കുന്നപ്പള്ളി എന്ന ഗ്രാമം.
മാസങ്ങൾ കറങ്ങി മറിഞ്ഞു കടന്നുപോയി. പൂക്കൾ വാടുകയും കൊഴിഞ്ഞു വീഴുകയും ചെയ്തു. പുതിയ പൂമൊട്ടുകൾ വിടർന്നു. അത് മനോഹരമായ പുഷ്പങ്ങളായി മാറി. ചുറ്റും തുമ്പികളും പൂമ്പാറ്റകളും വണ്ടുകളും പാറി നടന്നു.
” സദാനന്ദൻ മാഷിന്റെ വീട്ടിലേക്ക് ഇത്ര ദൂരം ഉണ്ടെന്ന് വിചാരിച്ചതേ ഇല്ല…..
ഇരുന്നിരുന്ന് എന്റെ നടു ഒടിഞ്ഞു. ”
ബസ്സിൽ നിന്ന് ഇറങ്ങിക്കൊണ്ട് സോമൻ മാഷ് പറഞ്ഞു.
“ഇത്ര ചെറുപ്പത്തിലെ നടുവേദന തുടങ്ങിയാലോ…?”
ജോസ് മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.
” ബസ്സിറങ്ങിയിട്ട് കുറെ ദൂരം നടക്കാനുണ്ട് എന്നല്ലേ പറഞ്ഞത്?”
അറിയില്ല, ദാ കാണുന്ന കടയിൽ പോയി വഴി ചോദിച്ചാലോ..? ”
സോമൻ മാഷും ജോസ് മാഷും കടയെ ലക്ഷ്യമാക്കി നടന്നു.
” ഈ സദാനന്ദൻ മാഷിന്റെ വീട് എവിടെയാണ്..? ”
“കല്യാണ വീടല്ലേ..?
ആ കാണുന്ന മണ്ണ് റോഡിലൂടെ പത്തു മിനിറ്റ് നടന്നാൽ മതി…”
“സദാനന്ദൻ മാഷ് ഇത്ര പെട്ടെന്ന് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അല്ലേ മാഷേ..?”
നടക്കുന്നതിനിടയിൽ ജോസ് മാഷ് ചോദിച്ചു.
“വധൂവരന്മാരെ………
പ്രിയ വധൂവരന്മാരെ….”
പഴയ സിനിമാഗാനം മൈക്കിലൂടെ കേൾക്കുന്നുണ്ട്.
വിവാഹ സ്ഥലത്തേക്കുള്ള പ്രവേശന കവാടം ദൂരെ നിന്നേ കാണാം. കാവടത്തിന്റെ ഇരുവശവും കുലച്ച വാഴ നാട്ടിയിട്ടുണ്ട്. മുകളിൽ ‘വെൽക്കം’ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. പൂക്കൾകൊണ്ടും, കുരുത്തോല, മാവില, കവുങ്ങിൻ പൂക്കുല തുടങ്ങിയവ കൊണ്ടും തോരണങ്ങൾ തൂക്കി അലങ്കരിച്ചിരിക്കുന്നു. ഇരുവശവും തേങ്ങോല കൊണ്ട് മറച്ചിട്ട് അതിൽ സാരി പിൻ ചെയ്തിരിക്കുന്നു. മുറ്റം നിറയെ പന്തൽ. മുകൾവശം വെള്ള തുണി വലിച്ചുകെട്ടിയിട്ടുണ്ട്.
“പരിചയക്കാരെ ആരെയും കാണുന്നില്ലല്ലോ..”
“ചിലരൊക്കെ വന്നു പോയിട്ടുണ്ടാവും..”
” അതാ കുട്ടിക്കൃഷ്ണൻ മാഷ്..”
രണ്ടുപേരും മാഷിന്റെ അടുത്തേക്ക് നടന്നു.
“മാഷേ അറിയുമോ…?”
“പിന്നെ എന്തൊരു ചോദ്യമാണ്..?
ജോസ് മാഷെയും സോമൻ മാഷെയും സദാനന്ദൻ മാഷിനെയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല.
സോമൻ മാഷേ ങ്ങള് നല്ല ആളാണ്… ഗുരുവായൂർക്ക് വരുമ്പോൾ വരാന്ന് പറഞ്ഞിട്ട്…?”
“അതിനൊന്നും പറ്റിയില്ല മാഷേ..”
” കൊച്ചു മാഷിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ..? ”
“ഇല്ല. ഇവിടെ വരുമെന്നാണ് ഞാൻ കരുതിയത്.. ”
“ഉം…
നമുക്ക് പെണ്ണിനും ചെക്കനെയും കാണണ്ടേ…?”
“സ്റ്റേജിൽ തിരക്കുണ്ടല്ലോ കുറച്ചു കഴിയട്ടെ..”
ജോസ് മാഷ് പറഞ്ഞു.
” നമുക്ക് ഭക്ഷണം കഴിച്ചാലോ..? ”
ഏതോ ഒരു ചേട്ടൻ വന്നു ചോദിച്ചു..
“എന്നാ കഴിക്കാം അല്ലേ മാഷേ?
എന്നിട്ട് വധൂവരന്മാരെ പോയി കാണാം..”
“ഓ..”
ഭക്ഷണം വിളമ്പുന്ന മേശകളിൽ വെള്ളത്തുണികൾ വിരിച്ചിട്ടണ്ട്.
അതിനു മുകളിൽ ഇലയിട്ട് ഭക്ഷണം വിളമ്പി.
” മാഷിനു ഇപ്പോൾ എവിടെയാണ് ജോലി?”
ഭക്ഷണം കഴിക്കുന്നതിനിടയിൽ സോമൻ മാഷ് ചോദിച്ചു.
“വീടിന്റെ അടുത്തുള്ള സ്കൂളിൽ തന്നെ”
“ആണോ.. സന്തോഷം.”
“നിങ്ങൾക്ക് മല ഇറങ്ങാൻ പ്ലാൻ ഇല്ലേ?”
“ഇറങ്ങണം.. ഇപ്പോൾ ഒറ്റത്തടി അല്ലേ
ഇപ്പോഴല്ലേ ജോളിയടിച്ച് നടക്കാൻ പറ്റു…”
“ഉം അതുശരിയാ. ”
ഭക്ഷണം കഴിച്ചതിനു ശേഷം മൂന്നുപേരും സ്റ്റേജിലേക്ക് നടന്നു..
സദാനന്ദൻ മാഷ് എല്ലാവരെയും വധുവിന് പരിചയപ്പെടുത്തി.
“മാഷേ,ഭാര്യ സുന്ദരിയാണ് കേട്ടോ…”
സോമൻ മാഷ് മെല്ലെ പറഞ്ഞു.
“പഴയ കോളേജ് ലൈനാണ്, എന്നാണ് കേട്ടത് ”
കുട്ടിക്കൃഷ്ണൻ മാഷ് പറഞ്ഞു.
“ആണോ..?
എന്നിട്ട് നമ്മൾ ഒരുമിച്ച് ജോലി നോക്കിയപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ..?”
“ലൈൻ ഒന്നുമല്ല മാഷേ….
ഒരുമിച്ച് പഠിച്ചു എന്നത് ശരി തന്നെ പക്ഷേ, പ്രണയം ഒന്നുമുണ്ടായിരുന്നില്ല.”
സദാനന്ദൻ മാഷ് പറഞ്ഞു..
“എന്തായാലും നല്ല സെലക്ഷൻ…”
സോമൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്റിഷ്ടാ ഇന്ന് തന്നെ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്… ഒരു ജോലിയുള്ള പെൺകുട്ടിയെ നിങ്ങൾക്ക് കല്യാണം കഴിക്കാൻ പാടില്ലായിരുന്നോ?
ജോസ് മാഷ് ചോദിച്ചു.
“കുടുംബം അത് സ്നേഹം കൊണ്ട് നിർമ്മിച്ച ചെറിയ ലോകമാണ്. പരസ്പരം സ്നേഹിച്ച് ആ ലോകം സുന്ദരമാക്കണം.എങ്കിൽ മാത്രമേ ജീവിതവും സുന്ദരമാകു.. ”
എന്ന് എവിടെയോ വായിച്ചത് ഓർമ്മവരുന്നു.
ഭാര്യക്ക് ജോലിയുണ്ട് എന്ന് കരുതി ജീവിതം സന്തോഷം നിറഞ്ഞതാകുമൊ? ”
“ഞാൻ ഉദ്ദേശിച്ചത് സാമ്പത്തിക ഭദ്രതയെക്കുറിച്ചാണ്. രണ്ടുപേർക്ക് ജോലി ഉണ്ടെങ്കിൽ ജീവിതം സെക്യൂർ ആകും.”
ജോസ് മാഷ് പറഞ്ഞു.
” ഒരു കുടുംബത്തിന് കഴിയുവാനുള്ള ശമ്പളമൊക്കെ സർക്കാർ തരുന്നുണ്ട്.”
“ഞാൻ ഒരു യാഥാർത്ഥ്യം പറഞ്ഞു എന്ന് മാത്രം. നിങ്ങൾക്ക് അത് കുറെ കഴിയുമ്പോൾ മനസ്സിലാവും..”
ജോസ് മാഷിന് വിടാൻ ഭാവമില്ല.
“എന്തായാലും മാഷിന് ഭാഗ്യമുണ്ട്. കല്യാണവും പി. എസ്.സി നിയമനവും ഒപ്പം വന്നല്ലോ?
കുട്ടിക്കൃഷ്ണൻമാഷ് പറഞ്ഞു.
“ഞാൻ പി.എസ്.സി ഓഫീസിൽ അന്വേഷിച്ചതിനുശേഷമാണ് കല്യാണത്തിന് തീയതി നിശ്ചയിച്ചത്…”
എല്ലാവരും പൊട്ടിച്ചിരിച്ചു.
“എന്നാണ് ജോയിൻ ചെയ്യുന്നത്..?”
“ഇപ്പോൾ ക്രിസ്തുമസ് അവധിയല്ലേ? ഡിസംബർ 31ന് സ്കൂൾ തുറക്കും അന്നു പുതിയ സ്കൂളിൽ ജോയിൻ ചെയ്യണം.”
“മതി മാഷേ സദാനന്ദൻ മാഷിനെ
വധിച്ചത്. ആൾക്കാര് വെയിറ്റ് ചെയ്യുന്നു ഫോട്ടോ എടുത്തിട്ട് നമുക്ക് പതുക്കെ ഇറങ്ങിയാലോ..?”
“ഇനി നമ്മൾ എന്നാണ് കാണുന്നത്..?”
റോഡിലേക്ക് ഇറങ്ങിയപ്പോൾ സോമൻ മാഷ് ചോദിച്ചു.
“ഗുരുവായൂർക്ക് വരുമ്പോൾ തീർച്ചയായും വീട്ടിൽ വരും..”
“അന്നും ഇതുതന്നെയാണല്ലോ പറഞ്ഞത്…?”
കുട്ടിക്കൃഷ്ണൻ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
** ** *** ***
ഡിസംബർ മുപ്പതാം തീയതി ഉച്ചയോടെ ചങ്ങനാശ്ശേരിയിൽ നിന്നും സദാനന്ദൻ മാഷ് ബസ് കയറി. വീണ്ടും ഒരു പാലക്കാട് യാത്ര. രാത്രി 8ന് പാലക്കാട് കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നിന്നും ചപ്പാത്തിയും കുറുമ കറിയും കഴിച്ചിട്ട് അധ്യാപക സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി.
ഓഫീസിലേക്ക് കയറിയപ്പോൾ നേരെയുള്ള മുറിയിൽ കണ്ണട വെച്ച ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.
ഡോറിൽ തട്ടിയതും അദ്ദേഹം തല ഉയർത്തി നോക്കി.
“പറയൂ ആരെ കാണണം…?
“സാർ ഒരു കാര്യം അറിയുവാൻ ആയിരുന്നു..”
“പറഞ്ഞോളൂ…. ”
“സാർ, ജി എൽ പി എസ് കുന്നപ്പള്ളി എവിടെയാണ് എന്ന് അറിയുമോ..?”
“എന്താണ് കാര്യം…?”
സദാനന്ദൻ മാഷ് ബാഗ് തുറന്നു പി. എസ്.സി നിയമന ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു.
” ഓ മാഷ് ആണോ..?
ഈ സ്കൂൾ അടുത്ത് തന്നെയാണ്. ഇവിടുന്ന് ഏതാണ്ട് ഒരു 16 കിലോമീറ്റർ ദൂരം മാത്രം. ”
” ആണോ..? നാലുവർഷം പാലക്കാട് ജില്ലയുടെ പല ഭാഗത്തും ജോലി നോക്കിയിട്ടും കുന്നപ്പള്ളി എന്ന് കേട്ടിട്ടില്ല.
എവിടെയാണ് സ്കൂൾ എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു.
“കുന്നപ്പള്ളിക്ക് ഇവിടുന്ന് ഏത് ബസ്സിലാണ് പോകേണ്ടത്..?”
” ചെർപ്പുളശ്ശേരി ബസ്സിൽ കയറി പതിനാറാം മൈൽ എന്ന പറഞ്ഞാൽ മതി. ഏത് ബസ്സുകാർക്കും സ്ഥലം അറിയാം. അവിടുത്തെ കള്ള് ഷാപ്പ് പേര് കേട്ടതാണ്. ഷാപ്പിന്റെ മുന്നിലൂടെ ഒന്നര കിലോമീറ്റർ ഉള്ളിലോട്ടു പോയാൽ കുന്നപ്പള്ളി സ്കൂൾ ആയി.”
” ആണോ ഒത്തിരി സന്തോഷം.. ”
“രാത്രി എവിടെയാണ് ഹാൾട്ട്..? പാലക്കാട് പരിചയക്കാർ ആരെങ്കിലുമുണ്ടോ…?”
“ഇല്ല, ഏതെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുക്കാം എന്ന് വിചാരിക്കുന്നു”
” ഒരു രാത്രി കഴിഞ്ഞാൽ പോരെ.?
വിരോധമില്ലെങ്കിൽ ഇവിടെ കിടക്കാം. കട്ടിൽ ഒന്നുമില്ല.ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ പായ വിരിച്ച് കിടക്കാം. ഓഫീസ് സെക്രട്ടറി രാത്രി ഇവിടെ ഉണ്ടാകും. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോകാം. മാഷ് എന്തെങ്കിലും കഴിച്ചോ…? ”
“ഞാൻ കഴിച്ചു…”
“എങ്കിൽ കിടന്നോളൂ…
മുകളിലത്തെ നിലയിലാണ് ഹാൾ. പായും തലയണയും അലമാരയുടെ മുകളിൽ ഉണ്ടാവും.”
സദാനന്ദൻ മാഷ് മുകളിലേക്ക് കയറി. അത്യാവശ്യം നൂറു പേർക്ക് ഇരിക്കാവുന്ന ഒരു ഹാൾ. ബെഞ്ചുകളും കസേരയും സൈഡിൽ ഒതുക്കിയിട്ടിട്ടുണ്ട്.
കസേരയിൽ ബാഗ് വെച്ചു ബെഞ്ച് ചേർത്തിട്ടു. പായ എടുത്ത് അതിൽ വിരിച്ചു. ജനൽപാളികൾ തുറന്നിട്ടു.
ഒരു എലി ധൃതിയിൽ ചിൽ… ചിൽ ശബ്ദത്തോടെ ചുമരിൽ കൂടി പാഞ്ഞു.
യാത്രാക്ഷീണം ഉണ്ടെങ്കിലും കിടന്നിട്ട് ഉറക്കം വന്നില്ല. ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം അസഹനീയം..!. വാഹനങ്ങളുടെ വെളിച്ചം ജനലിൽക്കൂടി അകത്തേക്ക് തുളച്ചു കയറി. പിന്നെ കൊതുക് കടിയും കൂടി ആയപ്പോൾ ഉറങ്ങുന്നതിന് തടസ്സം നേരിട്ടു.
തണുത്ത കാറ്റ് ജനലിലൂടെ മുറിയിലേക്ക് വീശി അടിച്ചു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ എഴുന്നേറ്റപ്പോൾ മുറിയിൽ സൂര്യപ്രകാശം നിറഞ്ഞിരുന്നു. പ്രഭാതകൃത്യങ്ങൾ ചെയ്ത് കുളിയും കഴിഞ്ഞു വന്നപ്പോൾ മേശപ്പുറത്ത് നാലഞ്ച് പത്രങ്ങൾ കിടക്കുന്നു. ഓരോന്നിന്റെയും തലക്കെട്ട് ഓടിച്ചു നോക്കി.
.
തൊട്ടടുത്തുള്ള കടയിൽ നിന്നും ഇഡ്ഡലിയും കഴിച്ച് ബസ്റ്റാന്റിലേക്ക് നടന്നു. ഏഴര മണിക്ക് ചെർപ്പുളശ്ശേരി ബസ്സിൽ കയറി. വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
ടിക്കറ്റ്.. ടിക്കറ്റ് കണ്ടക്ടർ അടുത്തുവന്നു. നല്ല തടിയും തണ്ടുമുള്ള ഒരു താടിക്കാരൻ….
നെറ്റിയിൽ നാലു വിരൽ വീതിയിൽ ചന്ദനക്കുറി വരച്ചിട്ടുണ്ട്.
കയ്യിൽ സ്റ്റീലിന്റെ കാപ്പു വള.
“ഒരു പതിനാറാം മൈൽ..”
ഇരുപത് രൂപയുടെ നോട്ട് കൊടുത്തപ്പോൾ ഏതാനും ചില്ലറ കയ്യിൽ മടക്കി തന്നു.
“ടിക്കറ്റ് എവിടെ ? ”
കണ്ടക്ടർ ഒന്നു ചിരിച്ചു.
“ഈ ജില്ലയിൽ പുതിയതാണ് അല്ലേ.? ഇവിടുത്തെ ബസ്സിൽ ഒന്നും ടിക്കറ്റ് കൊടുക്കാറില്ല.”
അടുത്തിരുന്ന ഒരാൾ പറഞ്ഞു.
” ചേട്ടാ സ്ഥലം ആകുമ്പോൾ ഒന്ന് പറയണം.. ”
സാദാനന്ദൻ മാഷ് കണ്ടക്ടറെ ഓർമ്മിപ്പിച്ചു.
“ഓ…’
ബസ് കുറച്ച് നീങ്ങിക്കഴിഞ്ഞപ്പോൾ ഇടതുവശത്തായി വലിയ ഗേറ്റ് കണ്ടു. ‘ഗവൺമെന്റ് വിക്ടോറിയ കോളേജ്’
എന്ന് കവാടത്തിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്.
നഗരത്തിലെ വഴിയോരക്കാഴ്ചകൾ കാണാൻ തന്നെ ഒരു രസമുണ്ട്. കൽപ്പാത്തിപ്പുഴയിലെ പാലവും കടന്ന് ഓട്ടു കമ്പനിക്ക് മുന്നിൽ ബസ് നിർത്തിയപ്പോൾ കുറച്ചുപേർ കയറി. റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിൽ എത്തിയപ്പോൾ ബസ് നിറഞ്ഞു എന്ന് പറയാം.
റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ്
കുറച്ചു ദൂരം പിന്നിട്ടപ്പോൾ നെൽപ്പാടം കണ്ടുതുടങ്ങി. പാടവരമ്പത്ത് കരിമ്പനകൾ വരിവരിയായി നിൽക്കുന്നു. പാലക്കാടിന്റെ അടയാളം.
മിക്ക പനകളിലും ഉണങ്ങിയ ഓലകൾ താഴേക്ക് തൂങ്ങി കിടപ്പുണ്ട്. പച്ച ഓലകൾക്കിടയിൽ കുലയായി കരിമ്പന തേങ്ങകൾ…..
ഏതാണ്ട് അരമണിക്കൂർ യാത്ര ചെയ്തു കാണും.
“അടുത്ത സ്റ്റോപ്പ് പതിനാറാം മൈൽ ”
കണ്ടക്ടർ വിളിച്ചുപറഞ്ഞപ്പോൾ സദാനന്ദൻ മാഷ് സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു. മൂന്ന് നാല് പേർ അവിടെ ഇറങ്ങാൻ ഉണ്ടായിരുന്നു. സദാനന്ദൻ മാഷ് ബസ്സിറങ്ങി ചുറ്റും നോക്കി.
റോഡിന് ഇരുവശത്തും ഓരോ പലചരക്ക് കട…..
കുറച്ച് മാറി ഒന്ന് രണ്ട് പെട്ടിക്കട. ആദ്യം കണ്ട പെട്ടിക്കടയുടെ മുൻപിലേക്കു സദാനനാദൻ മാഷ് നടന്നു.
“ചേട്ടാ ഈ കള്ളുഷാപ്പ് എവിടെയാണ്..?”
പെട്ടിക്കടയുടെ മുൻപിൽ ഷർട്ട് ഇടാതെ നിന്ന ഒരു ചേട്ടനോട് ചോദിച്ചു. ഒരു പുഞ്ചിരിയോടെ തല ഉയർത്തി അയാൾ ഒരു നോട്ടം. എങ്ങനെ നോക്കാതിരിക്കും! രാവിലെ എട്ടു മണിയാകുമ്പോഴേക്കും കള്ളുഷാപ്പ് അന്വേഷിച്ച് ആരെങ്കിലും വരുമോ..?
“ദാ ആ കാണുന്നതാണ് ഷാപ്പ്…”
മെയിൻ റോഡിന്റെ ഇടതുവശത്തുള്ള മണ്ണ് റോഡ് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു.
ഷാപ്പിനോട് ചേർന്ന് ഓല മെടഞ്ഞ ഒരു ചെറിയ ചായക്കട…..
ചായക്കട എന്നൊന്നും പറഞ്ഞുകൂടാ കഷ്ടിച്ച് രണ്ട് കസേര ഇടാൻ പറ്റിയ ചെറിയ മുറി.
കള്ളുഷാപ്പിന്റെ മുന്നിലൂടെ ഉള്ള മണ്ണ് റോഡിലൂടെ സദാനന്ദൻ മാഷ് നടന്നു. വലതുവശത്തായി ഒരു ഓടിട്ട വീട്. മുറ്റത്ത് അയയിൽ റബ്ബറിഷീറ്റ് ഇട്ടിരിക്കുന്നു.രാവിലെ മിഷ്യൻ പുരയിൽ അടിച്ചു ഷീറ്റ് ആക്കിയതാണ് എന്ന് കണ്ടാൽ അറിയാം. വെള്ള നിറമുള്ള ഷീറ്റിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്. വീടിനു ചുറ്റും റബ്ബർ മരങ്ങൾ. റബർ തോട്ടത്തിന്റെ നടുവിലാണ് വീട് . സദാനന്ദൻ മാഷ് മുന്നോട്ട് നടന്നു. റോഡിന്റെ ഇരുവശവും തെങ്ങിൻതോട്ടം. പക്ഷേ,വീടുകൾ ഒന്നും കാണാനില്ല. കുറച്ച് നടന്നതും കശുമാവിൻ തോട്ടം കണ്ടുതുടങ്ങി. ഇവിടെ മനുഷ്യവാസം ഇല്ലേ എന്ന് ചിന്തിച്ച് നടന്നപ്പോഴാണ് ഒരു വീട് ദൂരെ കണ്ടത്. ഓടിട്ട വീട്, പക്ഷേ ആൾതാമസമുള്ള ലക്ഷണമില്ല.വീടിന്റെ മുറ്റത്ത് ഒരു കൂറ്റൻ മാവ് പടർന്ന് പന്തലിച്ച് നിൽക്കുന്നു. കൊടും വളവ് തിരിഞ്ഞതും പഞ്ചായത്ത് കിണർ കണ്ടു. തട്ടമിട്ട രണ്ടു സ്ത്രീകൾ വെള്ളം കോരുന്നു. കിണറിനോട് ചേർന്ന് രണ്ട് ചെറിയ ഓട്ടുപുരകൾ കാണാം.
മുന്നോട്ട് നടന്നപ്പോൾ വീണ്ടും കശുമാവിൻ തോട്ടം. ചെങ്കൽ നിറഞ്ഞ പ്രദേശമാണ്. അവിടെവിടെയായി കരിമ്പനകളും ഉണ്ട്. റോഡിനോട് ചേർന്ന കരിമ്പനയിൽ നിന്നും ഒരാൾ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. തലയിൽ ത്ലാപ്പ്. അരയിൽ വീതിയുള്ള കത്തി. ഒരുതരം പ്രത്യേകം കുടം കയ്യിലുണ്ട്. കുടത്തിലെ വള്ളിയിൽ തൂക്കി പിടിച്ചിരിക്കുന്നു.
ഏകദേശം അരമണിക്കൂർ നടന്നപ്പോൾ ഒരു ചെറിയ കവല എത്തി . അവിടെ ഒരു ഓടിട്ട കെട്ടിടം. ചുമരിൽ തൂങ്ങുന്ന ബോർഡ് ശ്രദ്ധിച്ചു. ‘റേഷൻ കട കുന്നപ്പള്ളി’
ആശ്വാസം സ്ഥലം എത്തിയല്ലോ..!
” സ്കൂൾ എവിടെ ചേട്ടാ..? ”
“ദാ ആ വളവ് തിരിഞ്ഞാൽ മതി കഷ്ടിച്ച് ഒരു അൻപത് മീറ്റർ…”
റേഷൻ കടക്കാരൻ പറഞ്ഞു.
” വളരെ ഉപകാരം…. ”
” മാഷ് ആണോ…? ”
” അതെ … ”
” ശരി നമുക്ക് പിന്നെ കാണാം… ”
കടക്കാരൻ എന്തോ എഴുതാൻ തുടങ്ങി.
വളവ് തിരിഞ്ഞതും കുന്നപ്പള്ളി ജംഗ്ഷൻ എത്തി. ഇടതുവശത്ത് നീണ്ട കെട്ടിടം., ലൈൻ വീട് പോലെ… കടകളാണ് എന്ന് തോന്നുന്നു ആദ്യം മുറിയിൽ ഒരു ബാർബർ ഷാപ്പ്. അതിനടുത്ത് മിൽക്ക് സൊസൈറ്റി. അതിനടുത്ത് പോസ്റ്റ് ഓഫീസ് പിന്നെ ഒരു ചായക്കട. തൊട്ടപ്പുറത്ത് ഒരു പെട്ടിക്കട. റോഡിന്റെ അപ്പുറത്തായി ഒരു ക്ഷേത്രവും കാണാം. ഇതാണ് കുന്നപ്പള്ളി ഗ്രാമം.
ജംഗ്ഷനിൽ നിന്ന് നോക്കിയതും ഇടതുവശത്തായി ഇംഗ്ലീഷിൽ’ L’ ആകൃതിയിലുള്ള ഒരു കെട്ടിടം. സ്‌കൂളിന് മതില് ഗേറ്റ്, എന്തിന് ഒരു മുള്ളുവേലി പോലും ഇല്ലാത്തതിനാൽ കോമ്പൗണ്ടിലേക്ക് കയറാൻ എളുപ്പമായി.
(തുടരും…. )




👍
ആത്മാശം തുടിച്ചുനിൽക്കുന്ന എഴുത്ത്
വിവാഹത്തിന് ഇട്ട പന്തലും ചുറ്റു പാടുമൊക്കെ സൂക്ഷ്മമായി വർണ്ണിച്ച് പഴയ കാലത്തേയ്ക്ക് കൊണ്ടു പോയി.
ജീവിത യാത്രയുടെ ഓരോ ഘട്ടങ്ങളും ഭംഗിയായി ചിട്ടയായി പറഞ്ഞു പോകുന്നു. വഴി വർണ്ണന വഴി സ്കൂൾ വരെ വായനക്കാരും എത്തി. നല്ലെഴുത്ത്.