പ്രാർത്ഥന: ദൈവഹിതത്തിന്റെ മുമ്പിലുള്ള പൂർണ്ണ സമർപ്പണം (മർക്കൊ. 14: 32 – 42 )
” അബ്ബാ പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല, നീ ഇച്ഛിക്കുന്നതത്രെ ആകട്ടെ
എന്നു പറഞ്ഞു” (വാ. 36) .
ആരായിരിക്കണം പ്രാർത്ഥനയ്ക്കുള്ള നമ്മുടെ മാതൃക? എന്തായിരിക്കണം നമ്മുടെ പ്രാർത്ഥനയുടെ ഉള്ളടക്കം? എന്തായിരിക്കണം, ആത്മീയ ജീവിതത്തിൽ നമ്മെ താങ്ങി നിർത്തുന്ന ശക്തി?. എല്ലറ്റിനും, ഒറ്റ ഉത്തരമേയുള്ളൂ. “യേശവും അദ്ദേഹത്തിന്റെ പ്രാർത്ഥനകളും”. നാം ധ്യാനിക്കുന്ന യേശുവിന്റെ ഗത്ത്സമന
പ്രാർത്ഥന, മുകളിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുന്ന ഒന്നാണ്. ദൈവ-മനുഷ്യ ബന്ധത്തിന്റെ ഏറ്റവും ഉന്നതമായ ഭാവം വെളിപ്പെടുത്തുന്ന ഒന്നാണു പ്രാർത്ഥന. അതേ അവസരം, ദൈവാനുഗ്രഹം ഒഴുകിയെത്തുന്ന നീർച്ചാലുമാണ് അത്.
യേശുവിന്റെ ജീവിതം തന്നെ, ഒരു പ്രാർത്ഥന ആയിരുന്നു. തന്റെ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങളിലും, താൻ തീരുമാനങ്ങൾ എടുത്ത വേളകളിലുമെല്ലാം യേശു പ്രാർത്ഥിച്ചിരുന്നു. പകലുകളിൽ മനുഷ്യർക്കു നന്മ ചെയ്തും ദൈവ രാജ്യം പ്രഘോഷിച്ചും സഞ്ചരിച്ചിരുന്ന യേശു, രാത്രി യാമങ്ങളിൽ, മലമുകളിൽ, പ്രാർത്ഥനയിൽ, പിതാവിനൊപ്പം സമയം ചെലവഴിച്ചതായാണ്, വചനത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്.
യേശവിന്റെ പ്രാർത്ഥനകളിൽ കൂടുതൽ തെളിഞ്ഞു നിന്നിരുന്നത്, ബലിയുടെ
(യാഗത്തിന്റെ) സഭാവമായിരുന്നു. തന്റെ ഇച്ഛ, പിതാവിന്റെ മേൽ അടിച്ചേൽപിക്കു
ന്നതിനുള്ള ശ്രമമല്ല, പ്രാർത്ഥനയിൽ യേശു നടത്തിയിരുന്നത്. ദൈവഹിതത്തോടു പൂർണ്ണമായി വിധേയപ്പെടുന്നതിനായിരുന്നു തന്റെ ശ്രമം എല്ലാം. നമ്മുടെ പ്രാർത്ഥനകളിൽ, യേശുവിന്റെ പ്രാർത്ഥനയുടെ സവിശേഷതകൾ വല്ലതും ഉൾച്ചേർന്നിരിക്കുന്നുവോ എന്നു നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
തന്റെ ഹൃദയം, ദൈവ ഹൃയത്തോടു പൂർണ്ണമായും ചേർത്തു വെച്ചാണ്, യേശു പ്രാർത്ഥിച്ചിരുന്നത്. ജീവിതത്തിന്റെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിലെങ്കിലും, ദൈവസന്നിധിയിൽ മുട്ടുമടക്കാനോ, ദൈവഹിതത്തിനായി പൂർണ്ണമായി സമർപ്പിക്കുവനോ, നമുക്കു കഴിയുന്നുണ്ടോ? മാറിക്കിട്ടണം എന്നു താൻ ആഗ്രഹിച്ച കയ്പ്പേറിയ ‘കുരിശ് ‘ അനുഭവത്തിന്റെ മുമ്പിൽ നിന്നു പോലും, “എങ്കിലും ഞാൻ ഇച്ഛിക്കുന്നതു പോലെയല്ല, നീ ഇച്ഛിക്കുന്നത്രെ ആകട്ടെ”(വാ. 36) എന്നു പ്രാർത്ഥിച്ച യേശുവിന്റെ മാതൃക പിൻ പറ്റാൻ നമുക്കാകട്ടെ. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവസന്നിധിയിൽ മുട്ടുമടക്കുന്നവർക്ക്, മറ്റാരുടേയും മുമ്പിൽ ഒരിക്കലും മുട്ടു മടക്കേണ്ടി വരില്ല!




