Logo Below Image
Thursday, March 27, 2025
Logo Below Image
Homeസ്പെഷ്യൽപ്രശസ്ത എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടും അദ്ദേഹത്തിന്റെ ചിദംബരസ്മരണയുടെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

പ്രശസ്ത എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടും അദ്ദേഹത്തിന്റെ ചിദംബരസ്മരണയുടെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

ചിദംബരസ്മരണ

പ്രശസ്ത എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് ചിദംബരസ്മരണ. ഇതൊരു ആത്മകഥാ സാഹിത്യമാണ്. ചുള്ളിക്കാട് അദ്ദേഹത്തിന്റെ ജീവിതത്തിലെ മുഖ്യ സംഭവങ്ങൾ പ്രസന്നമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കയാണ്. ഈ കഥയിലൂടെ രചയിതാവ് തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു വെയ്ക്കുകയും ശക്തി ദൗർബല്യങ്ങളെ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയും ചെയ്യുന്നു.

ചുള്ളിക്കാടിന്റെ സ്മരണകൾ തന്റെ ആത്മകഥയുടെ ഒരു അവിഭാജ്യ ഘടകമാണ്.
ഒരു പ്രത്യേക ജീവിതകാലയളവിൽ അദ്ദേഹത്തെ സ്പർശ്ശിച്ചുപോയ സംഭവങ്ങളേയും അനുഭവങ്ങളെയും വ്യക്തികളേയും വാക്കുകളാൽ ആവിഷ്‌കരിച്ചിരിക്കുകയാണ് ചിദംബരസ്മരണയിലൂടെ. അദ്ദേഹത്തിന്റെ സ്മരണാഗ്രന്ഥമായ ഈ ചിദംബരസ്മരണ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ചിദംബരസ്മരണ ഇന്നുവരെ കാണാത്ത അറിയാത്തലോകം ഒരുപാട് ജീവിതങ്ങൾ, അനുഭവങ്ങൾ, അനുഭൂതികൾ, സന്ദർഭങ്ങൾ, ചില അനർഘ നിമിഷങ്ങൾ, ഭ്രൂണഹത്യ മുതൽ ഒഴിവുകാലം വരെയുള്ള ഓർമ്മക്കുറിപ്പുകളാണ് ചിദംബരസ്മരണയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

1998 ഡിസംബറിൽ ആണ് ഈ ബുക്കിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളായ കഥയെ അട്ടിമറിക്കുന്ന ജീവിതാനുഭവമാണ് ചിദംബരസ്മരണം. ബാലചന്ദ്രൻ ചുള്ളിക്കാട് ആരായിരുന്നു എന്നറിയുവാനുള്ള ഒരുപാട് കാര്യങ്ങൾ ഈ നോവലിൽ പറയുന്നുണ്ട്. മഹാരാജാസ് കോളേജിൽ ഒന്നിച്ചു പഠിച്ച രാധൻ എന്ന സുഹൃത്തിനെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.

ചുള്ളിക്കാട് തന്റെ രചനകളുടെ ആവിഷ്ക്കരണ തന്ത്രത്തിലും സമകാലികരിൽ നിന്നും പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാള കവിതകളിൽ അദൃഷ്ട പൂർവ്വങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനയിലെ സവിശേഷതകളാണ്.

സ്വദേശം എറണാകുളം ജില്ലയിലെ പറവൂർ ആണ്. മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തീഷ്ണ ക്ഷോഭത്തിന്റെ ആവിഷ്ക്കാരമാണ് അയാളുടെ കവിതകൾ.

ദാരിദ്ര്യവും തൊഴില്ലായ്മയും ആരാഷ്ട്രീയതയും പുകപിടിച്ച ജീവിതമോഹങ്ങളും എല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് അദ്ദേഹത്തിന്റെ കവിതകൾ. ആസ്വാസ്ഥ്യപൂരിതമായ മനസ്സാണ് അയാളുടേത്. രോഗവും ദുഖവും
അരിശവും നിരാശയും പ്രത്യാശ ഭംഗവും അതിൽ നിഴലിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ എന്നത് ജനപ്രീതി നേടിയ ആത്മാനുഭവ കഥയാണ്. 1998 ഡിസംബറിൽ ആണ് ഈ ബുക്കിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ജീവിതാനുഭവങ്ങളാണ് ഈ കഥയെ അട്ടിമറിക്കുന്ന ജീവിതാനുഭവം.

ജീവിത സത്യങ്ങൾ ആവിഷ്കരിക്കുമ്പോൾ ആത്മകഥാകാരന്മാർ സ്വീകരിക്കുന്ന പുറംപൂച്ചുകളൊന്നും ചുള്ളിക്കാടിനില്ല. തൻ്റെ അനുഭവങ്ങൾ, വ്യഥകൾ, ആത്മാവിൻ്റെ നീറ്റലുകൾ എന്നിവ ചുറ്റുവട്ടത്തിൻ്റെ പരിഭവങ്ങൾക്കൊപ്പം രേഖപ്പെടുത്തുമ്പോൾ തൻ്റെ ഉള്ളിലുള്ള ദുഷ്ചിന്തകളെയും തനിക്ക് പറ്റിയ പിശകുകളെയും ദുർമോഹങ്ങളെയും ചാപല്യങ്ങളെയും വിട്ടു കളയാൻ ചുള്ളിക്കാട് തയ്യാറാകുന്നില്ല. തന്നെത്തന്നെ രൂക്ഷമായ ആത്മവിമർശനത്തിന് പാത്രമാക്കുകയാണ് ചിദംബര സ്മരണയിൽ. മങ്ങിപ്പോകാതെ മനസ്സിൽ അവശേഷിച്ച ജീവിത രംഗങ്ങളാണ് ചുള്ളിക്കാട് ആവിഷ്കരിച്ചത്. ജീവിതത്തെ ഒരു മഹാത്ഭുതമായി അദ്ദേഹം വീക്ഷിക്കുന്നു. എപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് ജീവിതം കാത്തു വെയ്ക്കുന്നുവെന്ന് ചുള്ളിക്കാട് കരുതുന്നു. ഭ്രൂണഹത്യ, ഇരന്നുണ്ട ഓണം, ചോരയുടെ വില, ചിദംബര സ്മരണ, തീപ്പാതി, മന്ത്രവാദി, അച്ഛൻ എന്നിങ്ങനെ 39 അദ്ധ്യായങ്ങൾ. കുടുംബത്തിൽ നിന്നും സതീർത്ഥ്യരിൽ നിന്നും സഹചരരിൽ നിന്നും ആത്യന്തികമായി സമൂഹത്തിൽ നിന്നു തന്നെ പഠിച്ച പാoങ്ങൾ. ചോരകൊണ്ടെഴുതിയ ജീവിത ചിത്രങ്ങൾ എന്ന് ചിദംബര സ്മരണയിലെ കഥനങ്ങളെ വിശേഷിപ്പിക്കാം.

കഥാതന്തു :-

മഹാരാജാസ് കോളേജിൽ പഠിക്കുന്ന രണ്ടു കോളേജ് വിദ്യാർത്ഥികൾ തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രമേയം. അന്നത്തെ കാലത്തുപോലും വീട്ടുകാരുടെ അവസ്ഥയെ പറ്റി ചിന്തിക്കുന്നു. അവർക്ക് ഓണസമ്മാനം കൊടുക്കണമെന്ന് ചിന്തിക്കുന്ന കൂട്ടുകാരനും വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ പറ്റാത്ത മറ്റൊരു കൂട്ടുകാരനും തമ്മിലുള്ള സംഭാഷണമാണിത്.

ചിദംബരം ക്ഷേത്രത്തിൽ അദ്ദേഹം എത്തിയപ്പോൾ രാത്രിയായി. ഭക്തജനം പിരിഞ്ഞു കഴിഞ്ഞു. ഗോപുര വാതിൽ അടക്കാറായി. വിശാലമായ കരിങ്കൽ നടയിൽ തൂണുകളുടെ ഇടയിൽ ഭിക്ഷാടകരും  തീർത്ഥാടകരും ഉറങ്ങാൻ തയ്യാറായി. ഭാണ്ഡം നിലത്തുവെച്ചു ഒരു തൂണിൽ ചാരി അദ്ദേഹം നിലത്തിരുന്നു. രചയിതാവ് ഇവിടെ വർണ്ണിക്കുന്നത് ഇപ്രകാരമാണ് ചിദംബര ഗോപുരത്തിന്റെ കൊടുമുടിയിൽ തിങ്കൾ കലർന്നിരിക്കുന്നു. ചുടലഭസ്മം പോലെ നിലാവ് പൊഴിഞ്ഞു നടരാജമൂർത്തിയുടെ ശില്പപ്രപഞ്ചം എനിക്ക് ചുറ്റും സ്തംഭിച്ചു നിന്നു. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ എവിടെയോ ഏകാന്തമായ ഘണ്ടാനാദം മുഴങ്ങി ദിശയുടെ നാമശൂന്യതയിൽ ലയിച്ചു എന്നാണ് കവി പറയുന്നത്. അല്പമകലെ തൂണുകൾ ക്കിടയിൽ ഒരു വൃദ്ധനും വൃദ്ധയും അലൂമിനിയ പാത്രത്തിൽ ചോറുവാങ്ങി വൃദ്ധയുടെ വായിൽ വെച്ചു കൊടുക്കുകയാണ് വൃദ്ധൻ. ഇവിടെ രചയിതാവ് എടുത്തു കാണിക്കുന്നത് ആ വൃദ്ധ ദമ്പതികളുടെ പ്രണയത്തെയാണ്.

ചിദംബരസ്മരണ ഇന്നുവരെ കാണാത്ത അറിയാത്ത ലോകം. ഒരുപാട് ജീവിതങ്ങൾ, അനുഭവങ്ങൾ, അനുഭൂതികൾ, കരച്ചിലുകൾ, സന്ദർഭങ്ങൾ, ചില അനർഘ നിമിഷങ്ങൾ, ഭ്രൂണഹത്യ മുതൽ ഒഴുവുകാലം വരെയുള്ള 39 ഓർമ്മക്കുറിപ്പുകളാണ്
ചിദംബരസ്മരണയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വായനക്കാരെ അത്രയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഓർമ്മകൾ, പിറക്കാതെപോയ കുഞ്ഞു മുതൽ ജീവിതത്തിന്റെ അവസാനദിനങ്ങളിലും പ്രണയം കരുതലായി നിറയുന്ന വൃദ്ധ ദമ്പതികൾവരേയും അമ്മ മുതൽ, മഹാപ്രതിഭകളും, ഭ്രാന്തൻവരേയും ലോകത്തിന്റെ നാനാദിക്കുകളിലേയ്ക്കും ഈ സ്മരണാ സാഗരം നമ്മെ കൂട്ടികൊണ്ട് പോകുന്നു.

ജീവിതം ഒരാൾക്ക്‌ നൽകുന്ന കടുത്ത അനുഭവങ്ങളും, കഠിനമായ ദാരിദ്ര്യവും വേദനയും അത്ഭുതവും ധൈര്യം എന്നിവകൊണ്ടാകാം ആത്മരോഷത്തിന്റെയും പാപബോധത്തിന്റേയും സാക്ഷ്യപത്രം എന്ന് ചിദംബരസ്മരണ വിശേഷിക്കപ്പെടുന്നത്.
ജീവിതാനുഭവങ്ങൾ തന്നെയാണ് ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. എത്ര പ്രതിഭ ജന്മനാ ഉണ്ടെന്നു പറഞ്ഞാലും അതിനെ ആവിഷ്‌കരിക്കാൻ എത്ര വായനക്കാരുടെ സഹായം ഉണ്ടെന്നു വാദിച്ചാലും സൗഹൃദയ ഹൃദയങ്ങളിൽ ഇടം പിടിക്കുന്ന കൃതികളിലെല്ലാം എഴുത്തുകാരന്റെ ഇത്തരത്തിലുള്ള ആത്മാവിഷ്ക്കാരത്തിന്റെ കാണികകൾ കാണാം.

ഉരുകിയൊലിക്കുന്ന ലാവപോലെയാണ് ചുള്ളിക്കാടിന്റെ കവിതകൾ.

ചിദംബരസ്മരണ ഇന്നുവരെ കാണാത്ത അറിയാത്ത ലോകം. ഒരുപാട് ജീവിതങ്ങൾ, അനുഭവങ്ങൾ, അനുഭൂതികൾ, കരച്ചിലുകൾ, സന്ദർഭങ്ങൾ, ചില അനർഘ നിമിഷങ്ങൾ, ഭ്രൂണഹത്യ മുതൽ ഒഴുവുകാലം വരെയുള്ള 39 ഓർമ്മക്കുറിപ്പുകളാണ്
ചിദംബരസ്മരണയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വായനക്കാരെ അത്രയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഓർമ്മകൾ, പിറക്കാതെപോയ കുഞ്ഞു മുതൽ ജീവിതത്തിന്റെ അവസാനദിനങ്ങളിലും പ്രണയം കരുതലായി നിറയുന്ന വൃദ്ധ ദമ്പതികൾവരേയും അമ്മ മുതൽ, മഹാപ്രതിഭകളും, ഭ്രാന്തൻവരേയും ലോകത്തിന്റെ നാനാദിക്കുകളിലേയ്ക്കും ഈ സ്മരണാ സാഗരം നമ്മെ കൂട്ടികൊണ്ട് പോകുന്നു.

ജീവിതം ഒരാൾക്ക് നൽകുന്ന കടുത്ത അനുഭവങ്ങളും കഠിനമായ വേദനയും അത്ഭുതവും ധൈര്യം എന്നിവ കൊണ്ടാകാം ആത്മരോഷത്തിന്റേയും പാപബോധത്തിന്റെയും സാക്ഷ്യപത്രം എന്ന് ചിദംബരസ്മരണ വിശേഷിക്കപ്പെടുന്നത്.

ജീവിതാനുഭവങ്ങൾ തന്നെയാണ് ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. എത്ര പ്രതിഭ ജന്മനാ ഉണ്ടെന്നു പറഞ്ഞാലും അതിനെ ആവിഷ്‌കരിക്കാൻ എത്ര വായനക്കാരുടെ സഹായം ഉണ്ടെന്നു വാദിച്ചാലും സൗഹൃദയ ഹൃദയങ്ങളിൽ ഇടം പിടിക്കുന്ന കൃതികളിലെല്ലാം എഴുത്തുകാരന്റെ ഇത്തരത്തിലുള്ള ആത്മാവിഷ്ക്കാരത്തിന്റെ കാണികകൾ കാണാം.

എസ്. ബാലചന്ദ്രൻ നായരാണ് ഈ കഥയ്ക്ക് ആമുഖം എഴുതിയിരിക്കുന്നത്.

ഭ്രൂണഹത്യ (അഥവാ പിറക്കാത്ത മകന്) എന്ന കവിതയുടെ അദ്ദേഹം ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്.

ഭ്രൂണഹത്യ എന്ന അദ്ധ്യായത്തിൽ എറണാകുളം മഹാരാജാസിൽ പഠിക്കുന്ന സന്ദർഭത്തിലുണ്ടായ ഒരു അനുഭവത്തെയാണ് വിഷയമാക്കുന്നത്. അതിൻ്റെ കാര്യവും കാരണവും ഒക്കെ ചുള്ളിക്കാട് തന്നെയായിരുന്നു. എറണാകുളം മഹാരാജാസിൽ സഹപാഠിയായ വിജയലക്ഷ്മിയെയാണ് പ്രണയ സാഹസികതയോടെ ചുള്ളിക്കാട് വിവാഹം ചെയ്തത്. 1981 കാലം. ചുള്ളിക്കാട് രണ്ടാം വർഷ ബി.എ.ക്ക് പഠിക്കുമ്പോഴാണ് വിജയലക്ഷ്മിയെ വിവാഹം ചെയ്തത്. വീടോ രക്ഷിതാക്കളുടെ തണലോ ഇല്ലാതെ ഹോസ്റ്റലുകളിൽ കഴിയുന്നു. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് താൻ പ്രഗ്നന്റ് ആണെന്ന് വിജയലക്ഷ്മി വെളിപ്പെടുന്നത്. നീ എന്തിനു ഭയക്കുന്നു? പട്ടിയും പൂച്ചയും അടക്കം പ്രസവിക്കുന്നില്ലേ? അടുത്തു ധർമ്മാ സ്പത്രിയില്ലേ? ചുറ്റും അദ്ധ്യാപകരും ആയിരക്കണക്കിന് വിദ്യാർത്ഥികളുമില്ലേ? എന്ന് ആശ്വസിപ്പിച്ചു ചുള്ളിക്കാട്. എൻ്റെ കൂടെയുണ്ടായാമതി. എന്തും സഹിച്ചോളാമെന്ന് വിജയലക്ഷ്മി. എങ്കിലും ജീവിക്കാൻ എഴുത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തെയും സുഹൃത്തുക്കളെയും ആശ്രയിക്കുന്ന തങ്ങൾക്ക് എങ്ങനെയാണ് കുട്ടിയെ വളർത്താനാവുക? ചുള്ളിക്കാട് ആശങ്കാകുലനായി. കുട്ടിയെ പോറ്റുകയെന്നത് ദാരിദ്ര്യം നിറഞ്ഞ ഈ പശ്ചാത്തലത്തിൽ അസാദ്ധ്യമാണ്. അതിനാൽ ഭ്രൂണഹത്യ മാത്രമാണ് പോംവഴി. കോളേജിനടുത്തുള്ള ലക്ഷ്മി ഹോസ്പിറ്റലിലെ ഡോക്ടർ ശാന്താ വാര്യരെ കണ്ടു. ആദ്യം അവർ വിസമ്മതമറിയിച്ചെങ്കിലും കായലിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വഴങ്ങി. ഭ്രൂണഹത്യയ്ക്ക് വിജയലക്ഷ്മി അനുകൂലമല്ലായിരുന്നുഎങ്കിലും വിജയലക്ഷ്മിയെ ഭീഷണി കൊണ്ടും ബലപ്രയോഗം കൊണ്ടും സമ്മതിപ്പിച്ചു. കടം മേടിച്ച പണത്താൽ ആസ്പത്രിയിലെത്തി. സമ്മതപത്രം ഒപ്പിടേണ്ടിയിരുന്നു. വിജയലക്ഷ്മിയുടെ വയറ്റിൽ കിടന്ന് ഭ്രൂണം വിലപിക്കുകയാണ്. എൻ്റെ പൊന്നച്ഛോ എന്നെ കൊല്ലരുതേ. സൂര്യകിരണങ്ങളേല്ക്കാനും ഭൂമിദേവിയെ സ്പർശിക്കാനും പാലിന്റെ രുചി അറിയാനുമുള്ള അനുവാദം എനിക്ക് തരണം .എന്നെ കൊല്ലരുതേ അച്ഛാ. ചുള്ളിക്കാട് ഒന്നും കേട്ടില്ല. സങ്കടക്കടലേന്തുമ്പോഴും സമ്മതപത്രം ഒപ്പിട്ടു നല്കി. വിജയലക്ഷ്മിയേയും കൊണ്ട് സിസ്റ്റർ മുറിയിലേക്ക് പോയി. നിർഭാഗ്യവാനായ മകനേ, നിർഭാഗ്യവതിയായ അമ്മേ മഹാപാതകിയായ എന്നോടു പൊറുക്കണേ. ഗതികെട്ട ഒരു മാതാപിതാക്കളുടെ ശോചനീയമായ അവസ്ഥയേയും അതേ തുടർന്നുള്ള ഹൃദയവികാരവുമാണ് ഈ കഥയിൽ വരച്ചു കാട്ടുന്നത്.

ഇത്രയുമായപ്പോഴേക്കും ചുളളിക്കാടിനു മുന്നിൽ കണ്ണുനീരിൻ്റെ കരിങ്കടൽ കടഞ്ഞ് സർപ്പകേശിനിയും രക്ത നേത്രയുമായ കാവ്യദേവത വിഷകുംഭവുമായി ഉയർന്നു വന്നു. ആ കാകോളകുംഭം ഏറ്റുകുടിക്കെ ഉറക്കെപ്പാടി:

”ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടെ നീയെൻ മകനേ…. ”

പിറക്കാത്ത മകന് എന്ന കവിത ഇവിടെ കടുത്ത ക്ഷോഭശാപങ്ങളിലൂടെ പിറന്നു വീഴുന്നു.

ഒറ്റപ്പെടുമ്പോൾ അത്താണിയായ് കൂടെ നിന്നു സഹായിച്ച ഒരു വ്യക്തിത്വത്തെയാണ് ‘ഏതു നാടകമായിരുന്നു അത് ‘ എന്ന അദ്ധ്യായത്തിൽ ചുള്ളിക്കാട് അനുസ്മരിക്കുന്നത്. കേരള കോൺഗ്രസ്സ് നേതാവായിരുന്ന ജോസഫ് പുതുശ്ശേരിയുടെ മാനുഷികതയെയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഹോസ്റ്റൽ ഫീസ് (മഹാരാജാസ് കോളേജ്) ആറു മാസത്തെ കുടിശ്ശിക വരുത്തിയെന്ന കാരണത്താൽ ചുള്ളിക്കാടിനെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. ഇനി എങ്ങോട്ട്, എപ്രകാരം എന്നിങ്ങനെ ആലോചിച്ച് വഴിമുട്ടി ഹോസ്റ്റൽ വാതില്ക്കൽ നില്ക്കുമ്പോൾ ജോസഫ് പുതുശ്ശേരി ഒരു കറുത്ത കാറിൽ പ്രത്യക്ഷനായി. കാറിൽ നിന്ന് ആജാനബാഹുവായ ഒരു മനുഷ്യൻ പുറത്തിറങ്ങി. പഴയ മഹാരാജാസാണ് അദ്ദേഹം.ബെസ്റ്റ് ആക്ടർ. സ്നേഹത്തോടെ, സന്മനസ്സോടെ, ഹൃദയപൂർവം ചുളളിക്കാടിനെ അദ്ദേഹം ഉൾക്കൊണ്ടു. എനിക്കാരുമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ, അപ്പറഞ്ഞത് തെറ്റെന്നും മോന് രണ്ടു പേരുണ്ട്: ഒന്ന് ഈ ജോസപ്പേട്ടൻ, മറ്റൊന്ന് ദൈവം എന്നും അദ്ദേഹം ദൃഢസ്വരത്തിൽ വ്യക്തമാക്കി.കൂട്ടത്തിൽ ദാരിദ്ര്യത്തോടും അവഗണനയോടും നിന്ദയോടും യാതന യോടും മല്ലിട്ടു വളർന്ന തൻ്റെ കഥ ജോസപ്പേട്ടൻ പറഞ്ഞു.പിന്നീട് 16 വർഷങ്ങൾ അദ്ദേഹം തുണയായി നിന്നു. എന്നാൽ ഇന്ന് അദ്ദേഹം കൂടെയില്ല. എറണാകുളത്തിൻ്റെ പൊന്നോമന പുത്രൻ അദ്ദേഹത്തിൻ്റെ ഭവനത്തിലേക്ക് അന്ത്യയാത്രയായി. ഈ സന്ദർഭത്തിൽ ഒരു വൃദ്ധൻ മറ്റൊരു വൃദ്ധനോട് പറയുന്ന വാക്കുകൾ ബാലചന്ദ്രൻ ഓർത്തു: ‘നല്ല മനുഷ്യർ വേഗം കടന്നു പോകുന്നു. നമ്മളെ കാലനും വേണ്ട’. 1981 ലെ സന്ധ്യ.ഹതാശനായ വിദ്യാർത്ഥി. കറുത്ത കാർ. വലിയ ആ മനുഷ്യൻ.. ഏതു നാടകമായിരുന്നു അത്? ജോസപ്പേട്ടൻ പകർന്ന ആത്മവിശ്വാസം ഇപ്പോഴും മനസ്സിൽ തുടിക്കുന്നു: മോന് രണ്ടു പേരുണ്ട്. ഒന്ന് ജോസപ്പേട്ടൻ. മറ്റൊന്ന് ദൈവം.

‘ഇരന്നുണ്ട ഓണം’എന്ന കഥയിൽ നിന്ന്.
യാതനകളുടെ മറ്റൊരു പർവമാണ് ‘ഇരന്നുണ്ട ഓണ’ത്തിൽ ചുള്ളിക്കാട് തുറന്നു കാട്ടുന്നത്. 1978 ലെ ഒരോണം. വീടും നാടും പഠിപ്പും ഒഴിവാക്കി നക്സലൈറ്റുകൾക്കായി കവിത ചൊല്ലി നടക്കുന്ന കാലം. മഹാരാജാസിലെ തത്ത്വശാസ്ത്ര വിദ്യാർത്ഥിയായ കെ.എസ്.രാധാകൃഷ്ണൻ്റെ (രാധൻ) മുറിയായിരുന്നു താവളം. രാധൻ്റെ കുടുംബം ദരിദ്രമായിരുന്നു. അച്ഛൻ മരിച്ചു പോയി. മീൻപിടുത്തം മുതൽ കൂലിപ്പണി വരെയെടുത്താണ് രാധൻ കുടുംബം പുലർത്തിയിരുന്നത്. ചുളളിക്കാടിനെയും പലപ്പോഴും പുലർത്തേണ്ടി വന്നു. ചുള്ളിക്കാടിൻ്റെ ആശയസംഹിതയോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും സഹോദര സ്നേഹവും വാത്സല്യവും ഉത്തരവാദിത്തവും അവൻ പ്രകടിപ്പിച്ചു.

ഓണത്തിന് ഹോസ്റ്റൽ ഒഴിയണമെന്ന് രാധൻ പറഞ്ഞത് ചുള്ളിക്കാടിൽ ഞെട്ടലുണ്ടാക്കി. വീട്ടിൽ പോകാൻ പറഞ്ഞപ്പോ, എന്ത് വീട്? ആ നരകത്തിലേക്ക് തിരിച്ചു പോവാനോ എന്ന് ചിന്തിച്ചു. ഇല്ലെങ്കിൽ എൻ്റെ കൂടെ വാ എന്നായി രാധൻ. അവൻ്റെ വീട് വളരെ ചെറുതാ. അംഗങ്ങൾ നാലഞ്ചുണ്ട്. ഓണമായിട്ട് ആരാൻ്റെ വീട്ടിൽ ചെന്ന് കിടക്കുന്നത് നാണക്കേടാണെന്ന് അഭിമാനം ഉണർന്നു. രാധനോട് 50 രൂപാ കടം ചോദിച്ചു. ഒരു പാട് കാര്യങ്ങൾ അവന് ഒരുക്കാനുണ്ട്. 5 രൂപാ നല്കിയപ്പോൾ ബാലചന്ദ്രൻ അത് വലിച്ചെറിഞ്ഞു. കാശിൻ്റെ വില അറിയില്ലെന്നും അദ്ധ്വാനിച്ച് ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി. വീട്ടിൽ വേണ്ടത്രയുണ്ട്. അഹങ്കാരം കൊണ്ട് തെണ്ടുകയാ. തുടർന്ന് ആത്മാർത്ഥമായി അവൻ ഉപദേശിച്ചു. നീ ഓണത്തിന് വെശന്ന് കിടക്കുമ്പോ എനിക്ക് ചോറ് എറങ്ങൂല ബാലാ എന്ന് രാധൻ വിഷാദിച്ചു.

ആ അഞ്ചു രൂപയും മേടിച്ച് തുണി സഞ്ചിയും തൂക്കി പുറത്ത് കടന്നു. രാത്രി ബസ്റ്റാൻഡിൽ കിടന്നുറങ്ങി.ഉത്രാട മെത്തുമ്പോഴേക്കും കയ്യിലെ കാശു തീർന്നു. ഓണദിവസം കടകൾ അടഞ്ഞുകിടന്നു. ബാലചന്ദ്രൻ തളർന്നു കിടന്നു.ഉച്ചയായപ്പോൾ എഴുന്നേറ്റ് പ്രാഞ്ചിനടന്നു. വിശപ്പ് സഹിച്ചു കൂടാ.

ഒരു വീടിൻ്റെ മുന്നിലെത്തി. ഗേറ്റ് തുറന്ന് അകത്ത് കടന്നു. അന്വേഷിച്ചു വന്ന വൃദ്ധയോട് ദൂരെ നിന്ന് വരികയാണെന്നും വിശന്നിട്ട് വയ്യ, ഹോട്ടലുകൾ പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞു.ആരോ തിരക്കിയപ്പോൾ ഒരു കുട്ടി പിച്ചക്കാരനാണെന്ന് പറഞ്ഞു. വൃദ്ധ ചുള്ളിക്കാടിനെ വീടിൻ്റെ വടക്കു പുറത്തേക്ക് നയിച്ചു. ഇലയിട്ടു. ഭവ്യതയോടെ ഊണാരംഭിച്ചു. അപ്പോഴാണ് ഒരു പെൺകുട്ടി കടന്നു വന്നത്. അവൾ തിരിച്ചറിഞ്ഞു. ഇത് കവിയാണ്.ബാലചന്ദ്രൻ ചുള്ളിക്കാട്.ഇത് പിച്ചക്കാരനല്ലെന്ന് അവൾ വ്യക്തമാക്കി.കടമ്മനിട്ടേടേം സുഗതകുമാരീടേം കൂടെ കോളേജിൽ കവിത ചൊല്ലാൻ വന്നിരുന്നു. എഴുന്നേറ്റ് ഓടാൻ തോന്നി. ഓടിയില്ല. അഭിമാനത്തേക്കാൾ വലുത് അന്നം തന്നെ. തിരിച്ചറിഞ്ഞപ്പോൾ അകത്തിരുന്ന് ഉണ്ണാമായിരുന്നുവെന്ന് വീട്ടുകാർ. അവരോട് ഹോട്ടലൊന്നും തുറക്കാത്തതു കൊണ്ടാണെന്ന് ഒന്നുകൂടി വ്യക്തമാക്കി. നീട്ടിയ പായസം നിരസിച്ചു. മധുരം കഴിച്ചാൽ ഉറക്കം വരും. ഒരു പാട് ദൂരെ പോകാനുണ്ട്. എല്ലാവരെയും തൊഴുത് പിൻവലിഞ്ഞ് തെരുവിലേക്ക് നടന്നു.

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട നിമിഷങ്ങളെ എങ്ങനെ തരണം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് യാദൃച്ഛികം’ എന്ന കഥ.

അമേരിക്കയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ലളിത എന്ന സുഹൃത്ത് പകർന്ന അനുഭവങ്ങളാണ് വിവരിക്കുന്നത്. 1998 ൽ ജൂലൈ മാസത്തിൽ അമേരിക്കയിലെ റോച്ചസ്റ്റർ നഗരത്തിൽ, ഫൊക്കാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലളിത എങ്ങിനെയുണ്ട് ബാലചന്ദ്രാ അമേരിക്ക എന്ന് ചിരിച്ചു ചോദിച്ചു കൊണ്ട് സമീപത്തെത്തിയത്.പണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൻ്റെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ഫോറൻസിക് എക്സിബിഷൻ കാണാൻ ചെന്ന ചുള്ളിക്കാടിന് കീറിമുറിച്ചു ശവം കണ്ട് തലകറക്കമുണ്ടായി. അന്ന് അതിൽ നിന്നും ഹൃദയവും കരളും ഒക്കെ ഗ്ലൗസിട്ട കയ്യു കൊണ്ട് എടുത്ത് സന്ദർശകരെ കാണിച്ച് വിശദീകരിച്ച ചങ്കൂറ്റമുള്ള പെൺകുട്ടിയായിരുന്നു ലളിത. ബാല്യകാല സുഹൃത്തും മെഡിക്കൽ വിദ്യാർത്ഥിയുമായ ജയനാണ് ലളിതയെ പരിചയപ്പെടുത്തിയത്.

ജ്യേഷ്ഠൻ്റെ കൂടെയാണ് ലളിത അമേരിക്കയിലെത്തിയത്. നാട്ടിലെ എഞ്ചിനീയറെ കല്യാണം കഴിച്ചു. രണ്ടു കുട്ടികൾ. എന്നാൽ അമേരിക്കയിൽ എത്തിയപ്പോൾ അയാൾ ഒരു മദാമ്മയെ വിവാഹം ചെയ്തു. ലളിത വേറെ വിവാഹം ചെയ്തില്ല. ഇനി നാട്ടിലേക്കില്ല. കുശുമ്പും കുന്നായ്മയും തൊഴിലാക്കിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലേക്കില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ ചുള്ളിക്കാടിൻ്റെ ആരോഗ്യവും ലളിത വിലയിരുത്തി. കള്ളുകുടി നിർത്തണം. ഇപ്പോൾ കള്ളു മേടിച്ചു തരാൻ നിരവധി പേരുണ്ടാകും. അസുഖം വന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അവയവങ്ങളൊക്കെ തകരാറിലാകും – ലളിത താക്കീതു ചെയ്തു.

ഫൊക്കാനാ സമ്മേളനം സമാപിക്കുന്ന ദിവസവും സുഖാന്വേഷണവുമായി ലളിത വന്നു. ലളിത ചിരിച്ചു കൊണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി പറഞ്ഞു കൊടുത്തു.

വിട പറയുമ്പോൾ കുറച്ചുതുക ചുള്ളിക്കാടിൻ്റെ കയ്യിൽ ലളിത ഏല്പിച്ചു. കണ്ണുകളിൽ നനവോടെ ഒരിക്കൽ കൂടി ചുള്ളിക്കാടിനെ ആശീർവദിച്ച് മുറിയിൽ നിന്നിറങ്ങിപ്പോയി.

പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ചു വിജയിച്ച ലളിതയെന്ന ഇച്ഛാശക്തിയുള്ള സ്ത്രീയുടെ വാങ്മയ ചിത്രമാണ് ചുള്ളിക്കാട് ‘യാദൃച്ഛിക’ത്തിൽ അവതരിപ്പിച്ചത്.

രാജകുമാരിയും യാചക ബാലനും’ എന്ന അദ്ധ്യായത്തിൽ മാധവിക്കുട്ടിയോടുള്ള ആരാധനയെയും സ്നേഹനിർവിശേഷമായിട്ടുള്ള അവരുടെ പെരുമാറ്റ രീതികളെയുമാണ് ചുള്ളിക്കാട് അവതരിപ്പിക്കുന്നത്. ഈ അദ്ധ്യായത്തിൽ രാജകുമാരി മാധവിക്കുട്ടിയും യാചക ബാലൻ ബാലചന്ദ്രൻ ചുള്ളിക്കാടുമാണ്. മാധവിക്കുട്ടി ഉന്മാദിനിയായ രാജകുമാരിയാണെന്നാണ് കുട്ടിക്കാലത്ത് ചുള്ളിക്കാട് കരുതിയത്. അതിസുന്ദരനായ ഏതോ രാജകുമാരനാൽ വഞ്ചിതയായവൾ.അവരുടെ കഥകൾ ബാലചന്ദ്രനിൽ അസ്വാസ്ഥ്യം വിതച്ചു. മാധവിക്കുട്ടി തിരുവനന്തപുരത്ത് താമസമാക്കിയെന്നറിഞ്ഞപ്പോൾ അവരെ ചെന്നു കാണാനുറച്ചു. നടന്നു ക്ഷീണിച്ച് സമുദ്രതാര എന്ന വീട്ടിൽ എത്തുമ്പോൾ രാജ്ഞിയെപ്പോലെ മാധവിക്കുട്ടി ഇരിപ്പുണ്ടായിരുന്നു. വലിയ ഒരു സ്ത്രീ.മുഖത്ത് രാജകീയ കുലീനത. ചുള്ളിക്കാട് ഭയത്തോടും ആദരവോടും തൊഴുതു. പേരുകേട്ടപ്പോൾ അവർ തിരിച്ചറിഞ്ഞു. സ്നേഹപൂർവം ഉള്ളിലേക്ക് ക്ഷണിച്ചു. നഖം വെട്ടാൻ പറഞ്ഞു. ഊണ് വിളമ്പി. സ്നേഹത്തോടെ സംസാരിച്ചു. തിരിച്ചുപോരുമ്പോൾ ചുള്ളിക്കാട് ഓർത്തു പോയി .. ‘ദൈവമേ, വത്സലയും ദാനശീലയും സ്നേഹമയിയുമായ ഈ പാവം സ്ത്രീയാണോ അല്ല തീഷ്ണമായ വാക്കുകൾ കൊണ്ട് ലോകത്തെ വിറപ്പിക്കുന്ന കലാപകാരി? ‘

മാധവിക്കുട്ടി പകർന്നു നല്കിയ ഹൃദ്യമായ അനുഭവം ഓർക്കുകയാണ് ചുള്ളിക്കാട് . ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. വിരലുകളില്ലാത്ത അമ്മയും, രംഗസ്വാമിയും, കനകാംബാളും, മാലതി ചേച്ചിയും എല്ലാം കണ്ണീരിലാഴ്ത്തിയവയാണ്. ഭ്രാന്തൻ മോഹനന്റെ ജീവിതത്തെ കുറിച്ചറിയുമ്പോൾ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളോട് ഒരു നിമിഷം നമുക്ക് സാമരസ്യപ്പെടാനാകാതെ വരും. ജീവിതത്തെ പഴിച്ചുപോകും. കണ്ണീരോടെ അല്ലാതെ ഇതൊന്നും വായിക്കാൻ കഴിയില്ല.

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അനുഭവങ്ങളും ഓർമ്മകളുമാണ് ചിദംബര സ്മരണയുടെ കനൽ. ഋജുവായ ആഖ്യാനം. ജീവിതത്തിൻ്റെ സാർത്ഥകതയിലേക്കുള്ള അർത്ഥാന്തരം ചുള്ളിക്കാടിൻ്റെ രചനകളുടെ പൊരുളാകുന്നു. വളരെ നൈമിഷികമായ ജീവിതാനുഭവങ്ങൾ പോലും തീവ്രവും തീക്ഷ്ണവുമായ പുകച്ചിൽ ഹൃദയത്തിലുളവാക്കാൻ സമർത്ഥങ്ങളാണ്. ബാല ചാപല്യങ്ങളും കൗമാരത്തിൻ്റെ ഭ്രമങ്ങളും യുവത്വത്തിൻ്റെ എടുത്തു ചാട്ടങ്ങളും മോഹഭ്രംശങ്ങളും ആത്മാഭിമാനത്തിൻ്റെ മകുടത്തിനേറ്റ ക്ഷതങ്ങളും സമർത്ഥമായി, ആഖ്യാതാവിനോട് ആസ്വാദകനെ സമരസപ്പെടുത്തും വിധം ആഖ്യാനം ചെയ്യാൻ സാധിച്ചിരിക്കുന്നുവെന്നതാണ് സമാനസ്വഭാവമുള്ള കൃതികളിൽ നിന്നും ചിദംബര സ്മരണയെ വേറിട്ടതാക്കുന്നത്.

അവാർഡുകൾ

1990-ൽ, ഇന്ത്യയിലെ ഏറ്റവും മികച്ച യുവ എഴുത്തുകാരനുള്ള സംസ്കൃതി ​​അവാർഡ് അദ്ദേഹം നിരസിച്ചു, തന്റെ സാഹിത്യകൃതികൾക്ക് ഒരു അവാർഡും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2001-ൽ, അദ്ദേഹത്തിന്റെ കൃതിയായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു , എന്നാൽ ചുള്ളിക്കാട് അവാർഡ് സ്വീകരിച്ചില്ല. 2003-ൽ, മികച്ച നോൺ-ഫീച്ചർ ഫിലിം നറേഷൻ വോയ്‌സ് ഓവർ (നോൺ ഫീച്ചർ ഫിലിം വിഭാഗം) എന്നതിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ദി 18 എലിഫന്റ്സ് – 3 മോണോലോഗ്സ് എന്ന ചിത്രത്തിന് ലഭിച്ചു .

അവതരണം: ശ്യാമള ഹരിദാസ്

RELATED ARTICLES

3 COMMENTS

  1. ചിദംബരം സ്മരണ അടിസ്ഥാന.ആക്കി ചുള്ളിക്കാടിൻ്റെ അനുഭവം നന്നായി വിവരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments