Saturday, January 24, 2026
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 59) 'കുന്നപ്പള്ളിയിലെ സരസ്വതി ക്ഷേത്രം'.✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 59) ‘കുന്നപ്പള്ളിയിലെ സരസ്വതി ക്ഷേത്രം’.✍ സജി ടി. പാലക്കാട്

കുന്നപ്പള്ളിയിലെ സരസ്വതി ക്ഷേത്രം.

ചരലും മണലും നിറഞ്ഞ വിശാലമായ ഗ്രൗണ്ടിലൂടെ സദാനന്ദൻ മാഷ് സ്കൂളിലേക്ക് നടന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടം. കുറഞ്ഞത് 100 വർഷം എങ്കിലും പഴക്കം ഉണ്ടാവും എന്ന് തോന്നുന്നു. ചുമരിന് ചുണ്ണാമ്പ് അടിച്ചിട്ട് വർഷങ്ങളായ ലക്ഷണമുണ്ട്.

‘ ജി.എൽ.പി സ്കൂൾ കുന്നപ്പള്ളി’
മഞ്ഞ പ്രതലത്തിൽ കറുപ്പ് അക്ഷരത്തിൽ എഴുതിയതു മാഞ്ഞു തുടങ്ങി.

സമയം 8.45.
കുട്ടികൾ ആരും തന്നെ വന്നിട്ടില്ല.
” ഓഫീസ് എവിടെയാണാവോ”..
സദാനന്ദൻ മാഷ് വരാന്തയിലേക്ക് കയറി. ഓട് പാകിയ തറയാണെങ്കിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. സ്കൂളിന്റെ പേര് എഴുതിയ ചെറിയ ബോർഡിന് അടുത്തായി റെയിൽ പാള ത്തിന്റെ ഒരു കഷണം തൂക്കിയിട്ടിട്ടുണ്ട്. ബെല്ലടിക്കാൻ ആവും…!
ചിതൽ പിടിച്ച ജനൽ പാളികൾ. പനത്തടി കൊണ്ട് ഉണ്ടാക്കിയ അഴികളെല്ലാം ഇളകി കിടക്കുന്നു. വേണമെങ്കിൽ അകത്ത് കയറാം. ഒരു ജനൽ അഴിയിൽ പിടിച്ചതും അത് അടർന്നു വീണു..!

“ആരാ ….?”

ഒരു സ്ത്രീശബ്ദം കേട്ട് സദാനന്ദൻ മാഷ് തിരിഞ്ഞുനോക്കി. ഏതാണ്ട് 60 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ. വെള്ളമുണ്ടും വെള്ള ബ്ലൗസുമാണ് വേഷം. ഭക്ഷണം പാകം ചെയ്യുന്നത് ഇവരായിരിക്കും.

“ഞാൻ പുതിയതായി ജോയിൻ ചെയ്യാൻ വന്ന മാഷാണ്, പേര് സദാനന്ദൻ.

” ആണോ. …?
പുതിയ മാഷന്മാർ വരുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം രാജപ്പൻ മാഷ് പറഞ്ഞിരുന്നു., ”

” രാജപ്പൻ മാഷ് ആണോ ഹെഡ്മാസ്റ്റർ?”

അല്ല, ഹെഡ്മാസ്റ്റർ ലീവ് ആണ്. രാജപ്പൻ മാഷിനാണ് ചാർജ്.

“ഓ, അതുശരി. ഇവിടെ വേറെ ടീച്ചർമാർ ആരുമില്ലേ..?”

” രണ്ടുപേർ ഉണ്ട്…ബെല്ലടിക്കുമ്പോഴേക്കും അവർ വരും.മാഷ് ചായക്കടയിൽ പോയി ഒരു ചായയൊക്കെ കുടിച്ചിട്ട് വരൂ…… അപ്പോഴേക്കും ടീച്ചർമാർ എത്തും . ഇവിടെ ഇരിക്കാനൊന്നും സൗകര്യമില്ല. ”

” അത് സാരമില്ല ഞാൻ ഇവിടെ നിന്നോളാം.”

സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി . ഏതാണ്ട് ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കെട്ടിടവും ഗ്രൗണ്ടും ഒഴികെ എല്ലാ ഭാഗത്തും കാടുപിടിച്ച് കിടക്കുന്നു. രണ്ടുമൂന്ന് കൊന്നത്തെങ്ങുണ്ട്. അത്യാവശ്യം തേങ്ങയുണ്ട് തെങ്ങിൽ.ഒരു പ്ലാവും കാഞ്ഞിരവും കൂടാതെ കുറെ പാഴ് മരങ്ങളും കാണാം. വടക്ക് കിഴക്കേ മൂലയിൽ ഒരു കിണർ ഉണ്ട്.

“ചേച്ചി മൂത്രപ്പുര എവിടെയാണ്..?”

“ഇവിടെ പ്രത്യേക മൂത്രപ്പുര ഒന്നുമില്ല മാഷേ..”

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മൂത്രപ്പുര ഇല്ലേ…?”

ആ കാണുന്ന മൂലയിൽ ചെറിയ ചുമര് കണ്ടില്ലേ..?
അവിടെയാണ് കുട്ടികൾക്ക് മൂത്രമൊഴിക്കുവാനുള്ള സ്ഥലം. ”

“അപ്പോൾ ടീച്ചർമാർ എന്തു ചെയ്യും?”

“ടീച്ചർമാർ അടുത്ത വീട്ടിൽ പോയി കാര്യം സാധിക്കും…”

കുറച്ച് കഴിഞ്ഞപ്പോൾ കുട്ടികൾ ഓരോരുത്തരായി എത്തിത്തുടങ്ങി. കുട്ടികളെ കണ്ടാൽ തന്നെ അറിയാം അവരുടെ വീടുകളിലെ അവസ്ഥ…! ചിലർ അടുത്തുവന്ന് ചിരിച്ചു കാണിച്ചു.

” നിങ്ങള് പുതിയ മാഷാണോ…? ”

ഒരു മിടുക്കൻ ചോദിച്ചു.

“അതേ..”

എന്ന് പറഞ്ഞതും അവൻ ഒറ്റ ഓട്ടം..!

ഇടതൂർന്ന താടിയും മുടിയുമുള്ള സദാനന്ദൻ മാഷിനെ കണ്ട് കുട്ടികൾ പേടിച്ചുപോയിക്കാണും.!.

“ചേച്ചി ആരോ ഇങ്ങോട്ട് വരുന്നുണ്ടല്ലോ..?”

“അത് നമ്മുടെ അറബി മാഷാണ്.”

അടുപ്പിൽ തീ കത്തിച്ചു കൊണ്ട് ഭവാനിയമ്മ പറഞ്ഞു.

വെള്ള മുണ്ടും, വെള്ള ഷർട്ടും ധരിച്ച ഉയരം കുറഞ്ഞ ഒരാൾ ചിരിച്ചുകൊണ്ട് സ്കൂളിലേക്ക് നടന്നുവരുന്നു.
സദാനന്ദൻ മാഷ് അദ്ദേഹത്തെ നോക്കി ചിരിച്ചു.

” പുതിയ മാഷാണോ..? ”

“അതെ…”

“എന്റെ പേര് ജമാൽ, ഇവിടുത്തെ അറബി മാഷാണ്. എന്താ നിങ്ങടെ പേര്.”

“എന്റെ പേര് സദാനന്ദൻ.”

“ഉം, സ്കൂൾ തുറന്നില്ല, അല്ലേ..?
ടീച്ചർമാർ ഇപ്പോൾ വരും.”

9.45 കഴിഞ്ഞപ്പോഴേക്കും രണ്ട് അധ്യാപികമാർ ഓടിക്കിതച്ചെത്തി. സ്കൂൾ തുറന്നു. കുട്ടികൾ കൂട്ടത്തോടെ വാതിലിലേക്ക് ഇടിച്ചു കയറി. പുസ്തകം വെച്ചതും അതേ സ്പീഡിൽ അവർ തിരിച്ചു പുറത്തേക്ക് തന്നെ ഓടി.

“ബെല്ലടിക്കെടാ…”
ഒരു കുട്ടിയോട് ജമാൽ മാഷ് പറഞ്ഞു.
അവൻ ഓഫീസിനകത്ത് നിന്ന് ഒരു ഇരുമ്പ് കഷണം എടുത്തു കൊണ്ടുവന്ന് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തൂക്കിയിട്ടിരിക്കുന്ന റെയിൽപാള ത്തിന്റെ കഷണത്തിൽ നീട്ടി അടിച്ചു. ബെൽ അടിച്ചിട്ടും കുറെ കുട്ടികൾ ഗ്രൗണ്ടിൽ തന്നെ കളി തുടർന്നു.

“മാഷ് ശിവൻകുട്ടി മാഷണോ അതോ സദാനന്ദൻ മാഷോ..?”

നന്നായി വെളുത്ത ടീച്ചർ ചോദിച്ചു.

“സാദാനന്ദൻ.”

“രാജപ്പൻ മാഷ് പറഞ്ഞായിരുന്നു രണ്ട് മാഷന്മാർ പുതുതായി വരുന്നുണ്ട് എന്ന്. പേരും പറഞ്ഞിരുന്നു.
മാഷിന്റെ നാട് എവിടെയാണ്..?”

സദാനന്ദൻ മാഷ് നാടും വീടും വീട്ടുവിശേഷങ്ങളും അധ്യാപകരോട് പങ്കുവച്ചു.

ടീച്ചറിന്റെ പേര് എന്താണ്..?
എന്റെ പേര് മഞ്ജുഷ. ശരിക്കുമുള്ള വീട് കോങ്ങാട്. ഭർത്താവിന്റെ വീട് കുറ്റിപ്പുറം. നാലു വയസ്സുള്ള ഒരു ആൺ കുട്ടിയുണ്ട്. ഭർത്താവ് ബി.എസ്.എൻ.എൽ ജീവനക്കാരനാണ്.”

” ഓക്കേ ഇനി ടീച്ചറിനെ പറ്റി പറയൂ ”

“എന്റെ പേര് മിനി. വീട് എറണാകുളം. ഭർത്താവ് മിലിട്ടറി. നാല് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അതുകൊണ്ട് രാവിലെ സ്കൂൾ എത്താൻ വൈകിയത്.”

“രാജപ്പൻ മാഷിന്റെ വീട് എവിടെയാണ്?”

” തെക്കെങ്ങോ ആണ്. ഇപ്പോൾ താമസിക്കുന്നത് ഒന്നര കിലോമീറ്റർ
അകലെ.മാഷ് ബസ്സിറങ്ങിയില്ലേ? അവിടുന്നു കുറച്ച് ഉള്ളിലോട്ടു പോകണം.. ”

“മഞ്ജുഷ ടീച്ചർ ഒറ്റയ്ക്ക് നടന്നു വന്നോ ഇത്രയും ദൂരം…?
പേടിയായില്ലേ..?
വഴിയിൽ ഒറ്റ വീടു പോലുമില്ലല്ലോ..? വെറും കശുമാവിൻ തോട്ടം മാത്രം!”

“ഒരു ധൈര്യത്തിന് ഇങ്ങോട്ട് നടക്കും മാഷേ…”

“ഓ ഭയങ്കര ധൈര്യശാലിയാണ് അല്ലേ…?”

“എന്ത് ധൈര്യം മാഷേ.. അതാ രാജപ്പൻ മാഷ് വരുന്നുണ്ട്….”

കുട്ടികളുടെ ഉച്ചത്തിലുള്ള വർത്തമാനം…
പുറത്തേക്ക് നോക്കിയപ്പോൾ ഒരാളുടെ പിറകെ പത്തു പതിനഞ്ച് കുട്ടികൾ സ്കൂൾ ഗ്രൗണ്ടിലൂടെ നടന്നു വരുന്നു.

വരാന്തയിലെത്തിയ രാജപ്പൻ മാഷ് ടീച്ചർമാരെ നോക്കി ഒന്ന് ചിരിച്ചു. സദാനന്ദൻ മാഷിന്റെ നേരെ നോക്കിയത് പോലുമില്ല.

രാജപ്പൻ മാഷിന്റെ പിന്നാലെ എല്ലാവരും അകത്തെക്ക് കയറി. നാലാം ക്ലാസിനോട് ചേർന്നുള്ള ഭാഗമാണ് ഓഫീസ് ആയി ഉപയോഗിക്കുന്നത്.
രാജപ്പൻ മാഷ് വന്നതും പ്രധാനാധ്യാപകന്റെ കസേരയിൽ കയറി ഇരുന്നു .

“ഇതെന്താ ഹെഡ്മാസ്റ്ററിന്റെ കസേരയിൽ ഇരിക്കുന്നത്..?”

പതിയെ മഞ്ജുഷ ടീച്ചറോട് ചോദിച്ചു.

” പുള്ളി എച്ച് എം ഇൻ ചാർജ് ആണല്ലോ..? ”

“ഇൻ ചാർജല്ലേ..?
എച്ച്.എം അല്ലല്ലോ..?”

“അപ്പോൾ മാഷിന് ക്ലാസിൽ പോകണ്ടേ?”

ഉത്തരം പറയാതെ രണ്ടു ടീച്ചർമാരും ഒരുമിച്ച് ചിരിച്ചു.

“സദാനന്ദൻ ആണോ ? ”

“അതെ….”

” ഇരിക്കു…”

ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചുകൊണ്ട് രാജപ്പൻ മാഷ് പറഞ്ഞു. സാദാനന്ദൻ മാഷിന്റെ കണ്ണുകൾ ചുറ്റുപാടും ഒരു ഓട്ടപ്രദക്ഷിണം നടത്തി.
അധ്യാപകർക്ക് ഇരിക്കുവാൻ കസേരകൾ ഇല്ല. രണ്ട് സൈഡിലും ബെഞ്ച് ഉണ്ട്.ഓഫീസിൽ മരത്തിന്റെ ഒരു അലമാരയുണ്ട്.
മുറിയുടെ ഒരു ഭാഗത്തായി ചുമരിനോട് ചേർന്ന് രണ്ടുമൂന്ന് റാക്ക് ഉണ്ട്. ചിലതിൽ പഴയ രജിസ്റ്ററുകൾ പൊടിപിടിച്ച് കിടക്കുന്നു, മറ്റൊരു റാക്കിൽ പുസ്തകങ്ങൾ, വിവിധ ഭൂപടങ്ങൾ എന്നിവ വെച്ചിരിക്കുന്നു. ഒരു മൂലയിൽ അരിച്ചാക്കുകൾ അടുക്കി വെച്ചിട്ടുണ്ട്.

“എടോ തന്നോടാ പറഞ്ഞത് ഇരിക്കാൻ…”

സദാനന്ദൻ മാഷ് ബെഞ്ചിലിരുന്നു.

“മാഷിന് എങ്ങനെ മനസ്സിലായി എന്റെ പേര്?”

“നിങ്ങളുടെ വർത്തമാനം ശ്രദ്ധിച്ചപ്പോൾ തെക്കൻ ആണെന്ന് മനസ്സിലായി. ശിവൻകുട്ടിയുടെ വീട് കോഴിക്കോടാണ് ”

” അപ്പോൾ ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടോ..? ”

“കുറച്ചൊക്കെ കേട്ടു . എനിക്കിട്ട് ടീച്ചർമാർ പാര പണിതു അല്ലേ..?”

“ഏയ്…”

“എവിടെ സർട്ടിഫിക്കറ്റ്..?”

രാജപ്പൻ മാഷ് ഗൗരവത്തിൽ ചോദിച്ചു.

സദാനന്ദൻ മാഷ് ബാഗ് തുറന്നു എസ്. എസ്. എൽ.സി സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ എടുത്തുകൊടുത്തു.

“ചങ്ങനാശ്ശേരി ആണോ സ്വദേശം ?”

” അതെ.. ”

“എന്റെ സ്ഥലവും അതിനടുത്ത് തന്നെയാണ് ‘”

“എവിടെ..?”

” പത്തനംതിട്ട.. ”

സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു ശേഷം ഹാജർ പുസ്തകത്തിൽ സദാനന്ദൻ മാഷിന്റെ പേര് എഴുതി ചേർത്തു.

“ദാ, ഇവിടെ ഒപ്പിടു…”

സദാനന്ദൻ മാഷ് രജിസ്റ്ററിൽ ഒപ്പിട്ടു.

” ഇതെന്താ നാഷണൽ ബുക്ക്സ്റ്റാൾ എംബ്ലം പോലെയുണ്ടല്ലോ ഒപ്പ്..,,?

സദാനന്ദൻ മാഷ് ചിരിച്ചു.

“സാർ ഏത് ക്ലാസിലേക്കാണ് പോകേണ്ടത്…?”

“2 ബി ക്ലാസിൽ പൊയ്ക്കോളൂ..”

ചോക്കും പാഠപുസ്തകവുമായി സദാനന്ദൻ മാഷ് 2 ബി ക്ലാസ്സിലേക്ക് പോയി….

(തുടരും..)

സജി ടി. പാലക്കാട്✍

RELATED ARTICLES

3 COMMENTS

  1. സ്കൂളും പരിസരവുമൊന്നും ഇന്നത്തെ കാലത്ത് ഒരിടത്തും കാണാത്ത വിധം ശോചനീയം. എന്തിനും തയ്യാറായി അധ്യാപകർ. കാരൂർ കഥകളോടു കിടപിടിക്കുന്ന അവതരണം . സൂപ്പർ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com