അപ്പച്ചൻ, നവതിയുടെ നിറുകലെത്തിയതിൻ്റെ സന്തോഷം പേരക്കുട്ടികൾ എങ്ങനെ കാണുന്നു? അവരുടെ സന്ദേശങ്ങൾ, മലയാളിമനസ്സുമായി പങ്കിടുന്നു.
ജോണി, ജോണിച്ചൻ, അപ്പച്ചൻ
അപ്പച്ചൻ എനിക്ക് ആര് എന്നത് വാക്കുകൾക്ക് അതീതമാണ്. അദ്ദേഹം അലങ്കരിക്കുന്ന ‘എന്റെ അച്ഛന്റെ അച്ഛൻ’ എന്ന പദവി ജീവശാസ്ത്രപരമായ സൂക്ഷ്മതകൾക്കും അപ്പുറമാണ്.
ജീവിതമൂല്യങ്ങൾ പകർന്നു കൊടുത്തു എന്റെ അച്ഛനെ അദ്ദേഹം വളർത്തി. പിൽക്കാലത്ത് അതെനിക്കും സഹോദരിക്കും പകർന്നു നൽകപ്പെട്ടു. അനുകമ്പ, വിനയം, മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കല്ലാതെ സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കൽ – ഇവയെല്ലാം ആ മൂല്യങ്ങളിൽ പെടും.
എല്ലായ്പ്പോഴും കർമ്മനിരതൻ ആയിരിക്കുക എന്നതാണ് അപ്പച്ചന്റെ പ്രത്യേകതകളിൽ ഒന്ന്. വിനോദത്തിനും വിജ്ഞാനത്തിനും അനന്തസാധ്യതകൾ ഉള്ള ഇന്നത്തെ ഈ ലോകത്തു, വിരസത അനുഭവിക്കുന്നവർ അദ്ദേഹത്തെ കണ്ടു പഠിക്കണം.
സ്വന്തം അനുഭവക്കുറിപ്പുകൾ എഴുതുന്നതോ, പറമ്പിലെ തേങ്ങയുടെ എണ്ണം എടുക്കുന്നതോ തൊട്ട് വീട്ടിലെ സ്വിച്ച് ബോർഡിലെ ലൈറ്റിനും ഫാനിനും പേരിടുന്നത് വരെ നീളുന്നു അദ്ദേഹത്തിലെ കർമ്മനിരതന്റെ രസകരമായ ദിനചര്യകൾ.
അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു!
ജോൺ റാഫേൽ
സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ജന്മദിനം അപ്പച്ചന് നേരുന്നു. താങ്കളുടെ കുടുംബത്തിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. ആയുരാരോഗ്യ സൗഖ്യങ്ങൾ നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു. മനസ്സിലെന്നും താലോലിക്കാൻ അങ്ങയോടൊത്തുള്ള തങ്കനിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ ഞങ്ങൾക്ക്,….ഒരുപാട്!
ജോബിൻ & രൂപേഷ്
ഈ കുറിപ്പ് എഴുതാനിരിക്കുമ്പോൾ അപ്പച്ചൻ എനിക്ക് സമ്മാനിച്ച അതുല്യമായ ഒരായിരം ഓർമ്മകൾ മനസിലേയ്ക്ക് ഓടിയെത്തുകയാണ്. വേനലവധിക്കാലത്ത് റമ്മിയും 28-ഉം കളിയ്ക്കാൻ പഠിച്ചത്, ആൾജിബ്രയിലേയ്ക്കും പൈത്തഗോറൻ സിദ്ധാന്തത്തിലേയ്ക്കും മുങ്ങാംകുഴി ഇട്ടത്, ഫിയറ്റ് കാറിന്റെ റേഡിയേറ്ററിൽ ജലനിരപ്പ് അളന്നത്, ശാസ്ത്രീയമായ കൃത്യതയോടെ മഴ അളന്നതു – ഇവയെല്ലാം തന്നെ സ്നേഹത്തിൽ പൊതിഞ്ഞു അങ്ങ് ചൊല്ലിത്തന്ന പാഠങ്ങൾ ആയിരുന്നു.
ചട്ടങ്ങളുടെയും, അച്ചടക്കത്തിന്റെയും, കൃത്യനിഷ്ഠയുടെയും, സൂക്ഷ്മനിരീക്ഷണത്തിന്റെയും പ്രതിരൂപമായ അപ്പച്ചൻ എല്ലായ്പ്പോഴും കൊണ്ട് നടക്കുന്നത് ഒരു ഗൗരവത്തിന്റെ പ്രഭാവലയം ആണ്. എന്നിരുന്നാലും കുടുംബം ഒരു തീന്മേശയ്ക്കു ചുറ്റും ഒത്തുകൂടുമ്പോൾ ആ ഉറക്കെയുള്ള ചിരികൾ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതം ആകുകയും, ഗൗരവത്തിനു കീഴിൽ ഒളിഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ താഴ്‌വരകൾ വെളിവാകുകയും ചെയ്യുന്നു.
വാക്കുകളിലൂടെയും, അതിനേക്കാളുപരി പ്രവർത്തിയിലൂടെയും ആണ് ജീവിതത്തിലെ പാഠങ്ങൾ അങ്ങ് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. ജിജ്ഞാസ, വാട്സാപ്പിലെ ഫോർവേഡ് മെസ്സേജുകൾ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്ക് ഉൾപ്പടെ കാലത്തിനു അനുസരിച്ച് മാറാനുള്ള ആ പുരോഗമന ചിന്താഗതി – ഇവയെല്ലാം ഞങ്ങൾക്ക് പ്രചോദനം ആകുന്നു. പ്രായത്തിൽ വിവേകിയും ഹൃദയത്തിൽ നിത്യയുവാവും ആയ അപ്പച്ചന് നവതി ആശംസകൾ
മേഘ
അപ്പച്ചനോടൊപ്പം ചിലവഴിച്ച വേനലവധിക്കാലങ്ങൾ ഇന്നും എന്റെ സ്‌മൃതികളിലുണ്ട്. ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ “ഇന്ന സമയത്തു കാർ പുറപ്പെടും” എന്ന അങ്ങയുടെ പ്രഖ്യാപനങ്ങൾ വെറും വാക്കുകൾ ആയിരുന്നില്ല, മറിച്ചു കർശനമായി പാലിച്ചു പോരുന്ന ആദർശങ്ങൾ ആയിരുന്നു. ലാപ്ടോപ്പ് തൊട്ടു വാട്ട്സാപ് വരെ പ്രായത്തെ വകവെയ്ക്കാതെ പഠിക്കാനുള്ള ആ മനസ്സ് എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
മനസ്സിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന ഒന്നാണ് ആ ‘സർപ്പ സംഭവം.’ ധൈര്യത്തോടെ ശാന്തനായി പാമ്പിനെ നേരിട്ടതും, അത് ക്യാമെറയിൽ പകർത്താൻ ആവശ്യപ്പെട്ടതും ഞാൻ കൗതുകത്തോടെ ഓർക്കുന്നു.
അപ്പച്ചൻ എനിക്കൊരു കാർക്കശ്യക്കാരൻ ആയ മുത്തച്ഛൻ ആയിരുന്നെങ്കിലും, എന്റെ മക്കൾക്ക് അവരുടെ സമപ്രായക്കാരൻ ആയ കളിക്കൂട്ടുകാരൻ ആയി മാറുന്നത് അങ്ങേയറ്റം മനോഹരവും, അങ്ങയുടെ ഉള്ളിലെ കുട്ടിത്വം അനാവരണം ചെയ്യുന്നതുമായ കാഴ്ച ആയിരുന്നു. അങ്ങ് ഇലകൾ കൊണ്ട് കിരീടങ്ങൾ ഉണ്ടാക്കുന്നതും, മഴ അളക്കുന്നതും, ഊഞ്ഞാലിൽ ഇരുന്നു പാട്ടുകൾ പാടുന്നതും ഞാൻ എന്നും സന്തോഷത്തോടെ ഓർക്കും
വർഷ
എന്റെ ജീവിതത്തിലെ ശാന്തമായ ഒരു സാന്നിധ്യം ആണ് അപ്പച്ചൻ. പത്രം വായിക്കുന്ന കാര്യത്തിൽ ആയാലും, പറമ്പിൽ നിന്ന് തേങ്ങകൾ എടുത്തു തേങ്ങാപ്പുരയിൽ കൊണ്ടിടുന്ന കാര്യത്തിൽ ആയാലും, എന്നെയും എന്റെ സഹോദരനെയും കൂട്ടി ചുവന്ന മാരുതി 800 ഓടിച്ചു ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ ആയാലും, സൂക്ഷ്മതയും ശ്രദ്ധയും കൈവിടാത്ത ആളായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ എടുക്കാൻ വായനശാലയിൽ പോകുന്നതും, ഓൺലൈൻ ഗെയിമുകൾ കളിയ്ക്കാൻ ഇന്റർനെറ്റ് കഫെയിൽ പോകുന്നതും ഒക്കെയാണ് അപ്പച്ചനെക്കുറിച്ചു മനസ്സിൽ എന്നും തെളിഞ്ഞു നില്ക്കുന്ന ഓർമ്മകൾ. ഒരിക്കലൊരു വനപ്രദേശത്തിനു തീയിട്ട സംഭവവും ഞാൻ സ്മരിക്കുന്നു – അപ്പച്ചന്റെ മൗനസമ്മതം ഉണ്ടായിരുന്ന ചില ലഘുവായ എന്റെ കുസൃതികളിൽ ഒന്നായിരുന്നു അത്.
ആ പഴയ ദിനചര്യകളും, മിതമായ സാഹസികതകളും എനിക്കെന്തുമാത്രം വിലപ്പെട്ടതായിരുന്നു എന്ന് സന്തോഷത്തോടെ മനസ്സിലാക്കുന്നു.
ദേവസ്യ
പറമ്പിലെ ഉണങ്ങിയ പുല്ലിനും തെങ്ങുകൾക്കും തീയിടുന്നത്, …പിന്നെ ആ പഴയ മാരുതി 800 – ഇതൊക്കെയാണ് അപ്പച്ചനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ. ഇപ്പൊഴും എൻജിൻ ഓഫ് ആക്കും മുൻപ് അപ്പച്ചൻ വണ്ടി സ്റ്റാർട്ട് ആക്കി ഒന്ന് ചൂടാക്കാറുണ്ട് എന്ന് കരുതുന്നു.
ഒരു കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണം, ഇന്റർനെറ്റും ആയി എങ്ങനെ ബന്ധിക്കപ്പെടണം – ഇതൊക്കെ ഞാൻ പറഞ്ഞു തരുമ്പോൾ ആരറിഞ്ഞു, ഇതൊക്കെ 15 വർഷങ്ങൾക്കു ശേഷം അങ്ങിൽ നിന്നും കൗതുകമുണർത്തുന്ന വാട്ട്സാപ്പ് സന്ദേശങ്ങൾ കിട്ടുന്നതിൽ കലാശിക്കുമെന്ന്? സന്തോഷം നിറഞ്ഞ നല്ലൊരു പിറന്നാൾ അപ്പച്ചന് ആശംസിക്കുന്നു.
ജോൺ മാനുവൽ
നവതിയുടെ നിറവിൽ…
ഞാൻ അറിയുന്ന എൻ്റെ മുത്തച്ഛൻ അച്ചടക്കമുള്ള ജീവിതത്തിന്റെ മകുടോദാഹരണം ആണ്. ഏതു കൊടുങ്കാറ്റിലും ഉലയാത്ത, ഏതൊരു സാഹചര്യത്തിലും കുനിയാത്ത ഒരു അസാമാന്യ ശിരസ്സിന്റെ ഉടമ. അതിന്റെ നേർക്ക് ചീറിപ്പാഞ്ഞു വരുന്ന ജീവിതപ്രശ്നങ്ങൾ ഒന്നും തന്നെ ലക്ഷ്യം കാണാറില്ല. അവയെല്ലാം ആ ശിരസ്സിനു മുകളിലൂടെയേ പോകാറുള്ളൂ. മുനിമാരെ അമ്പരപ്പിക്കുന്ന ശാന്തതയോടെ പുറകോട്ടു മാറി നിന്ന് അദ്ദേഹം അവയെ പഠിക്കും. എന്നിട്ടൊരു ഗണിത പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്ന ലാഘവത്തോടെ അതു പരിഹരിക്കുകയും ചെയ്യും. ഒന്നും അദ്ദേഹത്തെ അമ്പരപ്പിക്കുന്നില്ല, തളർത്തുന്നുമില്ല.
ഗണിതശാസ്ത്രം എന്ന വിഷയം പ്രശ്നപരിഹാരങ്ങളുടെ ലോകമാണ്. ജീവിതവും അങ്ങനെ തന്നെ. വ്യക്തിപരമായ ജീവിതത്തിൽ ഗണിതശാസ്ത്രപരമായ അഭിരുചി എങ്ങനെ നന്നായി ഉപയോഗിച്ച് ജീവിച്ചു വിജയിക്കാം എന്നതിന്റെ ജീവിക്കുന്ന പാഠപുസ്തകമാണ് അപ്പച്ചൻ. നവതിയുടെ നിറവിൽ നിൽക്കുന്ന അപ്പച്ചൻ എന്നെ സംബന്ധിച്ചിടത്തോളം 90 വർഷം പഴക്കമുള്ള ഒരു വിജയസമവാക്യമാണ്:
‘ശാന്തത’ അധികം ‘ബുദ്ധിപരമായ പ്രശ്ന പരിഹാരം’ സമം ‘ടി ആർ ജോണി’
തോമസ്
അവധി ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ വന്നു അപ്പച്ചനെ കണ്ടില്ലെങ്കിൽ എന്റെ എല്ലാ വേനൽക്കാലങ്ങളും അപൂർണ്ണം ആണ്.
എന്റെ ആറാം വയസ്സിൽ പഠിപ്പിച്ചു തന്ന ആ പദ്യം, അങ്ങയുടെ ഊന്നുവടികൊണ്ടു മുറ്റത്തെ ചെറുജലാശയം ഇളക്കിയത്, അതിൽ തിന്നു തലപൊക്കിയ മാക്രിക്കൂട്ടത്തെ കൗതുകത്തോടെ വീക്ഷിച്ചത് ….എല്ലാം വർഷങ്ങൾക്കിപ്പുറവും എന്റെ മനസ്സിലുണ്ട്,….ഇന്നും. അപ്പച്ചന് നല്ലൊരു പിറന്നാൾ ആശംസിക്കുന്നു!
കേസിയ(Keicia)