Thursday, January 8, 2026
Homeസ്പെഷ്യൽബലി പെരുനാൾ ആഗതമായി.. ✍അഫ്‌സൽ ബഷീർ തൃക്കോമല

ബലി പെരുനാൾ ആഗതമായി.. ✍അഫ്‌സൽ ബഷീർ തൃക്കോമല

ഇന്നത്തെ ഇറാഖിൽ അന്നസിരീയാ പട്ടണത്തിനടുത്തു ഹൂര്‍ എന്ന സ്ഥലത്തു ആസർന്റെ മകനായി ജനിച്ച ഇബ്രാഹിം നബിയുടെ ത്യാഗ പൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മ പുതുക്കലാണ് ബലി പെരുനാൾ. ബൈബിൾ അബ്രഹാം എന്ന് വിളിക്കുന്നത് ഈ പ്രവാചകനെയാണ് . “പ്രവാചകന്മാരുടെ പിതാവ്” എന്നാണ്‌ അദ്ദേഹത്തെ അറിയപ്പെടുന്നത്. “ഖലീലുല്ലാഹ്” (അല്ലാഹുവിന്റെ സുഹൃത്ത്) എന്ന് ഖുർആൻ വിശേഷിപ്പിച്ചതും .ഇസ്‌ലാം മതവും ക്രിസ്തുമതവും ജൂതമതവും ഒരുപോലെ അംഗീകരിക്കുകയും ചെയ്യുന്ന പ്രവാചകൻ ആയതുകൊണ്ട് തന്നെ ഈ മൂന്ന് മതങ്ങളേയും അബ്രഹാമിക് മതങ്ങൾ എന്നും വിളിക്കാറുണ്ട്.

ജീവിതത്തിന്റെ വർധക്യകാലത്തു തനിക്കും ഭാര്യയായ ഹാജറബീവിക്കും ലഭിച്ച ഇസ്മായിൽ എന്ന മകനെയും തന്റെ പ്രിയതമയേയും മക്കയുടെ ഊഷര ഭൂവില്‍ താമസിപ്പിക്കാന്‍ ദൈവത്തിന്റെ ഉൾവിളി ഉണ്ടായി . ഒരു ജലകണിക പോലുമില്ലാത്തിടത്തു ഹാജറ ബീവി വെള്ളത്തിനായി സ്വഫാ മര്‍വ്വാ കുന്നുകളില്‍ കയറിയിറങ്ങി. ദാഹിച്ചു കരഞ്ഞ പിഞ്ചുകുഞ്ഞിന്‍റെ പാദമിട്ടടിച്ചയിടത്ത് സംസം ഉറവയെടുത്തത് എന്നതാണ് വിശ്വാസം.

“സഫ” , “മർ‌വ” മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിനടന്ന സംഭവത്തെ പുനരാവിഷ്കരിക്കലാണ് ഹജ്ജിലെ”സ‌അയ്” (തേടൽ ,അന്വേഷിക്കൽ). മർ‌വ എന്ന മലയിൽ നാലാമത്തെ പ്രാവശ്യം എത്തിയപ്പോൾ (രണ്ട് മലകൾക്കിടയിൽ ഏഴുപ്രാവശ്യം പൂർത്തിയാവുമ്പോൾ) ജിബ്‌രീൽ (ഗബ്രിയേൽ) മാലാഖ കുട്ടിയെ തണലിട്ടു നിർത്തിയതും ചരിത്രം .

വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ്‌ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും  മക്ക എന്ന പട്ടണത്തിന്റെ ഉത്ഭവത്തിനും നിദാനമായതും. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി മാറിയതിനും അടിസ്ഥാനം “സംസം” ഇന്നും തീരാത്ത ജലപ്രവാഹമായി തുടരുന്നു .

വളര്‍ന്നു വലുതായപ്പോള്‍ ഇസ്മാഈലിനെ അറുക്കാന്‍ അല്ലാഹുവിന്‍റെ ആജ്ഞ സ്വപ്നത്തിലൂടെ കണ്ടു സൃഷ്ടാവിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ മകൻ പിതാവിനോട് പറഞ്ഞു. മകന്‍റെ കഴുത്തില്‍ കത്തി വെച്ചപ്പോള്‍ മുറിയാതിരുന്നതും തൊട്ടടുത്തുള്ള പാറയില്‍ വെട്ടിയപ്പോള്‍ പൊട്ടിത്തകര്‍ന്നുുവെന്നും തദവസരത്തില്‍ താങ്കള്‍ സ്വപ്നം സത്യമാക്കിയിരിക്കുന്നുവെന്ന് ദിവ്യവചനമിറങ്ങിയതും ഖുർആൻ രേഖപ്പെടുത്തുന്നുണ്ട്. അനന്തരം ജിബ്രീല്‍ മുഖേന കൊണ്ടുവന്ന സ്വര്‍ഗ്ഗീയ ആടിനെ അറുത്ത് ബാലികർമ്മം പൂർത്തിയാക്കി. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് വലിയ പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്.

യഥാക്രമം ബക്ര (മൃഗം) അതല്ല ബക്കരി അഥവാ ആട് എന്നര്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും ഈദ് (പെരുനാൾ) എന്നീ അറബി പദങ്ങളിൽ നിന്നാണ് ബക്രീദ് എന്ന വാക്കുണ്ടായതെന്നുമൊക്കെ അഭിപ്രായമുണ്ടെങ്കിലും .ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിൽ നബിയെ അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാൻ തയ്യാറായെങ്കിലും ദൈവത്തിന്റെ കല്പനയിൽ അത് മൃഗ ബലിയായി മാറിയെന്നും വിശ്വസിക്കുന്നു.അബ്രാഹത്തിന്റെ ബലി ഇസ്രായേൽ ജനതയുടെ മോചനത്തിന് കാരണമായി എന്ന് സഹോദര മതസ്ഥരും വിശ്വസിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമായതുകൊണ്ടാണ് ഇതിനു വലിയ പെരുനാൾ എന്ന് പറയുന്നത്.

ഇബ്രാഹിം നബിയുടെ വിശ്വാസത്തെ “മില്ലത്ത് ഇബ്രാഹിം”(ഇബ്രാഹിം നബിയുടെ മാർഗ്ഗം) എന്നാണ്‌ ഖുർ‌ആൻ വിശേഷിപ്പിക്കുന്നത്. ഇബ്രാഹിം നബിയു മകൻ ഇസ്മയിൽ നബിയും കൂടിയാണ്  മക്കയിലെ പരിശുദ്ധ ക‌അബാലയം പണിതീർത്തത് (ഖുർ‌ആൻ അദ്ധ്യായം 2,വചനം:125). അദ്ദേഹത്തിന്റെ 175 ആം വയസിൽ ഇന്നത്തെ ഫലസ്തീനിലെ അൽ ഖലീലിൽ വെച്ചാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്‍റെയും ഖബര്‍ ഫലസ്തീനിലുള്ള ഹെബ്രോന്‍ മസ്ജിദിൽ സ്ഥിതി ചെയ്യുന്നു .

ഇസ്ലാമിക വിശ്വാസത്തിൽ രണ്ടു പെരുനാൾ ആണ്‌ പ്രധാന ആഘോഷങ്ങൾ. ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഏത് ആഘോഷവും ആരാധനയിൽ അധിഷ്ടിതമാണ് . അതിനപ്പുറമുള്ളതൊന്നും പെരുന്നാളുമായി ബന്ധപെട്ടതല്ല. പെരുന്നാളിൻറെ ചരിത്രത്തെ അറിയുന്നതിനപ്പുറം അതിൻറെ പ്രാധാന്യത്തെ അറിയുക എന്നതു പ്രസക്തമാണ് .

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളുമടങ്ങിയ ഹജ്ജ് ആണ് വലിയ പെരുന്നാളിന്റെ മുഖ്യ ആകർഷണം വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്രയധികം അച്ചടക്കത്തോടെയും അതിൽ പങ്കു ചേരുന്ന ഓരോരുത്തരും സൈനീക വീക്ഷണത്തോടെ ദൈവത്തിനു മുൻപിൽ നിൽക്കുകയും അതിന്റെ കഠിനമായതുൾപ്പടെയുള്ള ചടങ്ങുകൾ പ്രായഭേദമന്യേ രാജ്യ ഭേദമന്യേ ഒരേ മനസോടെ ചെയ്ത് തീർത്തു വരുന്നതും മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്ന ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ അറഫാ സംഗമം നടക്കുന്നതും ബലി പെരുന്നാളിനെ വത്യസ്തമാക്കുന്നു .

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച മുഹമ്മദ് നബിയും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെടുകയും നബി അറഫയുടെ സമീപത്ത്‌ ‘നമിറ’ എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ കഴിച്ചുകൂട്ടിയതും ളുഹ്റിന്റെ സമയമായപ്പോള്‍ നബി തന്റെ ഒട്ടകപ്പുറത്ത്‌ കയറി ‘ബത്വ്‌നുല്‍വാദി’ എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചതും ചരിത്രത്തിലെ മഹാ
സംഭവങ്ങളിലൊന്നാണ് .

“നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ ദൈവത്തിങ്കൽ ഏറ്റവും മാന്യൻ. ”

“അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. ”

“മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക.”

“അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.”
എന്ന വിവിധ വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിച്ചത് ആറാം നൂറ്റാണ്ടിലാണെന്നുള്ളതും വർത്തമാനകാലത്തു പോലും അതിന്റെ പ്രാധാന്യത്തിനു കുറവ് വന്നിട്ടില്ലന്നുള്ളതും പറയാതെ വയ്യ .

വിശ്വാസ ദാർഢ്യം ലോകത്തിനു മുൻപിൽ കാണിച്ചു തന്നതുകൊണ്ടാണ് ഇബ്രാഹിം നബിയുടെ പ്രവർത്തനങ്ങളെ ലോകം ഇന്നും സ്മരിക്കുന്നത് . മറ്റെല്ലാ പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമിക പ്രബോധനാവശ്യാർത്ഥം നിരവധി നാടുകൾ ചുറ്റിക്കറങ്ങിയ വ്യക്തിയാണ് അദ്ദേഹം. ഇറാഖ്, സിറിയ, ഫലസ്തീൻ, ഈജിപ്ത്, ഹിജാസ് തുടങ്ങിയ നാടുകളിലൂടെയെല്ലാം ദൈവ സന്ദേശവുമായി അദ്ദേഹം പോയിട്ടുണ്ട് .

ലോക മുസ്ലിമിങ്ങളുടെ മഹാസംഗമ വേദിയായ മക്ക മുതൽ കഅബ,ഫലസ്തീൻ, ബൈത്തുൽ  മുക്കതസ്സ് ഹജ്ജ് തുടങ്ങി ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളിലും കൈയൊപ്പുള്ള ഇബ്രാഹിം നബി ലോക ചരിത്രത്തിലെ വിസ്‌മയമായ ഇതിഹാസ പുരുഷനാണ് .ത്യാഗോജ്വലമായ ജിവിതരീതികൾ നമുക്കു മുൻപിൽ കാട്ടി തന്ന ആ മഹാനുഭവന്റെ ജിവിതം നമുക്കു പഠന വിധേയമാക്കേണ്ടതുണ്ട് .

ബലി അറുക്കൽ കർമ്മം ഒരു ഓർമ്മ പുതുക്കലിനപ്പുറം എല്ലവർക്കും പെരുനാൾ എന്ന സന്ദേശം നൽകുന്നു .കൂടാതെ സകാത്ത് കർമ്മത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കുറക്കുന്നു . ആഘോഷങ്ങൾ ആര്ഭാടങ്ങളിലേക്കു വഴി മാറി പോകാതിരിക്കാൻ ഒരോരുത്തരും ശ്രദ്ധിക്കേണ്ടതായുണ്ട് .കെടുതികളിൽ കൈ താങ്ങായി വരുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയേണ്ടതുണ്ട് .പരസ്പരം ചെളി വാരി എറിയാതെ അതി ജീവനം നടത്തേണ്ടതായുമുണ്ട് . സകാത് പിരിവുകാരെ സൂക്ഷിക്കാനും ബലി മാംസം കടത്താൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കാനും മറക്കാതിരിക്കുക.

ചരിത്രത്തിന്റെ തനി ആവർത്തനങ്ങൾ ഇനിയും ഉണ്ടാകാം.ജാനാധിപത്യ രാജ്യങ്ങളിലുൾപ്പടെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഹിംസകൾ ഉണ്ടായേക്കാം, വംശീയ അധിക്ഷേപങ്ങളും ആട്ടിപ്പായിക്കലും ഉണ്ടാകാം എങ്കിലും പെരുന്നാളും അതിൻറെ ആശയും പ്രതീക്ഷയും ഒളി മങ്ങാതെ തുടരും…

وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ

നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. (ഖുര്‍ആന്‍:26/214)

ബലി പെരുനാൾ ആശംസകൾ …

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com