Logo Below Image
Monday, July 7, 2025
Logo Below Image
Homeസ്പെഷ്യൽഎൻ്റെ യാത്ര ഈശ്വരന്റെ കൈപ്പിടിച്ച് (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

എൻ്റെ യാത്ര ഈശ്വരന്റെ കൈപ്പിടിച്ച് (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ

പ്രകൃതിയുടെ താളത്തിനൊപ്പം, പ്രകൃതിയെ സ്നേഹിച്ചും, ആസ്വദിച്ചും, സുഖ സുന്ദരമായി ജീവിക്കുമ്പോഴും , പ്രകൃതിക്ക് ഇണങ്ങുന്ന വിധം വേണം ജീവിക്കുവാൻ.

ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു , മരിച്ചവരാരും, അവരുടെ ആ ഇടവേളയിലെ അനുഭവങ്ങളുടെ സാക്ഷിപത്രവുമായി തിരിച്ചവന്ന ചരിത്രമില്ല. ഭാവനയിൽ എഴുതിക്കൂട്ടിയ പലതും ഉണ്ടുതാനും.

ജനന മരണചക്രം തിരിയുന്നതിനനുസരിച്ച്, കാലമാണ് വിധികർത്താവ്.
കോപിഷ്ഠനായ ഒരു വിധികർത്താവിനെ ഭാവനയിൽ സങ്കൽപ്പിച്ച്, മനുഷ്യ മനസ്സിൽ ഭയത്തിന്റെ വിത്ത്, വിതച്ച്, അത് കൊയ്ത്, മനുഷ്യനെ ചൂഷണം ചെയ്യുന്നവർ.

അനുഭവങ്ങളാണ് ഭയത്തിന്റെ മൂല കാരണം. ഭയം മനസ്സിൽ കനലായി നീറി പുകയും. ഭയത്തിന് ചെവി കൊടുക്കാതെ സൂക്ഷിക്കുക.

ഈ കഥകൾ ഒന്നു വായിക്കൂ .
ഒരു വീട്ടിൽ ഒരു അണ്ണാൻ പ്രസവിച്ചു. വിരലോളം വലിപ്പമുള്ള മൂന്ന് കുഞ്ഞുങ്ങൾ. വീട്ടിലെ കാടൻ പൂച്ച തള്ള അണ്ണാനെ വകവരുത്തി. ആ വീട്ടിലെ കുട്ടികൾ അണ്ണാൻ കുഞ്ഞുങ്ങളെ പാല് കൊടുത്ത് വളർത്തി. കുറച്ചു വലുതായപ്പോൾ അണ്ണാൻ കുഞ്ഞുങ്ങൾ വീട്ടിൽ ഓടി കളിച്ചു തുടങ്ങി. കാടൻ പൂച്ച തങ്ങളെ പിടിക്കും എന്ന ഒരു ഭയവും ആ കുഞ്ഞുങ്ങൾക്ക് ഇല്ലാത്തതുകൊണ്ട് കളി അങ്ങിനെ തകൃതിയായി നടന്നു.

ഇതുപോലെ, ഒരു വൃക്ഷത്തിലുള്ള കിളിക്കൂട്ടിൽ മുട്ട വിരിഞ്ഞ് പക്ഷി കുഞ്ഞുങ്ങൾ പുറത്തുവന്നു. തള്ള പക്ഷിയുടെ ചിറകിന്റെ കീഴിൽ അവ വളർന്നു. തള്ളപക്ഷി ഭക്ഷണം തേടി പറന്നു പോകുന്നതും നോക്കി ആ കുഞ്ഞുങ്ങൾ ഇരിക്കും. അമ്മ പക്ഷി വരുമ്പോഴേക്കും സന്തോഷത്താൽ കുഞ്ഞു ചിറകുകൾ അടിച്ച് അമ്മയെ വരവേൽക്കും. വൃക്ഷ ചുവട്ടിലേ മാളത്തിൽ ഒരു പാമ്പുണ്ടെന്ന കാര്യം ആ കുഞ്ഞുങ്ങൾക്ക് അറിയാത്തത് കൊണ്ട് ഭയവും ഇല്ല.

നാല് തവളകൾ കൂടി ഒരു യാത്ര പോവുകയായിരുന്നു. വഴിയിലെ ഒരു വലിയ കുഴിയിൽ രണ്ട് തവളകൾ വിഴാൻ ഇടയായി. മുകളിലുള്ള രണ്ട് തവളകൾ നോക്കിയപ്പോൾ അഗാധമായ ഒരു കുഴിയാണ് അതെന്നു മനസ്സിലായി. ആ തവളകൾ കുഴിയിൽ വീണ തവളകളോട് പറഞ്ഞു. നിങ്ങൾക്ക് ഇനി ഒരിക്കലും ഈ കുഴിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല എന്നു പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി കൊണ്ടിരുന്നു. എന്നാലും ,രക്ഷപ്പെടാൻ വേണ്ടി തവളകൾ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് ഒരു തവള ചാവാൻ ഇടയായി. മറ്റേതവള മുകളിലേക്ക് കയറാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴും കയറുന്ന തവളയെ കളിയാക്കി മുകളിലുള്ളവർ നിന്നിരുന്നു. കുഴിയിലെ ചെടികളിലും, വള്ളിയിലും പിടിച്ച് ഒരു കണക്കിന് തവള രക്ഷപ്പെട്ടു. ആരുടെ വാക്കുകളും കേട്ട് പേടിച്ച് പിൻതിരിഞ്ഞു ഓടാതെ കൂടാതൽ ആത്മ ധൈര്യത്തോടെ ലക്ഷ്യപ്രാപ്തി വരും വരെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ഒരു മൈതാനത്ത് കുറേ കുട്ടികൾ പട്ടം പറിപ്പിച്ച് കളിക്കുകയായിരുന്നു. ആ വഴിയെ പോയ മകൻ അവന് പറപ്പിക്കാൻ അച്ഛനോട് പറഞ്ഞ് ഒരു പട്ടം ഉണ്ടാക്കി. കുറച്ച് ഓടി പട്ടം പറപ്പിച്ചു. പട്ടം മുകളിലേക്ക് ഉയർന്നു പൊന്തി കൊണ്ടിരുന്നു. അവൻ അച്ഛനോട് പറഞ്ഞു ഞാൻ എൻ്റെ കയ്യിലുള്ള നൂല് വിട്ടാൽ പട്ടം കൂടുതൽ ഉയരത്തിലേക്ക് ഉയരുമല്ലോ എന്ന് പറയേണ്ട താമസം അച്ഛന്റെ മറുപടിക്ക് നിൽക്കാതെ കയ്യിലെ നൂല് അവൻ വിട്ടു. പട്ടം ആടി ഉലഞ്ഞ് അടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ വീണു. മകൻ അച്ഛനോട് ചോദിച്ചു. ഞാൻ നൂല് വിട്ടപ്പോൾ പട്ടം കൂടുതൽ ഉയർന്ന് പറക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് അച്ഛൻ പറഞ്ഞു. നിന്റെ കയ്യിലെ നൂലിന്റെ നിയന്ത്രണത്തിലാണ് പട്ടം ഉയർന്ന് പറന്നിരുന്നത്.

ഇതുപോലെ പരമ പിതാവായ ദൈവത്തിന്റെ കയ്യിലെ നൂലിലെ പട്ടങ്ങളാണ് നമ്മൾ.ഈ ലോക ജീവിതയാത്രയിൽ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നേ ഉള്ളൂ. അത് ഈശ്വരനുമായിട്ടുള്ള ഗാഢമായ ബന്ധമാണ്. അത് പൊട്ടിപ്പോകാത്ത സ്നേഹത്തിന്റെ നൂലാണ്.

ഒരു കൂട്ടം ദേശാടനക്കിളികൾ സമുദ്രത്തിനു മുകളിൽ കൂടി പറന്നു പോകുമ്പോൾ, അതിലൊരു കിളിയുടെ ചിറകുകൾ കുഴഞ്ഞ് പറക്കാൻ കഴിയാതെ സമുദ്രത്തിൽ വീണു. സമുദ്രത്തിലുള്ള മീനുകകളുടെ വായിൽ ഞാൻ ഇപ്പോൾ അകപ്പെടും. തന്റെ കൂട്ടുകാരെയോ, ബന്ധുക്കളെയോ ഇനിയൊരിക്കലും കാണാൻ കഴിയുകയില്ല. അങ്ങിനെ ചിന്തിച്ച് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നതിനിടക്ക് ദൂരെ നിന്ന് ഒരു തിമിംഗലം വന്ന് കിളിയെ സമുദ്രത്തിൽ നിന്ന് ഉയർത്തി. ക്ഷീണിച്ച് അവശയായി കിളി തിമിംഗലത്തിന്റെ പുറത്ത് ഇരുന്നു. തിമിംഗലം കരയെ ലക്ഷ്യമാക്കി നീന്തി. സൂര്യകിരണങ്ങളുടെ ചൂട് കിളിയുടെ ദേഹത്ത് പതിച്ചു. കിളി ചിറകുകൾ വിടർത്തി കുടഞ്ഞു. കിളിയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ തിമിംഗലത്തിന്റെ ദേഹത്ത് വീണു. തന്നെ രക്ഷിച്ച തിമിംഗലത്തിന്റെ ദേഹത്ത് കിളി കൊക്കുകൊണ്ട് നന്ദി സൂചികമായി ചെറുതായി ഉരസി. തിമിംഗലത്തിന്റെ കനിവിന്, സ്നേഹത്തിന്, സഹായത്തിന്, സന്തോഷം പ്രകടിപ്പിച്ചു. തിമിംഗലം രോമാഞ്ചത്താൽ പുളകം കൊണ്ട് കോരി തരിച്ചു.തിമിംഗലം ആഴക്കടയിലേക്ക് നീന്തി പോകുന്നത് കിളി കരയിൽ നിന്ന് കണ്ടു . പിന്നീട് കിളി പറന്നുപോയി ഒരു വൃക്ഷത്തിൽ ഇരുന്ന് പഴങ്ങൾ തിന്നുകൊണ്ടിരിക്കുമ്പോൾ തന്റെ കൂട്ടുകാർ കിളികൾ ദൂരെ നിന്ന് വരുന്നത് കണ്ടു.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ, നമ്മൾ അറിയാതെ, ഒരു അത്ഭുതം നമ്മെ തേടി വരും. ജീവിതം അങ്ങിനെയാണ്. നമുക്ക് ആവശ്യമുള്ളത് ആവശ്യമുള്ള നേരത്ത് എത്തിച്ചേരും. പ്രതീക്ഷ കൈവിടാതെ ജീവിക്കുക.

അങ്ങാടിയിൽ പഴങ്ങൾ വിറ്റ് നടന്നിരുന്ന ഒരു ബാലൻ ഉണ്ടായിരുന്നു. നട്ടുച്ചയുടെ, വെയിലിന്റെ ചൂടിൽ, അവന്റെ കാലുകളിൽ പൊള്ളിയതിന്റെ മുറിവുകൾ ഉണ്ടായിരുന്നു. ഒരു ദിവസം ഒരാൾ ബാലനെയും കൂട്ടി ചെരുപ്പ് കടയിൽ പോയി ബാലന് ഒരു ഷൂ വാങ്ങിക്കൊടുത്തു. ബാലൻ അയാളോട് ചോദിച്ചു. അങ്ങ് ദൈവമാണോ എന്ന്. ഞാൻ ദൈവമല്ല മോനേ എന്ന് അയാളും പറഞ്ഞു. ബാലൻ പറഞ്ഞു ഞാൻ ഇന്നലെ ദൈവത്തോട് ഒരു ഷൂ വാങ്ങി തരുമോ എന്ന് ചോദിച്ചിരുന്നു. ചൂടുകാരണം പലപ്പോഴും തണൽ നോക്കി നിൽക്കുന്നതുകൊണ്ട് കൂടുതൽ പഴം വിൽക്കാൻ കഴിയുന്നില്ല ഒരു ഷൂ ഉണ്ടെങ്കിൽ കൂടുതൽ പഴം വിൽക്കാമായിരുന്നു എന്നാണ് പ്രാർത്ഥിച്ചത്.

ഒരാൾ ഒരു ദിവസം കണ്ണടച്ച് ധ്യാനിച്ചു കൊണ്ടിരിക്കുമ്പോൾ, തന്റെ ഉള്ളിൽ കെട്ടിക്കിടക്കുന്ന പരാതികളും, പരിഭവങ്ങളും ഈശ്വരന്റെ മുമ്പിൽ നിരത്തിവെച്ചു. ഇത്കേട്ട് ഈശ്വരൻ തിരിച്ചു ചോദിച്ചു. ഞാൻ എന്നാണ് നിന്നെ ശ്രദ്ധിക്കാതിരുന്നത് മകനെ, എന്നുപറഞ്ഞ് ഈശ്വരൻ ഒരു കടൽത്തീരം കാണിച്ചു കൊടുത്തിട്ട് , അവിടെയുള്ള മണലിൽ സൂക്ഷിച്ചു നോക്കാൻ പറഞ്ഞു. അവിടെ നീ എത്ര കാൽപാദങ്ങൾ കണ്ടു. രണ്ടാളുടെ കാൽപാദങ്ങൾ ഞാൻ കാണുന്നു. ഈശ്വരൻ പറഞ്ഞു അതിൽ ഒന്ന് നിന്റെയും മറ്റേത് എന്റെതുമാണ്.നീ പിച്ചവെച്ച് നടുന്നു തുടങ്ങിയ കാലം മുതലുള്ള കാൽപാദങ്ങളുടെ കാഴ്ച്ച നിനക്കു ഞാൻ കാണിച്ചു തരാം അതോടൊപ്പം അന്ന് നടന്ന സംഭവങ്ങളും. ഇപ്പോൾ ഒരു ആളുടെ കാൽപാദം മാത്രമേ ഞാൻ കാണുന്നുള്ളൂ . എന്നു പറഞ്ഞപ്പോൾ ഈശ്വരൻ പറഞ്ഞു . മകനെ , പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടി ,ആത്മഹത്യ വരെ ചിന്തിച്ചിരുന്ന അവസരത്തിൽ ആരോ നിന്നെ രക്ഷിച്ചതായി നീ ഓർക്കുന്നുണ്ടോ. എന്റെ കാൽപാദങ്ങൾ മാത്രമേ ഇപ്പോൾ കാണാൻ കഴിയു, എന്റെ തോളിലിരുന്നാണ് നീ അപ്പോൾ യാത്ര ചെയ്തത്.

നമ്മൾ എത്ര പ്രായമുള്ളവരാണെങ്കിലും, ചില സന്ദർഭങ്ങളിൽ നമ്മളിലുള്ള ശിശു സഹജമായ സ്വഭാവങ്ങൾ പുറത്തുവരും. അതനുസരിച്ച് നമ്മൾ കുട്ടികളുമാവും. കുട്ടികളെ പുറത്തു കയറ്റി ആനയായി മുട്ടിൽ നടക്കുമ്പോൾ, നമ്മൾ ഇങ്ങനെയൊക്കെ ഇഴഞ്ഞു നടന്നവരാണ് എന്ന് ചിന്തിക്കുകയും ചെയ്യാം.ശിശുക്കളുടെ പോലെ നിഷ്കളങ്കതയോടെ വേണം ഈശ്വരനുമായി സംസാരിക്കാൻ. നമ്മളൊക്കെ കുട്ടികളെപ്പോലെ ആവാനാണ് ഈശ്വരൻ ആഗ്രഹിക്കുന്നത്. ധ്യാനിക്കാൻ കിട്ടുന്ന അവസരം ഇതിനായി ഉപയോഗിക്കാം. നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന ഭാഷയിൽ , സ്നേഹത്തോടെ ഈശ്വരനുമായി സുഖദുഃഖങ്ങൾ പങ്കിടുമ്പോൾ നമ്മൾ അറിയാതെ ചില അനുഭവങ്ങൾ ഉണ്ടാകാം.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ