Logo Below Image
Tuesday, March 25, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 41) ' പരുത്തിത്തോട്ടം.' ✍ സജി ടി പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 41) ‘ പരുത്തിത്തോട്ടം.’ ✍ സജി ടി പാലക്കാട്

സജി ടി പാലക്കാട്✍

ഒരാഴ്ച നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. ശക്തമായ കാറ്റ് വീശാതെയാണ് മഴ ശാന്തമായി പെയ്തിറങ്ങിയത്. പുഴയിലെ വെള്ളത്തിന് നല്ല കറുത്ത നിറം.

“അവധി ദിവസം ആയിട്ട് മാഷ് നേരത്തെ എണീറ്റോ ?”

മുറ്റമടിച്ചുകൊണ്ടിരുന്ന താഴത്തെ വീട്ടിലെ രാധ ചേച്ചി ചോദിച്ചു.

“അത് ശീലമായിപ്പോയി .”

“ഓ…ആശാൻ എവിടെ ചേച്ചി..?”

“അവിടെ ഉണ്ട്. പത്ര പാരായണം .രാവിലെ പത്രം മുഴുവൻ അരച്ചു കലക്കി കുടിക്കാതെ പുള്ളിക്കാരൻ കിടക്കപ്പായിൽ നിന്ന് എണീക്കില്ല.”

“ആണോ …?”

“ഉം…
മറ്റേ സാറന്മാരെവിടെ?”

“രാത്രിയിലും മഴയായിരുന്നല്ലോ. എഴുന്നേറ്റിട്ടില്ല. ഇവിടുത്തെ മഴ ഇങ്ങനെയാണ് ചെയ്താൽ പെയ്തുകൊണ്ടേയിരിക്കും, ഇല്ലെങ്കിൽ തീരെയില്ല.”

“പരുത്തി തോട്ടം കണ്ടിട്ടില്ല എന്ന് പറഞ്ഞില്ലേ .?
ഇന്ന് ഞാൻ പോകുന്നുണ്ട് സാർ വരുന്നോ..?”

“ഞാൻ എപ്പഴേ റെഡി..!
രാവിലത്തെ ഭക്ഷണം കഴിച്ചതിനു ശേഷം പോകാം…”

ഹാവൂ..!
ഒരാഴ്ചയായി സൂര്യന്റെ മുഖം കണ്ടിട്ട്..!”

വെള്ളം നിറച്ച പ്ലാസ്റ്റിക് കുടം ഇറക്കിവെച്ചുകൊണ്ട് സജിമോൻ മാഷ് പറഞ്ഞു.

“മാഷേ പരുത്തിത്തോട്ടം കാണാൻ പോയാലോ..?
രാധ ചേച്ചി ഇന്ന് തോട്ടത്തിൽ പോകുന്നുണ്ട്.”

” അതിനെന്താ പൊയ്ക്കളയാം ”

” ഇന്ന് എന്താണ് ബ്രേക്ക്ഫാസ്റ്റ് ?”

“റവ ഉണ്ടാകും . നമുക്ക് ഉപ്പുമാവ് ഉണ്ടാക്കാം. വിജയൻ ചേട്ടന്റെ കടയിൽ പഴം ഉണ്ടാകും….”

“സാറന്മാര് റെഡിയായോ..?”

രാധ ചേച്ചി വിളിച്ചു ചോദിച്ചു.

“ദാ വരുന്നൂ..…
സദാനന്ദൻ മാഷ് വിളിച്ചുപറഞ്ഞു.

“വിപിൻ മാഷേ നമുക്ക് പോയാലോ..?”

” എന്തു കാണാൻ..!
ഞാൻ വരുന്നില്ല , നിങ്ങൾ പോയി വരൂ…”

” ഓ…”

രണ്ടുപേരും മുറ്റത്തേക്ക് ഇറങ്ങി.
രാധ ചേച്ചി റെഡിയായി റോഡിൽ നിൽക്കുകയായിരുന്നു.
കൈലിമുണ്ടും നീല നിറത്തിലുള്ള ബ്ലൗസ് ആണ് വേഷം…
കയ്യിൽ ഒരു ചെറിയ തൂമ്പയും ഉണ്ട്.

” ഭക്ഷണം കഴിച്ചോ..?”

“ഉവ്വ്..”

” എങ്കിൽ പോകാം…”

” ആശാൻ വരുന്നില്ലേ ചേച്ചി..?”

സദാനന്ദൻ മാഷ് ചോദിച്ചു.

“അയ്യോ ..!
കുടവയറും വെച്ചുകൊണ്ട് അങ്ങേർക്ക് മലകയറാൻ പറ്റില്ല. പണികളെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്.”

സജി മോൻ ഏറ്റവും മുന്നിലായി നടന്നു. റോഡിൽ നിന്നും കുത്തനെയുള്ള കയറ്റം കയറണം. വഴിച്ചാലിലേക്ക് കാട്ടുചെടികൾ ചെരിഞ്ഞ് കിടപ്പുണ്ട്. ചില സ്ഥലങ്ങളിൽ വളരെ പാടുപെട്ട് കാട്ടു വള്ളികൾ വകഞ്ഞു മാറ്റിയാണ് പോയത്.

“തെരുവപ്പുല്ലുകൾ ശ്രദ്ധിക്കണം. കയ്യിലോ കാലിലോ ഉരസിയാൽ മുറിയും .”

“എന്തിനാ ചേച്ചി തൂമ്പ ..?”

“ഒരാഴ്ച മഴ ആയിരുന്നല്ലോ..? പരുത്തിച്ചെടിയുടെ ചുവട്ടിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയിട്ടുണ്ടാകും. ഏരി മാടി വെക്കണം..”

” ഓ..അത് ശരി.”

കാടുപിടിച്ച് കിടക്കുന്ന മലമ്പ്രദേശം. ഇടയിൽ ചില കെട്ടിടങ്ങൾ കാടുമൂടി കിടപ്പുണ്ട് .

“ചേച്ചി , കാടുമൂടി കിടക്കുന്നത് എ.വി.ഐ.പി കെട്ടിടങ്ങൾ ആണോ..?

“അതേ…..
ജലസേചന പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത സ്ഥലം.
ഇവിടെ ധാരാളം ആളുകൾ താമസിച്ചിരുന്നതാ…
എത്ര വീടുകൾ അങ്ങനെ കാട് കയറി കിടന്നു നശിച്ചു പോകുന്നു!

ഏകദേശം മുപ്പതു മിനിറ്റ് നടന്നു കഴിഞ്ഞപ്പോൾ മലമുകളിൽ എത്തി.

“ഹായ് ..!
എന്ത് ഭംഗി…!
ആകാശത്തേക്ക് നോക്കിയാൽ ദൂരെ നീല മേഘങ്ങൾ…
നീല മേഘങ്ങൾക്കിടയിലൂടെ ഒഴുകുന്ന വെള്ള മേഘങ്ങൾ..
താഴെ മനോഹരമായ മലനിരകൾ.. മലയെ ചുറ്റി അടിവാരത്തിലൂടെ ശിരുവാണിപ്പുഴ വളഞ്ഞുപുളഞ്ഞൊഴുകുന്നു .
പുഴയുടെ തീരത്തായി അവിടെയായി ചെറിയ വീടുകൾ. സദാനന്ദൻ മാഷ് തോളിൽ തൂക്കിയിട്ടിരുന്ന സഞ്ചിയിൽ നിന്നും ക്യാമറ എടുത്തു.
പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്തു.

“ആഹാ..കയ്യിൽ ക്യാമയൊക്കെ ഉണ്ടോ?

രാധ ചേച്ചി ചോദിച്ചു.

സദാനന്ദൻ മാഷ് ഒന്ന് ചിരിച്ചു.

“എൻ്റെ ഒരു പടം എടുക്കാമോ?

“അതിനെന്താ എടുക്കാലോ രാധേച്ചീ.”

“ഇപ്പോൾ വേണ്ട, ആ കാണുന്നതാണ് ഞങ്ങളുടെ പരുത്തി തോട്ടം .അവിടെ പോയി നിന്ന് എടുക്കാം.”

നോക്കത്താ ദൂരത്ത് പരന്നുകിടക്കുന്ന പരുത്തി തോട്ടം .
നടന്നുനടന്ന് അവർ പരുത്തിത്തോട്ടത്തിന്റെ അടുത്തെത്തി .
നട്ടിട്ട് രണ്ടുമാസം പ്രായമായ പരുത്തിച്ചെടികൾ ഏതാണ്ട് ഒരു മീറ്റർ ഉയരം ആയിക്കാണും . കണ്ടാൽ വെണ്ട കൃഷി ചെയ്ത ആണെന്നു തോന്നും.

നിലം ഉഴുത് ചാലും വരമ്പും ഉണ്ടാക്കി വരമ്പിലാണ് തൈ നട്ടിരിക്കുന്നത് . തവിട്ട് നിറമുള്ള തണ്ടുകളിൽ നല്ല പച്ച ഇലകൾ… ഇലകൾ കണ്ടാൽ വെണ്ടയുടെ ഇല പോലെ തോന്നും .

മഴവെള്ളത്തിന്റെ ശക്തിയിൽ ചില ഭാഗത്ത് ഏരിയിലുള്ള മണ്ണുകൾ ഒലിച്ചു പോയിട്ടുണ്ട് . ചേച്ചി തൂമ്പ കൊണ്ട് മണ്ണ് കോരി ചെടിയുടെ ചുവട്ടിൽ ഇട്ടു . നല്ല കറുത്ത മണ്ണ്. സദാനന്ദൻ മാഷിന്റെ ക്യാമറ ഒന്നുമിന്നി.

“അയ്യോ.!
പ്രതീക്ഷിച്ചതിലും കൂടുതൽ ചെടികളുടെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടല്ലോ..?”

രാധ ചേച്ചി പറഞ്ഞു.

” ഈ കാണുന്ന പരുത്തിത്തോട്ടങ്ങൾ മുഴുവൻ രാധ ചേച്ചിയുടെ ആണോ?”
സദാനന്ദൻ മാഷ് ചോദിച്ചു.

“നല്ല കഥ …!
എങ്കിൽ ഞങ്ങൾ ആരായിരുന്നു..! ഞങ്ങൾക്ക് രണ്ട് ഏക്കർ മാത്രമേ ഉള്ളൂ സാറേ. ഞങ്ങളുടെ തോട്ടത്തിനോട് ചേർന്ന് കിടക്കുന്നത് ജോർജേട്ടന്റെ തോട്ടമാണ്. പിന്നെ ടൗണിൽ നിന്നുള്ള പലരുടെയും തോട്ടം ഇവിടെയുണ്ട്. ”

“ആണോ..?”

“നിങ്ങൾ ഇപ്പോൾ പോകുന്നുണ്ടോ..? ഞാൻ വരാൻ മിക്കവാറും ഉച്ചയാകും. കുറെ ചെടികളുടെ ചുവട്ടിലെ മണ്ണ് പോയിട്ടുണ്ടല്ലോ.. ”

“എങ്കിൽ ശരി ചേച്ചി. ഞങ്ങൾ ഇറങ്ങുന്നു . സ്കൂൾ വരെ ഒന്ന് പോകണം…”

“ഇന്ന് സ്കൂൾ ഇല്ലല്ലോ..? ”

“ഈ സദാനന്ദൻ മാഷ് പറഞ്ഞു സ്കൂളും പരിസരവും വൃത്തിയാക്കാമെന്ന്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് ഞങ്ങളും കരുതി.”

“എന്നാൽ ശരി, നിങ്ങൾ ചെല്ലു. പിന്നെ കാണാം..”

” ശരി..”

കയറ്റം കയറിയ പോലെ അല്ല താഴേക്ക് വേഗം ഇറങ്ങുവാൻ കഴിഞ്ഞു. ഇടയ്ക്കിടെ സദാനന്ദൻ മാഷിന്റെ കാലിലെ ലൂണാർ ചെരുപ്പ് തെന്നിപ്പോയി. ചെരിപ്പ് കയ്യിൽ ഊരി പിടിച്ചിട്ടാണ് താഴേക്ക് ഇറങ്ങി വന്നത്.

( തുടരും…)

സജി ടി പാലക്കാട്✍

RELATED ARTICLES

9 COMMENTS

  1. തുടർക്കഥ സൂപ്പർ ആണ് അടുത്ത ലക്കത്തിനായി കാത്തിരിക്കാം 😍

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments