Logo Below Image
Saturday, July 26, 2025
Logo Below Image
Homeമതംമിശിഹായുടെ സ്നേഹിതർ (17) 'വിശുദ്ധ പത്രോസ് ശ്ലീഹ'

മിശിഹായുടെ സ്നേഹിതർ (17) ‘വിശുദ്ധ പത്രോസ് ശ്ലീഹ’

അവതരണം: നൈനാൻ വാകത്താനം

വിശുദ്ധ പത്രോസ് ശ്ലീഹ

യേശുക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളും ആദ്യകാലസഭയുടെ തലവന്മാരിലൊരാളുമായിരുന്നു പത്രോസ് എന്ന ശിമോൻ. പത്രോസിന് കേഫ  അഥവാ കീഫോ എന്ന ഒരു പേരും ഉണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റൊരാളായിരുന്ന അന്ത്രയോസ് ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രിസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

വിശുദ്ധ പത്രോസ് ശ്ലീഹാ ഈശോയുടെ കൂടെ നടന്ന് ഈശോയുടെ സ്‌നേഹവും കരുണയും ആവോളം അനുഭവിച്ച വ്യക്തിയാണ്. ‘നീ ജീവനുളള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു‘ എന്ന് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഉദ്‌ഘോഷിച്ച കര്‍ത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാന്‍ നിന്നെ തള്ളി പറയുകയില്ല എന്ന് പറഞ്ഞ ഈശോയുടെ ശിഷ്യന്‍. എന്നാല്‍ ഒരു നിമിഷത്തെ ബലഹീനതയാല്‍, പ്രധാന പുരോഹിതന്റെ കൊട്ടരമുറ്റത്ത് വച്ച് തന്റെ ജീവന്‍ സംരക്ഷിക്കാനായി നിത്യജീവനായ യേശുവിനെ തള്ളി പറഞ്ഞു. അന്ന് മൂന്നാമതും കോഴി കൂവിയപ്പോള്‍ യേശു തന്നെ മൂന്ന് തവണ തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായെ നോക്കി. ആ നോട്ടം പത്രോസ് ശ്ലീഹായുടെ ചങ്കില്‍ തറച്ചു, ശ്ലീഹ ഹൃദയം നൊന്തു കരഞ്ഞു.

ഉത്ഥിതനായ ഈശോ പത്രോസ് ശ്ലീഹായെ മാറ്റി നിര്‍ത്തിയില്ല. തന്റെ കൃപയാലെ ചേര്‍ത്ത് നിര്‍ത്തി. തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായെ അല്ല, തന്നെ കണ്ട് ചങ്ക് പൊട്ടി കരഞ്ഞ പത്രോസിനെയാണ് ഈശോ കണ്ടത്. പെന്തകോസ്ത നാളില്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെട്ട പത്രോസ് ശ്ലീഹായുടെ പ്രസംഗത്തിലൂടെ ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപപ്പെട്ടു.

ഒരിക്കല്‍ ഈശോയെ തള്ളി പറഞ്ഞവന്‍ കൃപയാല്‍ നിറഞ്ഞപ്പോള്‍ തന്റെ ഉള്ളിലുള്ള ഈശോയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന് തിരിച്ചറിഞ്ഞ് ആ ഈശോയെ പങ്ക് വച്ച് കൊടുത്തു. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. (അപ്പസ്തോല പ്രവര്‍ത്തികള്‍ 3 : 6).

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭാസമൂഹം, ലൂഥറൻ സഭ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. മറ്റു ചില സഭകൾ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. അന്ത്യോക്യായിലെ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ആണ് ആകമാന സുറിയാനി സഭയുടെ തലവൻ ആയ പരിശുദ്ധ പാത്രിയർക്കീസ് ബാവ വാണരുളുന്നത്.

റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും  പൗലോസ് ശ്ലീഹായുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മരണത്തിനു തുല്യമായുള്ള ഒരു മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ വിശുദ്ധൻ ആഗ്രഹം പ്രകടിപ്പിച്ചത്‌.

പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും. ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു. (1 പത്രോസ് 4 : 12).

ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ. (1 പത്രോസ് 4 : 16)

ഓരോ വ്യക്തിയുടേയും ഏറ്റവും വലിയ സമ്പാദ്യം ക്രിസ്തുവാണെന്നും, ക്രിസ്തുവിനെ കുറിച്ചുള്ള അറിവിലൂടെ ആണ് സമാധാനം കടന്നു വരുന്നത് എന്നും, ക്രിസ്തു കുരിശില്‍ എനിക്ക് വേണ്ടി സകലതും പൂര്‍ത്തികരിച്ചു എന്ന വിശ്വാസത്തില്‍, യേശു കുരിശിലെ ബലിയിലൂടെ നമ്മുടെ പാപങ്ങളും രോഗങ്ങളും ശാപങ്ങളും ഏറ്റെടുത്ത് നമ്മെ നീതീകരിച്ച് ദൈവമക്കളായി ഉയര്‍ത്തി എന്ന അറിവില്‍ നമ്മള്‍ ആഴപ്പെടുമ്പോള്‍ നമ്മുടെ ജീവിതം അനന്തമായ കൃപയാല്‍ നിറയപ്പെടും എന്നും പത്രോസ് ശ്ലീഹ ഇന്നും നമ്മളോട് പറയുന്നു.

ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ! തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. (2 പത്രോസ് 1 : 23). ബലഹീനതയാല്‍ തന്നെ തള്ളി പറഞ്ഞ പത്രോസ് ശ്ലീഹായുടെ ബലഹീനതകളെ യേശു തന്റെ കൃപയാല്‍ പൊതിഞ്ഞു കൊണ്ട്, പത്രോസ് ശ്ലീഹായെ സഭയുടെ ആദ്യത്തെ തലവനായി ഉയര്‍ത്തി. ലോകത്തിൽ എല്ലായിടത്തും ഈ വിശുദ്ധന്റെ നാമത്തിൽ അനേകം പള്ളികൾ ഉണ്ട്.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

6 COMMENTS

  1. പത്രോസ് സ്ലീഹായുടെ ചരിത്രം പുതിയ അറിവുകൾ തന്നു. ❤️🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ