വയനാട്:- വയനാട് തിരുനെല്ലി കോട്ടിയൂരിൽ കാരമാട് അടിയ ഉന്നതിയിലെ രതിഷിൻ്റെ ആടാണ് ചത്തത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്.
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാട് ചത്തു. ഒരാടിന് ഗുരുതര പരിക്കുമേറ്റു. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതിഷിന്റെ മുന്നു വയസ്സുള്ളതും 3 മാസം ഗര്‍ഭിണിയായതുമായ ആടാണ് ചത്തത്. ഇതിന് പുറമെ അടിയ ഉന്നതിയിലെ തന്നെ കരിയന്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
കരച്ചില്‍ കേട്ട വീട്ടുകാര്‍ ലൈറ്റിട്ട് ഒച്ച വച്ചതിനാല്‍ പുലിക്ക് ആടിനെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 200 മീറ്റര്‍ പരിധിയിലാണ് രണ്ടു സംഭവവും നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാന്‍ ഇടയാക്കിയത്. ജനവാസ മേഖലയിലെ പുലിയുടെ സ്ഥിരം സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കി. വനം വകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തി. രാത്രികാല നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.