പ്രിയമുള്ളവരെ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 1977 ൽ നിർമ്മിച്ച ‘ഹർഷബാഷ്പം’ എന്ന സിനിമയിലെ ‘ആയിരം കാതം അകലെയാണെങ്കിലും..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
മലയാളിമനസ്സ് പ്രിയവായനക്കാർക്കായി നോമ്പിൻറെ പുലർന്ന ഈ ഗാനം തികഞ്ഞ ഭക്തിയോടെ സമർപ്പിക്കുന്നു.
ഇതിലെ ഗാനരചന ഖാൻസാഹിബ്ബ്. സംഗീതം എം കെ അർജ്ജുനൻമാഷ്. ചക്രവാകം രാഗത്തിൽ ഈണം കൊടുത്ത ഈ ഗാനം പാടിയത് യേശുദാസ്.
നിർമ്മാതാവായ ഖാൻ സാഹിബ് മക്കയിലെ റോയൽ റസിഡൻസി ഹോട്ടൽ മുറിയിൽ ഇരുന്ന് ജാലകത്തിലൂടെ ആ കാഴ്ച്ച കാണുകയാണ്.. ഹറം പള്ളിയും പരിസരവും ഭക്തജനസാഗരം! കാരുണ്യവാനായ അല്ലാഹുവിനോടുള്ള പ്രാർഥനകളാൽ മുഖരിതമായ അന്തരീക്ഷം.
ആത്മീയതയുടെ അനർഘ നിമിഷത്തിൽ പുണ്യം പിറന്ന ആ കവിത പിറന്നുവീണു. തികച്ചും ഭക്തിയുടെ ഉൾവിളിയായിരുന്നു അത്. അതുകൊണ്ടുതന്നെ ആയിരങ്ങൾ ജാതിമത ഭേദമന്യേ ഈ ഗാനം നെഞ്ചിലേറ്റി. ലോകമുള്ളിടത്തോളം കാലം നിലനിൽക്കുന്ന ഗാനം.
“ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽനില്‍പ്പൂ….”,
ആർക്ക് മറക്കാനാവും ഈ വരികൾ.!
“തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നിൽക്കുന്നൂ പുണ്യതീർത്ഥം
കാലപ്പഴക്കത്താൽ…
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകൾ കഴുകിടുന്നൂ…”
നാട്ടിൽ മടങ്ങിയെത്തിയ ശേഷം അനന്തരനടപടികൾക്കായി അദ്ദേഹം സംവിധായകൻ ഗോപീകുമാറിനെ താനെഴുതിയ വരികൾ കാണിച്ചു. സംഗീതസംവിധായകൻ എം കെ അർജ്ജുനൻ മാഷിന്റെയും മനസ്സ് നിറഞ്ഞു. ചക്രവാകം രാഗത്തിലാണ് ഇതിലെ വരികൾ ചിട്ടപ്പെടുത്തിയത്. “ഹർഷബാഷ്പം “എന്ന സിനിമയിൽ യേശുദാസ് അർബനമുട്ടി പാടുന്ന ദൃശ്യങ്ങൾ നിറഞ്ഞ ഭക്തിയോടെയല്ലാതെ ആർക്ക് കാണാൻ കഴിയും?
ഇതിനു പുറമേ അഞ്ചു സിനിമാഗാനങ്ങൾ കൂടി ആ തൂലികത്തുമ്പിൽ പിറന്നു.
കൃഷ്ണ ഹരേ മൂവീസ്,. കാന്തി ഹർഷ എന്റർപ്രൈസസ് എന്നീ സിനിമാ നിർമാണക്കമ്പനികളുടെ ഉടമസ്ഥനായിരുന്നു പൊൻകുന്നം കല്ലമ്പറമ്പിൽ ഖാൻ സാഹിബ്. കേരള ഫിലിം ചേംബറിന്റെയും, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ വൈസ് പ്രസിഡന്റുമായും പ്രവർത്തിച്ചു. ഖാൻ സാഹിബ് “ചേട്ടൻ ബാവ അനിയൻ ബാവാ ” പടത്തിൻറെ നിർമ്മാണത്തിലും പങ്കാളിയായിരുന്നു.. ആ സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം അദ്ദേഹത്തിൻറെ അന്ത്യം സംഭവിക്കുകയാണുണ്ടായത്.
എല്ലാ ഗാനരചയിതാക്കളെയും ഓർക്കുന്ന നമ്മൾ എന്ത്കൊണ്ട് ഖാൻ സാഹിബ്ബിനെ മാത്രം മറന്നുപോയി?
ബലിപ്പെരുനാൾ വേളകളിൽ ഇന്നും എന്നും ചുണ്ടുകളിലെത്തുന്നു ഈ ഹിറ്റ്ഗാനം.
” തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാനുഗ്രഹങ്ങൾ
എന്നെ പുണരുന്ന…
എന്നെ പുണരുന്ന പൂനിലാവേ
പുണ്യറസൂലിൻ തിരുവൊളിയേ
അള്ളാവേ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ.. ”
ഈ വരികൾ എഴുതിയ കവിയെ ഭക്തിയോടെ തന്നെ നമുക്ക് സ്മരിക്കാം. ചിലരെങ്കിലും മറന്നുപോയതിന് അവർക്ക് വേണ്ടി നമുക്ക് മപ്പപേക്ഷിക്കാം. .
നമുക്കാ ഗാനം ഒന്ന് കേട്ടുനോക്കാം
ഗാനം കേട്ടുവല്ലോ. ഏവർക്കും റംസാൻ ആശംസകൾ.
ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം
നിർമല അമ്പാട്ട് .
ഒന്നും പറയാനില്ല അടിപൊളി വിവരണം

Sooper
നല്ല അവതരണം