എവിടെനിന്നോ ഓടിയെത്തിയ കാറ്റ് ആ പ്രദേശമാകെ പൊടിപടലത്തിൽ മുക്കി. സദാനന്ദൻ മാഷ് സ്കൂൾ മുറ്റത്ത് നിന്നും സിമന്റിട്ട വരാന്തയിലേക്ക് കയറി .
ഓഫീസ് മുറിയുടെ വാതിൽക്കൽ നിന്നു. പ്രധാനാധ്യാപിക എന്തോ എഴുതുന്നു. മറ്റു രണ്ടു പേർ സമീപത്തായി ബെഞ്ചിൽ ഇരിക്കുന്നുണ്ട്. പെട്ടെന്ന് എച്ച് . എം തലയുയർത്തി നോക്കി.
“സദാനന്ദൻ മാഷ് അല്ലേ..?’
പ്രധാനാധ്യാപിക ചിരിച്ചുകൊണ്ട് ചോദിച്ചു .
“അതെ…”
” വരൂ , ഞങ്ങൾ മാഷിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
എന്തേ വൈകിയത്..?”
“പുതുശ്ശേരിയിൽ ഉള്ള ഒരു സുഹൃത്തിന്റെ വീടാണ് എൻ്റെ താൽക്കാലിക മേൽവിലാസം ആയി കൊടുത്തിട്ടുള്ളത് .അവിടെ നിന്ന് റീ ഡയറക്ട് ചെയ്തിട്ട് വേണം അപ്പോയിന്റ്മെന്റ് ഓർഡർ എനിക്ക് ലഭിക്കേണ്ടത്.അങ്ങനെയാണ് വൈകുന്നത്. ”
“ഓ.. അത് ശരി.
പുതുശ്ശേരിയിൽ എവിടെയാണ്
സുഹൃത്തിന്റെ വീട്?”
“അമ്പലത്തിന് അടുത്ത്.
പുതുശ്ശേരി പരിചയമുണ്ടോ ..?”
“അവിടെയുള്ള ദേവീക്ഷേത്രത്തിൽ പോകാറുണ്ട്..”
എച്ച്. എം പറഞ്ഞു.
“ആണോ..?
ആ ക്ഷേത്രത്തിലെ പൂജാരിയാണ് എൻ്റെ സുഹൃത്ത്..”
“ഓ അതു ശരി..?
അതിരിക്കട്ടെ, ക്ഷേത്രത്തിലെ പൂജാരി എങ്ങനെ സുഹൃത്തായി..?”
“അതോ, അതൊരു കഥയാണ്.പിന്നെ പറയാം. മലപ്പുറത്തുള്ള എന്റെ സുഹൃത്തിന്റെ ബന്ധുവാണ് ഈ പൂജാരി. നല്ല മനുഷ്യൻ….
കത്ത് കിട്ടിയാൽ ഉടൻ എനിക്ക് അയച്ചു തരും. ഒരു ദിവസം വൈകിയാൽ എനിക്ക് ഇൻറർവ്യൂ പോലും അറ്റൻഡ് ചെയ്യാൻ പറ്റില്ലല്ലോ..?”
“ഉം….”
“മാഷിന്റെ വീട് എവിടെയാണ്?”
സദാനന്ദൻ മാഷ് സ്ഥലം പറഞ്ഞു.
” എന്റെ വീട് കോട്ടയമാണ്. പക്ഷേ , ഇപ്പോൾ അഗളിയിൽ സെറ്റിൽഡ് ആണ് .പെൻഷൻ പറ്റിയാൽ നാട്ടിൽ പോകണം .”
ഒപ്പിടാൻ രജിസ്റ്റർ നീട്ടിക്കൊണ്ട് പ്രധാനാധ്യാപിക പറഞ്ഞു.
“ഇവിടെ എത്ര സ്റ്റാഫ് ഉണ്ട് ..?”
“ആകെ അഞ്ച് പേർ. ഇത് വിപിൻ മാഷ് , കൊണ്ടോട്ടി ആണ് വീട്. അടുത്തത് സജിമോൻ , ഇടുക്കിയാണ് വീട്. രണ്ടുപേരും മാഷിനെ പോലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടിയവരാണ് .ഒരു ടീച്ചർ മാത്രമാണ് പി.എസ്.സി ഹാൻഡ് ആയിട്ട് ഉള്ളത്..”
“ഓ….”
“മാഷിന് പാലക്കാട്ടുകാരുടെ ‘ഓ’കിട്ടിയല്ലോ…?”
“ഓ…..”
ചിരിച്ചുകൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
“മാഷ് ഒന്നും കഴിച്ചില്ലല്ലോ..?”
“ഇല്ല.. .”
” വിപിൻ മാഷേ സദാനന്ദൻ മാഷിന് അടുക്കളയിൽ കൂട്ടിക്കൊണ്ടുപോയി ആഹാരം കൊടുക്കു.”
“ശരി, ടീച്ചർ…”
“വരൂ മാഷേ…”
ബെഞ്ചിൽ നിന്നും എഴുന്നേറ്റ് കൊണ്ട് വിപിൻ മാഷ് പറഞ്ഞു.
സദാനന്ദൻ മാഷ് അടുക്കളയിലേക്ക് നടന്നു. വിപിനും, സജിമോനും ഒപ്പം അടുക്കളയിൽ എത്തി. കഞ്ഞി വയ്ക്കുന്ന ചേച്ചിയെ പരിചയപ്പെടുത്തി . ഒരു പ്ലേറ്റിൽ കഞ്ഞിയും ചെറുപയർ തോരനും വിളമ്പി.
” അച്ചാർ വേണോ മാഷേ..?”
“വേണം ….”
അടുക്കളയിലെ ഒരു ചെറിയ ഭരണിയിൽ നിന്നും അല്പം അച്ചാർ പാത്രത്തിലേക്ക് വിളമ്പി . നല്ല വിശപ്പുണ്ടായിരുന്നു. രാവിലത്തെ ആഹാരം ശരിയായിട്ടില്ലായിരുന്നു. അതുകൊണ്ട് കഞ്ഞിക്കും പയറിനും നല്ല രുചി തോന്നി..
“ഇവിടെ അടുത്താണോ താമസിക്കുന്നത് ?”
“അതേ..
തൊട്ടടുത്ത് ആലിൻചുവട്ടിൽ …”
“യ്യോ ! ഞാൻ മറന്നു, വിജയൻ ചേട്ടൻ പറഞ്ഞിരുന്നു.”
” നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് അവിടെ കൂടാം.
എ.വി. ഐ.പി യുടെ കോട്ടേഴ്സ് ആണ് …”
“എ. വി .ഐ. പി യോ?അതെന്താണ്..?”
“അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട്….
വിശദാംശങ്ങൾ പിന്നെ പറയാം..”
അപ്പോഴേക്കും ബെൽ മുഴങ്ങി. വേഗം കഞ്ഞികുടിച്ച് ഓഫീസിൽ എത്തിയപ്പോൾ ഒരു ലേഡി ടീച്ചർ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. സദാനന്ദൻ മാഷ് അവരെ നോക്കി ചിരിച്ചു . പക്ഷേ അവർ വലിയ താല്പര്യം കാണിച്ചില്ല . പി.എസ്സി .ഹാൻഡ് അല്ലേ ചിലർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരോട് ഇഷ്ടക്കേട് ഉണ്ടാവും! സദാനന്ദൻ മാഷ് മനസ്സിൽ കരുതി.
“സദാനന്ദൻ മാഷ് രണ്ടാം ക്ലാസിലേക്ക് പൊയ്ക്കോളൂ ട്ടോ ….”
കുട്ടികളുടെ ഹാജർ പുസ്തകം നീട്ടിക്കൊണ്ട് പ്രധാനാധ്യാപിക പറഞ്ഞു .
ഒരു ചോക്കും എടുത്ത് രണ്ടാം ക്ലാസിലേക്ക് നടന്നു .
“അതാണ് രണ്ടാം ക്ലാസ്. ഓല മേഞ്ഞ ഷെഡ്ഡിലെ രണ്ടാമത്തെ മുറി ചുണ്ടിക്കാട്ടി വിപിൻ മാഷ് പറഞ്ഞു.
മണ്ണ് കൊണ്ട് തീർത്ത തറ. നല്ല പൊടിയും ഉണ്ട്. ക്ലാസുകൾ തമ്മിൽ വേർതിരിവില്ല.
മെടഞ്ഞ തെങ്ങോല കൊണ്ട് ഷെഡ്ഡിന്റെ ഓരോ വശവും മറച്ചിട്ടുണ്ട്. പക്ഷേ, മഴപെയ്താൽ വെള്ളം അകത്തു കടക്കും.
പുലിയന്നൂർ പോലെയല്ല, ക്ലാസ് നിറയെ കുട്ടികൾ..!
പല വർണ്ണങ്ങളിലുള്ള കുപ്പായം അണിഞ്ഞ കുട്ടികൾ….
ക്ലാസിലേക്ക് കയറിയതും എല്ലാ കുട്ടികളും എഴുന്നേറ്റ് നമസ്തേ പറഞ്ഞു .
“സിറ്റ് ഡൗൺ…”
എല്ലാവരും ഇരുന്നു. ഒരു കുട്ടി മാത്രം ഇരുന്നില്ല. അവളെ കണ്ടതും സദാനന്ദൻ മാഷ് ചിരിച്ചു.
“ഇത് നമ്മുടെ സുന്ദരിക്കുട്ടി അനിലയല്ലേ, ”
മഞ്ഞയിൽ കറുത്ത പുള്ളികൾ ഉള്ള ഉടുപ്പ് നന്നായി ചേരുന്നുണ്ട് . വട്ട മുഖം. തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ..! ചുരുണ്ടതാണെങ്കിലും നീളമുള്ള മുടി. അവൾ സംസാരിക്കുമ്പോൾ കാതിൽ ജിമിക്കി കമ്മൽ ആടുന്നത് കാണാൻ നല്ല ഭംഗിയുണ്ട് .
ചിരിക്കുമ്പോൾ രണ്ട് കവിളിലും ചെറിയ നുണക്കുഴി. അതുകൊണ്ടുതന്നെ അവളുടെ പുഞ്ചിരി കാണാൻ പ്രത്യേക ഭംഗി..
“എന്താ മോളെ ഇരിക്കാത്തത് ..?”
“മാഷേ ഒരു പാട്ടു പാടാമോ..,,?”
“ചുന്ദരി കുട്ടിക്ക് പാട്ട് ഇഷ്ടമാണോ ..?”
“അതെ….”
“ഞാൻ പാടാം, പക്ഷേ പാടുമ്പോൾ മോൾ ഡാൻസ് കളിക്കണം.
എന്തു പറയുന്നു?”
“അതിനെന്താ മാഷേ ഞാൻ ഡാൻസ് കളിക്കാമല്ലോ ..?”
എങ്ങനെയെങ്കിലും പാടാതെ ഇരിക്കാനുള്ള അടവ് പൊളിഞ്ഞ വിഷമത്തോടെ സദാനന്ദൻ മാഷ് കസേരയിൽ ഇരുന്നു.
“പാട്ട് പാടണോ…?”
“വേണം …”
എല്ലാ കുട്ടികളും ഒപ്പം പറഞ്ഞു .
“ചിത്രാപതംഗമേ നിന്നെ- ക്കണ്ടെൻ ചിത്തം തുടിച്ചുയരുന്നു.
വാർമഴവില്ലിന്റെ സത്താൽ – ത്തന്നെ നാന്മുഖൻ നിൻമെയ് ചമയ്ച്ചൂ.
ആനന്ദത്തിന്റെ രസത്താൽ- ത്തന്നെ
മാനസം തീർത്തതിൽ വെച്ചു…..”
പാട്ട് പാടി തുടങ്ങിയതും അനില ക്ലാസിന്റെ മുന്നിലേക്ക് വന്ന് പാട്ടിനൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. ശരിക്കും അവൾ ഒരു കൊച്ചു പൂമ്പാറ്റയായി മാറി. പാട്ട് കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു.
( തുടരും…)