കോന്നി:ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )അനുഷ്ഠാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കലാരൂപമായ കുംഭപ്പാട്ടിന്റെ കുലപതിയും ഊരാളി ശ്രേഷ്ഠനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്റെ ഏഴാം അനുസ്മരണ ദിനം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചരിച്ചു.
കുംഭപ്പാട്ട് എന്ന കലാരൂപം നിത്യവും കൊട്ടിപ്പാടുന്ന ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.കുംഭപ്പാട്ട് എന്ന വിഷയത്തിൽ നിലവിൽ 127 പഠിതാക്കൾ പി എച്ച് ഡി നേടിയിട്ടുണ്ട്. ജപ്പാൻ അമേരിക്ക സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നരവംശ ശാസ്ത്ര ശാഖയിൽ നിന്നുള്ള പഠിതാക്കൾ കൊക്കാത്തോട് ഗോപാലൻ ആശാനിൽ നിന്നും കുംഭപ്പാട്ട് പഠന വിഷയമാക്കിയിട്ടുണ്ട്.
കേരളത്തിലും പുറത്തും നിരവധി വേദികളിൽ കൊക്കാത്തോട് ഗോപാലൻ ആശാൻ കുംഭപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും നിരവധി സംഘടനകളിൽ നിന്നും അവാർഡുകളും ആദരവുകളും ഏറ്റു വാങ്ങിയിട്ടുണ്ട്.
കാവിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര, പി ആർ. ഒ ജയൻ കോന്നി, മാനേജർ വിഷ്ണുലാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അനുസ്മരണവുമായി ബന്ധപ്പെട്ട് നിത്യഅന്നദാനത്തിന്റെ ഭാഗമായി സമൂഹ സദ്യയും നടത്തി. പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.



