Logo Below Image
Saturday, July 12, 2025
Logo Below Image
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) 'എൻ.വി.കൃഷ്ണവാരിയർ' ✍ അവതരണം: പ്രഭ ദിനേഷ്

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാവർക്കും മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ എന്ന രചനയുടെ ഇരുപത്തൊമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

സ്വാതന്ത്ര്യസമര സേനാനി, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ആധൂനിക കവിതാരീതിയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരു കവി, സമർത്ഥനായ പത്രാധിപർ എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്തെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന ശ്രീ. എൻ.വി. കൃഷ്ണവാര്യർ ആണ് ഇന്നത്തെ നക്ഷത്രപൂവ്!

എൻ.വി.കൃഷ്ണവാരിയർ (2️⃣9️⃣) (13/05/1916 -12/10/1989)

കവിയും, പണ്ഡിതനുമായ എൻ.വി.കൃഷ്ണവാരിയർ 1916 മെയ് പതിമൂന്നാം തീയതി തൃശ്ശൂരിലെ ഞെരുവശ്ശേരിയിൽ നരുക്കാവ് വാര്യത്ത് അച്യുത വാര്യരുടെയും, മാധവി വാര്യസ്യാരുടെയും മകനായി ജനിച്ചു. വല്ലച്ചിറ പ്രൈമറി സ്ക്കൂൾ, പെരുവനം സംസ്കൃതപാഠശാല, തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർവകലാശലയിൽ ഉന്നത വിദ്യാഭ്യാസം നടത്തി.

തമിഴ്,കന്നഡ തുടങ്ങിയ ഭാഷകൾ കൂടാതെ റഷ്യൻ ഭാഷയിലും അദ്ദേഹം പരിജ്ഞാനം നേടി. സംസ്കൃതത്തിൽ അഗാധമായ അറിവ് ഉണ്ടായിരുന്നു. മലയാളത്തിനു പുറമേ സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും സാഹിത്യരചന നടത്തിയിട്ടുണ്ട്. കാലടി സംസ്കൃത സ്ക്കൂൾ, തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു. പിന്നീട് ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.

സ്വാതന്ത്യസമരത്തിൽ ഒളിപ്പോരാളിയായിരുന്ന അദ്ദേഹം ഒളിവിലിരുന്നു കൊണ്ട്
സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. വീണ്ടും അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ജനയുഗം, മാതൃഭൂമി വാരിക, യുഗപ്രഭാത്,
ഹിന്ദിപാക്ഷികം എന്നിവയുടെ പത്രാധിപരായിരുന്നു. 1968 മുതൽ എട്ടുവർഷക്കാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകഡയറക്ടറായി പ്രവർത്തിച്ചു. കുങ്കുമം, കലാലയം എന്നിവയുടെ മുഖ്യ പത്രാധിപരായിരുന്നിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ, കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ അദ്ധ്യക്ഷൻ, സാഹിത്യ അക്കാദമി, യൂണിവേഴ്സിറ്റി ഫാക്കൽറ്റി എന്നിവയിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കവിതയെ നൂതന പരീക്ഷണങ്ങൾക്കു വിധേയനാക്കിയ കവിയാണ് കൃഷ്ണവാര്യർ. ചങ്ങമ്പുഴയെ അനുകരിച്ച് കാവ്യരംഗത്തു പ്രവർത്തിച്ച പലരും ദുർബ്ബലവും, ബാലിശവുമായ ശബ്ദഘോഷവും അതിഭാവുകത്വവും കുത്തിനിറച്ച് മലയാളകവിതയെ വികലമാക്കിയപ്പോൾ അതിനെ മോചിപ്പിക്കുവാനുള്ള യത്നമാണ് വാര്യർ നടത്തിയത്. ഈ ശ്രമത്തിൻ്റെ ഫലമാണ്
നീണ്ട കവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, ചാട്ടവാർ,
കൊച്ചു തൊമ്മൻ തുടങ്ങിയ കവിതാസമാഹാരങ്ങൾ.

ഗീതകങ്ങളുടെ പ്രചാരം കൂടി വന്ന കാലത്താണ് വാരിയർ കവിതാരംഗത്ത് പ്രവേശിച്ചത്. ഒരു ഭാവത്തിൻ്റെ മാത്രം പ്രകാശനത്തിൽ ഒതുക്കിക്കൊണ്ടുള്ള അത്തരം കവിതകൾക്ക് എതിരായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പുറപ്പാട്. അതുകൊണ്ടായിരിക്കാം സങ്കീർണ്ണ സ്വഭാവത്തോടു കൂടിയുള്ള
നീണ്ട കവിതകൾ രചിക്കുവാൻ അദ്ദേഹം മുതിർന്നത്. ഭാവാവിഷ്ക്കരണത്തേക്കാൾ ജീവിതഗന്ധിയായ സംഭവങ്ങൾക്കും അവയിൽ നിന്നുണ്ടാകുന്ന പ്രതീക്ഷകൾക്കും, ഉത്ക്കണ്ഠകൾക്കും ആ കവിതകളിൽ പ്രാധാന്യം നൽകിയിരിക്കുന്നതും. ചിലപ്പോൾ, വാസ്തവികതയേയും,കാല്പനികതയേയും സംയോജിപ്പിച്ച് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുന്നതായും കാണാം. ജീവിത യാഥാർത്ഥ്യങ്ങൾ തിരക്കിയുള്ള യാത്രയിൽ രാഷ്ട്രീയവും കടന്നുവന്നിരുന്നതായി വാര്യരുടെ ആദ്യകാല കവിതകളിൽ നിന്നു മനസ്സിലാക്കാം.

‘ജവഹർലാൽ നെഹൃവിനോട്’ എന്ന കവിതയിൽ ഭാരതത്തെ നയിക്കുവാൻ ശക്തമായ ഭരണാധികാരിയാണ് അദ്ദേഹം എന്ന് സ്ഥാപിക്കുന്നു.

‘തേരിതു തെളിച്ചീടുക ധീരനാം സാരഥേ
നേരുന്നു ഞങ്ങളങ്ങേയ്ക്കഖില ഭാവുകം
നിൻ കർമ്മ ധീരതയിൽ നിൻ ബുദ്ധി ചാതുരിയിൽ
നിൻ ഹൃദയശുദ്ധിയിൽ ത്തേരിതു സുരക്ഷിതം…’

അതുപോലെ ചരിത്രാതീത കാലത്തിലെ ശവക്കല്ലറകളായ
“നന്നങ്ങാടി”കളെ എൻ. വി. തൻ്റെ കവിതയ്ക്കു വിഷയമാക്കിയിട്ടുണ്ട്.

അരയാൽ വിത്തിലൊരരയാൽ പോലീ
നന്നങ്ങാടിയിലൊരു വിശ്വംഞാ-
നവലോകിപ്പൂ സനാതന ചടുല-
പ്രാണസ്പന്ദന വിത്ത വിലാസം.
ഇതിൽ ഞാൻ കാണ്മൂ വൈരുദ്ധ്യത്തിൻ
തല്ലുംതടവു കൊണ്ടു നിരന്തര-
ഗതിയിയലുന്ന മനുഷ്യ ദുരൂഹ-
മഹാപരിണാഹ വിചിത്രചരിത്രം’

ഇതിനെ അടിസ്ഥാനമാക്കിയുള്ള കവിത പൊതുവേ വിരളമാണ്! ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ ഹൃദയസ്പന്ദനങ്ങൾ ഉറങ്ങിക്കിടക്കുന്നവയാണ് നന്നങ്ങാടികൾ.

സ്വന്തം കർത്തവ്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ച് തന്നോടും ലോകത്തോടുമുള്ള കടമകൾ നിറവേറ്റി ബന്ധുമിത്രാദികളായി സഹകരിച്ചു ജീവിച്ചിരിക്കുന്ന വരാണ് പുണ്യവാളന്മാർ എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

‘സ്നേഹവും മിത്രങ്ങളും പത്നിയും പുത്രന്മാരും
വേലയും വിശ്രാന്തിയും ഇതുതാൻ ദൈവാദേശം’

നീണ്ട കവിതകൾ,കുറെക്കൂടി നീണ്ടകവിതകൾ കൊച്ചുതൊമ്മൻ,ഗാന്ധിയും ഗോഡ്സെയും, കാളിദാസൻ്റെ സിംഹാസനം തുടങ്ങിയവയാണ് എൻ.വി.യുടെ പ്രധാന കവിതാ സമാഹാരങ്ങൾ.

അസതി, വാസ്ക്കോഡഗാമ എന്ന നാടകങ്ങളും ശ്രീബുദ്ധചരിതം, ചിത്രാംഗദ എന്നീ ആട്ടക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട് പരിപ്രേക്ഷ്യം, സമാകലനം, വള്ളത്തോളിൻ്റെ കാവ്യശില്പം എന്നിവ നിരൂപണ ഗ്രന്ഥങ്ങളും, അന്വേക്ഷണങ്ങൾ കണ്ടെത്തലുകൾ, മനനങ്ങൾ നിഗമനങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ, ഓളങ്ങൾ ആഴങ്ങൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ ലേഖന സമാഹാരങ്ങളുമാണ്.

കേരള കേന്ദ്ര സാഹിത്യഅക്കാദമി അവാർഡുകൾ, സോവിയറ്റ്ലാൻ്റ് നെഹ്രു അവാർഡ് തുടങ്ങിയവയും ‘സാഹിത്യനിപുണ’ ബഹുമതി, കൊച്ചി പരീക്ഷിത്തു തമ്പുരാൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും കാഞ്ചി ശങ്കരാചാര്യരുടെയും ബഹുമതി മുദ്രകൾ എന്നിങ്ങനെ ധാരാളം അവാർഡുകളും ബഹുമതികളും അദ്ദേഹം നേടിയിരുന്നു.

പദ്യസാഹിത്യത്തിലും ഗദ്യസാഹിത്യത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന എൻ.വി. കൃഷ്ണവാരിയർ 1989 ഒക്ടോബർ പന്ത്രണ്ടാം തീയതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു🙏🌹

ടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕

അവതരണം: പ്രഭ ദിനേഷ്✍

RELATED ARTICLES

5 COMMENTS

  1. ചെറുപ്പം മുതൽ കേട്ട പേര്..
    മഹാപ്രതിഭയായ എൻ വി കൃഷ്ണ വാര്യരെ കുറിച്ച് നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ