കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം തേടി മിൽക്ക് ഷേയ്ക്കുകൾ കുടിക്കുന്നവർ അല്പം കരുതണം. മായം ചേർന്ന വരവ് പാലാണ് ഉപയോഗിക്കുന്നതെന്ന പരാതി വ്യാപകമാകുകയാണ്. ഈ പാൽ തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് ഗുരുതര രോഗങ്ങൾക്കിടയാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ വാങ്ങി രാസവസ്തുക്കൾ ചേർത്ത് കവറിലാക്കി വിൽക്കുന്ന കമ്പനികൾ ധാരാളമുണ്ട്. പച്ചപ്പാൽ കട്ടയാക്കിയാണ് ഷേയ്ക്കുണ്ടാക്കുന്നത്. ഇതോടെ മുഴുവൻ രാസവസ്തുക്കളും ശരീരത്തിലെത്തും. മിൽമ പാലിന് അരലിറ്ററിന്റെ കവറിന് 28 രൂപയാണ്. ഇതിലും താഴ്ന്ന നിരക്കിൽ വരവ് പാൽ ലഭിക്കും. രാസവസ്തുക്കൾ ചേർത്ത പാൽ കണ്ടെത്തി നടപടിയെടുത്താൽ കമ്പനിയുടെ പേര് മാറും. അടുത്ത ദിവസം അതേ പാൽ മറ്റൊരു കമ്പനിയുടെ കവറിലാക്കിയെത്തും
ക്ഷീരവകുപ്പിന്റെ ലാബിലെ പരിശോധനയിൽ പാലിൽ നിന്ന് ഇ – കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം വരെ കണ്ടെത്തിയിരുന്നു. ഷേയ്ക്കിനായി ഏത് പാലാണ് ഉപയോഗിക്കുന്നതെന്ന് സാധാരണക്കാരന് അറിയാനാകില്ല.
ഒരു പായ്ക്കറ്റിന് രണ്ട് ദിവസത്തെ കാലാവധിയാണ് നിയമപ്രകാരമുള്ളത്. എന്നാൽ മറുനാടൻ കമ്പനികൾ അഞ്ച് ദിവസം വരെ കാലാവധി പായ്ക്കറ്റിൽ രേഖപ്പെടുത്തും. രാജ്യത്തെവിടെയും പശുവിന്റെ പാൽ വിൽക്കുമ്പോൾ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാർത്ഥങ്ങളും അടങ്ങണമെന്നാണ് നിയമം.
ക്യാൻസറിനടക്കം സാദ്ധ്യത
പാൽ പാസ്ചറൈസ് ചെയ്യുന്നില്ല
ഇത് രോഗാണുക്കൾക്ക് കാരണം
ഫോർമാലിനും ആന്റിബയോട്ടിക്കുകളും
ക്യാൻസറടക്കമുള്ള രോഗങ്ങൾക്ക് കാരണം



