രൂപാന്തരപ്പെടേണ്ടത് മനസ്സാണ്
———————————————-
പാലു വിറ്റാണ് അയാൾ ഉപജീവനം നടത്തിയിരുന്നത്. പാലിൽ വെള്ളം ചേർത്തു മാത്രമേ അയാൾ വിൽക്കുമായിരുന്നുള്ളു. ഒരു ദിവസം പാലിൽ വെള്ളം ചേർക്കുന്നതിനിടെ, ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് അയാളോടു ചോദിച്ചു: “നിങ്ങൾ എന്തിനാണു പാലിൽ വെള്ളം ചേർക്കുന്നത് ?” അയാൾ പറഞ്ഞു: “കുടുതൽ ലാഭം കിട്ടാൻ വേണ്ടി!”
മാലാഖ പറഞ്ഞു: “അങ്ങനെ ചെയ്യുന്നതു വഞ്ചനയാണ്. ഞാൻ ഒരു പാത്രം പാൽ കൂടുതൽ തരാം. പാലിൽ വെള്ളം ചേർക്കുന്നതു നിങ്ങൾ അവസാനിപ്പിക്കണം”. ഒരു പാത്രം പാലു കൂടെ കിട്ടിയതു കൊണ്ട് അയാൾക്കു സന്തോഷമായി. എന്നാൽ, പിന്നെയും എന്തോ ആലോചിച്ചു നിന്ന അയാളോടു മാലാഖ ചോദിച്ചു: “ഇനി എന്താണു പ്രശ്നം?” അയാൾ ചോദിച്ചു: “എനിക്ക് ഒരു പാത്രം വെള്ളം കൂടി തരുമോ?”
നിയന്ത്രിക്കാനാവാത്ത തഴക്ക ദോഷങ്ങളിൽ നിന്നാണ് തകർച്ച ആരംഭിക്കുന്നത്. താൽക്കാലിക സംതൃപ്തിക്കുവേണ്ടിയോ, നേട്ടങ്ങൾക്കു വേണ്ടിയോ തുടങ്ങുന്ന ശീലങ്ങൾ, പിന്നീടു നമ്മുടെ ദിനചര്യയുടെ ഭാഗമാകും. ക്രമേണ, ശീലങ്ങൾ നമ്മെ നിയന്ത്രിക്കാനാരംഭിക്കും; നാമവയുടെ അടിമകളാകും.
ശ്രേഷ്ഠമായ മനസ്സിൽ നിന്നു മാത്രമേ, ശ്രേഷ്ഠമായ പ്രവൃത്തികൾ രൂപപ്പെടൂ. അകം ശ്രേഷ്ഠമല്ലെങ്കിൽ, പുറം എത്ര മോടിപിടിപ്പിച്ചാലും, തിളക്കം വർദ്ധിപ്പിച്ചാലും, ഉള്ളിലെ തിന്മ പുറത്തു വരും. അകം ശുദ്ധമാകുന്നതിലൂടെ മാത്രമേ, ആന്തരീക പരിവർത്തനം സാദ്ധ്യമാകൂ. പുറത്തു നിന്നു വരുത്തുന്ന എല്ലാ മാറ്റങ്ങളും, ചായം പൂശൽ മാത്രമാണ്. അകത്തു നിന്നു രൂപപ്പെടുന്ന മാറ്റങ്ങൾ മാത്രമേ, സ്ഥായി ഭാവം കൈവരിക്കയുള്ളൂ.
പ്രവൃത്തികൾ നന്നാകണമെങ്കിൽ, അവയുടെ ഉറവിടമായ മനസ്സു നന്നാകണം. പ്രവൃത്തീ പരിഷ്ക്കരണ പരിശീലനത്തളേക്കാൾ, മന: നവീകരണ യജ്ഞങ്ങളാണ് കാതലായ മാറ്റങ്ങൾക്കു വഴിയൊരുക്കുക. എല്ലാ തിരുത്തലുകളും, വേരിൽ നിന്നോ, വിത്തിൽ നിന്നോ വേണം ആരംഭിക്കാൻ. വിളവ് ഒരുല്പന്നം മാത്രമാണ്. വിളവിനെ മാത്രം പഴിക്കുകയും, തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നതു കൊണ്ടാണ്, കൃത്യമായ ഇടവേളകളിൽ, പുഴുക്കുത്തുകൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്.
സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.



