എന്നോ ഒരോണസന്ധ്യയുടെ ആലസ്യത്തിലാണ് അങ്ങനെ ഒരാശയം “അനർഗ്ഗളനിർഗ്ഗള ഗദ്ഗദമായി ” ഞങ്ങളുടെ മനസ്സിന്റെ മണിച്ചെപ്പിൽ ആവിർഭൂതമായത് . നാട്ടിൽ ഒരു ആർട്സ് ക്ളബ്ബു്ണ്ടാക്കണം . ഉണ്ടായാൽ മാത്രം പോരാ . ഇരുപത്തെട്ടാം ഓണത്തിന് വീടിനടുത്തുള്ള കാവിൽ ക്ലബ്ബിന്റെ പേരിൽ ഒരു ഉത്സവ മാമാങ്കം തന്നെ നടത്തണം . പിന്നെ താമസമുണ്ടായില്ല, ക്ലബ്ബ് ഉണ്ടായി . ഭാരവാഹികളായി . പരിപാടികൾ തീരുമാനിച്ചുറച്ചു . നോട്ടീസിറക്കി . ഒരു മിമിക്രി . ഒരു ഗാനമേള . രണ്ടു നാടകങ്ങൾ .അതിലൊന്ന് ഞങ്ങൾ ക്ലബ്ബിലെ മമ്മൂട്ടിമാരുടെയും മോഹൻലാലുമാരുടെയും വക. ! സാഗറിലെ അധ്യാപകൻ സോമൻ സാർ അഭിനയിച്ചിരുന്ന കൊല്ലം “രംഗതാര ” യുടെ വകയായിരുന്നു പൊഫഷണൽ നാടകം അതിൽ മൂന്നു സുന്ദരിമാരുണ്ടായിരുന്നു …! അവരവിടെ നിൽക്കട്ടെ . (നിന്നിത്തിരി കാറ്റ് കൊള്ളട്ടെ ) ഞങ്ങൾ ഉത്സവത്തിന്റെ വിജയത്തിനായി രാത്രികൾ പകലുകളാക്കി ..പകലുകൾ രാത്രികളാക്കി ..റിഹേഴ്സലും ഫണ്ട് പിരിവും മറ്റുമായി ഉറക്കമില്ലാത്ത രാത്രികൾ . ഒടുവിൽ ആ ദിവസം വന്നെത്തി . സ്റ്റേജ് കെട്ടാനായി ട്യൂട്ടോറിയലിലെ ഡെസ്കും ബെഞ്ചും മുഴുവൻ കൊണ്ടുപോകാൻ തുടങ്ങുമ്പോൾ പ്രിൻസിപ്പാൾ ആനന്ദൻ സാർ ഇതുകൂടി പറഞ്ഞു .” ടാ..രാവിലെ ഏഴരയ്ക്ക് എന്റെ പുള്ളാര് ട്യുഷനു വരുന്നേനു മുമ്പ് ഇതെല്ലം തിരികെ ഇവിടെ എത്തിച്ചോണം ..” ഞാൻ സസന്തോഷം അതിന് ഉറപ്പും നൽകി . ആ ഉത്സവദിനം ഞങ്ങളുടെ ആരുടേയും ഹൃദയത്തിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല ഞങ്ങളെ സ്നേഹിച്ചിരുന്ന ആ ഗ്രാമം ഒന്നടങ്കം ആ രാത്രിയിൽ കാവിൻമുറ്റത്തു കെട്ടിയ ആ സ്റ്റേജിനു മുന്നിലേക്ക് ഒഴുകി എത്തുകയായിരുന്നു . അവരുടെ ഓർമ്മകളിൽ അത്രയും മനോഹരമായ.ഒരുത്സവം അതുവരെ ആ ഗ്രാമത്തിൽ നടന്നിരുന്നില്ല . ( പിന്നീടിന്നുവരെ ആ കാവിൽ അങ്ങനെ ഒരുത്സവം നടന്നതായി അറിവുമില്ല )
എല്ലാം കഴിഞ്ഞപ്പോൾ പുലർച്ചെ നാല് മണി കഴിഞ്ഞു . പ്രൊഫഷണൽ ട്രൂപ്പുകാരെ യാത്രയാക്കിയ ശേഷം ഞങ്ങൾ വേഗം സ്റ്റേജ് അഴിച്ചുമാറ്റി . നേരം പുലരും മുമ്പ് ട്യൂട്ടോറിയലിലെ ഡെസ്കും ബെഞ്ചും അവിടെ എത്തിക്കണം . പക്ഷെ അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പലരും നീണ്ട ദിവസത്തെ ക്ഷീണം കൊണ്ടും മറ്റും നേരത്തെ പോയിക്കഴിഞ്ഞിരുന്നു .പിന്നെ അവിടെ അവശേഷിച്ചത് ഞങ്ങൾ അഞ്ചോ ആറോ പേർ മാത്രം . ഭാരമുള്ള ഡെസ്ക് ചുമ്മാടില്ലാതെ തലയിൽ വയ്ക്കാൻ വയ്യാത്ത പ്രയാസം മനസ്സിലായപ്പോൾ കൂട്ടത്തിലൊരുവന്റെ തലയിലെ ബൾബ് കത്തി . ‘ എല്ലാരും പിരിഞ്ഞുപോയില്ലേ ,ഇനി നമ്മളെ കാണാൻ ആരാ .. നമുക്ക് കൈലി അഴിച്ചു ചുമ്മാടാക്കി തലയിൽ വയ്ക്കാം ..” കേട്ടപ്പോൾ അത് കൊള്ളാമെന്നു തോന്നി . പെട്ടെന്നത് കേട്ട് ഞെട്ടി കൂട്ടത്തിലൊരുവൻ പിറകോട്ടു മാറി ..’ എന്തെടെ .നിനക്ക് വയ്യേ ..” ഞാനവനോട് ചോദിച്ചു .” ,അതല്ലണ്ണാ.. ഞാൻ അദ് ഇട്ടിട്ടില്ല ..” അല്ലേൽ നീയെന്നാ അതിട്ടിട്ടുള്ളത് .. സാരമില്ല നീ ധൈര്യമായി കൈലി ഉരിഞ്ഞു തലയിൽ വച്ചോ . എന്നിട്ടു ഞങ്ങള്‌ട് ഏറ്റവും പിറകിൽ വന്നാൽ മതി ആരേലും എതിരെ വന്നാൽ ഞങ്ങള് പറയാം ..” ഞാനവന് ധൈര്യം പകർന്നു .കാരണം അവൻ കൂടി ഇല്ലാതായാൽ വെളുക്കും മുമ്പ് ഇത് ചുമന്നു ട്യൂട്ടോറിയലിൽ എത്തിക്കാൻ കഴിയില്ല ഒടുവിൽ ഞങ്ങൾ അങ്ങനെ തന്നെ യാത്ര തുടങ്ങി .അപ്പോഴും കൊയ്യാതെ നിർത്തിയിരുന്ന പൊന്നാര്യൻ പാടത്തിന്റെ നടുവിലൂടെ ആ ഇരുളിൽ ഞങ്ങൾ തലയിൽ ഡെസ്കും ചുമന്നുകൊണ്ട് നടന്നു ട്യൂട്ടോറിയലിലേക്കു … ഞങ്ങൾ ആറുപേർ ..ഞാൻ , അജയൻ . മധു , രവി , രഘു .. എല്ലാവരും അടിവസ്ത്രധാരികൾ മാത്രം .. ആറാമൻ ദിഗംബരൻ ..ലോകമേ തറവാട് .. ! ഞങ്ങൾവയൽ വരമ്പ് പിന്നിട്ട് റോഡിലേക്ക് കയറുന്നിടത്തു മാത്രം ക്രൂരന്മാരായ ഇലക്ട്രിസിറ്റിക്കാർ രണ്ടു ട്യൂബ് ലൈറ്റുകൾ കത്തിച്ചിട്ടിരുന്നു . നെഞ്ചിടിപ്പോടെ റോഡിലേക്ക് കയറിയിട്ട് ചുറ്റും നോക്കി വയൽ വരമ്പിൽ തന്നെ പരുങ്ങി നിന്ന ദിഗംബരനെ നോക്കി വിളിച്ചു പറഞ്ഞു ‘ പോരെടാ ..ആരൂല്ല ” ഞങ്ങളുടെ ” സുന്ദരസുരഭില ജാഥ ” റോഡ് ക്രോസ്സ് ചെയ്തു ട്യൂട്ടോറിയലിലേക്കു കയറിയതും പിന്നിൽ നിന്നും പെണ്ണുങ്ങളുടെ കൂട്ടച്ചിരി ..! ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോൾ .സാഗറിന് മുന്നിലെ നടരാജയണ്ണന്റെ ചായക്കടയുടെ താഴ്ത്തിവച്ച ഓലത്തട്ടിയുടെ മറവിൽ വാൻ പ്രതീക്ഷിച്ചു നിന്ന ആ നാടകസുന്ദരിമാർ …. ! ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ആറാം തമ്പുരാനെ പിന്നെയും ഒരാഴ്ചയ്ക്ക് ശേഷമാണ് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത് ..!
കാലം ഏറെ കഴിഞ്ഞുപോയി . അവനിന്നു ഞങ്ങളോടൊപ്പമില്ല, അന്നും എന്നും ഞങ്ങളുടെ കലാപ്രവർത്തനങ്ങളെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിച്ചിരുന്ന ആനന്ദൻ സാറും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു, ഇന്നും ഓരോ അവധിക്കും നാട്ടിലെത്തുമ്പോൾ ഞാൻ ആ കാവിനു മുന്നിലൂടെ നടക്കാറുണ്ട് . അപ്പോഴൊക്കെയും ഓർമ്മകളുടെ ശീവേലിയിൽ മനസ്സ് മുങ്ങിപ്പോകാറുമുണ്ട് …
ചിത്രത്തിൽ കാണുന്നതാണ്.അന്നത്തെ ലൗലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് ഈ ..നോം .. !
നന്ദി .. sneham
നന്ദി , സ്നേഹം
കൊയ്യാതെ നിർത്തിയിരുന്ന പൊന്നാര്യൻ പാടത്തിന്റെ നടുവിലൂടെ ആ ഇരുളിൽ ഞങ്ങൾ തലയിൽ ഡെസ്കും ചുമന്നുകൊണ്ട് നടന്നു ട്യൂട്ടോറിയലിലേക്കുനടക്കുന്നതും
റോഡിലെ ട്യൂബ് വെട്ടവും ആറാം തമ്പുരാനെ കണ്ട് പെണ്ണ്ങ്ങു ളുടെ കൂട്ടച്ചിരിയും…
എല്ലാം നേരിൽ കാണുന്ന പോലെ
നല്ല രസകരമായ എഴുത്ത്
നന്ദി , സ്നേഹം
സ്നേഹം .. സന്തോഷം .. ഈ നല്ല വാക്കുകൾക്ക് .
സുഖമല്ലേ ?
നല്ലെഴുത്ത്
നന്ദി .. സ്നേഹം .. ഈ നല്ല വാക്കിന്