രാത്രിയുടെ രണ്ടാം യാമത്തിൽപ്പോലും സദാനന്ദൻ മാഷിന്റെ കണ്ണുകൾ തുറന്നു തന്നെയിരുന്നു. നിദ്ര എവിടെയോ പോയി മറഞ്ഞു.
സോമൻ മാഷിന്റെ കത്തിലെ വാചകങ്ങൾ മനസ്സിൽ തികട്ടിവന്നു.
ലതയ്ക്ക് ഇത്ര പെട്ടെന്ന് തന്നെ മറക്കുവാൻ എങ്ങനെ കഴിഞ്ഞു? സോമൻ മാഷ് ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞിട്ടുണ്ടാവില്ലേ? തൻ്റെ അഡ്രസ് ലത കണ്ടിട്ടുണ്ടാവില്ലേ?
എന്നിട്ടും ഒരു കത്ത് തനിക്ക് എഴുതാൻ തോന്നിയില്ലല്ലോ?
അവൾ തനിക്ക് ആരായിരുന്നു?
പ്രണയിനി ആയിരുന്നോ?
ഇല്ല ,എന്ന് പറഞ്ഞാൽ അത് നുണ യാവും..!
ലതയെ ഇഷ്ടമായിരുന്നു..
ഒരുപാട് , ഒരുപാട് ഇഷ്ടം..
പക്ഷേ, തന്റെ പ്രാരാബ്ധങ്ങൾ…!
അതല്ലേ അവളിൽ നിന്നും അകലം പാലിക്കുവാൻ നിർബന്ധിതനായത്..!
“സദാനന്ദൻ മാഷേ എണീക്കുന്നില്ലേ ?
സമയം എത്രയാണെന്ന് നോക്കൂ.”
സജിമോൻ ആണ്.
വാതിൽപ്പാളികളിലൂടെ സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.
” നേരം വെളുത്തോ?
സമയം എത്രയായി?
രാത്രി ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല.”
“സമയം 7 കഴിഞ്ഞു..!
ഇന്ന് പുതിയ പ്രധാനാധ്യാപകൻ വരുന്ന ദിവസമാണ്.
നമുക്ക് നേരത്തെ പോകണ്ടേ?”
“ഓ, അത് ശരിയാണല്ലോ..
ഞാൻ മറന്നു.”
സദാനന്ദൻ മാഷ് എഴുന്നേറ്റ് വന്നപ്പോൾ വിപിൻ മാഷ് സാമ്പാർ വെക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു.
“ഞാൻ സഹായിക്കണോ…?”
“വേണമല്ലോ…
ഈ ഉരുളക്കിഴങ്ങ് തൊലി കളയൂ”
ഒരു മണിക്കൂർ കൊണ്ട് കഞ്ഞിയും , പയർ തോരനും , സാമ്പാറും റെഡി.
ഒൻപതു മണി കഴിഞ്ഞപ്പോൾ മൂന്നുപേരും സ്കൂളിൽ എത്തി . ഓഫീസ് മുറി തുറന്നിട്ടുണ്ടായിരുന്നു.
“ടീച്ചർ ഇന്ന് നേരത്തെ വന്നോ?”
“ഇന്ന് പുതിയ എച്ച്. എം വരും . അപ്പോഴേക്കും കുറെ പേപ്പറുകൾ ശരിയാക്കുവാൻ ഉണ്ട് .
പിന്നെ സദാനന്ദൻ മാഷേ താങ്ക്സ് ..”
“എന്താ ടീച്ചർ?”
“ഇഞ്ചക്കാടെല്ലാം വെട്ടി സ്കൂൾ പരിസരം വൃത്തിയാക്കിയല്ലോ?”
“അയ്യോ, ടീച്ചർ ഞാൻ ഒറ്റയ്ക്കല്ല. ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചാണ് ചെയ്തത്…”
“അതറിയാം. പക്ഷേ, ഏത് കാര്യത്തിനും ഒരാൾ മുന്നിട്ട് ഇറങ്ങണമല്ലോ..?
ഇക്കാര്യത്തിൽ മാഷ് ഇനിഷ്യേറ്റീവ് എടുത്തു എന്ന് വിജയൻ ചേട്ടൻ പറഞ്ഞു.”
“അത് ടീച്ചർ, നമ്മുടെ വീടിന്റെ മുകളിലേക്കാണ് ഇങ്ങനെ കാട് വളർന്നു കിടക്കുന്നതെങ്കിൽ നമ്മൾ അത് കണ്ടില്ല എന്ന് നടിക്കുമോ? വേഗം വെട്ടിക്കളയില്ലേ.,.?”
“എന്തായാലും പുതിയ എച്ച് . എം വരുമ്പോൾ സ്കൂളും പരിസരവും വളരെ വൃത്തിയായി കാണുമ്പോൾ അതിന്റെ ക്രെഡിറ്റ് പ്രധാന അധ്യാപികയ്ക്കാണ് . അതുകൊണ്ടാണ് താങ്ക്സ് പറഞ്ഞത് .”
“സന്തോഷം ടീച്ചർ.”
ഇളം കാറ്റിൽ ആലിൻ കൊമ്പുകൾ ഇളകിയാടി . കാറ്റത്ത് ആലിലകൾ നൃത്തം ചെയ്യുന്നതു കണ്ടാൽ നോക്കി ഇരുന്നു പോകും…! ആലിലകളുടെ മർമ്മരം കുട്ടികളുടെ കലപില പോലെ മനോഹരം.
ഇന്റർവെല്ലിന് തൊട്ടുമുമ്പ് ഒരാൾ ബാഗും തൂക്കി മുറ്റത്ത് കൂടി നടന്നു ഓഫീസ് മുറിയിലേക്ക് കയറിപ്പോകുന്നത് വിപിൻ മാഷ് കണ്ടു .
“കൊച്ചു മാഷേ, പുതിയ എച്ച് .എം ആണെന്ന് തോന്നുന്നു, ഒരാൾ വരുന്നുണ്ടല്ലോ”.
മൂന്നാം ക്ലാസിന്റെ വാതിൽക്കൽ നിന്ന് കൊണ്ട് വിപിൻ മാഷ് പറഞ്ഞു.
“ഏയ് കണ്ടിട്ട് ഒരു എച്ച്. എമ്മിന്റെ ലുക്ക് ഇല്ലല്ലോ…”
സജിമോൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇന്റർവെല്ലിന് ഓഫീസ് മുറിയിൽ എത്തിയപ്പോൾ എച്ച്. എമ്മിന്റെ അടുത്ത് അദ്ദേഹം ഇരിപ്പുണ്ട്. നല്ല ഉയരം. കറുപ്പ് നിറം. കഷണ്ടി കയറി തുടങ്ങിയ നെറ്റി.
“ടീച്ചർ ഇതാണോ പുതിയ എച്ച് .എം? ”
വിപിൻ മാഷ് ചോദിച്ചു.
“അതേ, എൻ്റെ പേര് കുട്ടികൃഷ്ണൻ. വീട് പട്ടാമ്പി.”
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
” മാഷന്മാർ ഇരിക്കൂ…”
” താങ്ക്സ്…
സാർ ഇതിനുമുമ്പ് അട്ടപ്പാടി വന്നിട്ടുണ്ടോ..?”
” ഇല്ല, മണ്ണാർക്കാട് വരെ വന്നിട്ടുണ്ട്. ചുരം കയറുന്നത് നടാടെയാണ്.
നിങ്ങളുടെ നാട് എവിടെയാണ്?”
“ഇത് സദാനന്ദൻ മാഷ് എൻ്റെ നാട്ടുകാരനാണ്. സൈഡിൽ ഇരിക്കുന്നത് സജി മോൻ, ഇടുക്കി. അത് വിപിൻ, മലപ്പുറം.”
ടീച്ചറാണ് മറുപടി പറഞ്ഞത്.
“നിങ്ങൾ ഇവിടെ അടുത്താണോ താമസം ..?”
“അതെ, തൊട്ടടുത്ത്, രണ്ട് മിനിറ്റ് നടന്നാൽ മതി. നമുക്ക് ഒരുമിച്ച് കൂടാം.”
സദാനന്ദൻ മാഷ് പറഞ്ഞു.
” ശരി, നിങ്ങൾ ക്ലാസ്സിലേക്ക് ചെല്ലു. ഞങ്ങൾക്ക് ചില പേപ്പറുകൾ ശരിയാക്കുവാൻ ഉണ്ട് .”
“ഓക്കേ ടീച്ചർ..”
കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുത്തതിന് ശേഷം എല്ലാവരും ഭക്ഷണം കഴിക്കുവാൻ ഇരുന്നു .
“സാറിന് മിടുക്കന്മാരായ മൂന്ന് ചെറുപ്പക്കാരെയാണ് സഹപ്രവർത്തകരായി ലഭിച്ചിരിക്കുന്നത്. എനിക്ക് ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല. വീടിന് അടുത്ത സ്കൂളിൽ ഒരു ഒഴിവ് വന്നപ്പോൾ അവിടേക്ക് കൊടുത്തു എന്ന് മാത്രം..”
സരസ്വതി അമ്മ ടീച്ചർ പറഞ്ഞു.
“ശരിക്കും പറഞ്ഞാൽ അട്ടപ്പാടി എന്ന കേട്ടപ്പോൾ ഭയപ്പെട്ടിരുന്നു. ഭാര്യ പറഞ്ഞു പേടിപ്പിച്ചതാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. അട്ടപ്പാടി ചുരം കയറുമ്പോൾ മനസ്സിൽ ഭീതി പടർന്നു. ശരിക്കും പേടിച്ചുട്ടോ…
കൊടും വളവുകൾ..
ഒരു വളവിൽ റിവേഴ്സ് എടുത്തിട്ടാണ് ബസ് തിരിക്കാൻ പറ്റിയത് തന്നെ. പിന്നെ മുക്കാലി എത്തുന്നത് വരെ കണ്ണടച്ചിരുന്നു എന്ന് പറയുന്നതാവും ശരി..!
എവിടെ താമസിക്കും?
ആരെങ്കിലും ഒക്കെ സഹായിക്കാൻ ഉണ്ടാകുമോ ?
ഭക്ഷണം കഴിക്കാൻ എന്ത് ചെയ്യും ?
തുടങ്ങി നിരവധി ചിന്തകൾ മനസ്സിനെ അലട്ടിയിരുന്നു.
ഇപ്പോഴാണ് സമാധാനമായത്..”
കുട്ടികൃഷ്ണൻ മാഷ് പറഞ്ഞു.
“സാർ ഒന്നു കൊണ്ടും പേടിക്കേണ്ട. നല്ല മിടു മിടുക്കന്മാരായ ചെറുപ്പക്കാരാണ് ഇവർ.”
“ആണോ..?
സന്തോഷം..”
“എങ്കിൽ പിന്നെ ഞാൻ ഇറങ്ങിക്കോട്ടെ..
അഗളി ടൗണിൽ ആണ് എൻ്റെ വീട് . ഇടയ്ക്ക് വീട്ടിലേക്ക് വരു ട്ടോ..”
ഹാൻഡ് ബാഗ് തോളിൽ തൂക്കി മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് സരസ്വതി ടീച്ചർ പറഞ്ഞു.
വൈകുന്നേരം സ്കൂൾ വിട്ടതും കാറ്റിന്റെ അകമ്പടിയോടെ ശക്തമായ മഴ വന്നു. പുല്ലില്ലാത്ത സ്കൂൾ മുറ്റും ചളിക്കുളമായി. ചില കുട്ടികൾ മഴ വകവയ്ക്കാതെ വീട്ടിലേക്ക് ഓടി. ചിലർ ഓല ഷെഡിന്റെ മുകളിൽ നിന്നും ഊർന്നു വീഴുന്ന വെള്ളത്തിൽ തട്ടിക്കളിച്ചു. വിപിൻ മാഷ് ചൂരലുമായി മുറ്റത്തേക്ക് ഇറങ്ങിയതും കുട്ടികൾ പേടിച്ച് ക്ലാസിൽ കയറി .
” മാഷിന്റെ വീട്ടിൽ ആരെല്ലാം ഉണ്ട് ?”
സദാനന്ദൻ മാഷ് ചോദിച്ചു.
” ഭാര്യ, മൂന്ന് കുട്ടികൾ. മൂത്ത രണ്ട് പേർ പെൺകുട്ടികളാണ്. ഒരാൾ ഒമ്പതാം ക്ലാസിലും ഒരാൾ ഏഴാം ക്ലാസിലും. ഇളയത് ആൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു …”
“ഭാര്യ ടീച്ചർ ആണോ..?”
സജിമോൻ ചോദിച്ചു.
“ഏയ്, അല്ല , കുടുംബിനി..”
“ഒരാളുടെ ശമ്പളം കൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റുമോ..?”
വിപിൻ സംശയമുന്നയിച്ചു..
“കുറച്ച് കൃഷിയുണ്ട്. കുറച്ച് റബ്ബർ .കുറച്ച് പച്ചക്കറി… അങ്ങനെ അങ്ങനെ…”
“ഓ!അപ്പോൾ പിന്നെ പ്രശ്നമില്ല.
“നിങ്ങൾ മൂന്നുപേരും കല്യാണം കഴിച്ചിട്ടില്ലല്ലോ അല്ലേ?”
“അയ്യോ! അതിനുള്ള പ്രായം ആയില്ല മാഷേ.. പിന്നെ പി.എസ്. സി കിട്ടിയിട്ട് വേണം കല്യാണക്കാര്യമൊക്കെ ആലോചിക്കാൻ …”
സദാനന്ദൻ മാഷ് പറഞ്ഞു.
“അതുമതി… സ്വന്തം കാലിൽ നിൽക്കുകയാണ് ആദ്യം വേണ്ടത്.”
മഴ തോർന്നപ്പോൾ സ്കൂൾ പൂട്ടി എല്ലാവരും പുറത്ത് ഇറങ്ങി.
“താമസിക്കുന്ന സ്ഥലം എങ്ങനെ സൗകര്യങ്ങൾ ഒക്കെ ഉണ്ടോ ,?”
എച്ച്. എം ചോദിച്ചു.
“ഒരു മുറി. ഒരു ഹാൾ പിന്നെ അടുക്കള .കിടക്കാൻ കട്ടിൽ ഒന്നുമില്ലാട്ടോ.. മാഷിന് തറയിൽ പായ വിരിച്ച് കിടന്നു ശീലം ഉണ്ടോ?”
” കട്ടിലൊന്നും വേണമെന്നില്ല ..
അടുക്കള ജോലി മാത്രം എനിക്ക് വലിയ പിടുത്തമില്ല..”
” അതോർത്ത് മാഷ് വിഷമിക്കേണ്ട. ഞങ്ങൾ മൂന്നുപേരും ഉണ്ടല്ലോ?”
“എന്തായാലും സന്തോഷമായി. ”
“അതാണ് വിജയൻ ചേട്ടന്റെ കടയും വീടും. നമുക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന നല്ല മനുഷ്യൻ .വരു നമുക്ക് അദ്ദേഹത്തെ ഒന്ന് കണ്ടിട്ട് പോകാം”
അവർ വിജയൻ ചേട്ടന്റെ കടയിലേക്ക് കയറി.
(തുടരും…..)
നല്ല എഴുത്ത്
അധ്യാപക ജീവിതത്തെ നേരിട്ടറിയാൻ കഴിയുന്ന മനോഹരമായ എഴുത്ത്. ലളിത ഭാഷ . കൂടുതലറിയാൻ കാത്തിരിക്കുന്നു
അതീവ ഹൃദ്യമായ എഴുത്ത്
