ആശിക്കുന്നതിന്റെ ഉറപ്പ്; കാണാത്ത കാര്യങ്ങളുടെ നിശ്ചയം (എബ്രാ.11: 1-7)
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു”
(വാ.1).
ഒരിക്കൽ ഒരു ബാലൻ പട്ടം പറപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പട്ടം പറന്നുയർന്നു ദൃഷ്ടിക്ക് അഗോചരമായിത്തീർന്നു. അതു വഴി വന്ന വൃദ്ധനായ ഒരു മനുഷ്യൻ, അവൻ മുകളിലേക്കു നോക്കിനിന്നു ചരടിൽ വലിക്കുന്നതും മറ്റു കണ്ടിട്ട്, അവനോടു എന്തു ചെയ്യുകയാണെന്നു ചോദിച്ചു. “ഞാൻ പട്ടം പറപ്പിക്കുകയാണ് ” , അവൻ മറുപടി പറഞ്ഞു. വൃദ്ധൻ അകാശത്തേക്കു നോക്കിയെങ്കിലും പട്ടമൊന്നും കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹം അവനോട്: പട്ട മൊന്നും എങ്ങും കാണാനില്ല. അതു പൊട്ടി എവിടെയെങ്കിലും പോയി വീണു കാണും?” എന്നു പറഞ്ഞു. “ഇല്ല, അതു മുകളിൽത്തന്നെയുണ്ട്; ചരടിന്റെ വലിവു കൊണ്ട് എനിക്കതു നിശ്ചയമാണ് “, അവൻ മറുപടി പറഞ്ഞു. കാണാൻ സാദ്ധ്യമല്ലായിരുന്നുവെങ്കിലും, പട്ടം അവിടെയുണ്ടെന്ന്, അവന്റെ കൈയ്യിലിരുന്ന ചരടിന്റെ വലിവുമൂലം അവനു നന്നായി അറിയാമായിരുന്നു.
വിശ്വാസത്തെ സംബന്ധിച്ചും ഇതു തന്നെ പറയാം. അദൃശ്യ കാര്യങ്ങളെ ആത്മ
നയനങ്ങളാൽ കാണുന്ന അനുഭമാണു വിശ്വാസം. നാം ധ്യാനിക്കുന്ന വേദഭാഗത്ത്, എബ്രായ ലേഖന എഴുത്തുകാരൻ വിശ്വാസത്തെ ക്കുറിച്ചു പറഞ്ഞിരിക്കുന്നതു: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്നാണ്! (വാ.1). ആ ഉറപ്പിൽ നിന്നു കൊണ്ടാണ്: വി.പൗലോസ്, “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് അറിയുന്നു; അവൻ എന്റെ ഉപനിധി, ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു” (2 തിമോ.
1:12 ) എന്നു പ്രഖ്യാപിക്കുവാൻ ധൈര്യപ്പെടുന്നതും? വിശ്വാസം എന്നത് ദൈവത്തിലുള്ള കറ കളഞ്ഞ ആശ്രയമാണ്. നാം ധ്യാനിക്കുന്ന ഭാഗത്ത് , എബ്രായ ലേഖനകർത്താവ് വിശ്വാസത്തിന്റെ നിർവ്വചനം നൽകിയതിനു ശേഷം (വാ.1), തുടർന്നുള്ള നീണ്ട വാക്യങ്ങളിൽ, ചരിത്രത്തിൽ വിശ്വാസം കാത്തുസൂക്ഷിച്ചും, സാധൂകരിച്ചും ജീവിച്ച അനേകം വിശ്വാസ വീരന്മാരുടെ ജീവിത അനുഭവങ്ങളാണു
കോറിയിട്ടിരിക്കുന്നത്.
കൊടുങ്കാറ്റിന്റെ മദ്ധ്യത്തിൽ, നടുക്കടലിൽ ഒരു കപ്പലിനെ ഉറച്ചു നിൽക്കുവാൻ ‘നങ്കൂരം’ സഹായിക്കുന്നതു പോലെ, ജീവിത സാഹചര്യങ്ങളുടെ നടുവിൽ, പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ, സമചിത്തതയോടെ നിൽക്കുവാൻ ഒരു വിശ്വാസിയെ സഹായിക്കുന്നത്, അവന്റെ/അവളുടെ വിശ്വാസം എന്ന നങ്കൂരമാണ്. യേശുവാണ്, നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ കർത്താവ്! (എബ്രാ. 12:2). അവനെ നോക്കിക്കൊണ്ട് നമ്മുടെ വിശ്വാസയാത്ര അവസാന
ത്തോളം തുടരുവാൻ നമുക്കാകട്ടെ.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: വിശ്വസിക്കുന്ന വർക്കു മാത്രമേ, ദൈവത്തിന്റെ മഹത്വം കാണാനാകൂ!




🙏