Logo Below Image
Wednesday, July 30, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം. 52) 'കാടിന്റെ മക്കൾ' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം. 52) ‘കാടിന്റെ മക്കൾ’ ✍ സജി ടി. പാലക്കാട്

ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽ വരെ മാത്രമേ റോഡ് ഉണ്ടായിരുന്നുള്ളൂ. തോട്ടം തൊഴിലാളികൾ മറ്റൊരു വഴിക്ക് തിരിഞ്ഞു. പ്രധാനാധ്യാപകനും, സദാനന്ദൻ മാഷും വൻ മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ ശ്രദ്ധയോടെ സാവധാനം നടന്നു. വൃക്ഷ ങ്ങൾക്കിടയിൽ ധാരാളം ചെറു സസ്യങ്ങൾ ഒരാൾ പൊക്കത്തിൽ നിൽപ്പുണ്ട്.

എടോ താൻ സൂക്ഷിച്ചില്ലെങ്കിൽ ഉരുളൻകല്ലിൽ തട്ടി മറിഞ്ഞു വീഴും കേട്ടോ. ഒന്നാമത് തന്റെ കാലിൽ റബർ ചെരിപ്പ് ആയതുകൊണ്ട് തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഒരു കാര്യം ചെയ്യ് താൻ മുമ്പിൽ നടന്നോളൂ “.

പ്രധാനാധ്യാപകൻ പറഞ്ഞു.

കുറച്ചു ദൂരം നടന്നപ്പോൾ മുന്നിൽ ചെരിഞ്ഞ പാറപ്പുറം. പാറയിടുക്കിലൂടെ വെള്ളം കിനിഞ്ഞൊഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ വഴുക്കലിന് സാധ്യത ഏറെ. വഴുവഴുപ്പുള്ള പാറയിലൂടെ ബാലൻസ് പിടിച്ചാണ് നടന്നത്. ലൂണാർ ചെരുപ്പ് ഊരി കയ്യിലും പിടിച്ചു. പാറപ്പുറത്ത് അവിടവിടെയായി ചുവപ്പും വെളുപ്പും നിറത്തിലുള്ള മഷിത്തണ്ട് ചെടി കാണാം.

ഒരു ചെറിയ കയറ്റം കയറി കഴിഞ്ഞപ്പോൾ തേക്കിൻ തോട്ടം ദൃശ്യമായി. ആകാശം മുട്ടെ വളർന്നുനിൽക്കുന്ന കൂറ്റൻ തേക്കു മരങ്ങൾ.

“എടൊ താൻ അവിടെ ഒന്ന് നിന്നെ.”

“എന്താ മാഷേ..? ”

സദാനന്ദൻ മാഷ് തിരിഞ്ഞുനിന്നു.

“ദാ ആ പാറയിൽ ഇരിക്കു.”

ഒരു പാറ ചൂണ്ടി കാണിച്ചു കൊണ്ട് പ്രധാനാദ്ധ്യാപകൻ പറഞ്ഞു.

“ഇനി ഇടതു കാൽ ഒന്ന് നീട്ടി കാണിച്ചേ…”

“അയ്യോ.. ചോര…”
പെട്ടെന്ന് സദാനന്ദൻ മാഷിന്റെ കണ്ണ് നിറഞ്ഞു… ”

“പേടിക്കാൻ ഒന്നുമില്ല, ഒരു അട്ട കടിച്ചതാണ്…”

ഇത് പറഞ്ഞുകൊണ്ട് ശിവദാസൻ മാഷ് ബാഗിൽ നിന്നും ഒരു ചെറിയ ഡപ്പ തുറന്ന് അതിൽ നിന്നും കുറച്ച് ഉപ്പ് എടുത്ത് അട്ട യുടെ മുകളിൽ വിതറി . അട്ട താഴെ വീണു. പേപ്പർ കൊണ്ട് രക്തം തുടച്ചു കളഞ്ഞു.

“വേദന ഉണ്ടൊ..?”

“ഇത്തിരി.. പക്ഷേ ചൊറിച്ചിൽ ഉണ്ട് ”

“സാരമില്ല ചൊറിച്ചിൽ അടുത്തദിവസം മാറിക്കോളും.
വരു.. നമുക്ക് നടക്കാം..”

ഇനി കുത്തനെയുള്ള ഇറക്കമാണ്. കയറ്റം കയറുന്നതിനേക്കാൾ ഏറെ പ്രയാസകരമാണ് ഇറക്കത്തിലൂടെയുള്ള നടത്തം . ദൂരെ ഒരു കോൺക്രീറ്റ് കെട്ടിടം കണ്ടപ്പോൾ സദാനന്ദൻ മാഷിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“അതാണോ മാഷേ സ്കൂൾ..?”

“അതെ… ”

“ഹാവൂ..ആശ്വാസം…..!”

കുട്ടികളുടെ കലപില ശബ്ദം അടുത്തടുത്ത് വന്നു. ഒറ്റ നിലയുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ അടുത്തടുത്ത് നിൽക്കുന്നു. ഒരു കെട്ടിടത്തിലേക്ക് പ്രധാനാധ്യാപകൻ കയറി.

“വരൂ… ഇതാണ് സ്കൂൾ..”
അപ്പുറത്തെ കെട്ടിടം ക്വാർട്ടേഴ്സ് ആണ്. ”

“എവിടെ ഓഫീസ് മുറി..?”

സദാനന്ദൻ മാഷ് ചോദിച്ചു.

“വരു.. ”

ശിവദാസൻ മാഷ് പറഞ്ഞു.

ആകെപ്പാടെ നാല് മുറികളുള്ള കെട്ടിടം.
ഒരു മുറി ഓഫീസ് ആയി ഉപയോഗിക്കുന്നു. മറ്റൊരു മുറിയിൽ കുറച്ചു കുട്ടികൾ ഇരിപ്പുണ്ട്. ഒരു സ്ത്രീ വടിയുമായി കുട്ടികളുടെ മുന്നിലുണ്ട്.
മറ്റ് മുറികളിൽ ആരുമില്ല.

“അതാരാ മാഷേ..?”

“അത് കഞ്ഞി വയ്ക്കുന്ന കുട്ടിയാണ്. ഞാൻ ഇല്ലാത്തപ്പോൾ
അവരാണ് കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുന്നത്”.

“അപ്പോൾ വേറെ ടീച്ചർമാർ ഇല്ല എന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നു അല്ലേ..?”

“അതെന്താടോ തനിക്ക് എന്നെ വിശ്വാസമില്ലേ..?”

” രണ്ടുദിവസത്തെ അനുഭവം വെച്ച് നോക്കുമ്പോൾ വിശ്വാസം ഇത്തിരി കുറവാണ്.. ”

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“മാരി ഇത് നമ്മ പുതിസ്സായ് വന്ത വാധ്യാര്..”

“വണക്കം സർ…”.

കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.

“ഓരോ ക്ലാസിലും പഠിപ്പിക്കുവാൻ ആളു വേണ്ടേ മാഷേ..?”

“എടോ, ഒന്നു മുതൽ നാലു വരെ ആകെ 32 കുട്ടികൾ മാത്രം..!
അതും പകുതി പേരും എന്നും സ്കൂളിൽ വരില്ല. എല്ലാ ക്ലാസിലെയും കുട്ടികളെ ഒരുമിച്ചിരുത്തിയാണ് ക്ലാസ് എടുക്കുന്നത്.”

ഹെഡ്മാസ്റ്ററുടെ മറുപടി കേട്ട് എന്ത് പറയണം എന്ന് അറിയാതെ സദാനന്ദൻ മാഷ് മരത്തിന്റെ കസേരയിൽ ഇരുന്നു.

ഭക്ഷണം കഴിക്കുവാനുള്ള ബെല്ലടിച്ചു.
കുട്ടികൾ നിലത്ത് ചമ്മറം പടിഞ്ഞിരുന്നു.
കഞ്ഞി വയ്ക്കുന്ന സ്ത്രീ കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു.
സദാനന്ദൻ മാഷ് ചെറുപയർ പാത്രത്തിലേക്ക് ഇട്ടുകൊടുത്തപ്പോൾ കുട്ടികൾ മുഖത്തുനോക്കി ചിരിച്ചു. തമിഴും മലയാളവും കലർന്ന ഭാഷയിൽ കുട്ടികൾ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്.
സദാനന്ദൻ മാഷും പ്രധാനാധ്യാപകനും കഞ്ഞിയും പയറും കഴിച്ചു.

“അതെന്താണ് മാഷേ ഇവിടേക്ക് പുതിയ അധ്യാപകർ ആരും വരാത്തത്…?”

“ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞാൽ ഇവിടേക്ക് ആരെങ്കിലും വരുമോ..?
അല്ലെങ്കിൽ പിന്നെ പി. എസ്സി നിയമനം കിട്ടി അധ്യാപകർ വരണം.”

“ഉടനെ എങ്ങാനും പി. എസ്സിക്കാർ വരുമോ…?”

” നവംബർ മാസത്തിൽ വരുമെന്നാണ് ഡി.ഡി. ഇ ഓഫീസിൽ നിന്നും അറിഞ്ഞത്.
ഞാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് ഇവിടേക്ക് ആളുകളെ പോസ്റ്റ് ചെയ്യണമെന്ന്.”

“ഉം.. ”

ഉച്ചഭക്ഷണത്തിനുശേഷം ബെല്ലടിച്ചു.
സദാനന്ദൻ മാഷ് പുസ്തകവും ചോക്കുമെടുത്ത് ക്ലാസിലേക്ക് പോയി. എല്ലാ കുട്ടികളും ഒരു ക്ലാസിൽ തന്നെയാണ് ഇരുന്നിരുന്നത്.
ഏത് ക്ലാസിലെ ഏത് പാഠം പഠിപ്പിക്കും…?
ആകെ ആശയക്കുഴപ്പത്തിലായി..
എന്തായാലും ഒരു പാട്ടു പാടാം.
നല്ലൊരു കവിത സദാനന്ദൻ മാഷ് ഈണത്തിൽ പാടി. പക്ഷേ കുട്ടികൾ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. കവിത കുട്ടികളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.

“ആരൊക്കെയാണ് മൂന്നാം ക്ലാസിലെ കുട്ടികൾ…?
ഒന്ന് കൈ പൊക്കിക്കേ..”

കുട്ടികൾ ആരും ഒന്നും മിണ്ടിയില്ല.

“ഈ ബുക്ക് എടുക്കൂ..,”

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം കാണിച്ചു കൊടുത്തിട്ട് പറഞ്ഞു.
ഭാഗ്യം മൂന്ന് പേർ പാഠപുസ്തകം എടുത്തു.
ഒന്നാമത്തെ പാഠത്തിലെ ചിത്രം കാണിച്ചുകൊടുത്തുകൊണ്ട് ആ പേജ് എടുക്കുവാൻ പറഞ്ഞു. കുട്ടികൾക്ക് മനസ്സിലാവാത്തത് കൊണ്ടാണോ എന്നറിയില്ല, ആരും ഒന്നാം പേജ് എടുത്തില്ല. ഒടുവിൽ സദാനന്ദൻ മാഷ് തന്നെ ആ പേജ് എടുത്തു കൊടുത്തു. വായിക്കുവാൻ പറഞ്ഞപ്പോൾ ക്ലാസ് നിശബ്ദമായി.

“ഇതിൽ ആരൊക്കെയാണ് നാലാം ക്ലാസുകാർ..?”

ആറു കുട്ടികൾ കൈപൊക്കി

“ഇത് വായിക്കാൻ അറിയാമോ..?”

മൂന്നാം ക്ലാസിലെ ഒന്നാം പാഠത്തിന്റെ പേജ് കാണിച്ചു കൊണ്ട് ചോദിച്ചു.

“തെരിയാത് സാർ..”

പുസ്തകത്തിലെ വാക്കുകൾ കാണിച്ചു കൊടുത്തു എന്നിട്ടും ആർക്കും ഒരു പ്രതികരണവും ഇല്ല.

“എല്ലാവരും പുസ്തകം മടക്കി വെക്കൂ ”

സദാനന്ദൻ മാഷ് പുസ്തകം മടക്കിക്കൊണ്ടു പറഞ്ഞു..

“ആർക്കൊക്കെ പാട്ടുപാടാൻ അറിയാം..?”

“മാങ്കുയിലെ പൂങ്കുയിലെ തേടി ഉന്ന കേള് ഒന്നൈ മാലായിട് തേടിവരും നാളെയിന്ത് നാള്…..”

എല്ലാ കുട്ടികളും ഒരുമിച്ച് ഈ തമിഴ് പാട്ട് പാടിയപ്പോൾ കുട്ടികളുടെ മുഖത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
അപ്പോൾ കുട്ടികൾക്ക് കഴിവുണ്ട്. അവരുടെ കഴിവ് വിനിയോഗിക്കാൻ ഉള്ള പരിശീലനം ലഭിക്കാത്തതാണ് പ്രശ്നം.
അധ്യാപകരില്ലാതെ എങ്ങനെ കുട്ടികൾ അക്ഷരം പഠിക്കും..?
എങ്ങനെ അവരുടെ കഴിവുകൾ വികസിക്കും..?
എങ്ങനെ അവർക്ക് അറിവ് ലഭിക്കും?

” എങ്ങനെയെങ്കിലും ഈ കുട്ടികളെ അക്ഷരം പഠിപ്പിച്ചെടുക്കണം.”

സദാനന്ദൻ മാഷ് മനസ്സിൽ കരുതി.

നാലുമണി കഴിഞ്ഞ് തൊട്ടടുത്ത കോട്ടേഴ്സിൽ എത്തി.
സ്കൂളിനോട് ചേർന്ന് രണ്ട് മുറിയും ഒരു അടുക്കളയും ഉള്ള കെട്ടിടം…
അതാണ് കോർട്ടേഴ്സ്.

ഡ്രസ്സ് മാറി ഇരുമ്പ് കസേരയിൽ ഇരുന്നപ്പോൾ ഏതാണ്ട് 60 വയസ്സ് പ്രായമുള്ള ഒരു മനുഷ്യൻ കയറി വന്നു.

“സാറന്മാർ നേരത്തെ എത്തിയോ..?”

“ഞങ്ങൾ 12 മണിക്ക് എത്തി അമ്മാവാ.”

പ്രധാനാധ്യാപകൻ പറഞ്ഞു.

“ഇത് ശങ്കുണ്ണി നായർ. ഞങ്ങൾ അമ്മാവൻ എന്ന് വിളിക്കും. ഇവിടെ ഗിരി വർഗ്ഗക്കാർ കൊണ്ടുവരുന്ന വനവിഭവങ്ങൾ ശേഖരിക്കുന്ന ഓഫീസിലെ വാച്ചറാണ്ഇദ്ദേഹം. ഇവിടെയാണ് താമസം.”

“എവിടെയാണ് പുതിയ മാഷിന്റെ വീട്?”

സദാനന്ദൻ മാഷ് നാടും, വീടും വീട്ടു വിശേഷങ്ങളും പറഞ്ഞു.

” എന്റെ വീട് കൊല്ലംങ്കോട് അടുത്താണ്. ‘ചള്ള’ എന്ന് പറയും. ”

ചിരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു.

“തനിക്ക് കൂട്ടിന് അമ്മാവൻ ഉണ്ട്.”

ശിവദാസൻ മാഷ് പറഞ്ഞു.

” അപ്പോൾ മാഷോ…? ”

“ഞാൻ നാളെ നാട്ടിൽ പോകും. എ. ഇ. ഓ ഓഫീസിൽ കുറേ കടലാസുകൾ കൊടുക്കുവാൻ ഉണ്ട്.”

പ്രധാനാധ്യാപകൻ പറഞ്ഞു.
അപ്പോഴേക്കും അമ്മാവൻ കട്ടൻ ചായയുമായി വന്നു.

“രണ്ടുപേരും ഇരുന്ന് ചായ കുടിച്ചാട്ടെ..”

“അമ്മാവൻ ഇവിടെ വന്നിട്ട് എത്ര നാളായി…?”

” ഇരുപത് വർഷം കഴിഞ്ഞു! ”

എന്ത്..! ഇരുപത് വർഷമായി ഈ കാട്ടിൽ താമസം ആണെന്നോ.? ”

സദാനന്ദൻ മാഷ് തലയിൽ കൈവച്ചു പോയി.

“ഇവിടെ എത്തിപ്പെടാൻ മാത്രമേ പ്രയാസമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ സുഖമാണ്.. ”

“പക്ഷേ എത്തിപ്പെടുക എന്നുള്ളത് വളരെ പ്രയാസപ്പെട്ട കാര്യം തന്നെയാണല്ലോ…?”

“ഞാൻ വർഷത്തിൽ ഒരു പ്രാവശ്യമേ നാട്ടിൽ പോകൂ, പോയിട്ടും കാര്യമില്ല ”

” അതെന്താ..? ”

“നാട്ടിൽ എന്നെ കാത്ത് മറ്റാരുമില്ല.
മക്കളൊക്കെ ഓരോ വഴിക്ക് പോയി . അവർക്ക് എന്നെ വേണ്ട.
ഭാര്യ മരിച്ചിട്ട് വർഷങ്ങളായി.
പിന്നെ ഞാൻ ആരെ കാണാൻ പോകണം….?”

അത് പറയുമ്പോൾ അമ്മാവന്റെ മുഖത്തെ ചിരി മാഞ്ഞു പോയിരുന്നു.

“എത്ര മക്കളുണ്ട്..?”

“മൂന്നു ആണ് ഒരു പെണ്ണ്..”

“മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞോ?”

“എല്ലാവരുടെയും കല്യാണം കഴിഞ്ഞു.
സർക്കാർ ജോലി അല്ലെങ്കിലും ജീവിക്കാൻ ചുറ്റുപാടുള്ള ജോലിയുണ്ട് എല്ലാവർക്കും.”

“എന്നിട്ടും ഈ പ്രായത്തിൽ അമ്മാവൻ ഇവിടെ ജോലി ചെയ്യണ്ട ആവശ്യമുണ്ടോ?”

“പ്രായമായാൽ മക്കൾക്ക് നമ്മൾ ഒരു ബാധ്യതയാണ്.
ഇവിടെയാണെങ്കിൽ നല്ല സ്നേഹമുള്ള മനുഷ്യർ…”

“ഉം…”

“ചായ കുടിക്കു മാഷേ ചൂട് ആറും”

ചായകുടി കഴിഞ്ഞ് സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി.

ദൂരെയായി സീതത്തോട് ഊര് കാണാം. പുല്ലുകൊണ്ട് മേഞ്ഞ കുറെ വീടുകൾ..
മൃഗങ്ങളെ പേടിക്കാതെ എങ്ങനെ ഇവർ ഇതിനുള്ളിൽ കിടന്നുറങ്ങുന്നു..
ഇവർക്കായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ടാവും, പക്ഷേ ഒന്നും അവരുടെ കൈകളിൽ എത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ പുല്ലുമേഞ്ഞ കുടിലുകൾ.
രാത്രി എങ്ങനെ കഴിയും?
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനങ്ങൾ മതിയായ താമസ സൗകര്യവും ഭക്ഷണവും ലഭിക്കാതെ ജീവിതം എങ്ങനെയോ ജീവിച്ചു തീർക്കുന്നു.

“മാഷ് ഇവിടെ വന്നു നിൽക്കുകയാണോ?”

അമ്മാവനാണ്.

” വെറുതെ ഓരോന്ന് ആലോചിച്ചു.. ”

” വീട്ടിലെ കാര്യമാണോ..? ”

“ഏയ്..ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ ആലോചിച്ചു നോക്കുകയായിരുന്നു..”

“ഊരിൽ ഒരു വെളിച്ചവും ഇല്ലേ..?”

“ഒരു സോളാർ ലൈറ്റ് ഉണ്ടായിരുന്നു.. പക്ഷേ, അത് കേടാണ്.
ആ പിന്നെ ഒരു കാര്യം, രാത്രിയിൽ മുറ്റത്ത് ഇറങ്ങരുത് കേട്ടോ ….”

മുറ്റത്തുകൂടി നടന്നുകൊണ്ട് അമ്മാവൻ പറഞ്ഞു

“അതെന്താ?”

“രാത്രി വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാവും. ”

“ഓ… പറഞ്ഞത് നന്നായി.. ”

ആദിവാസി എന്ന വാക്കിന്റെ ശരിയായ ഭാഷാർത്ഥം പൂർവ്വ നിവാസികൾ എന്നാണല്ലോ..?
അവർ എന്നും പട്ടിണിയും ദാരിദ്ര്യവും മോശം ആരോഗ്യസ്ഥിതിയുമായി കഴിയേണ്ടവരാണ് എന്നാണോ അധികാരി വർഗ്ഗത്തിന്റെ ചിന്ത?
പ്രാകൃത ജീവിതത്തിൽ നിന്നും അവർ പൊതു സമൂഹത്തിലേക്ക് എന്നാണ് എത്തപ്പെടുക?
ഇവിടുത്തെ ഊര് നിവാസികളുടെ ജീവിതം എത്ര കഷ്ടപ്പാടുകൾ നിറഞ്ഞതാണ്.!
വീടില്ല ജോലിയില്ല. ഇവിടേക്ക് കേരളത്തിൽ കൂടി ഒരു റോഡ് പോലുമില്ല. പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ തമിഴ്നാട്ടിൽ കൂടി മാത്രമേ വഴിയുള്ളൂ.

“എന്താണ് അമ്മാവാ കേരളത്തിൽലേക്ക് ഇവിടെ നിന്ന് ഒരു റോഡില്ലാത്തത്?”

“വന്യജീവി സംരക്ഷണ കേന്ദ്രമല്ലേ? റോഡ് വെട്ടുവാൻ കേന്ദ്രവനം വകുപ്പ് സമ്മതിക്കാത്തതാണ് എന്ന് പറയുന്നു…”

“ഓ.. ”

“വരൂ നമുക്ക് പുറത്തേക്കിറങ്ങാം.”

ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങിയാൽ ഗോത്രവർഗ്ഗക്കാരുടെ കൃഷിസ്ഥലമാണ്. പറമ്പിന്റെ ഒരു വശത്ത് നിലക്കടലയും മറുവശത്ത് ചോളവും കൃഷി ചെയ്തിരിക്കുന്നു. മണ്ണിന് നല്ല കറുപ്പ് നിറം. കുറച്ചകലെയായി ഒരു പപ്പായ മരം കണ്ടിട്ട് സദാനന്ദൻ മാഷ് അത്ഭുതപ്പെട്ടു . ചക്കയുടെ വലുപ്പമുള്ള പപ്പായ നിറയെ കായ്ച്ചു കിടക്കുന്നു. പപ്പായമരം ഒടിയാതെ നിൽക്കുന്നത് ഭാഗ്യം. കുറച്ച് വിത്ത് കിട്ടിയിരുന്നെങ്കിൽ നാട്ടിൽ കൊണ്ടുപോയി നടാമായിരുന്നു…

കൃഷി സ്ഥലത്തിന് ചുറ്റും കൊടും കാട്.
തണുത്ത കാറ്റ് വീശിയടിച്ചു. മരച്ചില്ലകൾ പാട്ട് പാടി. കാടിന്റെ സംഗീതം എത്ര മനോഹരം…..

(തുടരും…….)

സജി ടി. പാലക്കാട്✍

RELATED ARTICLES

8 COMMENTS

  1. വളരെ നല്ല വായനാനുഭവം കിട്ടിയ എഴുത്ത്. ഒരു അധ്യാപകൻ്റെ കഷ്ടപ്പാടുകൾക്കപ്പുറം ഊരിലെ ജനങ്ങളെ ക്കുറിച്ച് വേവലാതിപ്പെടുന്ന സദാനന്ദൻ മാഷ് . ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളെ അക്ഷരങ്ങളിലൂടെ കാട്ടി ത്തന്നതിന് അഭിനന്ദനം മാഷെ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ