മലയാളി മനസ്സ് ലെ എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ പതിനെട്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം
കേശവീയം എന്ന മഹാകാവ്യരചനയിലൂടെ മലയാള സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ശ്രീ. കെ. സി. കേശവപിള്ള യെ ആണ് ഇന്നത്തെ രചനയിലൂടെ പരിചയപ്പെടുത്തുന്ന മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കളിലെ നക്ഷത്രപ്പൂവ്
കെ. സി. കേശവപിള്ള (
) (04/02/1868 – 04/09/1913)
കവിയും ഗായകനും അധ്യാപകനുമായ കെ.സി. കേശവപിള്ള 04/02/1868 ൽ കൊല്ലത്തുള്ള പരവൂരിൽ ആണ് ജനിച്ചത്.
സംഗീതത്തിലും അഭിനയത്തിലും ചെറുപ്പത്തിലേതന്നെ കഴിവു തെളിയിച്ചു. സംസ്കൃതഭാഷയിൽ പാണ്ഡിത്യം നേടി അദ്ധ്യാപകവൃത്തിയിൽ എർപ്പെട്ടു. കവിതാചാതുര്യ മത്സരപ്പരീക്ഷകളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മനോരമയിലെ കവിതാപംക്തിയിൽ സ്ഥിരം എഴുത്തുകാരനായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാനെപ്പോലുള്ള പ്രമുഖരെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട് പല കവിതാചാതുര്യ പരീക്ഷയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. “ഭാഷാപേഷിണി” യുടെ പുരസ്കാരങ്ങൾക്ക് അർഹമായ ഭാഷാനാരയണീയം,ആസന്നമരണ ചിന്താശതകം എന്നിവയും ലക്ഷ്മീകല്യാണം , രാഘവമാധവം, സദാരാമാ, വിക്രമോർവ്വശീയം എന്നീ നാടകങ്ങളും ആംഗലസാമ്രാജ്യം (ഏ.ആർ. രാജരാജവർമ്മ) എന്ന സംസ്കൃതമഹാകാവൃത്തിൻ്റെ വിവർത്തനവും, സ്വതന്ത്രൃ കൃതിയായ കേശവീയം മഹാകാവ്യവുമാണ് കെ.സി. കേശവപിള്ളയുടെ പ്രധാന കൃതികൾ.
ഏതാനും വർഷത്തേയ്ക്ക് മലയാള കാവ്യരംഗത്ത് വളരെ ഒച്ചപ്പാടുകൾക്കു വഴിതെളിച്ച “ദ്വിതീയാക്ഷരപ്രാസവാദ” ത്തിൽ ഏ. ആർ. രാജരാജവർമ്മയുടെ വലം കൈയായി ഇദ്ദേഹത്തെ അറിയപ്പെട്ടു. ദ്വിതീയാക്ഷരപ്രാസമില്ലാതെയും മലയാള കവിത ഭംഗിയായി രചിക്കാൻ കഴിയും എന്നതിനു തെളിവായി കെ.സി. യുടെ കേശവീയത്തെ കണക്കാക്കാം!
അദ്ദേഹം എഴുതിയ കൃതികളെക്കുറിച്ച് മുകളിൽ പറഞ്ഞല്ലോ. ആ കൃതികളിലൂടെ വളർച്ച പ്രാപിച്ച ഒരു കവിയെയല്ല അദ്ദേഹത്തിൻ്റെ മഹാകാവ്യമായ കേശവീയത്തിൽ കാണുന്നത്!
കാളിദാസ
കവീന്ദ്രൻ്റെ
കാൽനഖേന്ദു മരീചികൾ
കാവ്യാധ്വാവിൽ സഞ്ചരിക്കൂ-
മെനിക്കു വഴി കാട്ടേണം
എന്ന മനോഹരമായ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഈ കൃതി, സർഗ്ഗങ്ങളുടെ എണ്ണവും ആചാര്യ പ്രോക്തമായ കാവ്യലക്ഷണവും കൊണ്ട് മഹാകാവ്യമായിത്തന്നെ പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷേ യമകം, ശ്ലേഷം തുടങ്ങിയ ശബ്ദാലങ്കാരങ്ങളുടെ ആധിക്യം കൊണ്ട് ഈ കൃതിയുടെ മാറ്റു കുറഞ്ഞതേയുള്ളൂ.
മലയാളത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നായി കേശവീയം പരിഗണിക്കപ്പെടുന്നു.
“ആശാനാശയ ഗംഭീരൻ,
വള്ളത്തോൾ വാക്യസുന്ദരൻ
ഉള്ളൂരുജ്ജ്വലശബ്ദാഢ്യൻ,
കെ.സി. എല്ലാം തികഞ്ഞവൻ” എന്ന് പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കേശവീയം പ്രസിദ്ധീകൃതമാകുന്നതിനു മുൻപ് കേശവപിള്ള അന്തരിച്ചു (04/09/1913).
കുറച്ചുകാലംകൂടി ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ കുറെ നല്ല കൃതികൾ കൂടി അദ്ദേഹത്തിൽ നിന്നും ലഭിക്കുമായിരുന്നു എന്നു കരുതാം!
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
മികച്ച അവതരണം
സന്തോഷം… സ്നേഹം…നന്ദി മാഡം

നല്ല അവതരണം
സന്തോഷം… സ്നേഹം…നന്ദി ഡിയർ

KC കേശവപിള്ളയെ കുറിച്ച് നല്ല ഓർമ്മക്കുറിപ്പ്
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം.. നന്ദി സാറേ

വളരെ നല്ല അവതരണം, ആശംസകൾ

.
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം…നന്ദി സാറേ
