിന്തിച്ചു കൂടാന്നില്ല കേട്ട .
ആ അതൊക്കെ പോട്ടെ. നേരം ഒരുപാടായി. നിൻ്റെ പിറന്നാളിന് ഞാൻ എന്തായാലും കുളക്കടവിൽ വരില്ല. അന്ന് കാലത്ത് അമ്പലത്തിലെ വഴിപാട് കൗണ്ടറിനടുത്ത് ഞാനുണ്ടാകും. എന്തിനാന്നല്ലേ നീ കഴിപ്പിക്കുന്ന വഴിപാടിൻ്റെ പ്രസാദം കഴിക്കാൻ. വരണം കേട്ടോ. ഇല്ലേൽ എൻ്റെ വഴിപാട് ! അപ്പോൾ അന്നു കാണാം.
നന്നായിട്ടുണ്ട്
മനോഹരം