Sunday, September 29, 2024
Homeസ്പെഷ്യൽഏകാന്തതയുടെ തുരുത്ത് (ലേഖനം) ✍ ഒ.കെ. ശൈലജ ടീച്ചർ

ഏകാന്തതയുടെ തുരുത്ത് (ലേഖനം) ✍ ഒ.കെ. ശൈലജ ടീച്ചർ

✍ ഒ.കെ. ശൈലജ ടീച്ചർ

നാമിന്ന് അതിശീഘ്രം വളർന്നു കൊണ്ടിരിക്കുകയാണ് .
ശാസ്ത്രസാങ്കേതികവിദ്യകളുടെ പടവുകൾ ദ്രുതഗതിയിൽ കീഴടക്കിക്കൊണ്ട് കുതിച്ചുയർന്നു പോകുന്നു.

അങ്ങനെ കുതിച്ചുയരുമ്പോൾ മറുവശത്ത്, മനുഷ്യർ ഏകാന്തതയുടെ തുരുത്തിൽ അകപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുള്ളതാണ് സത്യം.

ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള ചായക്കടകളിലും, ലൈബ്രറികളിലും, പാതയോരങ്ങളിലുള്ള കല്പടവുകളിലും, ക്ഷേത്രാങ്കണത്തിലെ ആൽമരച്ചുവട്ടിലുമൊക്കെയായികൂട്ടം ചേർന്നിരുന്നു നാട്ടുവർത്തമാനങ്ങളും, വീട്ടുകാര്യങ്ങളും, വലിപ്പചെറുപ്പമില്ലാതെ, കാപട്യമില്ലാതെ, അന്യോന്യം പങ്കുവെച്ചും അറിവ് നേടിയും ആശ്വസിപ്പിച്ചും ആശ്വാസം കണ്ടെത്തിയും കഴിഞ്ഞിരുന്ന ആ നാട്ടുനന്മ, ഗ്രാമക്കാഴ്ച ഇന്ന് അന്യംനിന്നു പോയ്ക്കൊണ്ടിരിക്കുന്നു.

എല്ലാ കാര്യങ്ങളും ഇന്ന് ഓൺലൈനിലൂടെയായി. എന്തെളുപ്പം !അല്ലേ..

ഹോം ഡെലിവറി കൂടിയായപ്പോൾ പിന്നെ വീട്ടിൽ നിന്നും ഒരാവശ്യത്തിനും പുറത്തു പോകേണ്ടെന്നായി.

ഭിക്ഷക്കായ് വീട്ടിലെത്തുന്നവർക്കുപോലും ഗൂഗിൾ പേ ചെയ്തു കൊടുക്കുന്ന സുന്ദരമായ കാലം!

സമൂഹജീവിയായ മനുഷ്യർഇന്ന് അയൽക്കാരെ അറിയുന്നില്ല. അവർ അവർ മാത്രമായ ലോകത്തു തങ്ങളുടെ വിരൽ തുമ്പിലൂടെ ആശയവിനിമയം നടത്തുകയാണ്.

മുൻകാലത്ത് വിവാഹം , മരണാനന്തര ചടങ്ങുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ നാട്ടുകാരുടേയും, ബന്ധുമിത്രാദികളുടേയും പങ്കാളിത്തത്തോടെയാണ് നിറവേറ്റിയത്.

ഇന്ന് അവയെല്ലാം ഇവൻമാനേജ്മെൻ്റ് കൈയടക്കിയിരിക്കുന്നു.
അനുശോചനങ്ങളും, ആശംസകളും അർപ്പിക്കുന്ന സ്ഥാനം മൊബൈൽ ഫോണും ഏറ്റെടുത്തിരിക്കുന്നു.

നേരിൽക്കണ്ട് ആശ്വസിപ്പിക്കാനോ, അനുഗ്രഹിക്കാനോ ഒട്ടും നേരമില്ല. ബിസിയാണെപ്പോഴും.

സ്വന്തം മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുന്നതു പോലും ഓൺലൈൻ വഴി ! ഈ പോക്ക് എങ്ങോട്ടേക്കാണെന്ന് ചിന്തിക്കൂ.

സ്വന്തബന്ധങ്ങൾക്ക് മൂല്യം കല്പിക്കാതെയുള്ള ഓട്ടം ചെന്നവസാനിക്കുന്നത് ഏകാന്തതയുടെ, ഒറ്റപ്പെടലിൻ്റെ തുരുത്തിലേക്കാണെ ന്ന്!.

ഹോം ഡെലിവറിയും, വർക്ക് അറ്റ് ഹോമുമെല്ലാം സുഖസൗകര്യങ്ങൾ തന്നെ. അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഇതിനിടയിൽ പെട്ട് വ്യക്തിബന്ധങ്ങൾ നഷ്ടപ്പെടാതെ നോക്കണം.

ഗ്രാമീണക്കാഴ്ചകൾ എല്ലാം തന്നെ വംശനാശം വന്നുകൊണ്ടിരിക്കുന്നു.

പ്രഭാതസവാരിക്കിടയിലും, സായാഹ്നവെയിലേറ്റുള്ള ചർച്ചകളിലും, നുകർന്നാസ്വദിക്കുന്ന പ്രകൃതി രമണീയതയും, സൗഹൃദക്കുളിരും നഷ്ടമായിക്കൊണ്ടിരിക്കുന്നു.

ഇവിടെയെല്ലാം സന്തത സഹചാരിയായിട്ടുള്ളത് മൊബൈൽ ഫോൺ ആണെന്നുള്ളതാണ് പരമാർത്ഥം.

ഓരോ ആളും സദാ സമയവും ഓൺലൈനിലാണ്. ദിവസത്തിൻ്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതും ഫോണിലാണ്.

അതിനിടയിൽ യാന്ത്രികമായി പ്രാഥമിക കാര്യങ്ങളും, കുടുംബകാര്യങ്ങളും മറ്റും മനസ്സറിയാതെ ചെയ്യുന്നു. ചുറ്റും നടക്കുന്ന സന്തോഷമോ, സന്താപമോ അറിയുന്നില്ല. അറിയണമെന്നാഗ്രഹിക്കുന്നുമില്ല. ഇനി അതല്ലെങ്കിൽ അതെല്ലാം ക്യാമറയിൽ പകർത്താനും, ഷെയർ ചെയ്യാനുമാണ് പ്രാധാന്യം കല്പിക്കുന്നത്.

ആ സന്തോഷത്തിലോ, ദുഃഖത്തിലോ മനസ്സു കൊടുത്തു പങ്കുചേരുന്നില്ല. എല്ലാം ഒരു ഫോർമാലിറ്റി.

പരസ്പരവിശ്വാസവും, സഹായവും നമ്മിൽ നിന്നുമകന്നുപോകുന്ന കാഴ്ച നോവുളവാക്കുകയാണ് പഴമനസ്സുകളിൽ.

സമീപഭാവിയിൽ മനുഷ്യർ വിഷാദരോഗിയോ, മറവിരോഗം ബാധിച്ചവനോ ആകാനുള്ള സാദ്ധ്യതകളാണുള്ളത്.

തൻ്റെ ഉള്ളിലുള്ള സമ്മിശ്ര വികാരങ്ങൾ പ്രകടിപ്പിക്കാതെ, എല്ലാം സ്വയം ഉള്ളിലൊതുക്കി വീർപ്പുമുട്ടി നാലു ചുവരുകൾക്കുള്ളിൽ നിശ്ശബ്ദരായി കഴിയുന്നു.

പങ്കുവെയ്ക്കാനൊരു കൂട്ടില്ലാത്ത മനോവ്യഥ കണ്ണീർകണങ്ങളായി അവശേഷിക്കുന്നു.

മനുഷ്യമനസ്സിൻ്റെ വികാസത്തിനും ആരോഗ്യത്തിനും ഊഷ്മളമായ കുടുംബ ബന്ധങ്ങളും, സൗഹൃദങ്ങളും വേണം.

ആത്മബന്ധങ്ങളുടെ കെട്ടുറപ്പ് അയഞ്ഞു പോയിരിക്കുന്നു.

അതിദയനീയമായ ഒറ്റപ്പെടലിൻ്റെ അവസ്ഥയിലേക്കാണ് നാം ഓരോരുത്തരും അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം വിദൂരമല്ല.

അതുകൊണ്ടു തന്നെ മനുഷ്യമനസ്സുകൾ തമ്മിലുള്ള ഇഴയടുപ്പം അകന്നുപോകാതിരിക്കാൻ നാം ഏറെ ശ്രദ്ധിക്കണം.

പരസ്പരമുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കും വിധമാകട്ടെ ഓരോ ദിനവും വരവേൽക്കുന്നത്.

നന്മകളെ ചേർത്തു പിടിച്ചുകൊണ്ടുവേണം പുരോഗതിയിലേക്ക് കുതിക്കാൻ.
എല്ലാറ്റിൻ്റേയും അടിസ്ഥാനം ഹൃദയബന്ധമാണ്.

പരസ്പര സ്നേഹവും വിശ്വാസവും കരുതലുമുള്ള, കെട്ടുറപ്പുള്ള ആത്മബന്ധം വളർത്തിയെടുക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തിനത് പ്രധാനമാണ്.

ആൾക്കുട്ടത്തിൽ തനിയെ ആകാതിരിക്കാനും, ഏകാന്തതയുടെ ചവർപ്പുരസ മനുഭവിക്കാതിരിക്കാനും സാമൂഹിക ബന്ധം നിലനിർത്തിക്കൊണ്ടു വേണം മുന്നോട്ടുപോകാൻ.

അയൽക്കാരുടെ ചിരിയിലും കണ്ണീരിലും ഒപ്പം ചേർന്നുകൊണ്ടു സ്നേഹത്തിൻ്റെ സുഖശീതളിമ ആസ്വദിക്കാം.

✍ ഒ.കെ. ശൈലജ ടീച്ചർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments