Logo Below Image
Wednesday, April 2, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 42) 'ഇഞ്ചപ്പടർപ്പ് ' ✍ സജി ടി പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 42) ‘ഇഞ്ചപ്പടർപ്പ് ‘ ✍ സജി ടി പാലക്കാട്

സജി ടി പാലക്കാട്

അകലെ എവിടെനിന്നോ ഓടിയെത്തിയ ഇളങ്കാറ്റ് ശിരുവാണിപ്പുഴയിലെ കുഞ്ഞോളങ്ങളെ തഴുകി കടന്നു പോയി.

പരുത്തിത്തോട്ടത്തിൽ നിന്നും മടങ്ങി വന്നപ്പോൾ രാധ ചേച്ചിയുടെ ഭർത്താവ് അടുക്കള വാതിൽപ്പടിയിൽ നിൽക്കുകയായിന്നു.

“ആശാനേ രാധേച്ചി കുറച്ചു കഴിഞ്ഞേ വരൂ. കുറേ പരുത്തിച്ചെടികൾ വീഴാറായി നിൽക്കുന്നു . എല്ലാത്തിന്റേയും ചുവട്ടിൽ മണ്ണ് വെട്ടിയിടണം. എന്നിട്ടേ ചേച്ചി വരു.”

“എനിക്ക് തോന്നി, നല്ല മഴ അല്ലായിരുന്നോ..?”

“ആശാനേ മടവാൾ ഉണ്ടോ..?”

“ഉണ്ടല്ലോ… എന്തിനാ..?”

“സ്കൂളും പരിസരവും ഒന്ന് വൃത്തിയാക്കണം”

“ഓഹോ, നല്ല കാര്യം.”

ആശാൻ ഒരു മടവാളുമായി വന്നു.

“ഇത് മതിയോന്ന് നോക്കൂ..?”

“ഓ, ധാരാളം. ഇനി ഇതുപോലെ ഒരെണ്ണം കൂടി ഉണ്ടെങ്കിൽ പണി എളുപ്പം കഴിയും”

സജിമോൻ പറഞ്ഞു .

ഒരു ഗ്ലാസ് വെള്ളവും കുടിച്ച് അവർ സ്കൂളിലേക്ക് നടന്നു.

“എങ്ങോട്ടാ മാഷന്മാര് വാക്കത്തിയുമൊക്കെയായിട്ട് ..?”

“നമ്മുടെ സ്കൂളിന്റെ മുകളിലേക്ക് കുറെ ചെടികൾ വീണു കിടപ്പില്ലേ? ഇഞ്ചയാണ് കൂടുതലും. വല്ല ഇഴജന്തുക്കളും ക്ലാസിലേക്ക് കയറി വരാൻ എളുപ്പമാണ്. അത് വെട്ടി വൃത്തിയാക്കണം എന്ന് സദാനന്ദൻ മാഷിന് നിർബന്ധം..”

വിപിൻ മാഷ് പറഞ്ഞു.

“അത് നല്ല കാര്യം ആണല്ലോ ..
ഒരു മിനിട്ട് ഞാനും വരാം.. നിങ്ങളുടെ കൂടെ..”

വിജയൻ ചേട്ടൻ പറഞ്ഞു .

വിജയൻ ചേട്ടൻ ഒരു തൂമ്പയും, മടവാളുമായി ഇറങ്ങിവന്നു. എല്ലാവരും കൂടി സ്കൂളിലേക്ക് നടന്നു.

സ്കൂൾ എത്താറായതും വിപിൻ മാഷ് അല്പം പിന്നാക്കം പോയി.

“നിങ്ങൾ നടന്നോളൂ..
ഞാനിപ്പോൾ വരാം”

“ഓ …

കോൺക്രീറ്റ് കെട്ടിടത്തിന്റെ പിന്നിലേക്ക് കയറിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇഞ്ചക്കാടുകൾ വളർന്നു കെട്ടിടം മുഴുവൻ മൂടാറായി. സദാനന്ദൻ മാഷും വിജയൻ ചേട്ടനും കൂടി ഒരു ഭാഗത്തുനിന്നും ഇഞ്ച വെട്ടി മാറ്റുവാൻ തുടങ്ങി . ഇഞ്ചയുടെ ഇടയിൽ ധാരാളം കാട്ടുചെടികളും വള്ളിച്ചെടികളും ഉണ്ട് അത് ആദ്യം വെട്ടി മാറ്റി.

“മാഷേ സൂക്ഷിക്കണം വല്ല ഇഴജന്തുക്കളും ഉണ്ടാകും..”

“വിജയൻ ചേട്ടൻ പറഞ്ഞു.

“അതിനല്ലേ ഞാൻ ആദ്യം തന്നെ ഒരു വലിയ പുല്ലാന്തി വടി വെട്ടിവെച്ചത്. എന്തിനെയെങ്കിലും കണ്ടാൽ ഒറ്റയടി…!”

“നിങ്ങൾ ആള് കൊള്ളാമല്ലോ..”

കൊച്ചു മാഷ് പറഞ്ഞു.

സദാനന്ദൻ മാഷ് ഒന്ന് ചിരിച്ചു.

“സജിമോൻ മാഷേ, വെട്ടിയിട്ട ചെടികൾ ദാ ആ മൂലയിലേക്ക്മാറ്റി ഇടാമോ?”

സദാനന്ദൻ മാഷ് ചോദിച്ചു.

“ഓ.. ഞാൻ ഏറ്റു.”

“വിപിൻ മാഷ് എവിടെ ..?”

“പുള്ളി ഇപ്പോൾ വരും. മാഷിന്റെ ഫ്രണ്ടിനെ കണ്ടു എന്നാണ് തോന്നുന്നത് .”

“ഏത് ഫ്രണ്ട്..?”

സജി മോൻ ഉത്തരം ഒരു ചിരിയിൽ ഒതുക്കി.

“ദാ വന്നല്ലോ..?”

“ഇങ്ങളിതെവിടെ പോയി മാഷേ..”

വിപിൻ ചിരിച്ചു.

“ശരി ശരി ഞങ്ങൾ വെട്ടിയിടുന്ന കമ്പുകൾ രണ്ടുപേരും കൂടി വാരി ദൂരെ മാറ്റി ഇടൂ…”

“ഓ…”

“കുളിക്കടവിൽ കൂട്ടുകാരി ഉണ്ടായിരുന്നു ,അല്ലേ? ”

സജിമോൻ വിപിൻ മാഷിന്റെ ചെവിയിൽ ചോദിച്ചു .

“ഒന്നും പറയണ്ട എന്റെ കൊച്ചു മാഷേ ..”

എന്നു പറഞ്ഞ് വിപിൻ ഒറ്റ ചിരി …

“എന്താ രണ്ടുപേരും തമ്മിൽ ഒരു സ്വകാര്യം പറച്ചിലും ചിരിയും ..?തമാശ വല്ലതും ആണെങ്കിൽ പറയൂ ഞങ്ങളും കൂടി കേൾക്കട്ടെ..”

“ഏയ് ചുമ്മാ…”

ഇഞ്ചക്കാടുകൾ വെട്ടി മാറ്റുക അത്ര എളുപ്പമായിരുന്നില്ല. സൂക്ഷിച്ചില്ലെങ്കിൽ മുള്ള് ശരീരത്തിൽ തറയ്ക്കും. വിജയൻ ചേട്ടൻ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ വലിഞ്ഞു കയറിയാണ് വലിയ കമ്പുകൾ വെട്ടി മാറ്റിയത്.

പണ്ടെങ്ങോ പെയിന്റ് പണിക്കാർ ഇട്ടിട്ടു പോയ സ്റ്റാൻഡിൽ കയറി നിന്ന് സദാനന്ദൻ മാഷ് ഇഞ്ചപ്പടർപ്പ് വെട്ടി. കുന്നിനോട് ചേർന്ന ഭാഗത്ത് ചാഞ്ഞു നിന്നിരുന്ന ഇഞ്ച വെട്ടി മാറ്റാൻ വിപിൻ മാഷ് സഹായത്തിനെത്തി. ഏതാണ്ട് ഒരു മണിക്കൂർ നേരം കൊണ്ട് വലിയ കമ്പുകൾ എല്ലാം വെട്ടി മാറ്റി. വെട്ടിയ കമ്പുകൾ പുഴയുടെ തീരത്ത് മരങ്ങളുടെ ചുവട്ടിലിട്ടു. നിലത്ത് പടർന്നു കിടന്ന പുല്ലുകൾ ചെത്തി മാറ്റുവാനും പ്രയാസപ്പെട്ടു.രണ്ടു മണിക്കൂർ കൊണ്ട് സ്കൂളിന്റെ പിന്നാമ്പുറം മുഴുവൻ വൃത്തിയായി..

“സമയം രണ്ടു മണി ആയിട്ടോ ..”

കൊച്ചു മാഷ് പറഞ്ഞു ..

“ആണോ ..?
അതാ നല്ല വിശപ്പ്..”

തലയിൽ നിന്നും ചുവന്ന തോർത്ത് അഴിച്ചു കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു..

എല്ലാവരും പുഴയിൽ ഇറങ്ങി ..

“സദാനന്ദൻ മാഷേ അധികം ദൂരെ പോകണ്ട. ഈ ഭാഗത്ത് നല്ല ഒഴുക്കുണ്ട് .”

വിജയൻ ചേട്ടൻ ഓർമ്മിപ്പിച്ചു.

വെള്ളത്തിന് നല്ല കറുപ്പ് നിറം. എങ്കിലും കയ്യും കാലും മുഖവും കഴുകി എല്ലാവരും വേഗം കരയ്ക്ക് കയറി. .

“നമ്മുടെ പ്രധാന അധ്യാപികക്ക് എന്നാണ് പുതിയ സ്കൂളിൽ ജോയിൻ ചെയ്യേണ്ടത് ..?”

ഭക്ഷണം കഴിക്കുന്നതിനിടെ സദാനന്ദൻ മാഷ് ചോദിച്ചു.

“ഈ തിങ്കൾ പുതിയ ആൾ വരും. കുട്ടികൃഷ്ണൻ മാഷ് . പട്ടാമ്പി സ്കൂളിൽ നിന്നും ഇവിടേക്ക് പ്രമോഷൻ ആണ്. മാഷ് വന്നാൽ അന്ന് തന്നെ ടീച്ചർ റിലീവ് ചെയ്യും.”

വിപിൻ മാഷ് പറഞ്ഞു

“ടീച്ചർ നല്ല കമ്പനി ആയിരുന്നു. പുതിയ മാഷ് എങ്ങനെയുള്ള ആളായിരിക്കുമോ എന്തോ..?”

“ആര് വന്നാൽ നമുക്കെന്താ?
നമുക്ക് നമ്മുടെ ജോലി കൃത്യമായി ചെയ്യണം.”

കൊച്ചു മാഷ് പറഞ്ഞു .

“അതൊന്നും അല്ല മാഷേ..
എച്ച്. എം നല്ലതാണെങ്കിൽ വിദ്യാലയം നല്ല രീതിയിൽ മുന്നോട്ടു പോകും.
എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പ്രധാനാധ്യാപകന്റെ കഴിവ്..”

“നമുക്ക് നോക്കാം..
രണ്ടുദിവസം കൂടി കാത്തിരുന്നാൽ മതിയല്ലോ…”

“സദാനന്ദൻ മാഷ് എവിടെ..?”

രാധ ചേച്ചിയാണ്

“ദാ മാഷിന് ഒരു കത്തുണ്ട്..”

ഒരു ഇൻലൻറ് നീട്ടിക്കൊണ്ട് രാധ ചേച്ചി പറഞ്ഞു.

സദാനന്ദൻ മാഷ്
കത്ത് വാങ്ങി പൊട്ടിച്ചു .

സോമൻ മാഷിന്റെ കത്താണ്.

“പ്രിയപ്പെട്ട സദാനന്ദൻ മാഷിന് ,
മാഷ് അയച്ച കത്ത് കിട്ടിയിരുന്നു. വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം. അട്ടപ്പാടിയിൽ ആണെങ്കിലും ജോലി ലഭിച്ചല്ലോ? സ്കൂളിലേക്ക് നടക്കുകയും വേണ്ടല്ലോ? മാഷിന്റെ സ്കൂളിനെ പറ്റിയുളള വിവരണം വായിച്ചപ്പോൾ പരുത്തിമല സ്കൂളും പരിസരവും കാണുവാൻ തോന്നുന്നു. പിന്നെ മാഷിന് പകരം രവി എന്ന മാഷാണ് വന്നത്, മലപ്പുറംകാരൻ .

ഞങ്ങൾ ഇവിടെ പഴയതുപോലെ ഒക്കെ തന്നെ പോകുന്നു. മാഷിന് അവിടെ നല്ല ആഹാരങ്ങൾ കഴിക്കുവാൻ കിട്ടുമല്ലോ? ഇവിടെ ഞങ്ങൾ മുട്ടക്കറി ,കിഴങ്ങുകറി , തക്കാളി കറി അങ്ങനെ മാറിമാറി ഉണ്ടാക്കി ജീവിതം തള്ളി നീക്കുന്നു..
####ങാ#, #പി#ന്നെ# ന####മ്മു#ടെ##..

മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല.
വീണ്ടും കാണാം …..
എന്ന് ,സോമൻ മാഷ്.”

കത്ത് രണ്ട് പ്രാവശ്യം വായിച്ചു. എല്ലാവരുടെയും കാര്യങ്ങൾ കത്തിൽ എഴുതിയിട്ടുണ്ട്. പക്ഷേ ലതയുടെ കാര്യം മാത്രം ഒന്നും എഴുതിയിട്ടില്ല .
എന്തായിരിക്കും കാരണം?
താൻ കത്ത് എഴുതിയപ്പോൾ ലതയെ പ്രത്യേകം അന്വേഷണം അറിയിക്കണം എന്ന് സോമൻ മാഷിന് എഴുതിയിരുന്നതാണല്ലോ! പിന്നെ എന്തു പറ്റി ..?
സോമൻ മാഷ് എന്തോ എഴുതാൻ തുടങ്ങിയിട്ട് അത് വെട്ടിയിട്ടിട്ടുണ്ടല്ലോ…?
എന്തായിരിക്കും..?
സദാനന്ദൻ മാഷിന്റെ ചിന്തകൾ കാട് കയറി.

പുലിയന്നൂർ ഗ്രാമവും അവിടുത്തെ ജീവിതവും മനസ്സിലൂടെ മിന്നി മറിഞ്ഞു.

( തുടരും…)

സജി ടി പാലക്കാട്

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments